ബെംഗളൂരു: മെയ് പത്തിന് നടക്കുന്ന കര്‍ണാടക തെരഞ്ഞെടുപ്പിന് മുന്നോടിയായി താരപ്രചാരണം കനക്കുകയാണ്. ജെ. ഡി. എസിന് നിര്‍ണായകമായ തെരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്. അതുകൊണ്ടുതന്നെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ജെ. ഡി. എസി. നായി പ്രചാരണത്തിനെത്തുമെന്നാണ് വിവരം.
തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു ചിക്കബല്ലാപ്പൂര്‍, കോലാര്‍ ജില്ലകളിലും കര്‍ണ്ണാടക, ആന്ധ്രാപ്രദേശ് അതിര്‍ത്തി മണ്ഡലങ്ങളായ റായ്ച്ചൂര്‍, യാദ്ഗിരി എന്നിവിടങ്ങളിലും പ്രചാരണം നടത്തുമെന്നാണ് വിവരം. തെരഞ്ഞെടുപ്പ് പ്രചാരണം നിയന്ത്രിക്കാന്‍ ജെ. ഡി. എസ് സംസ്ഥാന പ്രചാരണ സമിതി രൂപീകരിച്ചിട്ടുണ്ട്. അടുത്തിടെ കോണ്‍ഗ്രസ് വിട്ട് ജെഡിഎസില്‍ ചേര്‍ന്ന മുഖ്യമന്ത്രി ധനഞ്ജയയുടെ അധ്യക്ഷതയില്‍ 21 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്.
അതേസമയം, അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം മുന്നണി രൂപീകരണ പ്രവര്‍ത്തനങ്ങളും ഇതിനൊപ്പം നടക്കുന്നുണ്ട്. ചന്ദ്രശേഖര്‍ റാവു ബെംഗളൂരുവിലെത്തി ജെ. ഡി. എസ് അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയുമായി ചര്‍ച്ച നടത്തിയതും, കൂടാതെ മുന്‍ മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമി പശ്ചിമ ബംഗാളില്‍ പോയി മമത ബാനര്‍ജിയുമായും ചര്‍ച്ചകള്‍ നടത്തിയതും പസ്പര സഹകരണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ആയിരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാന തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുമെന്ന് അന്ന് തന്നെ മമത ഉറപ്പ് നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ മമത ജെ. ഡി. എസിന് വേണ്ടി പ്രചാരണത്തിനെത്തും.
അതേസമയം കര്‍ണാടകയിലെ മൂന്ന് മണ്ഡലങ്ങളില്‍ ജെ. ഡി. എസ് സി. പി. എമ്മിനെ പിന്തുണക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കേരള മുഖ്യമന്ത്രി പിണറായി വിജയനെയും പ്രചാരണത്തിനെത്തിക്കാന്‍ ആലോചന നടക്കുന്നുണ്ട്. 2018-ല്‍ സംഭവിച്ചതുപോലെ ജെ. ഡി. എസിനോ കോണ്‍ഗ്രസിനോ കേവല ഭൂരിപക്ഷം ലഭിക്കാതെ പോയാലോ നേടിയാലോ അതിന്റെ നിര്‍ണായക പങ്ക് ജെ. ഡി. എസിന് തന്നെ ആയിരിക്കും. അതുകൊണ്ടുതന്നെ ജെ. ഡി. എസിന് ഈ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്.