ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഏപ്രില്‍ 10, 11, തീയതികളില്‍ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രില്‍ നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ നിര്‍ദ്ദേശം. മോക്ഡ്രില്‍ നടത്തുന്ന ആശുപത്രികള്‍ ആരോഗ്യ മന്ത്രിമാര്‍ സന്ദര്‍ശിക്കണം. സംസ്ഥാനങ്ങളില്‍ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പിന്തുടരണമെന്നും യോഗത്തില്‍ കേന്ദ്രം ആവശ്യപ്പെട്ടു.
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ആറായിരം കടന്നു. കഴിഞ്ഞ ഓഗസ്റ്റിന് ശേഷം ഇപ്പോഴാണ് പ്രതിദിന കേസുകള്‍ ഇത്തരത്തില്‍ തുടര്‍ച്ചയായി വര്‍ധിക്കുന്നത്. കൊവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രി വിളിച്ച സംസ്ഥാനങ്ങളുടെ യോഗം പുരോഗമിക്കുകയാണ്. ഡല്‍ഹിയില്‍ സ്ഥിരീകരിക്കുന്ന കേസുകളില്‍ 90 ശതമാനവും ഒമിക്രോണ്‍ ഉപവകഭേദം കാരണമെന്നാണ് കണ്ടെത്തല്‍. 6050 പേര്‍ക്കാണ് ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാള്‍ പതിമൂന്ന് ശതമാനം വര്‍ധന. 5335 പേര്‍ക്കായിരുന്നു ഇന്നലെ രോഗം സ്ഥിരീകരിച്ചത്. പോസിറ്റിവിറ്റി നിരക്കും കഴിഞ്ഞ ദിവസത്തേക്കാള്‍ കൂടി 3.39 ശതമാനമായി. 14 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ചു മരിച്ചത്.
മഹാരാഷ്ട്രയില്‍ ഒരു ദിവസത്തിനിടെ 800 ലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പ്രതിദിന കണക്ക് 600 കടന്ന തലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ 90 ശതമാനവും ഒമിക്രോണിന്റെ ഉപവകഭേദമായ XBB1.16 ആണെന്നാണ് വിവരം. വ്യാപനശേഷി കൂടുതലാണെങ്കിലും ഈ വകഭേദം ഗുരുതര ആരോഗ്യ പ്രശ്‌നത്തിനിടയാക്കില്ല എന്നാണ് വിലയിരുത്തല്‍. കേരളമുള്‍പ്പടെ മൂന്നിടങ്ങളില്‍ രോഗവ്യാപനം കൂടുതലാണ്.