വാഷിങ്ടണ്‍: ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമായ ട്വിറ്ററിന്റെ കാലങ്ങളായുള്ള ലോഗോ മാറ്റി സി. ഇ. ഒ ഇലോണ്‍ മസ്ക്. നീല നിറത്തിലുള്ള പക്ഷിയുടെ ലോഗോ മാറ്റി ഡോഗ്കോയിന് ക്രിപ്റ്റോ കറന്‍സിയുടെ മീം ആയ നായയാണ് പുതിയ ലോഗോ ആയി തെരഞ്ഞെടുത്തത്. ഇലോണ്‍ മസ്കിന്റെ ഇഷ്ടപ്പെട്ട ക്രിപ്റ്റോ കറന്‍സിയാണ് ഡോഗ് കോയിന്. ഇതിലെ ഡോഗി മീമിന് സമാനമായിട്ടാണ് ട്വിറ്ററിന്റെ ലോഗോ മാറ്റിയത്. ഇന്റര്‍നെറ്റിലെ ജനപ്രിയ മീം ആണ് ഷിബു ഇനു എന്ന നായ. ഇതാണ് ഡോഗ് കോയിനിന്റെ ലോഗോ.
മാറ്റം സ്ഥിരീകരിക്കുന്ന ഒരു ട്വീറ്റും ഇലോണ്‍ മസ്ക് ട്വീറ്റ് ചെയ്തിട്ടുണ്ട്. മൈക്രോ ബ്ലോഗിങ് സൈറ്റിന്റെ ഡെസ്ക്ടോപ്പ് വേര്‍ഷനില്‍ മാത്രമാണ് മാറ്റം വന്നിരിക്കുന്നതെന്ന് ഇലോണ്‍ മസ്ക് ട്വീറ്റ് ചെയ്തു.ഒരു നായ കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കുന്നതും ട്രാഫിക് പൊലീസിനെ തന്റെ ലൈസന്‍സ് കാണിക്കുകയും ചെയ്യുന്നു. അതില്‍ ഒരു നീല പക്ഷിയുടെ ഫോട്ടോയുണ്ട്. തുടര്‍ന്ന് ട്രാഫിക് പൊലീസിനോട് ഇതൊരു പഴയ ഫോട്ടോയാണെന്ന് നായ പറയുന്നതായ ഒരു ചിത്രവും മസ്ക് ട്വീറ്റ് ചെയ്തു.
കമ്പനി ഏറ്റെടുക്കുന്നതിന് മുമ്പ് ഒരു ട്വിറ്റര്‍ ഉപയോക്താവുമായി നടത്തിയ സംഭാഷണത്തിന്റെ സ്ക്രീന്‍ഷോട്ടും മസ്ക് പങ്കിട്ടു. പുതിയ പ്ലാറ്റ്ഫോം ആവശ്യമുണ്ടോയെന്ന് ഈ സ്ക്രീന്‍ ഷോട്ടില്‍ ഇട്ട പോസ്റ്റില്‍ മസ്ക് ചോദിച്ചിട്ടുണ്ട്. അതിന് പകരം മസ്ക് ട്വിറ്റര്‍ വാങ്ങണമെന്നും പക്ഷിയുടെ ലോഗോക്ക് പകരം നായ എന്നെഴുതാനും ഉപയോക്താവ് നിര്‍ദ്ദേശിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇലോണ്‍ മസ്ക് മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്റര്‍ വാങ്ങിയത്. ഇതിനു വേണ്ടി അദ്ദേഹം 44 ബില്യണ്‍ ഡോളറിന്റെ ഇടപാട് നടത്തിയിരുന്നു. കമ്പനി വാങ്ങിയതോടെ നിരവധി മാറ്റങ്ങളാണ് ട്വിറ്ററില്‍ ഉണ്ടാവുന്നത്. ഇതിനിടെ അക്കൗണ്ടുകള്‍ക്ക് വേരിഫെയ്ഡ് ‘ടിക്’ കിട്ടാന്‍ പേയ്മെന്റ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.
ട്വിറ്റര്‍ ഏറ്റെടുത്തിന് പിന്നാലെ ജീവനക്കാരെ പിരിച്ചുവിടുന്നതടക്കം നിരവധി മാറ്റങ്ങളാണ് ഇലോണ്‍ മസ്ക് കൊണ്ടുവന്നത്. ഇതില്‍ ഒടുവിലത്തേതാണ് ലോഗോ മാറ്റം.
