അതികഠിനമായ ചൂട് അനുഭവപ്പെടുന്ന മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ മനുഷ്യരോടൊപ്പം പക്ഷിമൃഗാദികള്‍ക്കും പ്രത്യേക വേനല്‍ക്കാല പരിചരണം അത്യാവശ്യമാണ്. അടുക്കളമുറ്റത്ത് വളര്‍ത്തുന്ന മുട്ടക്കോഴികള്‍ക്കായാലും ഫാം അല്ലെങ്കില്‍ വ്യാവസായികാവശ്യങ്ങള്‍ക്ക് ആയാലും വേനല്‍ക്കാലത്ത് ശരിയായ പരിചരണം നല്‍കണം. അല്ലെങ്കില്‍ കോഴികളില്‍ മുട്ട ഉല്‍പ്പാദനം, രോഗപ്രതിരോധശേഷി, വളര്‍ച്ചാനിരക്ക്, തീറ്റപരിവര്‍ത്തനശേഷി എന്നിവ കുറയും. കൂടാതെ തോല്‍മുട്ടയിടുക, അടവെച്ച മുട്ട വിരിയാതിരിക്കുക, കിതപ്പ്, തളര്‍ച്ച, തീറ്റയെടുക്കാതിരിക്കുക തുടങ്ങി കോഴികള്‍ ചത്തുവീഴുക വരെ ഉണ്ടാകാനുള്ള പ്രതികൂല സാഹചര്യങ്ങള്‍ കണ്ടുവരുന്നു.
1. വേനല്‍ക്കാലത്ത് കോഴികളുടെ കൂട്, തീറ്റ, കുടിവെള്ളം, അവയുടെ സ്വാഭാവിക പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ നല്‍കുന്ന മരുന്നുകള്‍ തുടങ്ങി വിവിധ കാര്യങ്ങളില്‍ കര്‍ഷകര്‍ അതീവശ്രദ്ധ നല്‍കണം.
2. അന്തരീക്ഷ ഊഷ്മാവ് കൂടുമ്പോള്‍ കോഴികള്‍ തീറ്റയെടുക്കുന്നത് കുറയ്ക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യും. അതിനാല്‍ 24 മണിക്കൂറും ശുദ്ധമായ തണുത്ത കുടിവെള്ളം ലഭ്യമാക്കുന്നതിനാവശ്യമായ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം.
3. വേനല്‍ക്കാലത്ത് നാരങ്ങ, നെല്ലിക്ക, തുളസിയില, പനിക്കൂര്‍ക്കയില, മഞ്ഞള്‍ എന്നിവയുടെ നീര് ശര്‍ക്കരയോടൊപ്പം കുടിവെള്ളത്തില്‍ ചേര്‍ത്ത് ആഴ്ചയില്‍ രണ്ട് ദിവസം നല്‍കുന്നത് കോഴികളുടെ സ്വാഭാവികപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
4. കുടിവെള്ളത്തിലൂടെ ചേര്‍ത്ത് നല്‍കുന്ന വൈറ്റമിന്‍സ് ,മിനറല്‍സ്, ഇലക്ട്രോലൈറ്റ്‌സ്, പ്രോബയോട്ടിക്‌സ് എന്നീ മിശ്രിതത്തിന്റെ അളവ് വേനല്‍ക്കാലത്ത് ഇരുപത് ശതമാനം അധികം നല്‍കണം.
5. കൂടുകളിലെ തീറ്റപാത്രവും വെള്ളപാത്രവും അടുത്തടുത്തായി ക്രമീകരിക്കാന്‍ ശ്രദ്ധിക്കണം. ഇവ എല്ലാ ദിവസവും കഴുകി വൃത്തിയാക്കണം.
6. പകല്‍സമയം പതിനൊന്ന് മണി മുതല്‍ മൂന്ന് മണി വരെ തീറ്റ നല്‍കുന്നത് കുറച്ചിട്ട് അവ അതിരാവിലെയും വൈകുന്നേരവുമായി പകുത്ത് നല്‍കാം.
7. വേനലില്‍ തീറ്റയില്‍ ഊര്‍ജ്ജത്തിന്റെ അളവ് കുറയ്ക്കുകയും മാംസ്യത്തിന്റെ അളവ് കൂട്ടിനല്‍കുകയും വേണം.
8. വേനല്‍ക്കാലത്ത് തോല്‍മുട്ട ഉണ്ടാകുന്ന പ്രശ്‌നം ഒഴിവാക്കാന്‍ തീറ്റയിലോ വെള്ളത്തിലോ ഒരു ശതമാനം അപ്പക്കാരം ( സോഡിയം ബൈകാര്‍ബണേറ്റ് ) ചേര്‍ത്ത് നല്‍കുന്നത് നല്ലതാണ്.
9. ചൂടിന്റെ ആഘാതെ കുറയ്ക്കാന്‍ വിപണിയില്‍ ലഭിക്കുന്ന ANTISTRESS മിശ്രിതങ്ങള്‍ ഒരു വെറ്ററിനറി ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം തീറ്റയിലോ വെള്ളത്തിലോ ചേര്‍ത്ത് നല്‍കാവുന്നതാണ്.
10. കോഴിക്കൂടിനുള്ളിലെ ചൂട് ക്രമീകരിക്കാന്‍ മേല്‍ക്കൂരയുടെ മുകളില്‍ കോവല്‍ , പാഷന്‍ ഫ്രൂട്ട് പോലുള്ള പച്ചക്കറി പന്തല്‍ പടര്‍ത്തുകയോ അല്ലെങ്കില്‍ ഓല, പുല്ല് എന്നിവ വിരിച്ച് ദിവസവും ചെറു നന കൊടുക്കുന്നതും നല്ലതാണ്.
11. കൂടിനുള്ളില്‍ ആവശ്യത്തിനുള്ള വായുസഞ്ചാരം ഉറപ്പാക്കുന്ന വിധത്തിലായിരിക്കണം അതിന്റെ നിര്‍മ്മാണം.
12. കൂട് കിഴക്കോ പടിഞ്ഞാറോ അഭിമുഖമായി നിര്‍മ്മിച്ചാല്‍ വെയില്‍ കൂട്ടിനുള്ളില്‍ അധികം കടക്കുന്നത് തടയാം.
13. കൂട്ടിനുള്ളില്‍ കോഴികളെ തിങ്ങിഞെരുങ്ങി പാര്‍പ്പിക്കരുത്. ആവശ്യത്തിന് സ്ഥലസൗകര്യം അവയ്ക്ക് നല്‍കണം.
14. കൂടുകള്‍ക്ക് സമീപം മൂന്ന് മീറ്റര്‍ അകലം വിട്ട് തണല്‍മരങ്ങള്‍ നടുന്നത് നല്ലതാണ്.
15. വാക്‌സിനേഷന്‍ , കോഴികളെ മാറ്റുക തുടങ്ങിയ പ്രവൃത്തികള്‍ അതിരാവിലെയോ വൈകുന്നേരമോ ആയിട്ട് പരിമിതപ്പെടുത്തുക. ചൂട് കൂടി നില്‍ക്കുന്ന ഉച്ചസമയങ്ങളില്‍ ഇവ ഒഴിവാക്കുക.
16. വേനല്‍ക്കാലത്ത് ബാഹ്യപരാദങ്ങളായ കോഴിപ്പേന്‍, ചെള്ള് എന്നിവയുടെ ശല്യമുണ്ടാകാന്‍ ഇടയുള്ളതിനാല്‍ അത് നിയന്ത്രിക്കുന്നതിനായുള്ള മരുന്നുകള്‍ കൂടിന് ചുറ്റും സ്‌പ്രേ ചെയ്യുന്നത് നല്ലതാണ്.
ഈ പരിചരണ മാര്‍ഗങ്ങള്‍ അവലംബിക്കുന്നത് വഴി വേനല്‍ക്കാലത്ത് കോഴികളുടെ ഉല്‍പ്പാദനക്ഷമത കുറയുന്നത് തടയാനും തുടര്‍ന്നുള്ള സാമ്പത്തിക നഷ്ടം ക്രമീകരിക്കാനും കര്‍ഷകര്‍ക്ക് കഴിയും.