എന്‍.യു.എല്‍.എം പദ്ധതി നിര്‍വഹണത്തില്‍ ദേശീയതലത്തിലെ മികവ്: കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ സ്പാര്‍ക്ക് റാങ്കിങ്ങില്‍ കേരളത്തിന് രണ്ടാം സ്ഥാനം

എന്‍.യു.എല്‍.എം പദ്ധതി നിര്‍വഹണത്തില്‍ ദേശീയതലത്തിലെ മികവ്: കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ സ്പാര്‍ക്ക് റാങ്കിങ്ങില്‍ കേരളത്തിന് രണ്ടാം സ്ഥാനം

  • ദേശീയതലത്തില്‍ നടപ്പാക്കുന്ന സ്പാര്‍ക്ക് റാങ്കിങ്ങില്‍
  • കേരളം അവാര്‍ഡ് നേടുന്നത് തുടര്‍ച്ചയായ അഞ്ചാം തവണ
  • സംസ്ഥാനത്ത് 93 നഗരസഭകളിലും നടപ്പാക്കുന്ന പദ്ധതിയുടെ നോഡല്‍ ഏജന്‍സി കുടുംബശ്രീ

തിരുവനന്തപുരം: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ദീന്‍ ദയാല്‍ അന്ത്യോദയ യോജന-ദേശീയ നഗര ഉപജീവന ദൗത്യം (ഡേ-എന്‍.യു.എല്‍.എം) മികച്ച രീതിയില്‍ നടപ്പാക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ 2021-22ലെ ‘സ്പാര്‍ക്ക്'(സിസ്റ്റമാറ്റിക് പ്രോഗ്രസ്സീവഃ് അനലിറ്റിക്കല്‍ റിയല്‍ ടൈം റാങ്കിങ്ങ്) റാങ്കിങ്ങില്‍ കേരളം രണ്ടാം സ്ഥാനം നേടി. തുടര്‍ച്ചയായി അഞ്ചാം തവണയും സ്പാര്‍ക്ക് അവാര്‍ഡിന് അര്‍ഹമായതു വഴി ഈ നേട്ടം കൈവരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി. പതിനഞ്ചു കോടി രൂപയാണ് അവാര്‍ഡ് തുക. ഈ തുക പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനായി വിനിയോഗിക്കും. സംസ്ഥാനത്ത് പദ്ധതിയുടെ നോഡല്‍ ഏജന്‍സി കുടുംബശ്രീയാണ്.

രാജ്യത്ത് 29 സംസ്ഥാനങ്ങളിലെയും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും നഗരമേഖലയില്‍ എന്‍.യു.എല്‍.എം പദ്ധതി നടപ്പാക്കുന്നുണ്ട്. ഇതില്‍ ദേശീയതലത്തില്‍ മികവ് പുലര്‍ത്തിയതിനാണ് കേരളത്തിന് അംഗീകാരം. ആന്ധ്രപ്രദേശിനാണ് ഒന്നാം സ്ഥാനം.

എന്‍.യു.എല്‍.എം പദ്ധതി പ്രകാരം പദ്ധതിയുടെ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം പൊതുവായ മാനദണ്ഡങ്ങള്‍ നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്. ഇതു പ്രകാരം പദ്ധതിയിലെ ഓരോ ഉപഘടകത്തിന്റെ കീഴിലും കേന്ദ്രമന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ള 2021-22 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനങ്ങളും പുരോഗതിയുമാണ് പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്. അവ സംബന്ധിച്ച പുരോഗതിയും കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിന്റെ മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം വഴി (എം.ഐ.എസ്) ശേഖരിക്കും. ഇതു പരിഗണിച്ച ശേഷമാണ് മികവിന്റെ അടിസ്ഥാനത്തില്‍ കേരളം രണ്ടാം സ്ഥാനം നേടിയത്.

കുടുംബശ്രീ വഴി സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതി പ്രവര്‍ത്തനങ്ങളുടെ മികവില്‍ കഴിഞ്ഞ വര്‍ഷം കേരളം സ്പാര്‍ക്ക് റാങ്കിങ്ങില്‍ ഒന്നാമതെത്തിയിരുന്നു. അന്ന് ഇരുപത് കോടി രൂപയാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനായി കേന്ദ്രം നല്‍കിയത്. ഈ വര്‍ഷം വാര്‍ഷിക പദ്ധതി വിഹിതമായി ഇതുവരെ 49.92 കോടി രൂപ നല്‍കിയിട്ടുണ്ട്. സമ്മാനത്തുകയായി ലഭിക്കുന്ന 15 കോടിരൂപയും വിവിധ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും.

സംസ്ഥാനത്ത് കുടുംബശ്രീ മുഖേന 93 നഗരസഭകളിലും പദ്ധതി നടപ്പാക്കുന്നുണ്ട്. ഇതുവരെ 24,893 അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കുകയും 24,860 പേര്‍ക്ക് നൈപുണ്യ പരിശീലനം ലഭ്യമാക്കുകയും ചെയ്തു. ഇതില്‍ 21576 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി. 13,736 പേര്‍ക്ക് തൊഴിലും നല്‍കി. ഉപജീവനമേഖലയില്‍ 5704 വ്യക്തിഗത സംരംഭങ്ങളും 1187 ഗ്രൂപ്പ് സംരംഭങ്ങളും ആരംഭിച്ചു. 47378 പേര്‍ക്ക് ലിങ്കേജ് വായ്പ, 50,000 രൂപ വീതം 3360 എ.ഡി.എസുകള്‍ക്കും 10,000 രൂപ വീതം 41604 അയല്‍ക്കൂട്ടങ്ങള്‍ക്കും റിവോള്‍വിങ്ങ് ഫണ്ട് എന്നിവ വിതരണം ചെയ്തു. സര്‍വേയിലൂടെ 25684 തെരുവുകച്ചവടക്കാരെ കണ്ടെത്തുകയും അതില്‍ 19,020 പേര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുകയും ചെയ്തു. പദ്ധതിയുടെ കീഴില്‍ 24 ഷെല്‍ട്ടര്‍ ഹോമുകള്‍ വിവിധ നഗരസഭകളിലായി പൂര്‍ത്തീകരിച്ചിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *