കോഴിക്കോട്: പാലക്കാട്-കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ദേശീയപാതയ്ക്കായി ജില്ലയില്‍ ഏറ്റെടുക്കുന്ന ഭൂമിയുടെ വില പുനര്‍നിര്‍ണയിക്കാനുള്ള തീരുമാനത്തിനെതിരേ സ്ഥലം ഉടമകളുടെ നേതൃത്വത്തിലുള്ള ജില്ലാതല കര്‍മസമിതിയുടെ ആഭിമുഖ്യത്തില്‍ വഴിതടയല്‍ സമരം സംഘടിപ്പിച്ചു. സമരം ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു. കോംപിറ്റന്റ് അതോറിറ്റി ഓഫ് ലാന്‍ഡ് അക്വിസിഷന്‍ നിശ്ചയിച്ച വിലയില്‍ അപാകത കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംസ്ഥാനത്തെ മോണിറ്ററിംഗ് കമ്മിറ്റി വില പുനര്‍നിര്‍ണയിക്കാനുള്ള നടപടിയുമായി മു്‌നനോട്ടുപോയത്. പെരുമണ്ണ വായനശാലയ്ക്ക് സമീപം മാങ്കാവ് കണ്ണിപറമ്പ് റോഡില്‍ നിന്നാരംഭിച്ച വഴിതടയ സമരത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ പങ്കെടുത്തു.
കോഴിക്കോട് താലൂക്കിലെ പെരുവയലും അവിടെനിന്ന്, ഒളവണ്ണ, പന്തീരങ്കാവ്, പെരുമണ്ണ വില്ലേജുകളിലൂടെയാണ് പാത കടന്നുപോവുക. പാലക്കാട് ബൈപാസില്‍നിന്ന് കോഴിക്കോട് രാമനാട്ടുകര ബൈപ്പാസിലെ പന്തരീങ്കാവില്‍ എത്തിച്ചേരുന്നതാണ് പുതിയ ദേശീയ പാത. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലായി ഏറ്റെടുക്കുന്ന 547 ഹെക്ടറില്‍ 485ഉം കൃഷിഭൂമിയാണെന്നും ഭൂമി, വീട്, കെട്ടിടം എന്നിവ ഭാഗികമായല്ലാതെ മുഴുവനായി ഏറ്റെടുക്കണമെന്നും നഷ്ടപരിഹാരത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും ഉന്നായിച്ചാണ് സമരം നടത്തുന്നത്. ദേശീയ പാത ആക്ട് പ്രകാരമാണ് ഭൂമി എറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കുക. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്കാണ് ചുമതല. ദേശീയപാത അതോറിറ്റിയുടെ ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 122.248 കിലോമീറ്റര്‍ നീളമുള്ള ദേശീയ പാത നിര്‍മിക്കുന്നത്. സ്ഥലമേറ്റെടുക്കാന്‍ 800 കോടി രൂപ വേണ്ടി വരുന്ന പാതക്ക് നേരത്തെ തന്നെ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം ലഭിച്ചിരുന്നു. പാലക്കാട് ജില്ലയില്‍ 62 കിലോമീറ്റര്‍ മലപ്പുറത്ത് 53, കോഴിക്കോട്ട് ഏഴ് കിലോമീറ്റര്‍ എന്നിങ്ങനെയാണ് റോഡിന്റെ ദൈര്‍ഘ്യം.