കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചരണം : യുവനിധി പ്രഖ്യാപനവുമായി കോണ്‍ഗ്രസ്

കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചരണം : യുവനിധി പ്രഖ്യാപനവുമായി കോണ്‍ഗ്രസ്

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ നാലാമത്തെ വമ്പന്‍ വാഗ്ദാനവുമായി കോണ്‍ഗ്രസ് പാര്‍ട്ടി. രാഹുല്‍ ഗാന്ധി പങ്കെടുത്ത ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് പാര്‍ട്ടിയുടെ നാലാമത്തെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ ‘യുവ നിധി’ കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. അധികാരത്തില്‍ എത്തിയാല്‍ ഉടന്‍ തന്നെ യുവ നിധി പദ്ധതി നടപ്പാക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം. യുവതീയുവാക്കള്‍ക്ക് തൊഴിലില്ലായ്മ വേതനമെന്ന വന്‍ വാഗ്ദാനമാണ് കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുന്നത്.

ഇതുപ്രകാരം തൊഴിലില്ലാത്ത ബിരുദധാരികളായ യുവതീയുവാക്കള്‍ക്ക് 3000 രൂപയും ഡിപ്ലോമ ബിരുദധാരികള്‍ക്ക് 1500 രൂപയും പ്രതിമാസം വേതനം നല്‍കും. അധികാരത്തിലെത്തിയാല്‍ രണ്ട് വര്‍ഷത്തേക്ക് വേതനമുണ്ടാകും. നേരത്തേ തൊഴില്‍രഹിതരായ വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2000 രൂപ, ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 10 കിലോ അരി, എല്ലാ കുടുംബങ്ങള്‍ക്കും ആദ്യത്തെ 200 യൂണിറ്റ് വൈദ്യുതി സൗജന്യം എന്നീ വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് മുന്നോട്ട് വച്ചിരുന്നു.

കര്‍ണാടകയിലേത് രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരാണെന്നാണ് രാഹുല്‍ ഗാന്ധി ആരോപിച്ചത്. കോണ്‍ഗ്രസ് നേതൃത്വം ഒറ്റക്കെട്ടായി പോരാടി ഒറ്റയ്ക്ക് കേവലഭൂരിപക്ഷം നേടുമെന്നും രാഹുല്‍ പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്ക് ശേഷമാണ് ആദ്യമായാണ് രാഹുല്‍ കര്‍ണാടകയില്‍ എത്തിയത്. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ അരിയെന്നുള്ള കോണ്‍ഗ്രസിന്റെ പ്രഖ്യാപനം സംസ്ഥാനത്ത് വലിയ ചര്‍ച്ചയായി മാറിയിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *