‘രചന’ കുടുംബശ്രീയുടെ ചരിത്രം കേരളത്തിലെ സ്ത്രീകളുടെ സമകാലിക കഥകളിലൂടെ

‘രചന’ കുടുംബശ്രീയുടെ ചരിത്രം കേരളത്തിലെ സ്ത്രീകളുടെ സമകാലിക കഥകളിലൂടെ

കുടുംബശ്രീ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തെ കുടുംബശ്രീയുടെ വളര്‍ച്ചയും വികാസവും സംബന്ധിച്ച ചരിത്രം രേഖപ്പെടുത്തുന്ന പരിപാടിയാണ് ‘രചന’. കുടുംബശ്രീയുടെ തുടക്കം മുതല്‍ ഇതുവരെയുള്ള സി.ഡി.എസ് പ്രവര്‍ത്തകരായ അഞ്ചു ലക്ഷത്തിലേറെ വനിതകള്‍ ഒരുമിക്കുന്ന പങ്കാളിത്ത രചനയിലൂടെയാണ് ഈ രജതചരിത്രം തയ്യാറാക്കുന്നത്. കുടുംബശ്രീയുടെ കരുത്തില്‍ സമൂഹത്തില്‍ സ്വന്തം ഇടംകണ്ടെത്തിയവരും, സ്വയംപര്യാപ്തത നേടിയവരുമാണ് കുടുംബശ്രീയുടെ കാല്‍ നൂറ്റാണ്ടത്തെ ചരിത്രമെഴുതുന്ന ഈ വനിതകള്‍. അതുകൊണ്ടുതന്നെ ‘സ്ത്രീകള്‍ക്ക് വേണ്ടി സ്ത്രീകളാല്‍ രചിക്കപ്പെടുന്ന ചരിത്ര’മെന്ന് ഇതിനെ വിശേഷിപ്പിക്കാം.

സാമ്പത്തികവും സാമൂഹികവും സാംസ്‌കാരികവുമായ പിന്നാക്കാവസ്ഥകളില്‍ നിന്നുംകഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷം കൊണ്ട് കേരളീയ സ്ത്രീ സമൂഹം കൈവരിച്ച മുന്നേറ്റങ്ങളുടെ ചരിത്രമാണ് ‘രചന’യിലൂടെ ആലേഖനം ചെയ്യുന്നത്. കാല്‍നൂറ്റാണ്ട് മുമ്പുള്ള കേരളത്തിലെ കുടുംബ സാമൂഹ്യ പശ്ചാത്തലവും അവിടെ സാധാരണക്കാരായ സ്ത്രീകളുടെ ജീവിതവും എപ്രകാരമായിരുന്നെന്നും സ്ത്രീശാക്തീകരണത്തിന് ലോകത്തിന് തന്നെ മാതൃകായിമാറുന്ന വിധത്തില്‍ കുടുംബശ്രീ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയും വികാസവും എങ്ങനെയെന്നു ംരേഖപ്പെടുത്തുകയാണ് ‘രചന’യുടെ ലക്ഷ്യം.

സമൂഹത്തോടുംവരുംതലമുറയോടും നീതി പുലര്‍ത്തുന്നതിന്റെ ഭാഗമായി ഇപ്രകാരമുള്ള ചരിത്ര നിര്‍മ്മിതികള്‍ പ്രോത്സാഹിപ്പിക്കപ്പെടുകയും വേണം. കുടുംബശ്രീ അംഗങ്ങളായ സ്ത്രീകളുടെ അനുഭവങ്ങളും ഓര്‍മ്മകളുമാണ് ഈ പ്രസ്ഥാനത്തിന്റെ ബൗദ്ധിക സമ്പത്ത്. ഈ വിജ്ഞാനസമ്പത്തിന്റെ പകര്‍ത്തിയെഴുതലാണ് ‘രചന’യിലൂടെ നിര്‍വഹിക്കുന്നത്. സംസ്ഥാനത്തെ ഓരോ സി.ഡി.എസിന്റെയും 25 വര്‍ഷത്തെ ചരിത്ര രചനയാണ് കുടുംബശ്രീ ‘രചന’യിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി ഓരോ തദ്ദേശ സ്ഥാപനതലത്തിലും അഞ്ചുമുതല്‍ പത്തു വരെ സ്ത്രീകളെ ഉള്‍പ്പെടുത്തി അക്കാദമിക് ഗ്രൂപ്പുകള്‍ രൂപീകരിക്കും. കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍, ബിരുദ/ബിരുദാനന്തര വിദ്യാഭ്യാസമുള്ള യുവതികള്‍, പഠനവും എഴുത്തും നടത്താന്‍ കഴിവുള്ള സ്ത്രീകള്‍, ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സമയം കണ്ടെത്താന്‍ സാധിക്കുന്നവര്‍, സര്‍വീസില്‍ നിന്നും പിരിഞ്ഞവര്‍, ഗവേഷകര്‍ തുടങ്ങി വിവിധ മേഖലയില്‍ നിന്നും വായനയിലും രചനയിലും താല്‍പ്പര്യമുള്ളവര്‍ എന്നിവര്‍ക്ക് അക്കാദമിക് ഗ്രൂപ്പില്‍ അംഗമാകാന്‍ സാധിക്കും.

കുടുംബശ്രീയുടെ ചരിത്ര രചനയ്ക്കായി അക്കാദമിക് ഗ്രൂപ്പുകള്‍ കൂടാതെ, 1998 മുതല്‍ 2023 വരെ കാലഘട്ടത്തിലെ സി.ഡി.എസ് ഭാരവാഹികള്‍ ഉള്‍പ്പെട്ട രചനാ കമ്മിറ്റിയും രൂപീകരിക്കും. 1998 മുതല്‍ 2023 വരെയുള്ള കാലഘട്ടത്തിലെ സി.ഡി.എസ് അധ്യക്ഷമാര്‍, ഉപാധ്യക്ഷമാര്‍, ഉപസമിതി കണ്‍വീനര്‍മാര്‍ എന്നിവര്‍ കൂടാതെ കുടുംബശ്രീയില്‍ സജീവ പ്രവര്‍ത്തകരായിരുന്നവരും രചനാ കമ്മിറ്റിയില്‍ ഉള്‍പ്പെടും. 50-100 പേര്‍ വരെ അടങ്ങുന്നതാണ് ഈ കമ്മിറ്റി. കുടുംബശ്രീയുടെ ചരിത്ര രചനയില്‍ മുഖ്യവിവര സ്രോതസായി പ്രവര്‍ത്തിക്കുന്നത് ഈ കമ്മിറ്റിയായിരിക്കും.
തദ്ദേശ ഭരണസ്ഥാപനത്തിന്റെ പഴയവികസന റിപ്പോര്‍ട്ടുകള്‍, പഴയ മിനുട്ട്‌സ് ബുക്കുകള്‍, സി.ഡി.എസിന്റെ പഴയകാല മിനുട്ട്‌സ് ബുക്കുകള്‍, റിപ്പോര്‍ട്ടുകള്‍, രജിസ്റ്ററുകള്‍ ആദ്യമായി രൂപീകരിച്ച അയല്‍ക്കൂട്ടങ്ങളുടെ ലഭ്യമായ പഴയ രജിസ്റ്ററുകള്‍ എന്നിവയില്‍ നിന്നും വിവരങ്ങള്‍ കുടുംബശ്രീയുടെ ചരിത്ര രചനക്കായി ഉപയോഗിക്കാം.

അതീവ ദുര്‍ഘടവും സങ്കീര്‍ണവുമായ പ്രതിസന്ധികളെ അതിജീവിച്ച് ജീവിതവിജയം കൈവരിച്ചവരും വിശപ്പിന്റെ വേദനയെ പിന്തള്ളി വികസന വഴികളിലേക്ക് കുതിച്ചവരും ഉള്‍പ്പെടെ അനേകം സ്ത്രീകള്‍ ഇന്ന് കുടുംബശ്രീ സംവിധാനത്തിലുണ്ട്. ഇവരുടെ സാമ്പത്തികവും സാമൂഹികവുമായ വളര്‍ച്ച, ഭൗതിക ജീവിത സാഹചര്യങ്ങളുടെ പുരോഗതി അടുക്കളയുടെ നാലു ചുവരുകള്‍ക്കുള്ളില്‍ നിന്നും പ്രാദേശിക സര്‍ക്കാരുകളുടെ ഭരണയന്ത്രം തിരിക്കുന്ന അധികാര കസേരയിലേക്ക് വരെ എത്തിയ യാത്ര എന്നിവ ചരിത്ര രചനയില്‍ ഇടം നേടും. കുടുംബശ്രീയിലൂടെ സാമ്പത്തികവും സാമൂഹികവുമായ ശാക്തീകരണം നേടിയതിനൊപ്പം കുടുംബത്തിലും സമൂഹത്തിലും പൊതുമണ്ഡലത്തിലും കടന്നുവരുന്ന സ്ത്രീവിരുദ്ധതയെ മറികടക്കാനുള്ള ഉള്‍ക്കരുത്തു കൂടി കേരളീയ സ്ത്രീ സമൂഹം ആര്‍ജ്ജിച്ചിട്ടുണ്ട്.

കൂടാതെ കുടുംബശ്രീയിലൂടെ കടന്നുവന്ന് ജീവിതത്തില്‍ ഭൗതികവും ഗുണപരവുമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞ സ്ത്രീകളുടെ കഥകളിലൂടെയാണ് 25 വര്‍ഷത്തെ ചരിത്രം അടയാളപ്പെടുത്തുക. കുടുംബശ്രീയുടെ വിവിധ പ്രവര്‍ത്തനങ്ങളും അതിന്റെ ഗുണഫലങ്ങളും അതോടൊപ്പം ദാരിദ്ര്യനിര്‍മാര്‍ജനത്തിനും സ്തീശാക്തീകരണത്തിനും കുടുംബശ്രീ എപ്രകാരം സഹായകമായെന്നും അതുവഴി സമൂഹത്തിനുണ്ടായ പുരോഗതിയും രചനയിലൂടെ വ്യക്തമാകും. രചനയുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന വിവിധ പരിശീലനങ്ങളും യോഗങ്ങളും മുന്‍കാല കുടുംബശ്രീ സി.ഡി.എസ് ഭാരവാഹികളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കലും കുടുംബശ്രീ ത്രിതലസംഘടനാ സംവിധാനമൊന്നാകെ ചലിപ്പിക്കാന്‍ കഴിയുന്ന ഒരു വലിയവിദ്യാഭ്യാസ ക്യാംപയ്‌നായി മാറുകയുംചെയ്യും.
കുടുംബശ്രീ ഇതുവരെ വിഭാവനം ചെയ്തു നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍, ആയിരക്കണക്കിന് സ്ത്രീകളുടെ അധ്വാനം, കൈവരിച്ച നേട്ടങ്ങള്‍ എന്നിവയിലേക്കുള്ള ഈ തിരിഞ്ഞുനോട്ടമാണ്, ഭാവിയില്‍ കുടുംബശ്രീയുടെ മുന്നോട്ടുള്ള പ്രയാണത്തിന്റെ ചുവട്‌വയ്പ്പ് എപ്രകാരമായിരിക്കണം എന്നുതീരുമാനിക്കുക. 46 ലക്ഷം വനിതകളുടെ അതിജീവനത്തിന്റെ, സമഗ്ര ശാക്തീകരണത്തിന്റെ കാല്‍ നൂറ്റാണ്ട് ചരിത്രം അഞ്ചുലക്ഷം കുടുംബശ്രീ വനിതകളുടെ നേതൃത്വത്തില്‍ എഴുതപ്പെടുമ്പോള്‍, ചരിത്രം സൃഷ്ടിച്ചവര്‍ തന്നെ ചരിത്രമെഴുതുന്നു എന്ന അപൂര്‍വതയും കുടുംബശ്രീക്ക് സ്വന്തം.

Share

Leave a Reply

Your email address will not be published. Required fields are marked *