‘ഹെല്‍ത്ത് കാര്‍ഡ്: അവ്യക്തതകള്‍ പരിഹരിക്കണം’

‘ഹെല്‍ത്ത് കാര്‍ഡ്: അവ്യക്തതകള്‍ പരിഹരിക്കണം’

കോഴിക്കോട്: ഭക്ഷ്യ നിര്‍മാണ-വിതരണ മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നല്‍കുമ്പോള്‍ പാലിക്കപ്പെടേണ്ട മാനദണ്ഡങ്ങളെക്കുറിച്ച് ആരോഗ്യ വകുപ്പ് ഡയരക്ടര്‍ ഡോക്ടര്‍ വി.മീനാക്ഷി പുറപ്പെടുവിച്ച ഉത്തരവിലുള്ള അവ്യക്തതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യവകുപ്പ് മന്ത്രി വീണജോര്‍ജിനും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര നിവേദനം നല്‍കി.

ഉത്തരവില്‍ പറഞ്ഞിരിക്കുന്ന പല നിര്‍ദേശങ്ങളും നടപ്പിലാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ട്. ഈ നിര്‍ദേശങ്ങള്‍ വ്യാപാര മേഖലക്ക് വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരവില്‍ പറഞ്ഞിരിക്കുന്ന ക്ലിനിക്കല്‍ പരിശോധനകള്‍ ഇപ്പോള്‍ തന്നെ എല്ലാ വ്യാപാര സ്ഥാപനങ്ങളും പാലിക്കുന്നുണ്ട് . കാഴ്ചശക്തി പരിശോധനയും പാലിക്കുന്നതില്‍ വ്യാപരികള്‍ക്കും തൊഴിലാളികള്‍ക്കും യാതൊരു ബുദ്ധിമുട്ടുമില്ല. എന്നാല്‍ രോഗ പ്രതിരോധ നടപടികളുടെ ഭാഗമായ് നിരവധി നിര്‍ദേശങ്ങള്‍ വ്യാപാരികളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്.

ടൈഫോയ്ഡ് വാക്‌സിന്‍ എടുക്കണമെന്ന നിര്‍ദേശം നിലവില്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന തൊഴിലാളികള്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും അധിക സാമ്പത്തികഭാരം വരുത്തിവെക്കുന്ന ഒന്നാണ്. ലാബ് പരിശോധനകള്‍ രോഗലക്ഷണങ്ങള്‍ ഉണ്ടങ്കില്‍ മാത്രം ചെയ്താല്‍ മതി എന്ന നിര്‍ദേശത്തിന്റെ മറവില്‍ തൊഴിലാളികളേയും വ്യാപാരികളേയുംകൊണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് ലാബ് ടെസ്റ്റ് ചെയ്യിപ്പിക്കുകയും അതിന്റെ പേരില്‍ തൊഴിലാളികള്‍ക്കും വ്യാപാരികള്‍ക്കും സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയും ചെയ്യും. ഡോക്ടര്‍ക്ക് ആവശ്യമെന്ന് തോന്നുന്ന എല്ലാ പരിശോധനകളും എന്നാണ് ഉത്തരവില്‍ പറയുന്നത്. ഡോക്ടര്‍മാര്‍ സ്വകാര്യ ലാബുകളുമായി ചേര്‍ന്ന് കമ്മീഷന്‍ വ്യവസ്ഥയില്‍ ടെസ്റ്റുകള്‍ക്ക് എഴുതിയാല്‍ അതിന്റെ ബാധ്യതയും തൊഴിലാളികള്‍ക്കും വ്യാപാരികള്‍ക്കുമാണ് ഇത്തരം അവ്യക്തതകള്‍ നിറഞ്ഞ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ഉത്തരവ് പിന്‍വലിച്ച് വ്യാപാരികളേയും തൊഴിലാളികളേയും ആരോഗ്യപ്രവര്‍ത്തകര്‍ ചൂഷണം ചെയ്യാത്ത തരത്തില്‍ പുതിയ ഉത്തരവ് ഇറക്കുകയാണ് വേണ്ടത്. ഹെല്‍ത്ത് കാര്‍ഡ് എടുക്കുവാനുള്ള നിലവിലെ സമയപരിധി 15 ആണ്. ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത് പ്രായോഗികമല്ല, ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള സമയപരിധി ചുരുങ്ങിയത് മാര്‍ച്ച് 31 വരെ ആക്കിയില്ലെങ്കില്‍ പല കടകളും അടച്ചിടേണ്ട സ്ഥിതിയാണ് സംസ്ഥാനത്ത്.

Share

Leave a Reply

Your email address will not be published. Required fields are marked *