പ്രവാസികളും കേന്ദ്ര- കേരള ബജറ്റുകളും

പ്രവാസികളും കേന്ദ്ര- കേരള ബജറ്റുകളും

അഡ്വ.ഗഫൂര്‍ പി ലില്ലീസ്
(സംസ്ഥാന പ്രസിഡണ്ട്)
കേരള പ്രവാസി സംഘം

 

 

ഫെബ്രുവരി ഒന്നാം തീയതിയാണ് ഇന്ത്യയുടെ ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ കേന്ദ്ര ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ശേഷം കേരളത്തിന്റെ ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ കേരള നിയമസഭയില്‍ സംസ്ഥാന ബഡ്ജറ്റ് അവതരിപ്പിച്ചു. രണ്ട് ബജറ്റുകളും മറ്റ് വിഭാഗങ്ങളെ പോലെ പ്രവാസി സമൂഹത്തിനെ എങ്ങനെ ബാധിക്കുന്നു എന്നുള്ള പരിശോധനയും താരതമ്യവും വളരെ പ്രസക്തമാണ്.

ഐക്യരാഷ്ട്ര സംഘടനയുടെയും ലോക ബാങ്കിന്റെയും കണക്ക് പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ പ്രവാസി പണം വരുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. ലോകബാങ്ക് റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികള്‍ നാട്ടിലേക്കയച്ചത് പതിനായിരം കോടി ഡോളറാണ്. അതായത് ഏതാണ്ട് 8.2 ലക്ഷം കോടി രൂപ. 2023 – 24 വര്‍ഷത്തേക്കുള്ള ഇന്ത്യയുടെ ബജറ്റ് വരവ് 27.2 ലക്ഷം കോടിയാണ് എന്നുള്ളത് ഇവിടെ ഓര്‍ക്കുന്നത് നന്നായിരിക്കും. അതായത് രാജ്യത്തിന്റെ ബജറ്റ് വരുമാനത്തിന്റെ 33 ശതമാനത്തിന് തുല്യമായ സംഖ്യ രാജ്യത്തേക്കയയ്ക്കുന്ന പ്രവാസികളോടാണ് കേന്ദ്ര ഗവണ്‍മെന്റ് ഇത്ര കടുത്ത അനീതി കാണിക്കുന്നത്.

രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം വര്‍ധിപ്പിക്കാനും അത് നിലനിര്‍ത്താനും പ്രവാസികള്‍ നല്‍കുന്ന സംഭാവന ചെറുതല്ല. ഒരു പക്ഷേ രാജ്യത്തിന്റെ കയറ്റുമതിയിലൂടെ ലഭിക്കുന്ന വിദേശനാണ്യത്തെ പോലെ, ഇക്കാര്യത്തില്‍ പ്രവാസികള്‍ നല്‍കുന്ന സംഭാവനയെ വിസ്മരിക്കാന്‍ ഒരു ഭരണകൂടത്തിനും സാധ്യമല്ല. അതുകൊണ്ടാണല്ലോ ‘പ്രവാസികള്‍ രാജ്യത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരാണെന്നും രാഷ്ട്രനിര്‍മാണത്തില്‍ പ്രവാസികള്‍ അസാധാരണമായ സംഭാവനകളാണ് നല്‍കിയിട്ടുള്ളതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി 9ന് നടന്ന പ്രവാസി ഭാരതീയ ദിവസില്‍ പ്രഖ്യാപിച്ചത്. എക്കാലത്തെയും കേന്ദ്ര ബജറ്റുപോലെ ഇത്തവണയും പ്രവാസി സമൂഹത്തെ പാടെ അവഗണിച്ചിരിക്കുകയാണ്. ഒരു രൂപയുടെ സഹായമോ, ആനുകൂല്യമോ ‘ഈ ബ്രാന്‍ഡ് അംബാസഡര്‍മാര്‍ക്കോ രാഷ്ട്രനിര്‍മാണത്തില്‍ അസാധാരണമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള പ്രവാസികള്‍ക്കോ ‘ പ്രഖ്യാപിക്കുകയോ, നീക്കിവയ്ക്കുകയോ ചെയ്തിട്ടില്ല.

കോവിഡ് മഹാമാരി മൂലവും മറ്റ് വിഷയങ്ങളിലൂടെയും തൊഴില്‍ നഷ്ടപ്പെട്ട് ലക്ഷകണക്കിന് പ്രവാസികളാണ് കേരളമടക്കം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും തിരിച്ച് വന്നിട്ടുള്ളത്. ഇവരെ പുനരധിവസിപ്പിക്കാനുള്ള ഏറ്റവും പ്രധാന ഉത്തരവാദിത്വം കേന്ദ്ര ഗവണ്‍മെന്റിനാണ്. കാരണം കേന്ദ്ര ഗവണ്‍മെന്റാണല്ലോ വിദേശനാണ്യത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍. രാജ്യത്ത് ഇരുപതിനായിരം കോടി രൂപയുടെ കോവിഡ് പാക്കേജ് പ്രഖ്യാപിച്ചപ്പോഴും അതില്‍ ഒരു രൂപ പോലും കോവിഡ് കാരണം ഏറ്റവും കൂടുതല്‍ പ്രയാസം അനുഭവിച്ച പ്രവാസികള്‍ക്ക് വേണ്ടി നീക്കിവച്ചില്ല. പ്രവാസികള്‍ക്ക് വേണ്ടി രണ്ടായിരം കോടി രൂപയുടെ നിര്‍ദേശം കേരളം സമര്‍പ്പിച്ചിട്ടും അതിനെ തള്ളിക്കളയുന്ന സമീപനമാണ് കേന്ദ്ര ഗവണ്‍മെന്റ് സ്വീകരിച്ചത്.

കേന്ദ്ര ഭരണകൂടം ഗൗതം അദാനിയടക്കമുള്ള കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി വഴിവിട്ട് എല്ലാ സഹായങ്ങളും നല്‍കുന്നു, ഇന്ത്യയുടെ പൊതുസമ്പത്തായ എല്‍.ഐ.സിയില്‍ നിന്ന് പോലും പണമെടുത്തു കൊണ്ട് ഊതി വീര്‍പ്പിച്ച ബലൂണായിരുന്ന, ഇപ്പോള്‍ കാറ്റുപോയ ബലൂണായി മാറിയ അദാനിയുടെ ഓഹരികള്‍ വാങ്ങി അദാനിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന കേന്ദ്ര ഗവണ്‍മെന്റ്, ജീവിതത്തിന്റെ നല്ല കാലം മുഴുവന്‍ വിദേശരാജ്യങ്ങളില്‍ ചിലവഴിച്ച്, നാടിനെ സാമ്പത്തികമായി സംരക്ഷിക്കുന്ന പ്രവാസി സമൂഹത്തോട് കാണിക്കുന്ന ക്രൂരമായ അവഗണനക്കെതിരേ ശക്തമായ പ്രതിഷേധം പ്രവാസി സമൂഹത്തിനിടയില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും ഉയര്‍ന്ന് വരേണ്ടത് വളരെയേറെ അത്യാവശ്യമാണ്.

എന്നാല്‍, ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന രാജ്യത്തെ ഒരു ചെറിയ സംസ്ഥാനമായ കേരളം എല്ലാ മേഖലയിലുമെന്നപോലെ പ്രാന്തവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹത്തെ കൂടെ നിര്‍ത്തി എങ്ങനെ ഒരു ബദല്‍ നിര്‍മിക്കാന്‍ കഴിയും എന്ന് തെളിയിച്ചിരിക്കുകയാണ്. കേരളത്തിലെ സര്‍ക്കാരിന് വേണ്ടി ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിലൂടെ ഈ ബജറ്റ് എന്തുകൊണ്ടും പ്രവാസികളെ ചേര്‍ത്ത് പിടിക്കുന്നതും അവരെ അംഗീകരിക്കുന്നതുമാണ്.

ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ബജറ്റിലെന്ന പോലെ പുതിയ ബജറ്റിലും എത്ര കോടി രൂപയാണ് വിവിധ പദ്ധതികളിലൂടെ പ്രവാസികള്‍ക്കായി നീക്കിവച്ചിട്ടുള്ളത് എന്ന് പരിശോധിക്കുന്നത് കേന്ദ്ര – കേരള ബജറ്റുകളില്‍ പ്രവാസികള്‍ക്കുള്ള പരിഗണന എങ്ങനെയെന്ന് മനസ്സിലാക്കുന്നതിന് ഗുണകരമാകും.

സംസ്ഥാന ബജറ്റിലെ പ്രവാസികള്‍ക്കുള്ള പദ്ധതികള്‍

  • വിദേശത്തുനിന്ന് മടങ്ങിയെത്തുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന നോര്‍ക്ക അസിസ്റ്റന്റ് ആന്‍ഡ് മൊബിലൈസ് എംപ്ലോയ്മെന്റ് എന്ന പദ്ധതി മുഖേന ഓരോ പ്രവാസി തൊഴിലാളിക്കും പരമാവധി 100 തൊഴില്‍ ദിനങ്ങള്‍ എന്ന നിരക്കില്‍ ഒരു വര്‍ഷം ഒരു ലക്ഷം തൊഴില്‍അവസരങ്ങള്‍ സൃഷ്ടിക്കാന്‍ പദ്ധതിയിടുന്നു. പദ്ധതിക്കായി അഞ്ചു കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി പറഞ്ഞു.
  • മടങ്ങിയെത്തിയ പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനും അവര്‍ക്ക് നിലനില്‍പിന് ആവശ്യമായ പുതിയ നൈപുണ്യവികസന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിനും സര്‍ക്കാര്‍ വലിയ ശ്രമമാണ് നടത്തുന്നത്. ഇതിനായി വിവിധ പദ്ധതികളില്‍ 84.60 കോടി രൂപ വകയിരുത്തി.
  • മടങ്ങിയെത്തിയ പ്രവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രത്യേക പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 25 കോടി രൂപ വകയിരുത്തി.
  • മടങ്ങിവരുന്ന പ്രവാസികളുടെ ക്ഷേമത്തിനായി 50 കോടി രൂപ വകയിരുത്തി.
  • കുറഞ്ഞ വരുമാനമുള്ള പ്രവാസികള്‍ക്ക് രണ്ടു ലക്ഷം രൂപ വരെയുള്ള പലിശരഹിത വായ്പ കുടുംബശ്രീ വഴി നല്‍കും.
  • മടങ്ങിവന്ന പ്രവാസികള്‍ക്കും മരിച്ച പ്രവാസികളുടെ ആശ്രിതര്‍ക്കും സമയബന്ധിതമായി ധനസഹായം നല്‍കുന്ന സാന്ത്വന പദ്ധതിക്ക് 33 കോടി രൂപ മാറ്റിവച്ചു.
  • പ്രവാസി ക്ഷേമനിധി ബോര്‍ഡ് മുഖേനയുള്ള ക്ഷേമപദ്ധതികള്‍ക്കായി 15 കോടി രൂപ വകയിരുത്തി.
  • പ്രവാസി ഡിവിഡന്‍ ഫണ്ട് 5 കോടി അനുവദിച്ചു ക്ഷേമനിധി ബോര്‍ഡിന്റെ ഹൗസിങ് പദ്ധതിക്ക് ഒരു കോടിയും അനുവദിച്ചു.
  • എയര്‍പോര്‍ട്ടുകളില്‍ നോര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സുകള്‍ക്ക് 60 ലക്ഷം രൂപ വകയിരുത്തി.
  • രണ്ടാമത്തെയും മൂന്നാമത്തെയും ലോകകേരള സഭയുടെ പ്രായോഗികമായ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനും ലോക കേരളസഭയില്‍ പ്രവര്‍ത്തനങ്ങള്‍ക്കായും 2.5 കോടി രൂപ വകയിരുത്തി.
  • നോര്‍ക്ക വകുപ്പിന്റെ മാവേലിക്കരയിലുള്ള അഞ്ചേക്കര്‍ ഭൂമിയില്‍ ലോകകേരള കേന്ദ്രം സ്ഥാപിക്കുന്നതിന് ഒരു കോടി രൂപ നീക്കിവച്ചു.
  • ഐ.ഇ.എല്‍.ടി.എസ്, ഒ.ഇ.ടി പരീക്ഷകളുടെ പരിശീലനത്തിനുള്ള സാമ്പത്തിക സഹായം എന്ന നിലയില്‍ കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കുന്ന നോര്‍ക്ക പദ്ധതിക്ക് രണ്ട് കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി അറിയിച്ചു.
  • പ്രവാസികള്‍ നല്‍കേണ്ടി വരുന്ന ഉയര്‍ന്ന വിമാന നിരക്ക് നിയന്ത്രിക്കുന്നതിനായി 15 കോടി കോര്‍പസ് ഫണ്ട് അനുവദിച്ചു.

കേന്ദ്രം കണ്ണ് തുറക്കണം

കേരളം പ്രാവര്‍ത്തികമാക്കുന്ന പ്രവാസി ക്ഷേമ പദ്ധതികള്‍ക്ക് കേന്ദ്ര ധനസഹായം അനുവദിക്കണം, സമഗ്രമായ കുടിയേറ്റ നിയമം നടപ്പിലാക്കണം, ബി.ജെ.പി സര്‍ക്കാര്‍ നിര്‍ത്തലാക്കിയ പ്രവാസി കാര്യ വകുപ്പ് പുനഃസ്ഥാപിക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടും പ്രവാസികളോടുള്ള കേന്ദ്ര അവഗണനയില്‍ പ്രതിഷേധിച്ചും കേരള പ്രവാസി സംഘം ഫെബ്രുവരി 15ന് നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ചില്‍ മുഴുവന്‍ പ്രവാസികളുടെയും പിന്തുണയുണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *