തിരുവനന്തപുരം: യുവജനകമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ടുയര്‍ന്ന പരാതി പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയമിക്കാന്‍ കേരള സര്‍വകലാശാല തീരുമാനമാനിച്ചു. ചങ്ങമ്പുഴയുടെ വിഖ്യാതമായ വാഴക്കുല കവിത എഴുതിയത് വൈലോപ്പിള്ളിയാണെന്ന ചിന്തയുടെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റ് കഴിഞ്ഞ ദിവസമാണ് പുറത്തറിഞ്ഞത്. പിന്നാലെ കോപ്പിയടി വിവാദവുമുയര്‍ന്നു. ഈ രണ്ട് പരാതികളും അന്വേഷിക്കാനാണ് സര്‍വകലാശാലാ തീരുമാനം.
2021ല്‍ ഡോക്ടറേറ്റ് കിട്ടിയ ചിന്തയുടെ വിഷയം മലയാള കച്ചവടസിനിമയുടെ നവ ലിബറല്‍ കാലഘട്ടത്തിലെ പ്രത്യയശാസ്ത്ര അടിത്തറയായിരുന്നു. ഇംഗ്ലീഷ് സാഹിത്യത്തില്‍ ചിന്ത ഗവേഷണം പൂര്‍ത്തിയാക്കി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ക്കുന്നതാണ് പ്രിയദര്‍ശന്റെയും രഞ്ജിത്തിന്റെയും സിനിമകള്‍ എന്ന് പറഞ്ഞ ചിന്ത. വാഴക്കുല ബൈ വൈലോപ്പിള്ളിയെന്ന് ചിന്താ ജെറോം ഗവേഷണ പ്രബന്ധത്തിലെഴുതി. കൂടാതെ ബോധി കോമണ്‍സ് എന്ന വെബ്‌സൈറ്റിലെ ലേഖനം കോപ്പിയടിച്ചാണ് പ്രബന്ധം തയ്യാറാക്കിയതെന്ന ആക്ഷേപവും ഉയര്‍ന്നു. ബോധി കോമണ്‍സ് എന്ന വെബ്‌സൈറ്റില്‍ മലയാള സിനിമയെ കുറിച്ചുള്ള ദ് മൈന്‍ഡ് സ്‌പേസ് ഓഫ് മെയിന്‍സ്ട്രീം മലയാള സിനിമ എന്ന ലേഖനം കോപ്പിയടിച്ചെന്നാണ് പരാതി.
പ്രിയദര്‍ശന്റെയും രഞ്ജിത്തിന്റെയും സിനിമകളെ നിശിതമായി വിമര്‍ശിക്കുന്നതാണ് ലേഖനം. സമാന ആശയവും വരികളുമാണ്, നവലിബറല്‍ കാലത്തെ മലയാള കച്ചവട സിനിമയുടെ പ്രത്യയ ശാസ്ത്ര അടിത്തറ എന്ന ചിന്തയുടെ ഗവേഷണ പ്രബന്ധത്തിലും ഉള്ളതെന്നാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിയുടെ പരാതിയില്‍ പറയുന്നത്. ആര്യന്‍ സിനിമ പറയുന്നതിടത്താണ് വാഴക്കുല പരാമര്‍ശവുമുളളത്. എന്നാല്‍ ആര്യനില്‍ മോഹലാലിന്റെ കഥാപാത്രം കൃത്യമായി വാഴക്കുലയുടെ രചയിതാവാരെന്ന് പറയുന്നുമുണ്ട്. സിനിമ പോലും കാണാതെയാണോ പ്രബന്ധം തയ്യാറാക്കിയതെന്നതടക്കമുള്ള ആരോപണങ്ങളാണ് ചിന്തക്കെതിരേ ഉയര്‍ന്നത്.