‘മങ്ങാട് ശ്രീവാണുകണ്ട ക്ഷേത്രപറമ്പ്’: അപൂര്‍വ്വ സസ്യലതാദികളുടെ ഹരിതഭൂമിക

‘മങ്ങാട് ശ്രീവാണുകണ്ട ക്ഷേത്രപറമ്പ്’: അപൂര്‍വ്വ സസ്യലതാദികളുടെ ഹരിതഭൂമിക

ചാലക്കര പുരുഷു

ന്യൂമാഹി: കാട്ടുപാതയെ അനുസ്മരിപ്പിക്കുന്ന നടവഴി. ചുറ്റിലും അത്യപൂര്‍വ്വവും നിബിഢവുമായ മരങ്ങള്‍. വള്ളിപ്പടര്‍പ്പുകള്‍ ചുറ്റിപ്പടര്‍ന്ന നാഗ പ്രതിഷ്ഠയുള്ള ചിത്രകൂടം. ഋതു മാറ്റങ്ങളറിയാതെ കടുത്ത വേനലിലും കുളിരേകുന്ന ചോല മരങ്ങള്‍. അസംഖ്യം ഔഷധ സസ്യങ്ങള്‍. പ്രകൃതി സ്‌നേഹികള്‍ക്കും, വിശ്വാസികള്‍ക്കുമെല്ലാം ഇവിടം കളിരിടം. പുലര്‍കാലെ ക്ഷേത്രത്തിലെ പ്രാര്‍ത്ഥനാ ഗീതങ്ങള്‍ ഉയരും മുമ്പേ, കിളി പാട്ടുകള്‍ ശ്രുതിയിടുന്ന രാഗലയം… അഞ്ച് ദിക്കുകളുടെ ആത്മീയ കേന്ദ്രമായ മങ്ങാട് ശ്രീവാണുകണ്ട ക്ഷേത്രപറമ്പ് അപൂര്‍വ്വ വൃക്ഷലതാദികളുടെ കേദാരമാണ്. പ്രകൃതിയുടെ മടിത്തട്ടിലെത്തിയ, ഏതോ ശാന്തിതീരത്തെത്തിയ അനുഭൂതിയാണ് ആരിലുമുണ്ടാകുക. നാല്‍പ്പാമരങ്ങളിലെ അത്തി, ഇത്തി, ആല്, അരയാല്‍ എന്നിവയെല്ലാം ഇവിടെയുണ്ട്. ഇലഞ്ഞി പൂത്താല്‍ നാടാകെ ഉന്‍മാദ സുഗന്ധം പടരും. ചന്ദനവും പാലയും ഐരാണിയും ചമതയും മന്ദാരവും ചെമ്പകവുമെല്ലാം ഇവിടെ അശോകവനത്തിന്റെ വിശുദ്ധി പടര്‍ത്തുന്നു. ഏതാനും വര്‍ഷം മുമ്പ് ചില വന്‍ മരങ്ങള്‍ കാലവര്‍ഷക്കെടുതിയില്‍ കടപുഴകി വീണിരുന്നു.

ക്ഷേത്രത്തോട് ചേര്‍ന്ന് കിടക്കുന്ന രുദ്രാക്ഷമരത്തില്‍ നിറയെ കായ്കള്‍ നിറഞ്ഞ് കിടപ്പാണ്. കേരളത്തിലെ നിത്യഹരിതവനങ്ങളിലും അര്‍ദ്ധനിത്യഹരിതവനങ്ങളിലും കണ്ടുവരുന്ന ഒരിനം നിത്യഹരിതവൃക്ഷമാണ് രുദ്രാക്ഷം, എലായിയോ കാര്‍പ്പസ് ജനിട്രസ് എന്നാണ് ഇതിന്റെ ശാസ്ത്രീയനാമം: രുദ്രാക്ഷമരത്തിന്റെ കുരുവും രുദ്രാക്ഷം എന്നാണ് അറിയപ്പെടുന്നത്. രുദ്രാക്ഷമരം കൂടുതലായും നേപ്പാളിലും ഉത്തരേന്ത്യന്‍ പ്രദേശങ്ങളിലുമാണ് സാധാരണയായി കാണപ്പെടുന്നത്. പിത്തം, ദാഹം, വിക്ക് എന്നിവ മാറിക്കിട്ടാന്‍ രുദ്രാക്ഷം നല്ലൊരു ഔഷധം കൂടിയാണെന്ന് ആയുര്‍വേദം സമര്‍ത്ഥിക്കുന്നു. മാത്രമല്ല കഫം, വാതം, തലവേദന തുടങ്ങിയ രോഗങ്ങള്‍ക്കും നല്ലതാണ്. രുചിയെ വര്‍ദ്ധിപ്പിക്കുമെന്ന് തെളിയിച്ചിട്ടുള്ള രുദ്രാക്ഷത്തിന് മാനസികരോഗങ്ങള്‍ ശമിപ്പിക്കുവാനുള്ള കഴിവുമുണ്ടത്രെ. ഇതൊക്കെ കൊണ്ടാകണം പഴമക്കാര്‍ രുദ്രാക്ഷധാരണത്തിന് ഇത്രയധികം പ്രാധാന്യം നല്‍കിയതെന്ന് കാണാം. സസ്യ ശാസ്ത്ര ഗവേഷകരും, പരിസ്ഥിതി-പ്രകൃതി സ്‌നേഹികളും ഇവിടെ സ്ഥിരം സന്ദര്‍ശകരാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *