ചാലക്കര പുരുഷു
വെളിച്ചം സമ്പൂര്‍ണ്ണമായി പ്രതിഫലിക്കുമ്പോള്‍ വെളുപ്പും, അത്രയൊന്നും പ്രതിഫലിക്കാതിരിക്കുമ്പോള്‍ കറുപ്പും എന്നതാണ് നിറത്തിന്റെ സാമാന്യ നിയമം. ഇവിടെ വെളിച്ചം ജീവിതത്തിന്റേയും, ഇരുട്ട് മരണത്തിന്റേയും പ്രതീകമായിത്തീരുന്നു. തന്റെ ഗുരുവായ കെ.സി.എസ് പണിക്കരുടെ മരണത്തിന്റെ കറുപ്പ് , പ്രിയശിഷ്യനായ എം.വി.ദേവന്റെ മനസ്സില്‍ കറുപ്പ് രാശി പടര്‍ത്തിയ ഈ ദിനത്തില്‍ തന്നെയായിരുന്നു എം.വി ദേവന്റെ ജന്‍മദിനവും. ഗുരുശിഷ്യബന്ധത്തേക്കാള്‍ ഇവര്‍ തമ്മിലുള്ള ആത്മബന്ധം വാക്കുകള്‍ക്കും വരകള്‍ക്കുമപ്പുറമാണ്. കെ.സി.എസിന്റെ മരണവാര്‍ത്ത എം.വി.ദേവന്‍ ശ്രവിച്ചത് അദ്ദേഹം ലളിതകലാ അക്കാദമിയുടെ ചെയര്‍മാനായിരിക്കെ നടന്ന ഒരു ദേശീയ ചിത്രകലാ ക്യാമ്പില്‍ വച്ചായിരുന്നു.
കാരിരുമ്പിന്റെ കരുത്തുള്ള ബലിഷ്ഠനും പരുക്കന്‍ ശബ്ദത്തിനും തീഷ്ണമായ കണ്ണുകള്‍ക്കുമുടമയായ ദേവന്‍ മാഷ് കൊച്ചു കുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞത് താനാദ്യമായാണ് കണ്ടതെന്ന് അന്ന് ക്യാമ്പില്‍ അംഗമായിരുന്ന വിഖ്യാത ചിത്രകാരനും കലാനിരൂപകനുമായ കെ.കെ മാരാര്‍ ഇന്നലെയെന്ന പോലെ ഓര്‍ക്കുന്നു. വര്‍ണ്ണങ്ങളില്‍ നീലയെ ഏറെ ഇഷ്ടപ്പെട്ട ചിത്രകാരനായിരുന്നു ഭാരതീയ ചിത്രകലയിലെ ദേവനായ എം.വി.ദേവന്‍. നീല… അത് ശാന്തമാണ്. അനന്തവുമാണ്. കടുംനീലയാകുമ്പോള്‍ നാം പ്രകടനം കൊതിക്കുന്നു. എന്നാല്‍ പ്രകടിപ്പിക്കുന്നുവെന്ന് മറ്റുള്ളവര്‍ പറയുവാനാഗ്രഹിക്കുന്നുമില്ല. നേര്‍ത്ത നീലയാവട്ടെ, പരിഷ്‌ക്കാരത്തെയാണ് സൂചിപ്പിക്കുന്നത്. ചായം കടുപ്പിക്കുമ്പോള്‍ അത് ശാന്തിയുടെ അനുഭവവും, ശക്തിയുടെ പ്രതീകവുമായി മാറുകയാണ് ചെയ്യുന്നത്. നരിയുടെ ശരീരത്തിലെ വരകളെ എങ്ങനെയാണ് അതിന്റെ ക്രൗര്യത്തില്‍ നിന്ന് മോചിപ്പിക്കാനാവുക? നിറങ്ങളെ പ്രാഥമികമായ ഐന്ദ്രിയ ബോധത്തില്‍ നിന്നാണ് എം.വി.ദേവന്‍ പ്രയോഗിച്ചിരുന്നത്.
തന്റെ ഹൃദയത്തിലെ ആശയങ്ങളെ രേഖകളിലും, ചായങ്ങളിലും, കരിങ്കല്ലിലും ആവാഹിക്കാനുള്ള ദേവന്റെ കരുത്ത് അനിതരസാധാരണമാണ്. വാസ്തുശില്‍പ്പകലയില്‍ കേരളീയതയുടെ വേറിട്ട സഞ്ചാര വീഥികള്‍ അദ്ദേഹം കണ്ടെത്തുകയായിരുന്നു. പ്രഭാഷണകലയിലും അദ്ദേഹത്തിന്റെ ഇടം മറ്റാര്‍ക്കും അവകാശപ്പെടാനാവുന്നതല്ല. ഊഷ്മളമായ ചുവപ്പ് നിറമാണ് കെ.സി.എസ് പണിക്കര്‍ ഏറെയും ഉപയോഗിച്ചിരുന്നത്. നിറങ്ങള്‍ കാണുമ്പോഴുള്ള വികാരത്തെ വിശേഷണമാക്കി മാറ്റാനാണ് കെ.സി.എസ് ശ്രമിച്ചത്. കെ.സി.എസിന്റെ പ്രിയ ശിഷ്യന്‍ എം.വി.ദേവന്‍ മലയാള കലാഗ്രാമത്തില്‍വച്ച് കെ.സി.എസ് അനുസ്മരണഭാഷണത്തില്‍ പറഞ്ഞതിങ്ങനെ: ‘മുപ്പതുകളിലാണ് കെ.സി.എസിന്റെ അരങ്ങേറ്റം. ഭാരതീയ ചിത്രകലയില്‍ അന്ന് രണ്ട് ധാരകളാണ് ഉണ്ടായിരുന്നത്. വിക്ടോറിയന്‍ അഭിരുചിയുടെ മുദ്ര പതിഞ്ഞ പാശ്ചാത്യ രീതി. രാജാ രവിവര്‍മ്മയാണ് ഈ വഴി തെളിയിച്ചത്. ദേശാഭിമാന പ്രചോദിതമായി അബനീന്ദ്രനാഥ ടാഗോറും ശിഷ്യരും വെട്ടിത്തെളിയിച്ചതാണ് നവീന കലാ രീതി. അബനീന്ദ്രനാഥിന്റെ ശിഷ്യനായിരുന്നിട്ടും കെ.സി.എസ്.പണിക്കര്‍ ഈ രീതിയോടോ, പാശ്ചാത്യ രീതിയോടോ മമത കാട്ടിയില്ല. ഭൂതകാലത്തിന്റെ മുദ്രകളെ ആവര്‍ത്തിക്കാനോ, വര്‍ത്തമാനകാലത്തെ കണ്ടില്ലെന്ന് നടിക്കാനോ കെ.സി എസിന് കഴിയുമായിരുന്നില്ല. പ്രകൃതി ലാവണ്യത്തില്‍ മുഗ്ധമായ മനസ്സും, വിശദാംശങ്ങളേക്കാള്‍ സാമാന്യ പ്രതിഭാസങ്ങളില്‍ ശ്രദ്ധ ചെലുത്തുന്ന സംവിധാന ശില്‍പ്പവും ചേര്‍ന്ന ഈ കാലഘട്ടത്തിന്റെ മുദ്ര, മറ്റെല്ലാ ദശാപരിണാമങ്ങളിലും പതിഞ്ഞിരിക്കുന്നു. ആധുനിക കലപശ്ചാത്യരുടെ മതിഭ്രമമാണെന്നും, ഇന്നാട്ടുകാര്‍ അത് അര്‍ത്ഥമറിയാതെ പകര്‍ത്തുകയാണെന്നും, ആക്ഷേപിക്കുന്നവര്‍ക്കുള്ള ഏറ്റവും നല്ല മറുപടിയായിരുന്നു കെ.സി.എസിന്റെ പില്‍ക്കാല രചനകള്‍.
ഭാരതീയ ചിത്രകലയില്‍ ആധുനിക കാലത്ത് ജീവിച്ച രണ്ട് ആചാര്യന്മാരാണ് ജാമിനി റായിയും, പിന്നീട് കെ.സി.എസും. ആധുനിക ഭാരതീയ പ്രതിഭയുടെ അത്യുജ്ജ്വല നിദര്‍ശനങ്ങളായി ഇന്നും എടുത്ത് കാണിക്കാനുള്ളത് ഇവരുടെ സൃഷ്ടികളാണെന്ന് എം.വി.ദേവന്‍ മരണം വരെ വിശ്വസിക്കുകയും, സമര്‍ത്ഥിക്കുകയും ചെയ്തിരുന്നു’. ജനിച്ചു വളര്‍ന്ന നാട്ടിന്‍പുറത്തിന്റെ സ്വപ്‌ന സന്നിഭമായ കാന്തിപ്രകര്‍ഷം തന്റെ ആത്മാവിലുണര്‍ത്തിയ അനന്ത വിചിത്രമായ വര്‍ണ്ണ സമഞ്ജസമാണ് എം.വി.ദേവന്റെ കലാബോധത്തിന്റെ മൂലകന്ദം. ജീവിത നിയോഗം കണക്കെ അദ്ദേഹം കെ.സി.എസിനൊപ്പം മുന്‍കൈയെടുത്ത് പടുത്തുയര്‍ത്തിയ തമിഴ്‌നാട്ടിലെ ചോളമണ്ഡലവും കൊച്ചിയിലെ കലാപീഠവും മാഹിയിലെ മലയാള കലാഗ്രാമവുമെല്ലാം ഇതിന് അടിവരയിടുന്നുണ്ട്. സ്വന്തം മോചനത്തിനുള്ള ഉപാധിയായിരുന്നു ദേവന്‍ മാഷിന് ചിത്രകല. സ്വന്തം മനസ്സിന്റെ അഗാധതലങ്ങളിലേക്ക് അന്വേഷണ യാത്ര നടത്താനും, കലാകാരനുള്ള അവകാശത്തെ ഉറച്ച് പ്രഖ്യാപിക്കാനുമുള്ള ഉപാധി കൂടിയായിരുന്നു അത്. തിരുവനന്തപുരത്തും മാഹി മലയാള കലാഗ്രാമത്തിലും കെ.സി.എസിന്റെ ഗാലറി സ്ഥാപിച്ച അദ്ദേഹം തന്റെ ജീവിതാന്ത്യകാലത്ത് പോലും തന്റെ ഗുരുവിന്റെ രചനകള്‍ പുതുതലമുറക്ക് പരിചയപ്പെടുത്താന്‍ രാജ്യമാകെ സഞ്ചരിച്ചിരുന്നു.