കോഴിക്കോട്: രാജീവ് ഗാന്ധി വധത്തിന് പിന്നിലെ നിഗൂഢത പുറത്ത് കൊണ്ടുവരണമെന്ന് പേരറിവാളന്‍. അമ്മ അര്‍പുതാമ്മാളിനൊപ്പം കോഴിക്കോട് ലിറ്ററേച്ചര്‍ ഫെസ്റ്റിവെലില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കേസിലെ സത്യാവസ്ഥ പുറത്ത് വരണമെന്നും പേരറിവാളനും അമ്മയും പറഞ്ഞു.
താന്‍ ഇന്നിവിടെ ഇരിക്കുന്നത് തന്റെ അമ്മയുടെ പോരാട്ടത്തിന്റെ ഫലമാണെന്ന മുഖവുരയോടെയാണ് പേരറിവാളന്‍ സംസാരം തുടങ്ങിയത്. മുപ്പത്തൊന്ന് കൊല്ലത്തെ ജയില്‍ വാസവും മോചനത്തിനായി അമ്മ അര്‍പുതമ്മാളിന്റെ പോരാട്ടവും. നീതിക്കായി പോരാടുന്നവര്‍ക്ക് പ്രചോദനമാണ് അമ്മയുടെ ജീവിതമെന്നും പേരറിവാളന്‍ പറഞ്ഞു. രാജീവ് ഗാന്ധി വധക്കേസ് ഇന്നും പൂര്‍ത്തിയാവാതെ അവശേഷിക്കുകയാണ്. സത്യം പുറത്ത് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മോചനത്തിന് വഴിയൊരുക്കിയതില്‍ നിര്‍ണായകമായത് എസ്.പി ത്യാഗരാജന്റെ റിപ്പോര്‍ട്ടാണ്. കുറ്റസമ്മതമൊഴി തെറ്റായിരുന്നുവെന്ന വസ്തുത വെളിപ്പെടാന്‍ ഇത് സഹായിച്ചു. ഓട്ടേറെ പ്രതിസന്ധി ഘട്ടത്തിലൂടെയായിരുന്നു ജയില്‍വാസം. തൂക്കുകയര്‍ വിധിച്ചപ്പോള്‍ വല്ലാത്ത മാനസികാവസ്ഥയിലായിരുന്നെന്നും പേരറിവാളന്‍ പറഞ്ഞു.