റാണയുടെ അക്കൗണ്ട് കാലി; ഒളിവില്‍ കഴിഞ്ഞ ക്വാറിയുടെ ചിത്രങ്ങള്‍ പുറത്ത്

റാണയുടെ അക്കൗണ്ട് കാലി; ഒളിവില്‍ കഴിഞ്ഞ ക്വാറിയുടെ ചിത്രങ്ങള്‍ പുറത്ത്

തൃശ്ശൂര്‍: സേഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപത്തട്ടിപ്പിലെ മുഖ്യപ്രതി പ്രവീണ്‍ റാണയുടെ അക്കൗണ്ട് കാലിയെന്ന് പോലിസ്. പ്രവീണ്‍ റാണയുടെ അക്കൗണ്ടില്‍ ഇപ്പോള്‍ പത്ത് പൈസയില്ലെന്ന് വിവരം. പോലിസ് നടത്തിയ ചോദ്യം ചെയ്യലില്‍ ആണ് ഇക്കാര്യം പ്രവീണ്‍ റാണ പറഞ്ഞതെന്നാണ് സൂചന.അസാധ്യതുക പലിശ ഇനത്തില്‍ വാഗ്ദാനം ചെയ്താണ് ആളുകളില്‍ നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്തത്.

പോലിസ് അന്വേഷണം ആരംഭിച്ചതോടെ വിരലില്‍ അണിഞ്ഞ വിവാഹമോതിരം വിറ്റാണ് റാണ ഒളിവില്‍ പോകാനുള്ള പണം സ്വരൂപിച്ചത്. പണത്തിനായി പല സുഹൃത്തുകളേയും സമീപിച്ചെങ്കിലും അവരെല്ലാം കൈമലര്‍ത്തിയെന്നാണ് റാണ പോലിസിനോട് പറഞ്ഞത്. ഒടുവില്‍ കോയമ്പത്തൂരെത്തി വിവാഹ മോതിരം വിറ്റ് പണം കണ്ടെത്തി. പൊള്ളാച്ചിയിലെത്തുമ്പോള്‍ കയ്യിലുണ്ടായിരുന്നത് 75,000 രൂപയാണെന്നും റാണ പറയുന്നു. സുഹൃത്ത് ഷൗക്കത്തിന് 16 കോടി കടം കൊടുത്തതായി റാണ പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇയാളെ ഒളിവില്‍ പോകാന്‍ സഹായിച്ച രണ്ട് അംഗരക്ഷകരെ കസ്റ്റഡിയിലെടുത്തു.

പ്രവീണ്‍ റാണയുടെ ശരിയായ പേര് കെ.പി പ്രവീണ്‍ എന്നാണ്. പഞ്ച് കൂട്ടാനായാണ് പ്രവീണ്‍ റാണ എന്ന പേരിട്ടതെന്ന് പ്രതി പറഞ്ഞു. പേരിനൊപ്പമുള്ള ഡോക്ടര്‍ പദവിയും തട്ടിപ്പാണെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. ആളുകളില്‍ വിശ്വാസ്യത നേടിയെടുക്കുക എന്നതാണ് ലക്ഷ്യം. ജനുവരി ഏഴിന് പുലര്‍ച്ചെയാണ് ഇയാള്‍ കൊച്ചിയില്‍ നിന്നും പൊള്ളാച്ചിയിലേക്ക് കടന്നത്. പൊള്ളാച്ചിയില്‍ റാണ ഒളിവില്‍ കഴിഞ്ഞ ക്വാറിയുടെ ദൃശ്യങ്ങളും ഇതിനോടകം പുറത്തു വന്നിട്ടുണ്ട്.

പ്രവീണ്‍ സേഫ് ആന്‍ഡ് സ്‌ട്രോങ് നിധി എന്ന പണമിടപാട് സ്ഥാപനം വഴി ഏകദേശം 100 കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. ഇയാള്‍ക്കെതിരേ 18 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരു ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരായിരുന്നു പരാതിക്കാര്‍. ഇന്നലെ പ്രവീണ്‍ റാണയെ തമിഴ്‌നാട്ടിലെ ദേവരായപുരത്ത് ഒളിച്ചു കഴിയവേയാണ് പോലിസ് അറസ്റ്റ് ചെയ്തത്. തൃശ്ശൂരില്‍ എത്തിച്ച റാണയെ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *