കോഴിക്കോട്: കെ.എല്‍.എഫ് വേദി എഴുത്തോലയില്‍ ‘ഡിസി കിഴക്കെമുറി: പ്രസാധനത്തിന്റെ ‘ജനിതകശാസ്ത്രം’ എന്ന വിഷയത്തില്‍ മലയാള നിരൂപകനായ ഡോ.പി കെ രാജശേഖരന്‍, പി.എസ് ജയന്‍, അധ്യാപികയായ സുനീത ടി.വി എന്നിവര്‍ സംസാരിച്ചു. ഇന്ത്യന്‍ പ്രസാധന രംഗംവുമായി വച്ച് നോക്കുമ്പോള്‍ മലയാള പ്രസാധനരംഗം ഉയര്‍ച്ച കൈവരിച്ചിരിക്കുന്നതായി കാണാന്‍ സാധിക്കുമെന്നും അതിന് പ്രധാനമായ പങ്ക് വഹിച്ച വ്യക്തിയാണ് ഡൊമിനിക് ചാക്കോ എന്ന ഡിസിയുടെ സ്ഥാപകന്‍ എന്നും ഡോ.പി.കെ രാജശേഖരന്‍ ചൂണ്ടിക്കാണിച്ചു. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം സ്ഥാപിച്ചുകൊണ്ട് അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ തികച്ചും സ്തുത്യര്‍ഹമാണെന്നും പ്രസാധന രംഗത്ത് പരീക്ഷണങ്ങളും രാഷ്ട്രീയ സാമൂഹിക ഇടപെടലുകളും നടത്തിയ അദ്ദേഹം യഥാര്‍ത്ഥത്തില്‍ ഒരു നവോത്ഥാന നായകന്‍ തന്നെയാണെന്നും പി.കെ രാജശേഖരന്‍ കൂട്ടിച്ചേര്‍ത്തു. നികുതിയില്ലാത്ത ഉല്‍പ്പന്നമെന്ന നിലയില്‍ നിരന്തരമായ വെല്ലുവിളി നേരിടുന്ന പ്രസാധനരംഗത്ത് ഡിസി നൂതന ആശയങ്ങളുടെ പാഠപുസ്തകമാണന്നും പേപ്പര്‍ ബാക്ക് റവല്യൂഷന്‍, മികച്ച കവര്‍ ഡിസൈന്‍ , അതിവേഗ പ്രസാധനം തുടങ്ങിയ വാണിജ്യ തന്ത്രങ്ങളിലൂടെ മലയാള പ്രസാധന രംഗത്തെ ഉയര്‍ച്ചയില്‍ എത്തിക്കാന്‍ ഡിസിക്ക് സാധിച്ചുവെന്നും പി.എസ് ജയന്‍ പറഞ്ഞു . പ്രസാധനരംഗത്ത് വലിയ പാരമ്പര്യം അവകാശപ്പെടാന്‍ ഡിസിക്ക് സാധിക്കുമെന്നും പുതിയ എഴുത്തുകാരെ സ്വീകരിക്കാനും വായന ജനകീയമാക്കാനും ഡിസി വൈഭവം കാണിക്കുകയും ചെയ്തു . മലയാള പ്രസാധന രംഗത്തെ അതികായരായ ഡിസിയുടെ സ്ഥാപകന്‍ ഡൊമിനിക്ക് ചാക്കോയുടെ 99 -ാം ജന്മദിനത്തില്‍ അദ്ദേഹത്തിന് പ്രണാമങ്ങള്‍ അര്‍പ്പിച്ചു കൊണ്ടാണ് മോഡറേറ്റര്‍ സുനീത ടി.വി ചര്‍ച്ച അവസാനിപ്പിച്ചത്.