കന്നുകാലികളെ ബാധിക്കുന്ന ഒരു പ്രധാന സാംക്രമിക രോഗമാണ് ചര്‍മ്മമുഴ രോഗം അഥവാ ലംപി സ്‌കിന്‍ ഡിസീസ് (Lumpy Skin Disease). രോഗതീവ്രതയനുസരിച്ച് ശരീരമാസകലം മുഴകള്‍ കാണുന്നതുകൊണ്ടാണ് ഈ രോഗത്തിനെ ചര്‍മ്മമുഴ രോഗം എന്ന് വിളിക്കുന്നത്. 1929ല്‍ ആഫ്രിക്കയിലെ സാമ്പിയയിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതി പിന്നിട്ടപ്പോള്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ രോഗം പടര്‍ന്നു പിടിച്ചിരുന്നു. ഇന്ത്യയില്‍ ആദ്യമായി 2019 ആഗസ്റ്റില്‍ ഒഡീഷയിലാണ് ചര്‍മ്മമുഴ രോഗം റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് ആ വര്‍ഷം പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലും പിന്നീട് മറ്റ് എല്ലാ ജില്ലകളിലും റിപ്പോര്‍ട്ട് ചെയ്തു. പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം എന്നീ ജില്ലകളില്‍ രോഗസാന്നിധ്യം കൂടുതല്‍ തോതില്‍ വ്യാപിച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
രോഗകാരണവും രോഗവ്യാപനവും
പോക്‌സ് (POX) വൈറസുകളുടെ കുടുംബത്തിലെ കാപ്രിപോക്‌സ് (Capripox) വിഭാഗത്തില്‍പ്പെടുന്ന എല്‍.എസ്.ഡി വൈറസുകളാണ് ചര്‍മ്മമുഴയുടെ രോഗഹേതു. പശുക്കളിലും എരുമകളിലുമാണ് രോഗം കൂടുതല്‍ ബാധിക്കുന്നതായി കണ്ടുവരുന്നത്. കൊതുക്, കടിയീച്ച, ചെള്ള്, പട്ടുണ്ണി തുടങ്ങിയ രക്തം കുടിക്കുന്ന ബാഹ്യപരാദങ്ങളാണ് രോഗം പടര്‍ത്തുന്നത്. രോഗബാധയുള്ള മൃഗങ്ങളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം ബാധിച്ചവയുടെ സ്രവങ്ങള്‍ കലര്‍ന്ന തീറ്റ, വെള്ളം എന്നിവ മറ്റ് പശുക്കളോ എരുമകളോ കഴിക്കുന്നതിലൂടെയും വൈറസ് വ്യാപനം നടക്കുന്നു. പാല്‍ കുടിക്കുന്നത് വഴി കിടാവുകളിലേക്കും രോഗം പകരാന്‍ സാധ്യതയുണ്ട്.
രോഗലക്ഷണങ്ങള്‍:
1. രോഗാണുബാധയെ തുടര്‍ന്ന് നാല് മുതല്‍ 28 ദിവസങ്ങള്‍ക്കകം രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും.
2. ചെറിയ പനി, തീറ്റ മടുപ്പ്, കണ്ണ്, മൂക്ക് എന്നിവയില്‍ നിന്നും നീരൊലിപ്പ്, പാല്‍ ഉല്‍പാദനക്കുറവ്, വായില്‍ നിന്നും ഉമിനീര് പതഞ്ഞൊലിക്കല്‍, കഴല വീക്കം എന്നിവയാണ് ആദ്യ ലക്ഷണങ്ങള്‍.
3. തുടര്‍ന്ന് ശരീരത്തിന്റെ പലഭാഗങ്ങളിലായി ത്വക്കില്‍ വൃത്താകൃതിയിലുള്ള പ്രത്യക്ഷപ്പെടും. രണ്ട് മുതല്‍ അഞ്ച് സെന്റീ മീറ്റര്‍ വ്യാസമുള്ള ഈ മുഴകള്‍ നല്ല കട്ടിയുള്ളവയും തൊലിയില്‍ നിന്നും തള്ളി നില്‍ക്കുന്നവയുമായിരിക്കും.
4. തലയിലും കഴുത്തിലും കൈകാലുകളിലും അകിടിലും, ഗുദഭാഗത്തുമെല്ലാം ഇവ കാണപ്പെടാം.
5. ആരംഭത്തില്‍ തൊലിപ്പുറത്ത് കാണപ്പെടുന്ന ഈ ചെറിയ മുഴകള്‍ ക്രമേണ നീര് നിറഞ്ഞു വലിയ മുഴകളാവുകയും പിന്നീട് അവ പൊട്ടിയൊലിച്ചു വ്രണങ്ങളായി മാറുകയും ചെയ്യുന്നു.
ഈ വൃണങ്ങള്‍ പുഴുവരിക്കാനുള്ള സാധ്യത വളരെ കൂടുതലായതിനാല്‍ രോഗപരിപാലനം ഏറെ ദുഷ്‌ക്കരമാക്കുന്നു. രോഗം ബാധിച്ച ചില ഉരുക്കളില്‍ കീഴ്ത്താടി, കൈകാലുകള്‍ എന്നിവിടങ്ങളിലും നീര്‍ക്കെട്ട് കണ്ടുവരാറുണ്ട്. വായിലും അന്നനാളത്തിലും വരുന്ന മുഴകള്‍ ന്യൂമോണിയ ബാധിച്ച് പലപ്പോഴും മരണ കാരണമായി മാറുന്നു. ഗര്‍ഭമലസാനും മദി കാണിക്കാതിരിക്കാനും മദിചക്രതാളം തെറ്റാനും ഈ രോഗം കാരണമായേക്കാം. ദീര്‍ഘനാളത്തേക്ക് വന്നേക്കാവുന്ന ഉല്‍പാദന-പ്രത്യുല്‍പാദന നഷ്ടമാണ് ഈ രോഗത്തിന്റെ പ്രധാന ആഘാതം. ഒപ്പം തന്നെ രോഗവിമുക്തി നേടിയ ഉരുക്കളിലാകട്ടെ ആജീവനാന്ത പ്രതിരോധശേഷിയും കണ്ടുവരുന്നുണ്ട്.
രോഗനിര്‍ണയം
കന്നുകാലികളില്‍ മേല്‍പ്പറഞ്ഞ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ പി.സി.ആര്‍ (PCR) ടെസ്റ്റ് മുഖേന രോഗസ്ഥിരീകരണം നടത്തേണ്ടതാണ്. ഇതിനായി അടര്‍ത്തിയെടുത്ത മുഴകള്‍, മുറിവിലെ പൊറ്റ, മൂക്കില്‍ നിന്നുള്ള സ്രവങ്ങള്‍, സെമന്‍, രക്തസാമ്പിളുകള്‍ എന്നിവ ശേഖരിക്കേണ്ടതാണ്. മൃഗസംരക്ഷണ വകുപ്പിന്റെ സംസ്ഥാന റഫറല്‍ ലബോറട്ടറിയായ തിരുവനന്തപുരത്തെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസസ് (SIAD) പാലോടില്‍ നിന്നും രോഗനിര്‍ണയ സൗകര്യം ലഭ്യമാണ്.
രോഗപ്രതിരോധം നിയന്ത്രണം
1. രോഗബാധയുള്ളവയുമായി മറ്റ് മൃഗങ്ങളുടെ സമ്പര്‍ക്കം ഒഴിവാക്കണം.
2. ചര്‍മ്മമുഴയ്‌ക്കെതിരേ ആന്റിവൈറല്‍ മരുന്നുകള്‍ ലഭ്യമല്ല. മരണനിരക്ക് കുറവാണെങ്കിലും രോഗപ്രതിരോധ ശേഷി, അകിടുവീക്കം തുടങ്ങിയ രോഗങ്ങള്‍ പിടിപെടുന്നത് തടയാന്‍ ആന്റിബയോട്ടിക്, ആന്റി ഇന്‍ഫ്‌ളമേറ്ററി, വേദനാ സംഹാരികള്‍, കരള്‍ സംരക്ഷണ പ്രതിരോധശേഷി കൂട്ടുന്നതിനുള്ള മരുന്നുകളും ജീവകധാതുലവണ മിശ്രിത കുത്തിവയ്പുകളും ഡോക്ടറുടെ നിര്‍ദേശത്തില്‍ നല്‍കുന്നത് അഭികാമ്യമാണ്.
3. മുഴകള്‍ പൊട്ടി വൃണമാകുന്നതും പുഴുവരിക്കുന്നതും ഒഴിവാക്കാന്‍ ഈച്ചകളെ അകറ്റാനും മുറിവുണങ്ങാനും ലേപനങ്ങളോ, സ്‌പ്രേയോ ഉപയോഗിക്കാവുന്നതാണ്.
4. രോഗം ബാധിച്ച ഉരുക്കളുടെ മുഴകളിലും പൊറ്റകളിലും വൈറസ് ജീവനോടെ നിലനില്‍ക്കുന്നതിനാല്‍ രോഗപ്പടര്‍ച്ച തടയുവാന്‍ ഒരു ശതമാനം ഫോര്‍മാലിന്‍, 2-3 ശതമാനം സോഡിയം ഹെപോക്ലോറേറ്റ്, രണ്ട് ശതമാനം ഫീനോള്‍, ക്വാര്‍ട്ടണറി അമോണിയം കോമ്പൗണ്ടുകള്‍ തുടങ്ങി അണുനാശിനികള്‍ ഉപയോഗിച്ചു തൊഴുത്തും ഉപകരണങ്ങളും പരിസരവും വൃത്തിയാക്കേണ്ടതാണ്.
5. രോഗാണുവാഹകരായ ബാഹ്യപരാദങ്ങളെ തടയുന്നതിന് പട്ടുണ്ണി നാശിനികളും, കൊതുക് നാശിനികളും ഉരുക്കളുടെ ശരീരത്തിലും തൊഴുത്തിലും പരിസരങ്ങളിലും പ്രയോഗിക്കണം.
6. രോഗാണുബാധയേറ്റ ഉരുക്കളെ മാറ്റി പാര്‍പ്പിക്കാന്‍ ശ്രദ്ധിക്കണം.
7. രോഗബാധയുള്ള പ്രദേശങ്ങളില്‍ നിന്നുള്ള ഉരുക്കളെ വാങ്ങുന്നത് കഴിവതും ഒഴിവാക്കണം.
8. പുതുതായി വാങ്ങുന്ന ഉരുക്കളെ മാറ്റി പാര്‍പ്പിക്കാനുള്ള (quarantine)സൗകര്യം ഏര്‍പ്പെടുത്തണം.
9. ചര്‍മ്മമുഴ രോഗത്തിന് ഗോട്ട് പോക്‌സ് (Goat pox) വാക്‌സിന്‍ ഫലപ്രദമാണ്.
10. മൃഗസംരക്ഷണ വകുപ്പ് മുഖാന്തരം മരുന്നുകളും രോഗാണുബാധയുള്ള പ്രദേശത്തിന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ഗോട്ട് പോക്‌സ് പ്രതിരോധ വാക്‌സിന്‍ ചര്‍മ്മമുഴ രോഗം തടയാന്‍ ഫലപ്രദമായി നല്‍കി വരുന്നു.
നാടന്‍ ജനുസ്സുകളെക്കാള്‍ സങ്കരയിനം കന്നുകാലികളിലാണ് രോഗസാധ്യത കൂടുതലായി കണ്ടുവരുന്നത്. ഗര്‍ഭിണികളായ പശുക്കളിലും കിടാരികളിലുമാണ് രോഗവ്യാപനശേഷി കൂടുതലെന്ന് റിപ്പോര്‍ട്ട്. രോഗപ്പകര്‍ച്ചാ നിരക്ക് അഞ്ച് ശതമാനം മുതല്‍ 45 ശതമാനവും മരണനിരക്ക് പത്ത് ശതമാനത്തില്‍ താഴെയുമാണ്. ചര്‍മ്മമുഴ രോഗം മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യരോഗമല്ല എന്നതും ഏറെ ആശ്വാസകരമാണ്.