തിരുവനന്തപുരം: കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തണമെങ്കില്‍ ഹിന്ദുക്കളുടെ പിന്തുണ കൂടി വേണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. കോണ്‍ഗ്രസിന്റെ 138ാം സ്ഥാപക ദിനാഘോഷം കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്പലത്തില്‍ പോവുകയും ചന്ദനക്കുറിയിടുകയും ചെയ്യുന്ന ഹിന്ദുമത വിശ്വാസിയെ മൃദു ഹിന്ദുത്വ വാദിയായി മുദ്രകുത്തുന്നത് അപകടമാണ്. അത് ബി.ജെ.പിക്ക് മാത്രമേ സഹായകരമാവുകയുളളുവെന്നും എ.കെ ആന്റണി പറഞ്ഞു.
അമ്പലത്തില്‍ പോകുന്നവരുടെ മേല്‍ മൃദു ഹിന്ദുത്വം ആരോപിക്കുന്നത് ശരിയല്ല. അത്തരം പ്രചാരണങ്ങള്‍ മോദിയെ വീണ്ടും അധികാരത്തില്‍ കൊണ്ടുവരാന്‍ മാത്രമേ സഹായിക്കൂ.2024 ല്‍ മോദിയെ താഴെ ഇറക്കാന്‍ എല്ലാ മത വിഭാഗങ്ങളും ഒന്നിച്ച് നില്‍ക്കുകയാണ് വേണ്ടത്. പള്ളിയില്‍ പോകാനുള്ള പോലെ തന്നെ ഭൂരിപക്ഷ മതവിഭാഗത്തിന് അമ്പലത്തില്‍ പോകാനും അവകാശമുണ്ടെന്ന് എ.കെ ആന്റണി പറഞ്ഞു.