കൊച്ചിന്‍ കാര്‍ണിവലില്‍ കത്തിക്കാനുള്ള പപ്പാഞ്ഞിക്ക് മോദിയുടെ ഛായ; ബി.ജെ.പി പ്രതിഷേധത്തില്‍ നിര്‍മാണം നിര്‍ത്തി

കൊച്ചിന്‍ കാര്‍ണിവലില്‍ കത്തിക്കാനുള്ള പപ്പാഞ്ഞിക്ക് മോദിയുടെ ഛായ; ബി.ജെ.പി പ്രതിഷേധത്തില്‍ നിര്‍മാണം നിര്‍ത്തി

കൊച്ചി: പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി കൊച്ചിന്‍ കാര്‍ണിവലിനൊരുക്കിയ പപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രൂപസാദൃശ്യമുണ്ടെന്ന് ആരോപണം. ഇതിനെ തുടര്‍ന്ന് ബി.ജെ.പി ശക്തമായി പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതോടെ പപ്പാഞ്ഞിയുടെ നിര്‍മാണം കാര്‍ണിവല്‍ അധികൃതര്‍ നിര്‍ത്തി. ചര്‍ച്ചകള്‍ക്കൊടുവില്‍ മുഖം മാറ്റാമെന്ന് ധാരണയായതോടെയാണ് ബി.ജെ.പി പ്രതിഷേധം അവസാനിപ്പിച്ചത്.

കൊവിഡിന് ശേഷം രണ്ടുവര്‍ഷത്തിനുശേഷമെത്തുന്ന കൊച്ചിന്‍ കാര്‍ണിവല്‍ 39 വര്‍ഷം പിന്നിടുകയാണ്. കാര്‍ണിവലിന്റെ ഭാഗമായുള്ള പരിപാടികള്‍ കാണാന്‍ നിരവധി പേരാണ് ഫോര്‍ട്ട് കൊച്ചിയിലും പരിസരത്തും എത്തുന്നത്. 31ന് ശനിയാഴ്ച രാത്രി പാപ്പാഞ്ഞിയെ കത്തിക്കും. ജനുവരി ഒന്നിന് പകല്‍ 3.30ന് കൊച്ചിന്‍ കാര്‍ണിവല്‍ റാലിയോടെയാണ് സമാപനം. പരേഡ് ഗ്രൗണ്ടില്‍ രാത്രി ഏഴിന് സമാപന സമ്മേളനം നടക്കും. ഇതുകൂടാതെ വിവിധ ക്ലബ്ബുകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തില്‍ നിരവധി പരിപാടികള്‍ നടക്കുന്നുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്മസ് ട്രീയായി ഒരുക്കിയ മഴമരം കാണാന്‍ വന്‍ത്തിരക്കാണ്.

ക്രിസ്മസ്-പുതുവത്സരാഘോഷത്തോട് അനുബന്ധിച്ച് എക്‌സൈസ് വകുപ്പ് മദ്യം, മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ നിരീക്ഷിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനും 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്നു. 2023 ജനുവരി മൂന്ന് വരെ നീണ്ടു നില്‍ക്കുന്ന സ്‌പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് ജില്ലാതലത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലും എല്ലാ താലൂക്ക് തലത്തിലും എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് കേന്ദ്രീകരിച്ചും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. ഇതിന്റെ ഭാഗമായി എക്‌സൈസ് ഡിവിഷന്‍ ഓഫീസ് കേന്ദ്രീകരിച്ചുള്ള കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനവും ആരംഭിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *