ഡിജിറ്റല്‍ ഹാര്‍ട്ട് ഫെയ്ലിയര്‍ ക്ലിനിക്ക് പ്രവര്‍ത്തനമാരംഭിച്ചു
കൊച്ചി: മൊബൈല്‍ ടെക്നോളജി ഉപയോഗിച്ച് ഹൃദ്രോഗമുള്ളവരെ നിരീക്ഷിക്കുന്നതിന് ആധുനിക സംവിധാനവുമായി ആസ്റ്റര്‍ മെഡ്സിറ്റി. നുമെന്‍ ഹെല്‍ത്ത് ടെക്നോളജിയുമായി കൈകോര്‍ത്താണ് ഈ പുതിയ ആശയം നടപ്പിലാക്കിയിരിക്കുന്നത്. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തില്‍ താളപ്പിഴകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളവരെ നിരന്തരം നിരീക്ഷിക്കാന്‍ ഈ സംവിധാനത്തിന് കഴിയും. അടിക്കടിയുള്ള ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കുകയും ചെയ്യാം. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് ഡോക്ടര്‍ അനൂപ് വാരിയര്‍ ആണ് പുതിയ ക്ലിനിക് ഉദ്ഘാടനം ചെയ്തത്. അമേരിക്കയിലുള്ള വിശ്വപ്രസിദ്ധ ചികിത്സാകേന്ദ്രമായ ജോണ്‍സ് ഹോപ്കിന്‍സിലെ ടോസിഗ് ഹാര്‍ട്ട് സെന്ററിന്റെ ഡയറക്ടര്‍ ഡോ. ഷെല്‍ബി കുട്ടി ഈ പുതിയ ടെക്നോളജിയുടെ പ്രവര്‍ത്തന രീതിയെ പറ്റി വിശദീകരിച്ചു.
തിരഞ്ഞെടുത്ത ഹൃദ്രോഗികള്‍ക്ക് ഈ ക്ലിനിക്കില്‍ നിന്നും ഒരു സ്മാര്‍ട്ട് വാച്ച് നല്‍കും. അവരുടെ സ്മാര്‍ട്‌ഫോണുകളില്‍ ഒരു പ്രത്യേക ആപ്ലിക്കേഷനും ഡൗണ്‍ലോഡ് ചെയ്ത് നല്‍കും. ഇവ രണ്ടും കൂടിച്ചേര്‍ന്നായിരിക്കും പ്രവര്‍ത്തിക്കുക. രോഗിയുടെ ഹൃദയമിടിപ്പ് പരിശോധിക്കുകയും രോഗി എത്രമാത്രം ആക്റ്റീവ് ആണെന്ന് റെക്കോര്‍ഡ് ചെയ്യുകയും സമയാസമയങ്ങളില്‍ മരുന്ന് കഴിക്കാന്‍ ഓര്‍മപ്പെടുത്തുകയും ചെയ്യും. എന്തെങ്കിലും അപകടസൂചനകള്‍ കിട്ടിയാല്‍ ആ നിമിഷം തന്നെ ആശുപത്രിയിലെ ഹാര്‍ട്ട് ഫെയ്‌ലിയര്‍ സെന്ററിലേക്ക് സന്ദേശം അയക്കും. അവിടെ നിന്ന് ആവശ്യമുള്ള തുടര്‍നടപടികള്‍ സ്വീകരിക്കും. ആവശ്യമെങ്കില്‍ ചികിത്സാരീതിയില്‍ മാറ്റം വരുത്തി അപകട സാഹചര്യം ഒഴിവാക്കും. അതിന് വേണ്ടി ആശുപത്രിയില്‍ എത്തേണ്ട ആവശ്യം പരമാവധി കുറയ്ക്കും. എല്ലാ വിവരങ്ങളും രോഗിയെ കൃത്യമായി അറിയിക്കും. ഹൃദ്രോഗങ്ങള്‍ക്ക് നിരന്തരമായ നിരീക്ഷണവും സ്വയം പരിചരണവും ആവശ്യമാണ്. അതിലെ സങ്കീര്‍ണതകളും അധിക ചെലവുകളും ഒഴിവാക്കാന്‍ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്താം. മൊബൈല്‍ ആപ്പുകള്‍ അതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ്. ഡിജിറ്റല്‍ ഉപകരണങ്ങള്‍ വഴി ബയോമെട്രിക് ഡാറ്റ ശേഖരിച്ചാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ജീവിതശൈലിയില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താനും കൃത്യമായി മരുന്നുകള്‍ കഴിക്കാനും ആപ്പുകള്‍ രോഗിയെ ഓര്‍മപ്പെടുത്തിക്കൊണ്ടേയിരിക്കുമെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഹൃദ്രോഗ വിഭാഗം ഇന്റെവെന്‍ഷണല്‍ കണ്‍സല്‍ട്ടന്റ് ഡോ.സുനില്‍ റോയ് ടി.എന്‍. പറഞ്ഞു.
എം-ഹെല്‍ത്ത് അഥവാ മൊബൈല്‍ ഹെല്‍ത്ത് സാങ്കേതികവിദ്യ ആധുനിക മെഡിക്കല്‍ സയന്‍സില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നുകൊണ്ടിരിക്കുന്ന ഒരു പുതിയ സംവിധാനമാണ്. നമ്മുടെ നാട്ടിലും ഹൃദ്രോഗികള്‍ക്കായി ഈ സംവിധാനം ഒരുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരള ആന്‍ഡ് ഒമാന്‍ റീജിയണല്‍ ഡയരക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു. ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ ശേഷവും വിദഗ്ധ ഡോക്ടര്‍മാരുടെ സഹായത്തോടെ ഹൃദ്രോഗികളെ നിരീക്ഷിക്കുകയും ആവശ്യമായ ചികിത്സ ഉറപ്പുവരുത്തുകയും ചെയ്യുന്ന ഒരു ആപ്ലിക്കേഷനാണ് നുമെന്‍ ഹെല്‍ത്ത്.