ടി. ഷാഹുല്‍ ഹമീദ്
ഇക്കഴിഞ്ഞ നവംബര്‍ 15ന് ലോക ജനസംഖ്യ 800 കോടി പിന്നിട്ടെങ്കിലും ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ കുട്ടികള്‍ ജനിക്കാതെ വൃദ്ധന്മാര്‍ വര്‍ദ്ധിക്കുന്നത് വലിയ സാമൂഹിക പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. 1950ല്‍ ലോകത്ത് ആയിരം ജനങ്ങളില്‍ 37 കുട്ടികള്‍ ജനിച്ചിരുന്നുവെങ്കില്‍ 2022ല്‍ അത് 17 ആയി കുറഞ്ഞു ,ഓരോ വര്‍ഷവും കുട്ടികളുടെ ജനനം കുറയുന്ന പ്രവണതയാണ് കണക്കുകള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ മനസ്സിലാക്കുക. 50% കുറവാണ് ജനന നിരക്കില്‍ രേഖപ്പെടുത്തുന്നത്. 2100 ആകുമ്പോഴേക്കും ലോകത്തിലെ 23 വികസിത രാജ്യങ്ങളിലെ ജനസംഖ്യ നിലവിലുള്ളതിന്റെ പകുതിയാകും. ലോകത്ത് അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ ജനസംഖ്യ 2017ല്‍ 681 ദശലക്ഷത്തില്‍ നിന്ന് 2100 ആകുമ്പോഴേക്കും 401 ദശലക്ഷമായി കുറയുകയും 80 വയസ്സ് കഴിഞ്ഞവരുടേത് 2017ലെ 141 ദശലക്ഷത്തില്‍ നിന്ന് 2100 ആകുമ്പോഴേക്കും 866 ദശലക്ഷമായി വര്‍ധിക്കും എന്നും കണക്കാക്കപ്പെടുന്നു. ലോകം വാര്‍ധക്യത്തിലേക്ക് മെല്ലെ നടന്ന് നീങ്ങുകയാണ് എന്ന് ഈ കണക്കുകളിലൂടെ മനസ്സിലാക്കുവാന്‍ സാധിക്കുന്നതാണ്. ജനസംഖ്യ ശോഷണം നിലനില്‍പ്പിനെ തന്നെ ബാധിക്കുന്നു പുതിയ തലമുറ ജനിക്കാതെ വംശത്തിന്റെയും സംസ്‌കാരത്തിന്റെയും മരണമണിയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുഴങ്ങുന്നത്. ലോകത്ത് 80 ദശലക്ഷം വിവാഹിതര്‍ക്ക് വന്ദ്യത അനുഭവപ്പെടുന്നു. ഐക്യരാഷ്ട്രാസഭയുടെ കണക്ക് പ്രകാരം 2050 ആകും മ്പോഴേക്കും ലോകത്ത് ജനങ്ങളില്‍ ആറില്‍ ഒന്നും 65 വയസ്സിന് മുകളിലുള്ളവരായിരിക്കും , 2019 ല്‍ ഇത് 11ല്‍ ഒന്ന് മാത്രമായിരുന്നു .17 രാജ്യങ്ങളില്‍ നിലവില്‍ അഞ്ചില്‍ ഒന്നും വയോജനങ്ങളാണ് ,ജപ്പാനില്‍ 60 വയസ്സ് കഴിഞ്ഞവര്‍ 30% ഇറ്റലിയില്‍ 23 %ആണ്.
ജോ ഡ്രോപ്പിംഗ്(JAW Dropping )
ജപ്പാന്‍ ജനസംഖ്യ 2017ല്‍ 128 ദശലക്ഷം ആയിരുന്നുവെങ്കില്‍ ഈ നൂറ്റാണ്ട് കഴിയുന്നതിനുമുമ്പ് 53 ദശലക്ഷമായി കുറയും. ഇറ്റലിയില്‍ 61 ദശലക്ഷത്തില്‍ നിന്നും 28 ദശലക്ഷമായും ബ്രിട്ടനില്‍ 75 ദശ ലക്ഷത്തില്‍ നിന്ന് 71 ദശലക്ഷമായും ജനസംഖ്യ കുറയുമെന്ന് പ്രവചിക്കപ്പെടുന്നു. സ്‌പെയിന്‍ ,പോര്‍ച്ചുഗല്‍ ,തായ്ലന്‍ഡ് ,സൗത്ത് കൊറിയ എന്നിങ്ങനെയുള്ള രാജ്യങ്ങളിലെ ജനസംഖ്യ നിലവിലുള്ളതില്‍ നിന്നും പകുതിയാകും ഇതിനെയാണ് സാമൂഹ്യ ശാസ്ത്രജ്ഞന്മാര്‍ ജോ ഡ്രോപ്പിംഗ് എന്ന് വിശേഷിപ്പിക്കുന്നത്.
പ്രത്യുല്‍പാദനശേഷി (T-FR ) ടോട്ടല്‍ ഫെര്‍ട്ടിലിറ്റി റേറ്റ്:
ഒരു സ്ത്രീക്ക് അവരുടെ ആകെയുള്ള ജീവിതകാലത്തേക്ക് ഉണ്ടാകുന്ന കുട്ടികളുടെ എണ്ണത്തെയാണ് TFR അഥവാ ടോട്ടല്‍ ഫെര്‍ട്ടിലിറ്റി റേറ്റ് പ്രത്യുല്‍പാദനശേഷി അളക്കുന്ന സൂചകമായി കാണുന്നത്. സാമൂഹിക ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തില്‍ ഒരു രാജ്യത്തിന്റെ TFR 2.1 ആണെങ്കില്‍ മാത്രമേ ആ രാജ്യത്തെ ജനസംഖ്യ നിലനില്‍ക്കുകയുള്ളൂ ഇതിനെയാണ് റിപ്ലയ്‌സ്‌മെന്റ് ലെവല്‍ (പുനഃസ്ഥാപന തലം )എന്ന് വിളിക്കുന്നത്. ലോകത്തിലെ 195 രാജ്യങ്ങളില്‍ 183 രാജ്യങ്ങളിലും ജനസംഖ്യയുടെ പുനഃസ്ഥാപനത്തിന്റെ റേറ്റ് ലോക ശരാശരിയേക്കാള്‍ താഴെയാണ്. ലോകത്തിന്റെ പുനഃസ്ഥാപന തലം റീപ്ലേസ്‌മെന്റ് ലെവല്‍ നിലവില്‍ 2.1 ആണെങ്കിലും അത് വരും വര്‍ഷങ്ങളില്‍ 1.7 ആയി കുറയുമെന്ന് കണക്കാക്കപ്പെടുന്നു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ ഗോത്രവര്‍ഗ്ഗക്കാര്‍ ഇല്ലാതായതും അനുദിനം ക്ഷയിച്ച് കൊണ്ടിരിക്കുന്ന പാഴ്‌സി ജനസംഖ്യയും ഇതിനു ഉദാഹരണമാണ്.
ഒരു സ്ത്രീയുടെ പ്രത്യുല്‍പാദനക്ഷമത ലോകത്ത് (TFR )2022ല്‍ 2.4 ആണ് എങ്കില്‍ ഇത് 2021 നേക്കാള്‍ 0.41 % ന്റെ കുറവ് രേഖപ്പെടുത്തുന്നു.1950 ല്‍ ഒരു സ്ത്രീയുടെ TFR 5 ആയിരുന്നുവെങ്കില്‍ ഇന്ന് അത് ക്രമാതീതമായ കുറവാണ് രേഖപ്പെടുത്തുന്നത്. 1000 സജീവ ജനനത്തില്‍ 26 കുട്ടികളാണ് ജനന സമയത്ത് മരിക്കുന്നത് എങ്കില്‍ 1950 ല്‍ അത് 146 ആയിരുന്നു. സാധാരണ മരണം 1000 ജനസംഖ്യക്ക് ലോകത്ത് 2022 ല്‍ ഏഴ് പേരാണ് മരിക്കുന്നത് ഇത് 1950ല്‍ 20 ആയിരിന്നു. ഇങ്ങനെ മരണനിരക്ക് കുറയുകയും ജനനത്തിലെ കുഞ്ഞുങ്ങളുടെ മരണം വലിയതോതില്‍ ഇല്ലാതാവുകയും ചെയ്തിട്ടും ലോകത്ത് കുട്ടികള്‍ ജനിക്കുന്നില്ല എന്നത് ഒരു വലിയ സാമൂഹ്യ പ്രശ്‌നമായി മാറിയിരിക്കുന്നു. ഏറ്റവും ഒടുവിലത്തെ 70 വര്‍ഷത്തെ കണക്കെടുത്താല്‍ സ്ത്രീകളുടെ പ്രത്യുല്‍പ്പാദന ക്ഷമത 50 % കുറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ഭാരിച്ച ചിലവ് , സ്ത്രീ ശാക്തീകരണം ,സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം , ഉയര്‍ന്ന വിദ്യാഭ്യാസം , ജനസമയത്ത് കുട്ടികളുടെ മരണ നിരക്ക് കുറഞ്ഞത് എന്നിങ്ങനെയുള്ള കാരണങ്ങളാലാണ് കുട്ടികളുടെ ജനനം പിന്നോട്ടടുപ്പിക്കുന്ന ഘടകങ്ങള്‍.
ഷാംപൂ ജനറേഷന്‍:
ബന്ധങ്ങളും വിവാഹങ്ങളും കുട്ടികളും വേണ്ടെന്ന് കരുതുന്നവരെയാണ് ഷാംപൂ ജനറേഷന്‍ എന്ന് സാമൂഹ്യ ശാസ്ത്രജ്ഞന്മാര്‍ വിശേഷിപ്പിക്കുന്നത്. ഏറ്റവും കൂടുതല്‍ ഇത് പ്രകടമാകുന്നത് ദക്ഷിണ കൊറിയയിലാണ്. അവിടെ സ്ത്രീയുടെ പ്രത്യുല്‍പാദനശേഷി 0.81 ആണ്. ഒരു സ്ത്രീ ഒരു കുട്ടിയെ പോലും പ്രസവിക്കുന്നില്ല എന്ന് വാസ്തവം. ഹോങ്കോങ് മാള്‍ട്ട, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ TFR 1.1 , ഉക്രൈന്‍ ,സ്‌പെയിന്‍ എന്നീ രാജ്യങ്ങളുടേത് 1.2 , സ്വീഡനില്‍ 1.9 ആണ്. ദാരിദ്ര്യ രാജ്യങ്ങളായ നൈജറില്‍ സ്ത്രീയുടെ ഉല്‍പാദനക്ഷമത 6.91, അംഗോളയില്‍ 5.9 , കോംഗോയില്‍ 5.7 മാലിയില്‍ 5.6, ചാഡ് എന്ന രാജ്യത്ത് 5.5 എന്നിങ്ങനെയാണ് നിലവില്‍ ലോകത്തെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ജനിക്കുന്നത്.
ലോകം എന്ത് ചെയ്യുന്നു:
1980 ല്‍ ജനസംഖ്യ ആദ്യമായി 100 കോടിയില്‍ എത്തിയ ചൈനയില്‍ 1979 ല്‍ ആരംഭിച്ച ‘ഒറ്റകുട്ടി ‘നയം 2016 ല്‍ തിരുത്തുകയും 3 കുട്ടികള്‍ വരെ ആകാം എന്ന് തീരുമാനിക്കുകയും ചെയ്തു. 2021ല്‍ ചൈനയില്‍ 10.62 ദശലക്ഷം ജനനവും 10.14 ദശ ലക്ഷം മരണവും നടന്നിട്ടുണ്ട്. 1000 ജനങ്ങള്‍ക്ക് 0.34ജനനം മാത്രം. ഇന്ത്യയില്‍ മിനിട്ടില്‍ 30 കുട്ടികള്‍ ജനിക്കുമ്പോള്‍ ചൈനയില്‍ അത് 10 കുട്ടികളാണ്. അടുത്തവര്‍ഷം തന്നെ ഇന്ത്യ ജനസംഖ്യയില്‍ ചൈനയെ മറികടക്കുമ്പോള്‍ ചൈന വൃദ്ധന്മാരുടെ നാടാകും. യൂറോപ്പില്‍ കൊസോവോ ഒഴികെ ബാക്കി എല്ലാ രാജ്യങ്ങളിലും ജനസംഖ്യ അനുദിനം കുറയുന്നു. താജികിസ്താനില്‍ അമ്മ നായിക പദ്ധതി നടപ്പിലാക്കിയതും ,ഫ്രാന്‍സില്‍ ജനിക്കുന്ന ഓരോ കുട്ടിക്കും വലിയ കുടുംബത്തിനും സര്‍ക്കാര്‍ ആനുകൂല്യം നല്‍കിവരുന്നതും ഇറ്റലിയില്‍ ഒരു സ്ത്രീ അമ്മയാകുന്ന വയസ്സ് 31 കുറയ്ക്കുവാന്‍ വലിയ സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കുന്നതും സ്വീഡനില്‍ ബേബി ബോണസ് , നികുതി കിഴിവ് ,അവധി ശമ്പളം എന്നിവ നല്‍കിവരുന്നുതും വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
ഒരു കുട്ടിയെ വളര്‍ത്തുന്നതിന് അമേരിക്കയില്‍ മൂന്നുലക്ഷം യു.എസ് ഡോളര്‍ വേണം. സര്‍ക്കാരി ക്കാര്യത്തില്‍ സഹായം നല്‍കി വരുന്നു. റഷ്യയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികള്‍ക്ക് ശമ്പളത്തോടെ അവധി അനുവദിച്ചു വരുന്നു. 10 മക്കളെ പ്രസവിക്കുന്ന അമ്മമാര്‍ക്ക് റഷ്യന്‍ പ്രസിഡന്റ് വലിയ സമ്മാനങ്ങള്‍ നല്‍കിവരുകയും മദര്‍ ഹീറോയിന്‍ ആയി അവരെ തിരഞ്ഞെടുക്കുകയും ചെയ്തു വരുന്നുണ്ട്. ഏകദേശം 1.5 ലക്ഷം കുഞ്ഞുങ്ങള്‍ നേരത്തെ ജനിച്ചിട്ടും ലോകത്തെ കുട്ടികളുടെ എണ്ണം വര്‍ധിക്കാത്തതിനാല്‍ ലോകം നിലവില്‍ കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുകയാണ്. അതിര്‍ത്തികള്‍ പരക്കെ തുറന്നിടുന്നു. യൂറോപ്പില്‍ 1000 പേര്‍ക്ക് രണ്ടു കുടിയേറ്റക്കാര്‍ നിലവിലുണ്ട്. അത് വര്‍ദ്ധിക്കാനാണ് സാധ്യത. ലോക ജനസംഖ്യ 100 കോടിയിലെത്തുവാന്‍ ആയിരക്കണക്കിന് വര്‍ഷം എടുത്തെങ്കിലും കഴിഞ്ഞ രണ്ടു നൂറ്റാണ്ട് കൊണ്ട് അത് ഏഴു മടങ്ങ് വര്‍ദ്ധിച്ചിട്ടും 2100 ല്‍ ലോക ജനസംഖ്യ ആയിരം കോടിയിലെത്തും എന്ന് പ്രവചിക്കപ്പെട്ടിട്ടും കുട്ടികള്‍ ജനിക്കാത്തത് അടിയന്തര വിഷയമായി വന്നില്ലെങ്കില്‍ കാത്തിരിക്കുന്നത് മനുഷ്യരാശി ഇതുവരെ നേരിട്ടില്ലാത്ത വലിയ പ്രതിസന്ധിയാണ് എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ഇന്ത്യയുടെ അവസ്ഥ:
ലോകത്ത് ജനസംഖ്യാ നിയന്ത്രണം ആരംഭിക്കുന്നതിനു മുമ്പേ 1952 ല്‍ ജനസംഖ്യ നിയന്ത്രണം ആരംഭിച്ച രാജ്യമാണ് ഇന്ത്യ. 1990ലാണ് ലോകത്തെ 115 രാജ്യങ്ങളില്‍ ജനസംഖ്യാ നിയന്ത്രണം ആരംഭിച്ചത് .ഏറ്റവും ഒടുവിലത്തെ കുടുംബാരോഗ്യ സര്‍വ്വേ പ്രകാരം 2015 /16 ല്‍ ഇന്ത്യയിലെ ഒരു സ്ത്രീയുടെ പ്രത്യുല്‍പാദനശേഷി TFR 2.2 ആണ് അത് 2019/21 ല്‍ അത് 2 ആയി കുറഞ്ഞു. നഗരപ്രദേശങ്ങളില്‍ 1.6 ഗ്രാമീണ മേഖലയില്‍ 2.1 ആണ് TFR രേഖപ്പെടുത്തുന്നത്. ഇന്ത്യയില്‍ ഏറ്റവും കുറവ് കുട്ടികള്‍ ജനിക്കുന്നത് സിക്കിമിലാണ്. അവിടെ ഒരു സ്ത്രീയുടെ പ്രത്യുല്‍പാദനശേഷി 1.1 ആണ്. കേരളം, തെലുങ്കാന എന്നിവിടങ്ങളില്‍ TFR 1.8, ത്രിപുരയില്‍ 1.7 ആണ് , ഏറ്റവും കൂടുതലുള്ളത് ബീഹാറില്‍ 3, മേഘാലയ 2.9 യു.പിയില്‍ 2.4, മണിപ്പൂര്‍ 2. 2ആണ് TFR രേഖപ്പെടുത്തിയിട്ടുള്ളത്. 2026 ല്‍ കേരളത്തില്‍ 60 വയസ്സ് കഴിഞ്ഞവരുടെ എണ്ണം ജനസംഖ്യയുടെ 20% ആകുമെന്ന് കണക്കാക്കപ്പെടുന്നു.
എന്ത് ചെയ്യാന്‍ സാധിക്കും:
1960 മുതല്‍ ലോകത്ത് ജനനം കുറയുന്നു. ദരിദ്ര രാഷ്ട്രമായ ബംഗ്ലാദേശില്‍ 1985ല്‍ ഒരു സ്ത്രീയുടെ പ്രത്യുല്‍പാദനശേഷി TFR 5.5 ആയിരുന്നുവെങ്കില്‍ ഇന്ന് 2.1 ആണ്. ഇത് തെളിയിക്കുന്നത് ലോകത്ത് വികസിത-അവികസിത രാജ്യങ്ങളിളെല്ലാം തന്നെ ജനസംഖ്യ കുറവ് അനുഭവപ്പെടുന്നു എന്നതാണ്. പ്രത്യുല്‍പാദനശേഷി ഉണ്ടായിട്ടും പല കാരണങ്ങളാല്‍ അതിന് തയ്യാറാവാത്തവര്‍ പുനര്‍വിചിന്തനം നടത്തേണ്ടിയിരിക്കുന്നു. ലോകത്ത് ജീവിക്കുന്ന പകുതി ജനങ്ങളും കുട്ടികളുടെ ജനനം കുറവായ രാജ്യങ്ങളിലാണ് ജീവിക്കുന്നത്. നാം ഒന്ന് നമുക്കൊന്ന് ,നമ്മള്‍ രണ്ട് നമുക്ക് രണ്ട് എന്നി മുദ്രാവാക്യങ്ങളില്‍ അഭിരമിച്ച രാജ്യങ്ങള്‍ സ്ത്രീകള്‍ ഒരു കുട്ടിയെയും പ്രസവിക്കാത്ത കാലിക അനുഭവത്തില്‍ സ്വയം പരിതപിക്കുന്നു. ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഈ വലിയ സാമൂഹിക പ്രശ്‌നം പരിഹരിക്കപ്പെടേണ്ടതായിട്ടുണ്ട്. നമ്മളില്‍ എത്രപേര്‍ അവശേഷിക്കുന്നുണ്ട് എന്നതിനെ അടിസ്ഥാനമാക്കിയാണ് നമ്മുടെ വിധിയും ചരിത്രവും തീരുമാനിക്കപ്പെടുന്നത് അതുപോലെതന്നെയാണ് കുട്ടികളുടെ ജനനവും