തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പതിഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിനാണ് ഇന്ന് തുടക്കമാകുന്നത്. 14 സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാന്‍ വേണ്ടിയുള്ള ബില്‍ പാസാക്കുകയാണ് സമ്മേളനത്തിന്റെ പ്രധാന അജണ്ട. സര്‍വകലാശാല ഭരണത്തില്‍ ഗവര്‍ണര്‍ അനാവശ്യമായി ഇടപെടുന്നു, വി.സിമാരെ പുറത്താക്കി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കാവിവത്കരണം നടത്താന്‍ ശ്രമിക്കുന്നു തുടങ്ങി നിരവധി ആരോപണങ്ങളാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഗവര്‍ണര്‍ക്കെതിരേ ഉന്നയിക്കുന്നത്.
ഗവര്‍ണറോടുള്ള സമീപനത്തില്‍ കോണ്‍ഗ്രസില്‍ നിന്നും വ്യത്യസ്തമായി ലീഗിന് എതിര്‍പ്പ് ആണുള്ളത്. ലീഗ് നിലപാട് രാവിലെ ചേരുന്ന യു.ഡി.എഫ് പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ ഉന്നയിക്കും. തരൂര്‍ വിവാദം തുടരുന്നതിലും ലീഗിന് അസംതൃപ്തി ഉണ്ട്. മേയര്‍ ആര്യാരാജേന്ദ്രന്റെ പേരില്‍ പുറത്ത് വന്ന കത്തിന്റെ പേരില്‍ ഉണ്ടായ വിവാദമാകും പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ അടിയന്തരപ്രമേയമായി ഉന്നയിക്കുക. സംസ്ഥാനത്തെ സര്‍വകലാശാലകളിലും തദ്ദേശ സ്ഥാപനങ്ങളിലും പിന്‍വാതില്‍ നിയമനം നടത്തുന്നുവെന്നാണ് പ്രതിപക്ഷ ആരോപണം. ഗവര്‍ണര്‍ സര്‍ക്കാര്‍ പോരും വിഴിഞ്ഞവും സഭയില്‍ വലിയ ചര്‍ച്ചയാകും.