നവംബര്‍ 26: ഭരണഘടനാ ദിനം

നവംബര്‍ 26: ഭരണഘടനാ ദിനം

ടി.ഷാഹുല്‍ ഹമീദ്

നവംബര്‍ 26 നമ്മുടെ രാജ്യം ഭരണഘടനാ ദിനമായി ആചരിക്കുകയാണ്. 1949 നവംബര്‍ 26ന് ഭരണഘടന അസംബ്ലി അംഗീകരിച്ചതിന്റെ ഓര്‍മക്കായാണ് ഈ ദിനം സംവിധാന്‍ ദിവസ് എന്ന പേരില്‍ ആഘോഷിക്കുന്നത്. ഈ ദിനത്തെ നിയമദിനമായും ആചരിച്ചു വരുന്നു. ലോകത്തെ ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടനകളില്‍ ഒന്നായ നമ്മുടെ ഭരണഘടനയുടെ മുഖ്യശില്‍പി ഡോക്ടര്‍ ഭീം റാവു അംബേദ്കറിന്റെ 125 ആം ജന്മദിനത്തോടനുബന്ധിച്ച് 2015 മുതലാണ് ഭരണഘടന ദിനം നവംബര്‍ 26ന് ആചരിക്കുവാന്‍ രാജ്യത്ത് തുടക്കമിട്ടത്. 1946 ഡിസംബര്‍ ഒമ്പതിന് ഭരണഘടന അസംബ്ലി ആദ്യമായി യോഗം ചേര്‍ന്നത് മുതല്‍ രണ്ടു വര്‍ഷവും 11 മാസവും 18 ദിവസവും 166 യോഗങ്ങള്‍ ചേര്‍ന്നാണ് രാജ്യത്തെ ഏറ്റവും വലിയ നിയമമായ ഭരണഘടന 1949 നവംബര്‍ 26ന് അസംബ്ലി അംഗീകരിച്ചത്. തുടര്‍ന്ന് 1950 ജനുവരി 26ന് നിലവില്‍ വന്നതോടെ രാജ്യം റിപ്പബ്ലിക്കായി. ഭരണഘടന ദിനത്തോടനുബന്ധിച്ച് ഭരണഘടനയുടെ ആമുഖം വായിച്ച് ജനങ്ങള്‍ക്ക് ഭരണഘടനയോടുള്ള ആഭിമുഖ്യം വളര്‍ത്തുന്നതിന് വേണ്ടിയിട്ടുള്ള പരിപാടികള്‍ ആവിഷ്‌കരിക്കണം എന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഭരണഘടനയുടെ അതിപ്രധാനമായ ആമുഖം ആരംഭിക്കുന്നത് തന്നെ ‘നമ്മള്‍ ഇന്ത്യയിലെ ജനങ്ങള്‍ ‘എന്ന് പറഞ്ഞുകൊണ്ടാണ്. ഇത് ഭരണഘടനയും ഇന്ത്യയിലെ ജനങ്ങളും തമ്മിലുള്ള ആത്മബന്ധത്തെ സൂചിപ്പിക്കുന്നു. ഇന്ത്യ ഒരു പരമാധികാര സ്ഥിതി സമത്വ , മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കായി ഭരഘടന വിഭാവനം ചെയ്യുന്നു.

എല്ലാ പൗരന്മാര്‍ക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി , ചിന്ത, ആശയാവിഷ്‌കാരം , വിശ്വാസം , ഭക്തി, ആരാധന എന്നിവക്കുള്ള സ്ഥാനമാനങ്ങള്‍ , അവസരങ്ങള്‍ , സമത്വം എന്നിവ നമ്മുടെ ഭരണഘടന എല്ലാം പൗരന്മാര്‍ക്കും ഉറപ്പുവരുത്തുന്നുണ്ട്. പൗരന്മാരുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്നതിനും സാഹോദര്യം എല്ലാവരിലും വളര്‍ത്തുന്നതിനും നമ്മുടെ ഭരണഘടനയുടെ ആമുഖം പ്രഘോഷണം ചെയ്യുന്നു. കൂടാതെ പൗരന്മാര്‍ക്കുള്ള നീതി , സ്വാതന്ത്ര്യം , തുല്യത എന്നിവ ഭരണഘടന ഉച്ചൈസ്തരം ഉദ്ഘോഷിക്കുന്നു .

1976 ല്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം ആദ്യമായി ഭേദഗതി ചെയ്യപ്പെട്ടു. 42ആം ഭേദഗതിയോടു കൂടി സോഷ്യലിസ്റ്റ് , മതേതരം, അഖണ്ഡത എന്നീ മൂന്ന് വാക്യങ്ങള്‍ ഭരണഘടനയിലെ ആമുഖത്തില്‍ ഉള്‍പ്പെടുത്തി. അംബേദ്കറും 299 ഭരണഘടനാ അസംബ്ലിയിലെ അംഗങ്ങളും നടത്തിയ ത്യാഗോജ്വലമായ പ്രവര്‍ത്തനങ്ങളുടെ പരിണിതഫലമാണ് നമ്മുടെ ഭരണഘടന. കോടാനുകോടി ജനങ്ങളുടെയും പ്രകൃതി സുരഭിലമായ നമ്മുടെ നാടിന്റെ പ്രകൃതിയുടെയും ഓരോ ജീവജാലങ്ങളുടെയും ജീവിത പരിരക്ഷ ഉറപ്പുവരുത്തുന്നതാണ് നമ്മുടെ ഭരണഘടന. ഭരണഘടന അസംബ്ലിയില്‍ പാസായപ്പോള്‍ 395 വകുപ്പും എട്ടു പട്ടികകളും 22 ഭാഗങ്ങളായി 1,45000 വാക്കുകളാണ് ഭരണഘടനയില്‍ ഉണ്ടായിട്ടുള്ളത്. ഇപ്പോള്‍ 470 ആര്‍ട്ടിക്കുകളും 25 ഭാഗങ്ങളും 12 ഷെഡ്യൂളുകളും അഞ്ച് അപ്പന്‍ഡിക്സും നമ്മുടെ ഭരണഘടനക്കുണ്ട്. 105തവണ നമ്മുടെ ഭരണഘടന ഭേദഗതി ചെയ്യപ്പെട്ടു. ഏറ്റവും ഒടുവിലായി 2021 ആഗസ്റ്റ് 10നാണ് ഭേദഗതി ചെയ്യപ്പെട്ടത്. നമ്മുടെ ഭരണഘടനയുടെ ആത്മാവും ഹൃദയവും അതിന്റെ ആമുഖമാണെന്നാണ് പ്രമുഖനായിട്ടുള്ള പണ്ഡിതന്‍ താക്കൂര്‍ദാസ് ഭാര്‍ഗവ് അഭിപ്രായപ്പെട്ടിട്ടുണ്ട്.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *