സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്കെതിരേ കേസെടുത്ത് മഹാരാഷ്ട്ര പോലിസ്

സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്കെതിരേ കേസെടുത്ത് മഹാരാഷ്ട്ര പോലിസ്

മുംബൈ: കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വി.ഡി സവര്‍ക്കര്‍ക്കെതിരേ നടത്തിയ പ്രസ്താവനയില്‍ കേസെടുത്ത് മഹാരാഷ്ട്ര പോലിസ്. ശിവസേന ഷിന്‍ഡെ വിഭാഗത്തിന്റെ പരാതിയിലാണ് പോലിസ് രാഹുല്‍ ഗാന്ധിക്കെതിരേ കേസെടുത്തിരിക്കുന്നത്. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് രാഹുല്‍ ഗാന്ധി സവര്‍ക്കര്‍ക്കെതിരേ അഭിപ്രായം പറഞ്ഞത്. വി.ഡി സവര്‍ക്കര്‍ എഴുതിയ കത്തിന്റെ പകര്‍പ്പ് ചൂണ്ടിക്കാട്ടിയായിരുന്നു പരാമര്‍ശം. ബ്രിട്ടീഷുകാരോട് സവര്‍ക്കര്‍ ക്ഷമ ചോദിച്ചു എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. സവര്‍ക്കര്‍ ജി എഴുതിയതാണിത്. അദ്ദേഹം ക്ഷമ ചോദിച്ച് എഴുതിയതാണ്. ഈ കത്തില്‍ ഒപ്പുവയ്ക്കുമ്പോള്‍ എന്തായിരുന്നു അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നതെന്ന് ചോദിച്ച രാഹുല്‍ ഗാന്ധി, അത് ഭയമായിരുന്നു എന്നും പറഞ്ഞിരുന്നു. അദ്ദേഹത്തിന് ബ്രിട്ടീഷുകാരെ ഭയമായിരുന്നു എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, സര്‍ദാര്‍ വല്ലഭായി പട്ടേല്‍ തുടങ്ങിയവരൊക്കെ വര്‍ഷങ്ങളോളം ജയിലില്‍ കിടന്നിട്ടുണ്ട്. പക്ഷേ, അവരാരും ഇങ്ങനെയൊരു കത്ത് എഴുതിയില്ലല്ലോ എന്നും രാഹുല്‍ പറഞ്ഞു.

Also Read: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പുകഴ്ത്തി സി.പി.എം കേന്ദ്ര നേതൃത്വം

രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് സവര്‍ക്കറുടെ കൊച്ചുമകനും പോലിസില്‍ പരാതി നല്‍കിയിരുന്നു. അതേസമയം, പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുകയാണ് കോണ്‍ഗ്രസ്. എന്നാല്‍, രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ തള്ളി കോണ്‍ഗ്രസിന്റെ സഖ്യകക്ഷിനേതാവ് ഉദ്ധവ് താക്കറേ രംഗത്തെത്തി. താന്‍ നയിക്കുന്ന ശിവസേനയ്ക്ക് സവര്‍ക്കറോട് അതിയായ ബഹുമാനമുണ്ടെന്നാണ് ഉദ്ധവ് താക്കറേ അഭിപ്രായപ്പെട്ടത്. ‘രാഹുല്‍ ഗാന്ധി പറഞ്ഞതിനോട് ഞങ്ങള്‍ യോജിക്കുന്നില്ല. ഞങ്ങള്‍ വീര്‍ സവര്‍ക്കറെ ബഹുമാനിക്കുന്നു. അതേസമയം, നിങ്ങള്‍ ഞങ്ങളുടെ സഖ്യത്തെ ചോദ്യം ചെയ്യുകയാണെങ്കില്‍ എനിക്ക് ചോദിക്കാനുള്ളത് ബി.ജെ.പി എന്തുകൊണ്ടാണ് പി.ഡി.പിയുമായി സഖ്യം ചേര്‍ന്നിരിക്കുന്നത് എന്നാണ്. പി.ഡി.പി ഒരിക്കലും ഭാരത് മാതാ കീ ജയ് എന്ന് പറയില്ലല്ലോ. ഞങ്ങള്‍ കോണ്‍ഗ്രസുമായി സഖ്യത്തിലായത് ബ്രിട്ടീഷുകാരില്‍ നിന്ന് നേടിയെടുത്ത സ്വാതന്ത്ര്യം നിലനിര്‍ത്താനാണ്’. ഉദ്ധവ് താക്കറേ പറഞ്ഞു. 2019ലാണ് ബി.ജെ.പിയുമായുള്ള സഖ്യം ഉപേക്ഷിച്ച് ഉദ്ധവ് താക്കറേയുടെ ശിവസേന കോണ്‍ഗ്രസും എന്‍.സി.പിയുമായി ചേര്‍ന്ന് മഹാ വികാസ് അഖാഡി സഖ്യത്തിന്റെ ഭാഗമായത്.

Share

Leave a Reply

Your email address will not be published. Required fields are marked *