യു.എല്‍.സി.സി.എസ് ഫൗണ്ടേഷന്റെ വയോജനസര്‍ഗവേദി ‘മടിത്തട്ട്’ മന്ത്രി ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: നിലവാരമുള്ള ശുശ്രൂഷ വയോജനങ്ങള്‍ക്ക് ഉറപ്പാക്കാന്‍ നിയമനിര്‍മാണം നടത്തുമെന്ന് സാമൂഹികനീതി മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. ശാസ്ത്രീയ പരിപാലനരീതികള്‍ അറിയാത്ത അശിക്ഷിതരായ ഹോം നഴ്‌സുമാരുടെ പക്കലാണ് വയോജനങ്ങളുടെ ജീവിതം പലപ്പോഴും ഏല്‍പിക്കപ്പെടുന്നത്. ഇതു തടയാനാണു നിയമം. വയോജനപരിപാലന ചുമതലയുള്ളവരേയും ഹോം നഴ്‌സുമാരേയും ശാസ്ത്രീയമായി പരിശീലിപ്പിക്കുന്ന പദ്ധതി നിയമവിധേയമാക്കും.
കോഴിക്കോട് നഗരത്തിലെ മുതിര്‍ന്ന പൗരര്‍ക്ക് പകലുകള്‍ ക്രിയാത്മകമായി ചിലവഴിക്കാന്‍ കാരപ്പറമ്പ് വാഗ്ഭടാനന്ദമന്ദിരത്തില്‍ യു.എല്‍.സി.സി.എസ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച സര്‍ഗവേദിയായ ‘മടിത്തട്ട്’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപറേറ്റീവ് സൊസൈറ്റിയുടെ സാമൂഹിക സേവന സംരംഭമാണ് യു.എല്‍.സി.സി.എസ് ഫൗണ്ടേഷന്‍.
ഇന്ന് വര്‍ധിച്ചുവരുന്ന പലതരം ബുദ്ധിക്ഷയവും ഓര്‍മക്കുറവും ബാധിച്ച വൃദ്ധജനങ്ങളുടെ പരിചരണത്തില്‍ അവബോധം സൃഷ്ടിക്കാന്‍ പരിശീലകരെ ശാസ്ത്രീയമായി തയാറാക്കുന്നഉത്തരവാദിത്വം സാമൂഹികനീതി വകുപ്പ് ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിനു മാത്രമായി ഇതാവില്ല. തദ്ദേശഭരണ സ്ഥാപനങ്ങളും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഊരാളുങ്കല്‍ സൊസൈറ്റി പോലുള്ള സ്ഥാപനങ്ങളും സന്നദ്ധസംഘടനകളും സുമനസുകളും പങ്കാളികളാകണം.
വയോജനക്കമ്മിഷന്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രായം ചെന്നവരുടെ ബുദ്ധിമുട്ടുകള്‍ കേട്ട് പരിഹാരം കാണാനുള്ള മെയിന്റനന്‍സ് ട്രിബ്യൂണലുകള്‍ എല്ലാ ജില്ലയിലും പ്രവര്‍ത്തിച്ചുവരുന്നു. വയോജനങ്ങള്‍ക്ക് മാനസികോല്ലാസം പകരാന്‍ എല്ലാ തദ്ദേശഭരണസ്ഥാപനങ്ങളിലും വയോജനപ്പാര്‍ക്കുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മന്ത്രി വിശദീകരിച്ചു. മനുഷ്യജീവിതത്തിന്റെ എല്ലാ മര്‍മപ്രധാനമേഖലയിലേക്കും ആത്മവിശ്വാസത്തോടെ സ്വച്ഛന്തം കടന്നുവരാന്‍ പൊതുസ്വകാര്യസ്ഥാപനങ്ങളും പൊതുവിടങ്ങളുമെല്ലാം ഭിന്നശേഷിസൗഹൃദമാക്കി മാറ്റുകയാണ്. സഹായോപകരണങ്ങളും സാങ്കേതികവിദ്യകളും വ്യാപകമായി ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളും നടത്തിവരികയാണ്.
പരിമിതികള്‍ മറികടക്കാനുള്ള എല്ലാ സഹായസന്നാഹങ്ങളും തെറാപ്പി സൗകര്യങ്ങളും തൊഴില്‍പരിശീലനകേന്ദ്രങ്ങളുമുള്ള പുനരധിവാസഗ്രാമങ്ങള്‍ എല്ലാ ജില്ലയിലും തുടങ്ങാന്‍പോകുകയാണ്. ആദ്യഘട്ടമായി നാലു ജില്ലകളില്‍ തുടങ്ങും. മൂന്ന് ഏക്കറില്‍ കുറയാത്ത ഇവ തീവ്ര ഭിന്നശേഷി വിഭാഗക്കാര്‍ക്കും ബൗദ്ധിക, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും കുടുംബത്തോടെ ഒന്നിച്ചു ജീവിക്കാവുന്നവയാണ്.
നിഷ്, നിപ്മര്‍, ഐകോണ്‍, ഇംഹാന്‍സ്, നിംഹാന്‍സ് തുടങ്ങിയ സ്ഥാപനങ്ങളിലൂടെ ഇവരുടെ പുനരധിവാസത്തിനുള്ള ശ്രമം നടത്തിവരികയാണ്. സൈക്കോതെറാപ്പി, ഫിസിയോതെറാപ്പി, ഒക്കുപ്പേഷണല്‍ തെറാപ്പി, മ്യൂസിക് തെറാപ്പി എല്ലാം ഇവിടങ്ങളില്‍ ലഭ്യമാണ്. വെര്‍ച്വല്‍ റിയാലിറ്റിയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും പ്രകൃതിയെയും സമൂഹത്തെയും തൊട്ടറിയാനുള്ള സെന്‍സറി പാര്‍ക്കുകളും ഉപയോഗിച്ചുള്ള പരിശീലനം ഒരുക്കി മികവുകേന്ദ്രങ്ങളാക്കി ഈ സ്ഥാപനങ്ങളെ മാറ്റുകയാണ്.
യു.എല്‍ ഫൗണ്ടേഷന്‍ പരിശീലനം നല്‍കിയ ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ നല്‍കിയ സംരംഭകരെ മന്ത്രി ആദരിച്ചു. വയോജനങ്ങള്‍ക്ക് സന്തോഷവാര്‍ധക്യവും ഭിന്നശേഷിക്കാര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും സ്വയംപര്യാപ്ത ജിവിതവും ഉറപ്പാക്കാന്‍ മാതൃകാപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഊരാളുങ്കല്‍ സൊസൈറ്റിയേയും വാഗ്ഭടാനന്ദ ട്രസ്റ്റിനേയും മന്ത്രി അഭിനന്ദിച്ചു.
വയോജനങ്ങളുടെ സര്‍ഗാത്മകതയെ ശാസ്ത്രീയവും സാംസ്‌കാരികവുമായ പ്രവര്‍ത്തനങ്ങളിലൂടെ പ്രോത്സാഹിപ്പിച്ച് ഗുണപരവും സുസ്ഥിരവുമായ ജീവിതവും ശാരീരിക-മാനസിക-വൈകാരിക സുസ്ഥിതിയും ഉറപ്പുവരുത്തുന്ന പ്രവര്‍ത്തനമാണ് മടിത്തട്ട് വിഭാവനം ചെയ്യുന്നത്. മെമ്മറി ക്ലിനിക് സേവനം ലഭ്യമാണ്. കൂടാതെ യോഗ പരിശീലനം, ഫിസിയോ തെറാപ്പി യൂണിറ്റ്, വാതില്‍പ്പടി സേവനം, മൊബൈല്‍ ക്ലിനിക് എന്നിവയും സമീപഭാവിയില്‍ ഇവിടെ ആരംഭിക്കും.
ഭിന്നശേഷിക്കാരായ അഷിഖ്, ഷംന, രക്ഷിതാക്കളായ പ്രൊഫ. വിനീത, പ്രേമവല്ലി, റജി മാത്യു എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവച്ചു. മേയര്‍ ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. എം.എല്‍.എ തോട്ടത്തില്‍ രവീന്ദ്രന്‍ മുഖ്യാതിഥിയായി. യു.എല്‍.സി.സി.എസ് ഫൗണ്ടേഷന്‍ ഡയരക്ടര്‍ ഡോ.എം.കെ ജയരാജ് പദ്ധതി വിശദീകരിച്ചു. എം. മുകുന്ദന്‍ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ കെ.പി രാജേഷ് കുമാര്‍, ജില്ലാ സാമൂഹികനീതി ഓഫിസര്‍ അഷ്റഫ് കാവില്‍, വാഗ്ഭടാനന്ദ ട്രസ്റ്റ് ട്രസ്റ്റി കെ.എസ് വെങ്കിടാചലം, നായനാര്‍ ബാലികാസദനം സെക്രട്ടറി പ്രൊഫ. സി.കെ രവീന്ദ്രനാഥ്, മലബാര്‍ ഹോസ്പിറ്റല്‍ മാനേജിങ് ഡയരക്ടര്‍ ഡോ. മിലി മോനി, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീസ് സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി, മാനേജിങ് ഡയരക്ടര്‍ ഷാജു എസ്. തുടങ്ങിയവര്‍ സംസാരിച്ചു.