‘ഒക്ടോബര്‍ 11 അന്താരാഷ്ട്ര ബാലികാ ദിനം’; പെണ്‍ കുട്ടികള്‍ എവിടെ പോകുന്നു?…

‘ഒക്ടോബര്‍ 11 അന്താരാഷ്ട്ര ബാലികാ ദിനം’; പെണ്‍ കുട്ടികള്‍ എവിടെ പോകുന്നു?…

ടി.ഷാഹുല്‍ ഹമീദ്

കുട്ടികള്‍ വരദാനമാണ്, രാജ്യത്തിന്റെ ഭാവി ഭാഗഥേയം നിശ്ചയിക്കുന്നത് കുട്ടികളാണ്. കുടുംബബന്ധങ്ങളുടെ ഇഴയടുപ്പുകളാണ് നമ്മുടെ പെണ്‍കുട്ടികള്‍. പെണ്‍കുട്ടികള്‍ക്ക് മാത്രമായി അന്താരാഷ്ട്ര തലത്തില്‍ ഒക്ടോബര്‍ 11ന് അന്താരാഷ്ട്ര ബാലികാ ദിനമായി യുനെസ്‌കോയുടെ നേതൃത്വത്തില്‍ ആചരിക്കുന്നു. ‘നമ്മുടെ സമയം സമാഗതമായിരിക്കുന്നു, അവകാശത്തിന്റേയും ഭാവിയുടേതും’ എന്നാണ് 2022ലെ ബാലികാ ദിനത്തിന്റെ സന്ദേശം.

പെണ്‍കുട്ടികളുടെ ലോകം :

അന്താരാഷ്ട്ര തലത്തില്‍ 1995ല്‍ ബെയ്ജിങ് പ്രഖ്യാപനത്തോടെയാണ് പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ അംഗീകരിക്കപ്പെട്ടു തുടങ്ങിയത്. 2011 ഡിസംബര്‍ 19ന് ഐക്യരാഷ്ട്രസഭയില്‍ കാനഡ ഒരു പ്രമേയം കൊണ്ടുവരികയും 2012 ഒക്ടോബര്‍ 11 ജനറല്‍ അസംബ്ലി അംഗീകരിക്കുകയും ചെയ്തതോടെയാണ് പെണ്‍കുട്ടികള്‍ക്കായുള്ള ഒരു ദിനം ലോകത്ത് പിറന്ന് വീണത്. ബാലികാ ദിനം ആരംഭിച്ച് പത്ത് വര്‍ഷം പിന്നിടുമ്പോഴും ആണ്‍കുട്ടികളെപ്പോലെ സാമ്പത്തിക പുരോഗതി പെണ്‍കുട്ടികള്‍ക്ക് ഉണ്ടാക്കുക എന്ന ലക്ഷ്യം പൂര്‍ണമായും നേടിയെടുക്കുവാന്‍ സാധിച്ചിട്ടില്ല.

അവകാശം, സുരക്ഷിതത്വം , വിദ്യാഭ്യാസം എന്നീ മൂന്ന് തൂണുകളില്‍ ലോകത്തെ പെണ്‍കുട്ടികളുടെ പുരോഗതി അളക്കുവാന്‍ സാധിക്കുമെങ്കിലും പെണ്‍കുട്ടികള്‍ ജനിക്കുന്നില്ല എന്നത് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ വലിയ സാമൂഹ്യ പ്രശ്‌നമാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. കൊവിഡ് 19 സൃഷ്ടിച്ച സങ്കീര്‍ണതകള്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് പെണ്‍കുട്ടികളെയാണ്. 10 ലക്ഷത്തോളം കുട്ടികള്‍ ലോകത്ത് പ്രതിവര്‍ഷം ശൈശവ വിവാഹത്തിന് വിധേയമാകുന്നു , ലൈംഗിക അതിക്രമണത്തിന് വിധേയമാകുന്നതില്‍ 72 % പെണ്‍കുട്ടികളാണ്. 60% രാജ്യങ്ങളിലും പിന്തുടര്‍ച്ചാവകാശത്തില്‍ ആണ്‍-പെണ്‍ വ്യത്യാസം നിഴലിച്ചു നില്‍ക്കുന്നുണ്ട്. പഠന പ്രയാസം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് പെണ്‍കുട്ടികളിലാണ്.

ലോകത്ത് 15 വയസ്സ് മുതല്‍ 19 വയസ്സ് വരെയുള്ള 13 ദശലക്ഷം പെണ്‍കുട്ടികള്‍ നിര്‍ബന്ധിത ലൈംഗിക അതിക്രമണത്തിന് വിധേയമാകുന്നു, ലോകത്ത് ആകെയുള്ള എച്ച്.ഐ.വി ബാധിതരില്‍ ഒരു ലക്ഷം പേര്‍ കൗമാരപ്രായക്കാരായ പെണ്‍കുട്ടികളാണ്. കൊവിഡ് ലോക്ക്ഡൗണിന് ശേഷം 11 ദശലക്ഷം പെണ്‍കുട്ടികള്‍ സ്‌കൂളിലേക്ക് തിരിച്ചെത്തിയിട്ടില്ല. യുണിസെഫിന്റെ 2021ലെ റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് 4.4 ദശലക്ഷം കുട്ടികള്‍ വ്യത്യസ്ത രീതിയില്‍ ആക്രമണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്, അതില്‍ 53% പെണ്‍കുട്ടികളാണ്. 2022ലെ യു.എന്‍ റിപ്പോര്‍ട്ട് പ്രകാരം കണക്കില്‍ പെണ്‍കുട്ടികള്‍ പിറകിലാണ് എന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട് , ലോകത്ത് 46,000 കുട്ടികള്‍ പ്രതിവര്‍ഷം ആത്മഹത്യ ചെയ്യുന്നു , ഓരോ 11 മിനിട്ടിലും ഒരു കുട്ടി ആത്മഹത്യ ചെയ്യുന്നു.

5 ജി നെറ്റില്‍ നിന്നും 6 ജി നെറ്റിലേക്ക് ലോകം അതിവേഗം സഞ്ചരിക്കുമ്പോള്‍ ലോകത്തെ 25 വയസ്സില്‍ താഴെയുള്ളവരില്‍ 200 കോടിയിലധികം പേര്‍ക്കും ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കുന്നില്ല, ഇതില്‍ ബഹുഭൂരിഭാഗം പെണ്‍കുട്ടികളാണ്. ഇന്റര്‍നാഷണല്‍ ടെലി കമ്മ്യൂണിക്കേഷന്‍ യൂണിയന്‍ (I T U ) റിപ്പോര്‍ട്ട് പ്രകാരം ലോകത്തെ അവികസിത രാജ്യങ്ങളില്‍ 34 % യുവജനങ്ങള്‍ക്കും നെറ്റ് കണക്ഷന്‍ ലഭിക്കുന്നില്ല, കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്ക് വേണ്ടി നിക്ഷേപിക്കുക എന്ന മുദ്രാവാക്യം ലോകത്താകമാനം ഉയര്‍ന്നുവരുന്നു. ശൈശവ വിവാഹവും കൗമാരത്തിലെ അമ്മമാരാകലും ദാരിദ്ര്യവും സ്വന്തം ജീവിതത്തെക്കുറിച്ച് തീരുമാനമെടുക്കാന്‍ കഴിയാത്തതും വിവിധ രാജ്യങ്ങളിലെ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന വലിയ പ്രശ്‌നങ്ങളാണ്.

വികസ്വര രാജ്യങ്ങളിലെ പെണ്‍കുട്ടികളില്‍ മുന്നില്‍ ഒന്നും 18 വയസ്സ് ആകുന്നതിന് മുന്‍പേ കല്യാണം കഴിക്കുന്നു. പ്രതിദിനം 800 പെണ്‍കുട്ടികള്‍ ഗര്‍ഭകാലം മുതല്‍ പ്രസവ സമയത്തിനിടയില്‍ മരണപ്പെടുന്നു. 1970ല്‍ ലോകത്ത് 61 ദശലക്ഷം പെണ്‍കുട്ടികളായാണ് കാണാതായതെങ്കില്‍ 2020ല്‍ അത് 142 ദശലക്ഷമായി വര്‍ധിച്ചു. അമര്‍ത്യാസെന്‍ 1990ല്‍ ഏഷ്യയില്‍ മാത്രം 100 ദശലക്ഷം പെണ്‍കുട്ടികള്‍ ജനന സമയത്ത് കാണാതാവുന്നതിനെ കുറിച്ച് ലോക രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടും അവസ്ഥക്ക് മാറ്റം ഉണ്ടായിട്ടില്ല . ലോക ജനസംഖ്യ റിപ്പോര്‍ട്ട് 2022 പ്രകാരം ലോകത്ത് 50% ഗര്‍ഭധാരണവും താല്‍പര്യമില്ലാതെയാണ് സംഭവിക്കുന്നത,് ഇതില്‍ 60 % ഗര്‍ഭഛിദ്രത്തിലാണ് എത്തിച്ചേരുന്നത്.

നവംബര്‍ 15ന് ലോക ജനസംഖ്യ 800 കോടിയില്‍ എത്തുമ്പോള്‍ ലോകത്തെ 61 രാജ്യങ്ങളില്‍ സ്ത്രീകളുടെ പ്രത്യുല്‍പാദനശേഷി 2.1ല്‍ നിന്നും 1% ആയി കുറയുമെന്ന് പ്രവചിക്കപ്പെടുന്നു. ലോകത്ത് 73 ദശലക്ഷം അബോര്‍ഷനുകള്‍ ഒരു വര്‍ഷം നടക്കുന്നുണ്ട്. കുട്ടിക്കാലം മാറുന്നതിന് മുമ്പായി ലോകത്ത് 50% പെണ്‍ കുട്ടികളും അമ്മമാര്‍ ആകുന്നു. ബംഗ്ലാദേശ് , ഇന്തോനേഷ്യ , കാമറൂണ്‍ , നൈജര്‍ എന്നീ രാജ്യങ്ങളില്‍ അഞ്ചില്‍ ഒന്ന് പ്രസവവും 18 വയസില്‍ താഴെയുള്ള കുട്ടികളാണ് , യു.എന്‍ എഫ്ബി റിപ്പോര്‍ട്ട് പ്രകാരം കുട്ടികള്‍ അമ്മമാര്‍ ആകുന്ന പ്രതിഭാസം ഇല്ലാതാക്കുവാന്‍ ഇനിയും ലോകം 160 വര്‍ഷം കാത്തിരിക്കേണ്ടി വരും. 2021ലെ യൂണിസെഫിന്റെ റിപ്പോര്‍ട്ട് പ്രകാരം ആരോഗ്യം , നീതി , പോഷകാഹാരം ,സുരക്ഷ എന്നി മേഖലകളില്‍ 129 രാജ്യങ്ങളിലായി 4.4 ദശ ലക്ഷം കുട്ടികള്‍ പ്രശ്‌നം നേരിടുന്നു. അതില്‍ 53% പെണ്‍കുട്ടികളാണ് , മുതിര്‍ന്നവരില്‍ ഉണ്ടാകുന്ന മാനസികാരോഗ്യ വൈകല്യങ്ങളില്‍ 50% 14 ആം വയസ്സില്‍ തന്നെ ആരംഭിക്കുമെന്ന് ഗവേഷണങ്ങള്‍ വെളിപ്പെടുത്തുന്നു.

കൗമാരക്കാര്‍ സ്വന്തമായി അടയാളപ്പെടുത്തലുകള്‍ക്കായി പരക്കം പായുന്നു ,വൈകാരികമായും , ശാരീരികമായും ദുര്‍ബലമായതിനാല്‍ പെട്ടെന്ന് രോഗബാധിതരാകാന്‍ സാധ്യതയുള്ളവരാണ് കൗമാരപ്രായക്കാര്‍. തിരക്കേറിയ ഒരു ഷെഡ്യൂള്‍ പിന്തുടരുന്നവരാണ് കൗമാരപ്രായക്കാര്‍, ഒരു പ്രവര്‍ത്തനത്തില്‍ നിന്നും മറ്റൊരു പ്രവര്‍ത്തനത്തിലേക്ക് അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കൗമാരപ്രായക്കാരുടെ ശരീരഭാരത്തെയും രൂപത്തെയും കുറിച്ച് അനാവശ്യ ചിന്തകള്‍ വിഷമതകള്‍ ഉണ്ടാക്കുകയും അനോറെക്‌സിയാ (ബുളിമിയ ) പോലുള്ള വൈകല്യങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. സൈബര്‍ ലോകത്തേക്കുള്ള ആസക്തി എന്നെന്നും കൗമാരപ്രായക്കാര്‍ക്ക് പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്, അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ 10 ദശലക്ഷം പെണ്‍കുട്ടികള്‍ ശൈശവ വിവാഹത്തിലേക്ക് വഴുതി വീഴും എന്ന് മുന്നറിയിപ്പ് നല്‍കുന്നു.

കൊവിഡ്19 1.5 ദശ ലക്ഷം കുട്ടികളെ അനാഥരാക്കി, 100 ദശ ലക്ഷം കുട്ടികള്‍ ലോകത്ത് അതി ദാരിദ്ര്യം നേരിടുന്നു , ലോകത്ത് 180 കോടിയോളം കുട്ടികള്‍ അക്രമണങ്ങള്‍ക്ക് നടുവിലുള്ള സാഹചര്യത്തില്‍ ജീവിക്കുന്നു. 1957 വരെ ലോകത്ത് ജനസംഖ്യയില്‍ സ്ത്രീകളായിരുന്നു കൂടുതലെങ്കില്‍ ഇപ്പോള്‍ 100 പെണ്‍കുട്ടികള്‍ക്ക് 107 ആണ്‍കുട്ടികള്‍ ആണുള്ളത്. ജനിക്കുവാനും വളരുവാനും വികസിക്കുവാനും പങ്കാളിത്തത്തിനും വേണ്ടി പെണ്‍കുട്ടികള്‍ വിവിധ രാജ്യങ്ങളില്‍ പ്രയാസപ്പെടുന്നു.ലോകത്ത് ഓരോ സെക്കന്റിലും 4.3 ജനനവും രണ്ട് മരണവും സംഭവിക്കുന്നു.

ഇന്ത്യയിലെ പെണ്‍കുട്ടികള്‍ :

1961ല്‍ ഇന്ത്യയില്‍ 0 മുതല്‍ 15 വരെ പ്രായത്തിലുള്ള ജനസംഖ്യ ആകെ ജനസംഖ്യയുടെ 43% ആണെങ്കില്‍ 2021 ല്‍ അത് 27% ആയി കുറഞ്ഞു , സാമ്പിള്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ട് (എസ്.ആര്‍. എസ് ) 2020 റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ കുട്ടികളുടെ ജനനത്തില്‍ 0.2% കുറവ് രേഖപ്പെടുത്തുന്നു. പെണ്‍കുട്ടികളുടെ ജനനത്തില്‍ കേരളം രാജ്യത്തിന് മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കുന്നുണ്ടെങ്കിലും ആയിരം ആണ്‍കുട്ടികള്‍ക്ക് 974 പെണ്‍കുട്ടികളാണ് കേരളത്തില്‍ ജനിക്കുന്നത്, ആകെ ജനസംഖ്യയില്‍ ആയിരം പുരുഷന്മാര്‍ക്ക് 1084 സ്ത്രീകള്‍ എന്ന നിരക്കിനേക്കാള്‍ വളരെ പിറകിലാണ് , ഉത്തരാഖണ്ഡില്‍ 1000 ആണ്‍കുട്ടികള്‍ക്ക് 844 പെണ്‍കുട്ടികള്‍ മാത്രമേ ജനിക്കുന്നുള്ളൂ ,കേരളത്തില്‍ തൃശ്ശൂര്‍ ജില്ലയില്‍ പൂജ്യം മുതല്‍ ആറു വയസ്സ് വരെയുള്ള ജനസംഖ്യയില്‍ 1000 ആണ്‍കുട്ടികള്‍ക്ക് 950 പെണ്‍കുട്ടികള്‍ മാത്രമേ ജനിക്കുന്നുള്ളൂ , കൊല്ലത്ത് അത് 973 പത്തനംതിട്ടയില്‍ 974 ആണ് ,പെണ്‍കുട്ടികളുടെ എണ്ണം കേരളത്തില്‍ ആറുവയസ്സു വരെയുള്ള കുട്ടികളുടെ എണ്ണം 2001 ല്‍ 37,93146 ആണെങ്കില്‍ 2011ല്‍ അത് 34,72955 ആയി കുറഞ്ഞു.

മുതിര്‍ന്നവരില്‍ 1000 പുരുഷന്മാര്‍ക്ക് 1020 സ്ത്രീകള്‍ രാജ്യത്ത് ഉള്ളപ്പോള്‍ 0 മുതല്‍ 6 വയസ്സ് വരെയുള്ളവരില്‍ 1000 ആണ്‍ കുട്ടികള്‍ക്ക് 929 പെണ്‍കൂട്ടികളാണ് ഉള്ളത്. യു.എന്‍ പോപ്പുലേഷന്‍ ഫണ്ട് റിപ്പോര്‍ട്ട് പ്രകാരം 2015 മുതല്‍ 2020 വരെ ഇന്ത്യയില്‍ 5,90000 പെണ്‍കുട്ടികള്‍ ജനന സമയത്ത് കാണാതാവുന്നു. ഇന്ത്യയില്‍ 15-19 വയസുള്ള പെണ്‍കുട്ടികളില്‍ ത്രിപുരയില്‍ 22%, ബംഗാളില്‍ 16% അമ്മമാരാകുന്നു. ഏറ്റവും ഒടുവിലത്തെ കുടുംബാരോഗ്യ സര്‍വേ പ്രകാരം 16% അമ്മമാരും ആണ്‍ കുട്ടികളെയാണ് ആഗ്രഹിക്കുന്നത് വെറും 4% മാത്രമേ പെണ്‍കുട്ടികളെ ആഗ്രഹിക്കുന്നുള്ളു. ഇന്ത്യയില്‍ ആകെ പ്രസവത്തില്‍ 2.9% അബോര്‍ഷന്‍ ആണ്. മണിപ്പൂരില്‍ 10.4%, ഒഡിഷയില്‍ 4.7%, ചണ്ഡിഖഡില്‍ 4.2%, കേരളത്തില്‍ 3.2% അബോര്‍ഷന്‍ നടക്കുന്നു.

റോയിട്ടറുടെ പഠന റിപ്പോര്‍ട്ട് പ്രകാരം പെണ്‍ ഭ്രുണഹത്യ കൂടുതല്‍ നടക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ, പ്രതിദിനം 2000ല്‍ അധികം ഭ്രൂണഹത്യ രാജ്യത്ത് നടക്കുന്നു. ഉത്തമ വിശ്വാസത്തോടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയല്ലാതെ നടത്തുന്ന ഗര്‍ഭച്ഛിദ്രം ഇന്ത്യയില്‍ ഐ.പി.സി 312 വകുപ്പ് പ്രകാരം കുറ്റകരവും രണ്ടുവര്‍ഷം തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. എന്നിട്ടും അഭംഗുരം നടക്കുന്ന സാമൂഹ്യ തിന്മയെ ഫലപ്രദമായി നേരിട്ടിലെങ്കില്‍ ഭ്രൂണ ഹത്യയിലുടെ ഇല്ലാതാക്കുന്ന ബഹുഭൂരിപക്ഷം പെണ്‍ മരണവും വലിയ സാമൂഹ്യ പ്രത്യാഘാതമാണ് രാജ്യത്ത് സൃഷ്ടിക്കുക. 2022ലെ Global Gender Gap റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ ലിംഗ അസമത്വം ഇല്ലാതാകണമെങ്കില്‍ 132 വര്‍ഷം വേണ്ടി വരും എന്ന് ചുണ്ടി കാണിക്കുന്നു.

14 വയസ്സുവരെ വിദ്യാഭ്യാസം സാര്‍വത്രികമായ ഇന്ത്യയില്‍ 39.4%പെണ്‍കുട്ടികളും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തീകരികാതെ പുറത്തേക്ക് പോകുന്നു , 57% പെണ്‍കുട്ടികളും പതിനൊന്നാം ക്ലാസില്‍ എത്തുന്നതിനു മുമ്പ് പുറത്തേക്ക് പോകുന്നു , സ്ത്രീ സാക്ഷരതാ 95.2% കേരളത്തില്‍ ഉണ്ടെങ്കില്‍ രാജസ്ഥാനില്‍ 57.6% യു.പിയില്‍ 64.7% മധ്യപ്രദേശില്‍ 65.5% എന്നത് ജനിക്കുന്ന പെണ്‍കുട്ടികളെ ബാധിക്കുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പ്രായപൂര്‍ത്തിയാകാത്ത ദളിത് സഹോദരിമാരായ കുട്ടികളെ യു.പിയിലെ ലഖീംപൂര്‍ ഖേരിയില്‍ ബലാത്സംഗം ചെയ്തു കെട്ടിത്തൂക്കിയ സംഭവം രാജ്യത്തെ നടുക്കി കളഞ്ഞിട്ടുണ്ട്, 2021ലെ ക്രൈം ഇന്ത്യ റിപ്പോര്‍ട്ട് പ്രകാരം 12 വയസ്സ് മുതല്‍ 16 വയസ്സ് വരെയുള്ളതില്‍ 25,814 കുട്ടികളെ ഇന്ത്യയില്‍ തട്ടിക്കൊണ്ടുപോയതില്‍ 21,389 എണ്ണവും പെണ്‍കുട്ടികള്‍ ആയിരുന്നു.

പ്രതീക്ഷ നിര്‍ഭരം:

1990 മുതല്‍ 2017 വരെ ലോകത്ത് 23.1 ദശ ലക്ഷം പെണ്‍കുട്ടികളെ ജനന സമയത്ത് കാണാതായിട്ടുണ്ട് അതില്‍ പകുതിയും ഇന്ത്യയിലാണ്. ഇന്ത്യ ,അസര്‍ബൈജാന്‍ , ചൈന , അര്‍മേനിയ , വിയറ്റ്‌നാം, അല്‍ബേനിയ എന്നി രാജ്യങ്ങളില്‍ ജനനത്തില്‍ വലിയ ലിംഗ വിവേചനം നിലനില്‍ക്കുന്നു. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ ചില ഗ്രാമങ്ങളില്‍ നിന്ന് വധുവിനെ തേടി അയല്‍ സംസ്ഥാനങ്ങളില്‍ പോകുന്ന കാഴ്ച്ച ലോക ബാലിക ദിനത്തില്‍ നൊമ്പരം ഉണ്ടാക്കുന്നു. ഭ്രൂണാവസ്ഥയില്‍ നിന്ന് തന്നെ പെണ്‍ കുട്ടികള്‍ക്ക് വിവേചനം നേരിടുന്നു , നിയമങ്ങള്‍ ഉണ്ടെങ്കിലും ആധുനിക ശാസ്ത്ര പുരോഗതിയില്‍ അതൊക്കെ അപ്രസക്തമാകുന്നു. ജനനതിനു മുമ്പുള്ള ലിംഗ നിര്‍ണയം അത് പെണ്ണാണോ എന്ന് പരിശോധിച്ച് ഇല്ലാതാക്കുന്നതിനാണെങ്കില്‍ അത് ഭരണഘടന നല്‍കുന്ന സ്ത്രീ സ്വാതന്ത്ര്യത്തിനെതിരേയുള്ള കടന്നുകയറ്റമാണ്.

ഇന്ത്യയിലെ ആദ്യത്തെ വനിതാ രാഷ്ട്രപതി പ്രതിഭ പാട്ടില്‍, 13 കോടി ആദിവാസി സമൂഹത്തില്‍ നിന്ന് രാഷ്ട്രപതിയായ ദ്രൗപതി മുര്‍മു, വനിതാ ഏകദിന ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ് നേടിയ മിതാലി രാജ് , ആദ്യ ഇന്ത്യന്‍ വനിതാ ബഹിരാകാശ സഞ്ചാരി കല്‍പന ചൗള , ശാരീരിക അവശതയെ തോല്‍പ്പിച്ച അരുണിമ സിന്‍ഹ, ആദ്യ വനിത ഐ.പി.എസ് ഓഫിസര്‍ കിരണ്‍ ബേദി , ഇന്ത്യയുടെ വനിതാ ഹോക്കി ക്യാപ്റ്റനായ റാണി രാംപാല്‍ , കാര്‍ഗില്‍ ഗേള്‍ എന്നറിയപ്പെടുന്ന ആദ്യത്തെ യുദ്ധവിമാന പൈലറ്റ് ഗുഞ്ചന്‍ സക്‌സേന , നിര്‍ഭയയുടെ അഭിഭാഷക സീമ കുശ്വാഹ , 18 വയസ്സില്‍ ബോക്‌സിങ് ചാമ്പ്യയായ മേരി കോം , ദില്ലിയിലെ ചേരിയില്‍ നിന്ന് ഐ.എ.എസ് നേടിയ ഉമ്മുല്‍ ഖേര , ആസിഡ് ആക്രമണത്തെ അതിജീവിച്ച സിവില്‍ സര്‍വെന്റ് ലക്ഷ്മി അഗര്‍വാള്‍ , പതിനേഴാമത്തെ വയസില്‍ നോബല്‍ സമാധാന സമ്മാനം 2017 ല്‍ നേടിയ ഏറ്റവും പ്രായം കുറഞ്ഞ മലാല യൂസഫ് സായി , വളര്‍ന്നു വരുന്ന ഗുസ്തി താരം ഗീതാ ബബിത ഫോഗട്ട് എന്നിവര്‍ പെണ്‍കുട്ടികളായി ജനിച്ച് അത്ഭുതങ്ങള്‍ സൃഷടിച്ചവരാണ് എന്ന് ഓരോ പൗരനും മനസിലാക്കി പ്രവര്‍ത്തിക്കണം. ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സാമുഹിക അസന്തുലിതാവസ്ഥ ഇല്ലാതാക്കുവാന്‍ ഓരോ വ്യക്തിയും പ്രതിജ്ഞ എടുക്കേണ്ട ദിനമാണ് ലോക ബാലിക ദിനം. സാമൂഹ്യ പ്രശ്‌നമായി പെണ്‍ കുട്ടികളുടെ ജനനത്തിനുള്ള ഇടിവ് വളര്‍ന്നു വന്നിട്ടുണ്ട് എന്ന് ഭരണാധികാരികള്‍ തിരിച്ചറിയേണ്ട ദിവസവും കൂടിയാണ് ഒക്ടോബര്‍ 11.

 

Share

Leave a Reply

Your email address will not be published. Required fields are marked *