‘ഇടം പദ്ധതി പൊതു ഇടങ്ങളിലും സജ്ജമാക്കും’

‘ഇടം പദ്ധതി പൊതു ഇടങ്ങളിലും സജ്ജമാക്കും’

കോഴിക്കോട്: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറമെ പൊതുസ്ഥലങ്ങളിലും ഇടം പദ്ധതി സജ്ജമാക്കുമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മണ്ണൂര്‍ സി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ‘ഇടം’ സ്ത്രീ സൗഹൃദ വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ബേപ്പൂര്‍ മണ്ഡലത്തിലെ ആറ് സ്‌കൂളുകളിലും നാല് പൊതു ഇടങ്ങളിലുമാണ് ‘ഇടം’ സജ്ജമാക്കുക.
മണ്ഡലത്തിലെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള പ്രത്യേക പദ്ധതിയാണ് ഇടം. പൊതു ഇടങ്ങളിലും സ്‌കൂളുകളിലും സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

ഇടം പദ്ധതി സ്ത്രീകളിലും പെണ്‍കുട്ടികളിലും കൂടുതല്‍ ആത്മവിശ്വാസവും കരുത്തും വര്‍ദ്ധിപ്പിക്കും. ഇടം പദ്ധതി നാടിനെ കൂടുതല്‍ സ്ത്രീ സൗഹൃദമാക്കും. കൂടുതല്‍ സ്ത്രീസൗഹൃദ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. മയക്കുമരുന്നിനെതിരേ എല്ലാവരും കൈകോര്‍ക്കേണ്ട സമയമാണിത്. ലഹരി ഒരു കാന്‍സര്‍ പോലെ എല്ലാവരെയും കാര്‍ന്നു തിന്നുകൊണ്ടിരിക്കുകയാണ്. ലഹരി മുക്ത കേരളമായി സംസ്ഥാനത്തെ മാറ്റാന്‍ സാധിക്കണം. പാഠപുസ്തകങ്ങള്‍ പഠിക്കുന്നതിനോടൊപ്പം സഹപാഠിയുടെ പ്രശ്‌നങ്ങളും നാട്ടിലെ പ്രശ്‌നങ്ങളും തിരിച്ചറിയാന്‍ സാധിക്കണമെന്നും മന്ത്രി വിദ്യാര്‍ഥികളോട് പറഞ്ഞു.

ഒന്‍പത് ജില്ലകളിലൂടെ കടന്നുപോകുന്ന തീരദേശപാത ബേപ്പൂര്‍ മണ്ഡലത്തിലൂടെയും കടന്നുപോകുന്നുണ്ട്. തീരദേശ പാതയുടെ ഡിസൈനിങ്ങില്‍ ഓരോ 50 കിലോമീറ്റര്‍ ഇടവിട്ട് കംഫര്‍ട്ട് സ്റ്റേഷനുകള്‍ നിര്‍മിക്കും. യാത്രയ്ക്കിടയില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് പുതിയ സംവിധാനത്തിലൂടെ പരിഹാരമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

16 ലക്ഷം രൂപ ചിലവിട്ടു പൂര്‍ത്തീകരിച്ച ‘ഇട’ത്തില്‍ കിടക്കകളോട് കൂടിയ വിശ്രമമുറി, രണ്ട് ടോയ്‌ലെറ്റുകള്‍, സാനിറ്ററി പാഡ് ഡിസ്‌പോസല്‍ മെഷീന്‍ ഉള്‍പ്പെടെ മറ്റ് സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
ഇടം പദ്ധതി റിപ്പോര്‍ട്ട് കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ റീജിയണല്‍ മാനേജര്‍ നീന സൂസന്‍ പുന്നന്‍ അവതരിപ്പിച്ചു. കടലുണ്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ശിവദാസന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് വിനീഷ് സ്വാഗതവും വാര്‍ഡ് മെമ്പര്‍ റിജി പിലാക്കാട്ട്, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ബൈജു.പി, ഹെഡ്മാസ്റ്റര്‍ ഉമ്മര്‍.എന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *