ഹൃദയത്തിന്റെ ആരോഗ്യത്തെ കൂടുതല്‍ ഗൗരവത്തോടെ ആളുകള്‍ കണ്ടുതുടങ്ങി എന്നതാണ് കൊവിഡ് കാലത്തുണ്ടായ വലിയ മാറ്റങ്ങളിലൊന്ന്. കൊവിഡ് വന്നുപോയ ശേഷം നമ്മുടെഹൃദയത്തിന്റെ ആരോഗ്യം എങ്ങനെ വീണ്ടെടുക്കാം എന്ന് എല്ലാവരും ചിന്തിച്ചുതുടങ്ങി.നമ്മുടെഹൃദയത്തെയും രക്തചംക്രമണ സംവിധാനത്തെയും കൂടി കൊവിഡ് ബാധിക്കുന്നുണ്ട്. അത്കാരണം ഹൃദ്രോഗികളുടെ എണ്ണവും ഹൃദ്രോഗം മൂലം മരണമടയുന്നവരുടെ എണ്ണവും കുതിച്ചുയര്‍ന്നു. കൊവിഡ് ഭേദമായി ആഴ്ചകള്‍ കഴിഞ്ഞാലും അതിനോടനുബന്ധിച്ചുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ പലരെയും പിന്തുടരുന്നു. ദീര്‍ഘകാല കൊവിഡ് (ലോങ്ങ് കൊവിഡ്) എന്നും പോസ്റ്റ് കൊവിഡ് സിന്‍ഡ്രോം എന്നും ഇതറിയപ്പെടുന്നു. നമ്മളെല്ലാവരും ഇപ്പോള്‍ നമ്മുടെഹൃദയത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ട്. പക്ഷെ കൊവിഡ് അവശേഷിപ്പിക്കുന്ന പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ ശാരീരികമായും വൈകാരികമായും ചില മുന്നൊരുക്കങ്ങള്‍ ആവശ്യമാണ്.
കൊവിഡ് വന്നുപോയശേഷം ഹാര്‍ട്ട് ചെക്കപ്പ് നടത്തണമെന്ന് പറയുന്നത് എന്തുകൊണ്ടാണ്?
കൊവിഡ് എല്ലാവരിലും ലക്ഷണങ്ങള്‍ കാണിക്കണമെന്നില്ല. പക്ഷെ ലക്ഷണങ്ങള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും കൊവിഡ് പിടിപെട്ടവരില്‍ അവരുടെ ഹൃദയത്തിന്റെയും രക്തചംക്രമണസംവിധാനത്തിന്റെയും ആരോഗ്യത്തെ അത് ബാധിച്ചേക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്. കൊവിഡ് കാരണം ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നവരില്‍ 20 മുതല്‍ 30 ശതമാനം ആളുകളിലും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അമേരിക്കയിലെ ഡോ. സിയാദ് അല്‍ അലി നടത്തിയ വെറ്ററന്‍സ് അഫയേഴ്‌സ് പഠനത്തില്‍ ലക്ഷണങ്ങളോടെ കൊവിഡ് ബാധിച്ചവരില്‍ രക്തധമനികളില്‍ ബ്ലോക്ക് ഉണ്ടാകാനും ശ്വാസകോശത്തില്‍ നീരുകെട്ടാനുമുള്ള സാധ്യത ഇരുപത് മടങ്ങ് അധികമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
ചെറിയ ലക്ഷണങ്ങളോടെ വീടുകളില്‍ ക്വാറന്റീനില്‍ കഴിഞ്ഞ വരില്‍പോലും ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകാനുള്ള സാധ്യത എട്ട് ശതമാനവും സ്‌ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത രണ്ട്ശതമാനവും കൂടുതലാണ്. ഒന്നരലക്ഷത്തിലധികം രോഗികളില്‍ നടത്തിയ ഈ പഠനംസാംക്രമികരോഗങ്ങളുടെ വിഷയത്തില്‍ ലോകത്ത് നടത്തിയിട്ടുള്ള ഏറ്റവുംവലിയപഠനമാണ്.
കൊവിഡിന്‌ശേഷം ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് നമുക്കെങ്ങനെമനസിലാക്കാം? അതിന്റെലക്ഷണങ്ങള്‍ എന്തെല്ലാമാണ്?
അമിതമായക്ഷീണം, നെഞ്ചുവേദന, നെഞ്ചിടിപ്പ്, അടിക്കടിയുണ്ടാകുന്ന ശ്വാസംമുട്ടല്‍ എന്നിവയാണ് ഏറ്റവും സാധാരണ കണ്ടുവരാറുള്ള ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ ഉള്ളവര്‍ ഇ.സി.ജി, നെഞ്ചിന്റെ എക്‌സ്‌റേ, എക്കോ കാര്‍ഡിയോഗ്രാം എന്നീപരിശോധനകള്‍ക്ക് വിധേയരാകണം. ട്രോപോണിന്‍ (troponin), NT-pro BNP, D-dimer എന്നീരക്ത പരിശോധനകളും രോഗം കണ്ടെത്താന്‍ സഹായിക്കും. വളരെ അപൂര്‍വം ചിലര്‍ക്ക് ഡോക്ടറുടെ നിര്‍ദേശ പ്രകാരം ഹൃദയത്തിന്റെ എം.ആര്‍.ഐ സ്‌കാന്‍ എടുക്കേണ്ടി വരും.
കൊവിഡ്-19 ഹൃദയത്തെ എങ്ങനെയെല്ലാമാണ് ബാധിക്കുന്നത്?
കൊവിഡ് ഹൃദയാരോഗ്യത്തെ ബാധിക്കുമെന്ന് പല പഠനങ്ങളും തെളിയിക്കുന്നു. ആശുപത്രിയില്‍ അഡ്മിറ്റ് ആയവരുടെയും ചെറിയ ലക്ഷണങ്ങളോടെ വീടുകളില്‍ തന്നെ കഴിഞ്ഞവരുടെയും ഹൃദയങ്ങളെ കൊവിഡ് ബാധിച്ചേക്കാം. രക്തംകട്ട പിടിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഇവയില്‍ പ്രധാനം. ഹൃദയത്തിലോ ശ്വാസകോശത്തിലോ രക്തം കട്ടപിടിക്കുന്ന അവസ്ഥയുണ്ടാകാം. ഹൃദയത്തില്‍ നീരിനും കാരണമായേക്കാം. ഹൃദയമിടിപ്പിന്റെ താളത്തിലും കൊവിഡ് കാരണം ഏറ്റക്കുറച്ചിലുകള്‍ (atrial fibrillation) ഉണ്ടായേക്കാം.
കൊവിഡ് കാരണമുണ്ടാകുന്ന ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഭേദമാക്കാന്‍ കഴിയുന്നതാണോ?
കഴിയും.രോഗം നേരത്തെ കണ്ടെത്തുകയും കൃത്യമായി ചികില്‍സിക്കുകയും മുടങ്ങാതെ പരിശോധനകള്‍ക്ക് വിധേയരാവുകയും ചെയ്താല്‍ രോഗമുക്തി നേടാവുന്നതാണ്.
സ്ത്രീകളെയാണോ പുരുഷന്മാരെയാണോ കൊവിഡ് സംബന്ധമായ ഹൃദ്രോഗങ്ങള്‍ ഏറ്റവുമധികം ബാധിക്കുന്നത്?
സ്ത്രീകളുടെയും പുരുഷന്‍മാരുടെയും ഹൃദയങ്ങളെ കൊവിഡ് ഒരേ പോലെ ബാധിക്കുന്നുണ്ടെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. എന്നാല്‍ മരണനിരക്ക് കൂടുതല്‍ പുരുഷന്മാര്‍ക്കിടയിലാണ്.
കൊവിഡ് കാരണമുണ്ടായ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെ എങ്ങനെയാണ് നേരിടേണ്ടത്?
1)കൊവിഡ് ഹൃദയത്തെ ബാധിച്ചിട്ടുണ്ടോ എന്ന് എത്രയും പെട്ടെന്ന് കണ്ടെത്തുകയാണ് ഏറ്റവും പ്രധാനം. ദിവസവും നമ്മള്‍ ചെയ്യുന്ന സാധാരണ ജോലികളെ നിരീക്ഷിച്ചാല്‍ തന്നെ അത് നമുക്ക് മനസ്സിലാകും. കൊവിഡ് ഭേദമായ ശേഷം ഉണ്ടാകുന്ന നെഞ്ചുവേദന, അമിതമായ നെഞ്ചിടിപ്പ്, ക്ഷീണം, ശ്വാസംമുട്ട് എന്നീ ലക്ഷണങ്ങളെ അവഗണിക്കരുത്. ഒരുഡോക്ടറെ കണ്ട് പരിശോധനയ്ക്ക് വിധേയരാകുക.
2)കൊവിഡ് ഭേദമായ ശേഷം രണ്ടോമൂന്നോ മാസത്തേക്ക് കഠിനമായവ്യായാമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ ്‌നല്ലത്. വ്യായാമം കുറഞ്ഞവേഗത്തില്‍ തുടങ്ങി ക്രമേണ പഴയ ഗതിയിലേക്ക ്പതിയെ പതിയെ ഉയര്‍ത്തിക്കൊണ്ടുവരുന്നതാണ് ഉചിതം.
3) ധാരാളംവെള്ളംകുടിക്കുക. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. പഴങ്ങളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ജങ്ക്ഫുഡ് ഒഴിവാക്കുക.
ഹൃദ്രോഗങ്ങള്‍ ഉള്ളവര്‍ കൊവിഡ് വാക്‌സിന്‍ എടുക്കുന്നതിന് മുന്‍പ് മുന്‍കരുതലായി ഏതെങ്കിലും മരുന്ന് കഴിക്കേണ്ടതുണ്ടോ?
ഹൃദ്രോഗങ്ങള്‍ ഉള്ളവര്‍ക്ക് അവര്‍ സ്ഥിരമായി കഴിക്കുന്ന എല്ലാ മരുന്നുകളും കഴിക്കാവുന്നതാണ്. എന്നാല്‍ രക്തംകട്ട പിടിക്കുന്നതുമായി ബന്ധപ്പെട്ട മരുന്നുകള്‍ കഴിക്കുന്നവര്‍ വാക്‌സിന്‍ എടുക്കുന്നതിന് മുന്‍പ് പ്രോത്രോംബിന്‍ (prothrombin) അല്ലെങ്കില്‍ ഐ.എന്‍.ആര്‍ ടെസ്റ്റുകള്‍ക്ക് വിധേയരാകണം. ഐ.എന്‍.ആര്‍ ഉയര്‍ന്നതോതില്‍ ആണെങ്കില്‍ ഇന്‍ജെക്ഷന്‍ എടുക്കുന്ന ഭാഗത്ത് ഹേമറ്റോമ എന്ന അവസ്ഥയുണ്ടാകാന്‍ സാധ്യതയുണ്ട്.
കൊവിഡ് കാരണം കുട്ടികളില്‍ ഹൃദ്രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകൂടുതലാണോ?
കുട്ടികള്‍ക്ക് കോവിഡ് ബാധയുണ്ടാകാനുള്ള സാധ്യത മുതിര്‍ന്നവരെ അപേക്ഷിച്ച് കുറവാണ്. പക്ഷെ കൊവിഡ് ബാധിച്ച കുട്ടികളില്‍ അവരുടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനം കൂടുതല്‍ തീവ്രതയോടെ പ്രവര്‍ത്തിച്ചത ്കാരണം മള്‍ട്ടി ഇന്‍ഫ്‌ളമേട്ടറി സിന്‍ഡ്രോം എന്ന ഒരവസ്ഥയുണ്ടാകാന്‍ സാധ്യതയുണ്ട്. ഹൃദയത്തിന് പുറത്തെ കോശങ്ങളില്‍ നീര്, അസ്വസ്ഥത, ഹൃദയപേശികളില്‍ തകരാര്‍, ഹൃദയാഘാതം, ഷോക്ക് എന്നിവമൂലം മരണം വരെ സംഭവിച്ചേക്കാം. നേരത്തെയുള്ള രോഗനിര്‍ണയവും സ്റ്റെറോയിഡുകളും ഇമ്മ്യൂണോഗ്ലോബിന്‍സും ഉപയോഗിച്ചുള്ള ചികിത്സ വളരെഫലപ്രദമാണ്.
ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ജീവിതകാലം മുഴുവന്‍ നമ്മള്‍ ശ്രദ്ധയോടെ അതിനെ പരിചരിച്ചേ മതിയാകൂ. അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഹാര്‍ട്ട് അറ്റാക്കുകളെ തടുക്കാന്‍ ആരോഗ്യകരമായ ഭക്ഷണം, മുടങ്ങാതെയുള്ള വ്യായാമം, മാനസിക പിരിമുറുക്കങ്ങള്‍ ഒഴിവാക്കല്‍, പതിവായുള്ള ചെക്കപ്പുകള്‍ എന്നിങ്ങനെ നിസാരമായ ചില ശീലങ്ങള്‍ ജീവിതത്തില്‍ പാലിച്ചാല്‍ മതി.