ഞൊട്ടാഞൊടിയന്‍ ചില്ലറക്കാരനല്ല !

ഞൊട്ടാഞൊടിയന്‍ ചില്ലറക്കാരനല്ല !

ദിവാകരന്‍ ചോമ്പാല

ഈ കേരളീയ പഴം കിലോ 1000 രൂപയ്ക്ക് വിറ്റ് ലാഭം കൊയ്യാം. ഔഷധച്ചെടിയുടെ കലവറ എന്നുവിശേഷിപ്പിക്കാവുന്ന കേരളക്കരയുടെ പാതയോരത്തും വീട്ടുപറമ്പുകളിലും കുണ്ടനിടവഴികളിലെ ഓരങ്ങളില്‍ വരെയും അത്യമൂല്യ ഔഷധച്ചെടികളുടെ സ്വാഭാവിക വാസസ്ഥലമായിരുന്നു. പാടം പറമ്പായും പറമ്പുകള്‍ കോണ്‍ക്രീറ്റ് കാടുകളായും ഇടവഴികള്‍ ടാറിട്ട റോഡുകളായും വികസനത്തിന്റെ മുന്നേറ്റം. കാടുവെട്ട്യന്ത്രങ്ങളുടെ കടന്നുകയറ്റത്തിലും വന്‍ വര്‍ധനവും  സ്വീകാര്യതയും.  പരിസര ശുചീകരണത്തിന്റെ ഭാഗമായുള്ള തീയിട്ടുകരിക്കല്‍ , രാസലായനികള്‍ തളിക്കല്‍ തുടങ്ങിയ അശ്രദ്ധാപൂര്‍വ്വമായ ഇടപെടലുകളും രാസവളം , കളനാശിനികള്‍ തുടങ്ങിയവയ്ക്കൊപ്പം രാസകീടനാശിനികളുടെ അമിതോപയോഗം വേറെയും. വിലപ്പെട്ട ഒട്ടുമുക്കാല്‍ ഔഷധച്ചെടികളും അന്യം നിന്ന നിലയിലെത്തി എന്നുപറയുന്നതാവും കൂടുതല്‍ ശരി.

കാലവര്‍ഷം തുടങ്ങിയാല്‍ നമ്മുടെ നാട്ടുമ്പുറങ്ങളിലെ ഹരിതസമൃദ്ധിയില്‍ അവഗണക്കപ്പെട്ട നിലയില്‍ കാലാവസ്ഥാവ്യതിയാനത്തിനനുസരിച്ച് വളരുകയും നശിക്കുകയും ചെയ്യുന്ന ഔഷധ സസ്യമാണ് ഞൊട്ടാഞൊടിയന്‍. ആരാലും ശ്രദ്ധിക്കപ്പെടാതെ പോയ ഞൊട്ടാഞൊടിയന്‍ എന്ന ചെടിയുടെ കുഞ്ഞന്‍ പഴം അന്തര്‍ദേശീയ വിപണിയില്‍വരെ താരത്തിളക്കത്തിലെത്തി നില്‍ക്കുകയാണിപ്പോള്‍ .പ്രത്യേക പരിചചരണങ്ങളോ പരിശ്രമമോ പണച്ചിലവോ ഇല്ലാതെ പറമ്പിലോ , പൂച്ചട്ടികളിലോ , ഗ്രോബാഗുകളിലോ വളരെ കുറഞ്ഞ ചിലവില്‍ ആര്‍ക്കും നട്ടുവളര്‍ത്തി വളരെച്ചുരുങ്ങിയ കാലപരിധിക്കുള്ളില്‍ സുലഭമായി വിളവെടുക്കാവുന്ന വാര്‍ഷിക ചെടിയായ ഞൊട്ടാഞൊടിയന്റെ കടലമണിയോളം വലുപ്പമുള്ള ഒരു കുഞ്ഞു പഴത്തിന് അന്താരാഷ്ട്ര വിപണിയിലെ വില 17 രൂപയാണ്.

ആമസോണിലോ ഫ്ളിപ്ക്കാര്‍ട്ടിലോ ഞൊട്ടാഞൊടിയന്റെ ഇംഗ്ലീഷ് പേരായ Golden berry എന്ന് ടൈപ്പ് ചെയ്തുനോക്കിയാലയറിയാം നമ്മുടെ ഞൊട്ടാഞൊടിയന്റെ വിലയും നിലയും വില്‍പ്പന നിലവാരവും വിപണനമൂല്യവും ! ആഗോളവിപണിയില്‍ താരപ്പൊലിമ നേടിയ ഞൊട്ടാഞൊടിയനെ തിരഞ്ഞുകൊണ്ട് ആളുകള്‍ നെട്ടോട്ടമോടുന്ന അവസ്ഥയിലെത്തി നില്‍ക്കുന്നതായാണ് സമീപകാല വാര്‍ത്തകള്‍.

കുട്ടിക്കാലത്ത് ഞൊട്ടാഞൊടിയന്റെ മൂപ്പെത്താറായ കായകള്‍ പറിച്ച് നെറ്റിയില്‍ കുത്തി പൊട്ടാസ് പൊട്ടിച്ചു കളിച്ചവരായിരുന്നു നമ്മളില്‍ പലരും. ഗോള്‍ഡന്‍ ബെറി , ഞൊടിഞ്ചൊട്ട, മുട്ടമ്പുളി തുടങ്ങിയ പല പേരുകളിലും ഇതറയിപ്പെടുന്നു. വഴിയോരങ്ങളിലെ പാഴ്ച്ചെടിയായ ഈ സസ്യത്തിന്റെ തണ്ടില്‍ നേരിയ സഞ്ചിക്കകത്തായി താഴേക്ക് തൂങ്ങിനില്‍ക്കുന്ന ആകര്‍ഷണീയമായ കായകള്‍ കാഴ്ചയില്‍ അലങ്കാരവിളക്കുകള്‍ തൂങ്ങുന്നപോലെ തോന്നും .
അളവിലേറെ പോഷകമൂല്യം , അതിലേറെ ഔഷധഗുണം ! മികച്ച വരുമാനസാധ്യതയും വിപണനമൂല്യവുമുള്ള ഈ പാഴ്ച്ചെടിയുടെ പോഷകസമ്പന്നമായ കുഞ്ഞന്‍ പഴങ്ങള്‍ക്ക് അന്താരാഷ്ട്ര വിപണികളില്‍ വന്‍ ഡിമാന്‍ഡാണുള്ളത്. ജപ്പാനിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ഗോള്‍ഡന്‍ ബെറിയുടെ പത്തുകായകള്‍ അടങ്ങിയ പാക്കറ്റിന് 193 രൂപ കൊടുത്താണത്രെ ഒരു മലയാളി ഈ അടുത്തു വാങ്ങിയത്.

ആയുര്‍വ്വേദ ഔഷധനിര്‍മാണത്തിലും ഞൊട്ടാഞൊടിയന്‍ മുന്‍നിരയിലുണ്ട്. പുരാതനകാലം മുതല്‍ ആയുര്‍വ്വേദ ഔഷധ നിര്‍മാണത്തില്‍ മുഖ്യമായ സ്ഥാനം ഞൊട്ടാഞൊടിയന്‍ നേടിയിട്ടുള്ളതായാണറിവ്. ആയുര്‍വേദ ചികിത്സകനായിരുന്നു എന്റെ അച്ഛന്‍ ചോയി വൈദ്യര്‍. അദ്ദേഹമിന്നില്ല. ഏകദേശം 65 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അച്ഛന്റെ ഔഷധ ശാലയിലേക്ക് കുമാരന്‍ എന്ന മരുന്ന് നിര്‍മാണ സഹായി ഗുളിക അരക്കാറുള്ളതും ഞാന്‍ ഓര്‍ക്കുന്നു. ഞൊട്ടാഞൊടിയന്‍ കല്ലുരലിലിട്ട് ചതച്ച് നീരെടുത്ത് മറ്റു ഔഷധക്കൂട്ടുകളും ചേര്‍ത്ത് കുഴിയമ്മിയിലിട്ട് മാനസമിത്രവടകം എന്ന ഗുളിക അരച്ചുരുട്ടി  തണലിലുണക്കിയെടുക്കാറുള്ളതും ഞൊട്ടാഞൊടിയനെക്കുറിച്ചുള്ള എന്റെ പഴയ ഓര്‍മകള്‍.
ബുദ്ധിവികാസത്തിനും ഓര്‍മശക്തിക്കും മാനസികാസ്വസ്ഥതകള്‍ക്കും വരെ മാനസമിത്രവടകം ഗുളിക സാരസ്വതാരിഷ്ടത്തില്‍ ഉരസിച്ചേര്‍ത്ത് കൊടുക്കാന്‍ അച്ഛന്‍ പലര്‍ക്കും നിര്‍ദേശിക്കാറുള്ളതും ഞാന്‍ ഓര്‍ക്കുന്നു.

മഴക്കാലത്തുണ്ടാകുന്ന ചില്ലറ ചില ജലദോഷപ്പനിക്ക് ഞൊട്ടാഞൊടിയന്‍ കുരുമുളക് തിപ്പലി തുടങ്ങിയ ചിലതൊക്കെ ചേര്‍ത്ത് കുറുക്കു കഷായം ഉണ്ടാക്കി അച്ഛന്‍ ഞങ്ങള്‍ക്ക് തരുമായിരുന്നു. അസുഖം എളുപ്പത്തില്‍ മാറിയിട്ടുമുണ്ട്. ഞൊട്ടാഞൊടിയന്റെ പച്ചക്കായകള്‍ പറിച്ചുതിന്നരുതെന്നും പഴുത്തു പാകമായാല്‍ മാത്രമേ കഴിക്കാവൂ എന്നൊക്കെ ആ കാലത്ത് അച്ഛന്‍ പറഞ്ഞുതരുമായിരുന്നു. കാലാന്തരത്തില്‍ ഞൊട്ടാഞൊടിയന്‍ ഇത്രമാത്രം ആഗോളപ്രശസ്തി നേടുമെന്നൊന്നും അന്നോര്‍ത്തതുമില്ല. മഹാത്ഭുതം എന്നല്ലാതെന്ത് പറയാന്‍?.

ഞൊട്ടാഞൊടിയനും അര്‍ബുദവും

പതിവായി ഈ പഴം കഴിക്കുന്നവര്‍ക്ക് ഉദരം , മലാശയം , പോസ്റ്ററേറ്റ് , ശ്വാസകോശം, സ്തനം തുടങ്ങിയ അവയവങ്ങളിലെ കാന്‍സര്‍ ബാധക്ക് അയവു വരുത്താന്‍ ഈ ചെടി ഏറെ സഹായകമാണെന്നും ലിവര്‍ , കിഡ്നി തുടങ്ങിയവയുടെ ആരോഗ്യ സംരക്ഷണത്തിന് ഞൊട്ടാഞൊടിയന്റെ ഉപയോഗം ആക്കം കൂട്ടുമെന്നും രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തി അര്‍ബുദത്തിന്റെ വ്യാപന വ്യാപ്തി കുറക്കുമെന്നും ആധുനിക ആയുര്‍വ്വേദ വിദഗ്ദ്ധര്‍ സ്ഥിരീകരിക്കുന്നു.Cistitis പോലുള്ള മൂത്രസഞ്ചിക്കുണ്ടാവുന്ന പലരോഗങ്ങള്‍ക്കും ഈ ചെടി അത്ഭുതകരമായ ഫലം ചെയ്യുമത്രേ.

മുലയൂട്ടുന്ന അമ്മമാര്‍ക്ക് മുലപ്പാല്‍ വര്‍ധിപ്പിക്കാന്‍ ഈ ചെടിയുടെ ഇല അരച്ച് മുലയില്‍ ലേപനം ചെയ്താല്‍ മുലപ്പാല്‍ വര്‍ധിക്കുമെന്നും കാണുന്നു. ആഹാരത്തിലൂടെയും അല്ലാതെയും രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ള വിഷമാലിന്യങ്ങള്‍ ഇല്ലായ്മ ചെയ്ത് രക്തശുദ്ധി വരുത്താന്‍ ഉത്തമമായ ഞൊട്ടാഞൊടിയന്റെ നീരില്‍ വില്വാദി ഗുളിക അരച്ചുചേര്‍ത്തുള്ള ചികിത്സ വിഷചികിത്സയിലുണ്ടെന്ന് പറയപ്പെടുന്നു.

ചിക്കുന്‍ ഗുനിയ പോലുള്ള രോഗങ്ങള്‍ പിടിപെട്ടവരില്‍ പലര്‍ക്കും പാരസെറ്റ് മോള്‍ കഴിച്ചതിനുശേഷം കൈകാലുകളില്‍ നീര്‍വീക്കമുണ്ടാവുകയും അത്തരം സാഹചര്യങ്ങളില്‍ വിഷശമനം എന്നനിലയില്‍ രക്തത്തില്‍ നിന്ന് വിഘടിച്ചുനില്‍ക്കുന്ന വൈറസ് ടോക്‌സിനെ മൂത്രത്തില്‍കൂടി സംഹരിക്കുവാനുള്ള കഴിവ് ഈ അത്ഭുത ചെടിക്കുണ്ടെന്നും വിദഗ്ധ ആയുര്‍വേദ പ്രമുഖര്‍ പറയുന്നു.

പാഷന്‍ ഫ്രൂട്ടിനേക്കാള്‍ നാല്‍പ്പതിരട്ടി പോഷകസമ്പന്നമായ ഗോള്‍ഡന്‍ ബെറിയില്‍ ഫൈബറുകള്‍ ധാരാളം അടങ്ങിയതിനാല്‍ പ്രമേഹരോഗികള്‍ക്കും ഏറെ ഉത്തമാണെന്നാണറിവ്. സോറിയാസിസ് പോലുള്ള ഗുരുതരമായ ചര്‍മരോഗങ്ങള്‍ക്ക് ഈ ചെടി സമൂലം കഷായം വച്ച് കഴിക്കുന്നതും ഏറെ ഗുണകരമെന്നറിയുന്നു. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍, അമിതവണ്ണം, എല്ലുകളുടെ ആരോഗ്യം , ആസ്ത്മ , നീര്‍വീക്കം തുടങ്ങിയ ഒരുമാതിരി രോഗങ്ങള്‍ക്കെല്ലാം ഔഷധമായ ഞൊട്ടാഞൊടിയന്‍ ചെടിയെ സര്‍വ്വരോഗ സംഹാരി എന്നുപറഞ്ഞാല്‍ തെറ്റാവുമോ ?

ഞൊട്ടാഞൊടിയന്‍ ഉപയോഗിക്കുന്നതിന് മുന്‍പ് വിദഗ്ദ്ധനായ ആയുര്‍വ്വേദാ ചികിത്സകന്റെ നിര്‍ദേശമനുസരിച്ചാകണമെന്നുമാത്രം. ഓലേയിക് ആസിഡ് , ലിനോലെയിക് ആസിഡ് തുടങ്ങിയ ശരീരത്തിനാവശ്യമായ ഫാറ്റി ആസിഡുകളുടെ ഉറവിടം കൂടിയായ ഈ മള്‍ട്ടിവിറ്റമിന്‍ ഫ്രൂട്ട് കൊളസ്ട്രോള്‍ കുറക്കുന്നതായും ഉയര്‍ന്ന രക്തസമ്മര്‍ദത്തെ പ്രധിരോധിക്കുന്നതായും അനുഭവസ്ഥര്‍ പറയുന്ന ഈ ചെടി വ്യാപകമായി നട്ടുവളര്‍ത്താനുള്ള കര്‍മപദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കുമെങ്കില്‍ തൊഴില്‍രഹിതരായ ആയിരങ്ങള്‍ക്ക് നല്ലൊരു വരുമാന മാര്‍ഗമായിക്കൂടെന്നില്ല. വിത്തുകള്‍ മുഖേനയാണ് ഞൊട്ടാഞൊടിയന്‍ പ്രജനനം നടത്തുന്നത്. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലാവും വിത്തുകള്‍ നടാന്‍ അനുയോജ്യമായ സമയം. കാട്ടുചെടിയായി മലയാളി കരുതിയ ഈ ഇത്തിരിക്കുഞ്ഞന് വില ഒത്തിരി. എന്നാലെന്ത് ? ലഭിക്കുന്ന ഔഷധഗുണം പെരുത്തത് .

Share

Leave a Reply

Your email address will not be published. Required fields are marked *