പ്ലാവ് നട്ടുവളര്‍ത്താം ആരോഗ്യത്തിന് കരുതല്‍ നല്‍കാം

പ്ലാവ് നട്ടുവളര്‍ത്താം ആരോഗ്യത്തിന് കരുതല്‍ നല്‍കാം

ദിവാകരന്‍ ചോമ്പാല

”പക്ഷിക്കും പഥികനും മാത്രമല്ല കാറ്റിനുപോലും വാത്സല്യം പകര്‍ന്ന ”ഒരു തണല്‍ മരമായെങ്കിലും അത്രയും പ്ലാവുകള്‍ വെട്ടാതെ നിര്‍ത്തിയിരുന്നുവെങ്കില്‍ വിഷം തീണ്ടാത്ത ചക്ക ലോഡുകണക്കിന് കിട്ടുമായിരുന്നു തീര്‍ച്ച. കേരളത്തിലെ അല്‍പ്പവരുമാനക്കാരുടെ വിഭവസമൃദ്ധമായ സദ്യയായിരുന്നു ഒരുകാലത്ത് ചക്കപ്പുഴുക്ക്. ഒപ്പം ചൂടുള്ള കഞ്ഞിയും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാഴയിലച്ചീന്തിലെ ചക്കപ്പുഴുക്കിനൊപ്പം ഓട്ടുകിണ്ണത്തില്‍ വിളമ്പിക്കിട്ടിയ ചൂടുള്ള കഞ്ഞി പ്ലാവിലക്കുമ്പിളില്‍ കോരിക്കുടിച്ചിരുന്ന ഗൃഹാതുരത്വം കലര്‍ന്ന ഓര്‍മ അഭിമാനപൂര്‍വം പങ്കുവെയ്ക്കട്ടെ.

വര്‍ഷക്കാലത്ത് ഇവിടങ്ങളിലെ നാട്ടിടവഴികളൂടെ നടക്കുമ്പോള്‍ പലയിടങ്ങളിലും പഴുത്തു പാകമായ ചക്കകള്‍ വീണുടഞ്ഞും അഴുകിയതുമായ നിലയില്‍ കാണുന്നതാവട്ടെ സമീപ കാലങ്ങളിലെ പതിവ് കാഴ്ച. രാത്രികാലങ്ങളില്‍ കുറുക്കന്മാരുടെ സാന്നിധ്യമാവും ചക്ക വീണിടങ്ങളില്‍. മലയാളിയുടെ ഭക്ഷ്യസംസ്‌കാരത്തില്‍ വന്ന മാറ്റം മാത്രമല്ല , ഉയരം കൂടിയ പ്ലാവുകളില്‍നിന്നും സമയാസമയം ചക്ക പറിക്കാന്‍ പണ്ടത്തെപ്പോലെ ആളെ കിട്ടാത്തതും ഇതിന്റെ മുഖ്യ കാരണമായി വേണം കരുതാന്‍.

രുചിവൈവിധ്യങ്ങളാല്‍ സമ്പന്നമായതും അശേഷം വിഷം തീണ്ടാത്തതുമായ ചക്ക മുറിക്കാനും വൃത്തിയാക്കാനും പാചകം ചെയ്യേണ്ട പരുവത്തിലാക്കാനും വരെ അറിയാത്തവരാണ് പുതിയ തലമുറയില്‍പ്പെട്ട പലരും എന്ന് പറഞ്ഞാല്‍ തെറ്റാവില്ല. നെയില്‍ പോളീഷിട്ടു മിനുക്കിയ വിരലുകളില്‍ ചക്ക വിളഞ്ഞി ഒട്ടിപ്പിടിച്ചത് വൃത്തിയാക്കാനറിയാത്തവരും പുതിയതലമുറയിലില്ലാതല്ല .ഫാസ്റ്റ് ഫുഡും, സോഫ്റ്റ് ഫുഡും, ഫ്രൈയ്ഡ് റൈസും, നൂഡില്‍സും, ഷവര്‍മ്മയുമൊക്കെയാണ് യുവതലമുറക്കാരുടെ ഇന്നത്തെ പഥ്യാഹാരം. ആരോഗ്യകരവും പോഷകസമ്പന്നവുമായ ഭക്ഷണശീലങ്ങള്‍ കൈമോശം വരാതെ പിന്തുടര്‍ന്നു വന്ന നമ്മുടെ പഴയതലമുറക്കാരുടെ അവശ്യവസ്തുവായിരുന്ന ചക്ക ആര്‍ക്കും വേണ്ടാതായതെന്തുകൊണ്ടാണാവോ ?

പണ്ടുകാലങ്ങളില്‍ മഴക്കാലമായാല്‍ ഭക്ഷ്യക്ഷാമം ഏറെക്കുറെ പരിഹരിച്ചിരുന്നതും ഈ ചക്ക കൊണ്ടുതന്നെ. മാംസ്യം,അന്നജം, ഇരുമ്പ്, കൊഴുപ്പ്, സോഡിയം, പൊട്ടാസ്യം തുടങ്ങിയവ വര്‍ധിച്ച തോതില്‍ അടങ്ങിയിരിക്കുന്ന ചക്കക്കുരുവാകട്ടെ പ്രോട്ടീന്‍ സമ്പുഷ്ടമായിട്ടുള്ള അമൂല്യ ഭക്ഷ്യവസ്തുവാണ്. കൊഴുപ്പിന്റെ അംശമാവട്ടെ ഇതില്‍ വളരെ കുറവാണ്.ചക്കയില്‍ കൊളസ്ട്രോള്‍ തീരെയില്ലെന്നതും എടുത്തുപറയാവുന്ന പ്രത്യേകതയാണ്.ചക്കക്കുരുവില്‍ തവിട്ട് തവിട്ടുനിറത്തില്‍ ഒട്ടിപ്പിടിച്ചിരിക്കുന്ന നേര്‍ത്ത തൊലി ചുരണ്ടിക്കളഞ്ഞുകൊണ്ടാണ് പലരും ചക്കക്കുരു പാചകം ചെയ്യാറുള്ളത്. എന്നാല്‍ ഈ നേര്‍ത്ത തൊലിയില്‍ കാന്‍സറിനെയും, എയ്ഡ്സിനെയും ചെറുക്കുന്ന മുഖ്യഘടകങ്ങള്‍ കൂടുതലായും അടങ്ങിയിരിക്കുന്നതായി പ്രമുഖ കൃഷി ഗവേഷകയും എഴുത്തുകാരിയുമായ പി.രജനി ”മുത്തശ്ശി വൈദ്യം ” എന്ന പുസ്തകത്തില്‍ വ്യക്തമാക്കുന്ന തായി കാണുന്നു.

ഈയിടെ പുതുപ്പണത്ത് ഒരു സമ്പന്നന്റെ വീട്ടില്‍ നടന്ന വിരുന്നു സല്‍ക്കാരത്തിനായുള്ള ബുഫെയില്‍ ലഭിച്ചതില്‍ ചക്കപ്പുഴുക്കായിരുന്നു ഒരു മുഖ്യവിഭവം. ഡിസ്‌പോസിബിള്‍ പ്ലേറ്റില്‍ വിളമ്പിക്കിട്ടിയ രുചികരമായ ചക്കപ്പുഴുക്ക് കോരിത്തിന്നാന്‍ മുള്ളുപോലുള്ള പ്ലാസ്റ്റിക് ഫോര്‍ക്ക് വേറെയും. ചക്കപ്പുഴുക്കെന്ന് കേട്ടാല്‍ അല്‍പ്പം നാണത്തോടെ പുറം തിരിയുന്ന അവസ്ഥക്ക് ഗണ്യമായ തോതില്‍ മാറ്റങ്ങള്‍ വന്നുതുടങ്ങിയെന്നുവേണം കരുതാന്‍. പഞ്ചനക്ഷത്രഹോട്ടലുകളിലെ ശീതീകരിച്ച ഭക്ഷണയിടങ്ങളിലെ ഡൈനിങ് ടേബിളിനരികെയുള്ള അരണ്ടവെളിച്ചത്തില്‍ മെനുവിലൂടെ വെറുതെ ഒന്ന് കണ്ണോടിച്ചാലറിയാം ചക്കയെന്ന ”ജാക്ക്ഫ്രൂട്ടിന്റെ” രാജകീയ പ്രൗഢി ! രാജ്യാന്തര നിലവാരം ! പകരക്കാരനില്ലാത്ത സ്വീകാര്യത !. സ്പൈസി ജാക്ക് റോസ്റ്റ് , ജാക്ക് ജാഗറി സ്വീറ്റ്‌സ്, ഗോള്‍ഡന്‍ ജാക്ക്സ് മിക്‌സ്ചര്‍ അങ്ങനെ പോകുന്നു മലയാളിക്ക് സുപരിചിതമല്ലാത്ത ചക്കവിഭവങ്ങളുടെ പേരുകള്‍.

അരനൂറ്റാണ്ടിന് മുന്‍പ് കൊച്ചിയിലെ സീലോര്‍ഡ് ഹോട്ടലില്‍ സ്റ്റീം കേക്ക് എന്ന പുതിയ ഐറ്റം ഓര്‍ഡര്‍ ചെയ്തതും ഇലയില്‍ ചുരുട്ടിയ ചൂടുള്ള നാടന്‍പുട്ട് കണ്ട് അന്തം വിട്ടുപോയതും എന്റെ വിസ്മരിക്കാത്ത ഓര്‍മക്കാഴ്ച. കടലിനക്കരെനിന്നും സായിപ്പന്മാരുടെ നാവില്‍നിന്ന് വീണുകിട്ടിയ ” ജാക്ക് ഫ്രൂട്ട് പെരുമ ”കേരളത്തിനുപകാരവും അനുഗ്രഹവുമായെന്നുവേണം പറയാന്‍. ചക്കക്കുരുവിന്റെ വില ക്വിന്റലിന് 2500 രൂപയിലെത്തി നില്‍ക്കുന്നതായാണ് സമീപകാല വാര്‍ത്തകളില്‍നിന്നും മനസ്സിലാവുന്നത്.വയനാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജാക്ക് ഫ്രൂട്ട് ഡെവലപ്പ്‌മെന്റ് ആന്‍ഡ് പ്രോസസിങ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷകരുടെ പക്കല്‍നിന്നും ശുദ്ധമായ ചക്കക്കുരു ശേഖരിച്ചുതുടങ്ങിയതായറിയുന്നു. നെല്ലിനേക്കാള്‍ വില നല്‍കിയാണ് ഈ സ്ഥാപനം ചക്കക്കുരു ശേഖരിക്കുന്നതത്രെ.

ഒരു ക്വിന്റല്‍ നെല്ലിന് 1600 രൂപ. അതേസമയം ചക്കക്കുരുവിന് ലഭിക്കുന്നതാവട്ടെ പ്രസ്തുത വിലയേക്കാള്‍ 900 രൂപ കൂടുതല്‍. ചെറുകിടക്കാരില്‍ നിന്നും കുറഞ്ഞ അളവിലും ചക്കക്കുരു സ്വീകരിക്കുമെന്നും ഒരു കിലോ ചക്കക്കുരുവിന് 25 രൂപ നിരക്കില്‍ വിപണി വില ലഭിക്കുമെന്നും അറിയുന്നു. വീടുകളില്‍ വന്ന് ചക്കക്കുരു ശേഖരിക്കാനും ഇവര്‍ സന്നദ്ധരാണെന്നാണറിവ്. കര്‍ഷകരില്‍ നിന്നും ശേഖരിക്കുന്ന ചക്കക്കുരു പൊടിയാക്കി മില്‍ക്ക് ഷേക്ക്, പായസം കുഞ്ഞുങ്ങള്‍ക്കുള്ള ആഹാരം, ചോക്ലേറ്റ് , കേക്ക് തുടങ്ങിയ നിരവധി മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുകയാണ് ഈ സൊസൈറ്റി ചെയ്തുവരുന്നത്.

ലണ്ടനില്‍ ഒരു കിലോ ചക്കക്കുരുവിന് ഇന്ത്യന്‍ രൂപ 700 കൊടുത്തുവാങ്ങിയതായി ഒരു സുഹൃത്ത് സമൂഹമാധ്യമങ്ങളില്‍ ഈ അടുത്തദിവസം പങ്കുവെച്ചതും കാണാനിടയായി. കൃത്യമായ പരിചരണങ്ങളൊന്നുമില്ലാതെ നമ്മുടെ പറമ്പുകളില്‍ സുഗമമായ തോതില്‍ മുറ്റിത്തഴച്ചുവളരുന്ന വൃക്ഷമാണ് പിലാവ് എന്ന പ്ലാവ്. സാമാന്യം തടിച്ചുയര്‍ന്ന ഉള്ളുറപ്പുള്ള തടിയും നിബിഡമായ ഇലച്ചാര്‍ത്തുകളുമുള്ള പ്ലാവുകള്‍ ഒട്ടുമുക്കാല്‍ പറമ്പുകളിലും പഴയ കാരണവന്മാര്‍ നട്ടുപിടിപ്പിച്ചിരുന്നു. വീടുനിര്‍മാണത്തിനും അമ്പലങ്ങളുടെ നിര്‍മാണത്തിനും വെട്ടിയെടുക്കാന്‍ വേണ്ടി മാത്രമായിരുന്നില്ലെന്നുതന്നെ വേണം കരുതാന് .
മനുഷ്യനും കന്നുകാലികള്‍ക്കുമുള്ള ഭക്ഷണം, ഇലകള്‍ കാലിത്തീറ്റയ്ക്ക് , ഔഷധാവശ്യങ്ങള്‍ , വിറക് , മരത്തടി ഉപയോഗം ഇതിലെല്ലാറ്റിനുമുപരി കൂടുതല്‍ ഓക്‌സിജന്‍ തരുന്ന ഒന്നാംതരം തണല്‍ മരവും കൂടിയാണ് പ്ലാവ്.

ഇന്ത്യ, ബംഗ്ലാദേശ് , മലേഷ്യ , തായ്ലാന്‍ഡ് , ബ്രസീല്‍ തുടങ്ങിയ പല രാജ്യങ്ങളിലും സമൃദ്ധിയായി വളരുന്ന പ്ലാവിന്റെ ജന്മസ്ഥലം ഇന്ത്യയിലെ പശ്ചിമഘട്ടം. ചക്ക കേരളത്തിന്റെ ഔദ്യോദിക ഫലം കൂടിയാണ്.
വന്മരങ്ങളായി വളരുന്നവയില്‍ ഉണ്ടാകുന്ന പഴങ്ങളില്‍ ഏറ്റവും വലുതും അത്രതന്നെ രുചിയും പോഷകസമ്പന്നവുമായ ചക്ക മുഖ്യമായും രണ്ടുതരത്തിലാണുള്ളത്.വരിക്കച്ചക്ക , പഴഞ്ചക്ക. തേന്‍വരിക്ക , മുട്ടം വരിക്ക , സിന്ദൂര വരിക്ക അങ്ങനെ പേരുകള്‍ പലത്. ചക്ക സുലഭമായി ലഭിക്കുന്നത് ഏപ്രില്‍ മാസം മുതല്‍ ജൂലൈ വരെയാണ്. ചക്കപ്പുഴുക്ക്, ചക്കകൊണ്ടുള്ള മധുരക്കറി , പായസം, ചക്കവരട്ടി , ചക്കക്കുരു ഉപ്പേരി, ചക്കക്കുരു കട്ട്‌ലറ്റ്, ചക്കക്കുരു ഷെയ്ക് തുടങ്ങി സ്വാദും ആരോഗ്യവും പ്രധാനം ചെയ്യുന്ന ചക്കവിഭവങ്ങള്‍ മലയാളിയുടെ തീന്‍ മേശകളില്‍ മാത്രമല്ല ആഗോളതലത്തില്‍ വരെ സ്വീകാര്യത വര്‍ധിച്ചുകൊണ്ടിരിക്കുന്നു.

”വരിക്ക ചക്ക തേനില്‍ മുക്കി തിന്നണപോലൊരു ചേലാണ് ”
-ആധുനിക കവികള്‍ക്കും ചക്ക പ്രിയങ്കരം. പതിനേഴാം നൂറ്റാണ്ടില്‍ കൊച്ചിയില്‍ ഡച്ച് ഗവര്‍ണറായിരുന്ന ഹെന്‍ഡ്രിക് ആന്‍ഡ്രിയാന്‍ വാന്റീഡ് എന്ന വിദേശി കേരളത്തിലെ 679 വ്യത്യസ്ത സസ്യസമ്പത്തിനെക്കുറിച്ച് പഠനാര്‍ഹമായ രീതിയില്‍ തയാര്‍ ചെയ്തതാണ് ‘ഹോര്‍ത്തുസ് മലബാറിക്കൂസ് ‘എന്ന പ്രാചീന ലാറ്റിന്‍ ഗ്രന്ഥം.

ഈ ഗ്രന്ഥത്തില്‍ ചക്കപ്പഴം ലഭിക്കുന്ന പ്ലാവിനെക്കുറിച്ചും പരാമര്‍ശിക്കപ്പെട്ടതായികാണുന്നു.
കാലിക്കറ്റ് സര്‍വകലാശാല 2008ല്‍ പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിന്റെ മലയാളം പരിഭാഷയില്‍ കാലിക്കറ്റ് സര്‍വകലാശാല ബോട്ടണി പ്രൊഫസറായിരുന്ന ഡോ. മണിലാല്‍ പ്ലാവിന്റെ മഹത്വം വ്യക്തമാക്കുന്നതായി കാണാം. നമ്മുടെ നാട്ടില്‍ ആറായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ പ്ലാവ് നട്ടുപിടിപ്പിക്കുന്ന കൃഷിരീതി നിലവിലുണ്ടായിരുന്നുവെന്നുവേണം കരുതാന്‍. പണ്ടൊക്കെ ഏറിയാല്‍ നാലോ അഞ്ചോ രൂപകൊടുത്താല്‍ ലഭിക്കുമായിരുന്ന ചക്കയുടെ നിലയും വിലയും ഇന്നാകെ മാറി. മൂല്യ വര്‍ധിത ഉല്‍പന്നങ്ങളുടെ വിളനിലമായിത്തീര്‍ന്നിരിക്കുന്നു പാഴ്‌വസ്തവായി നമ്മള്‍ പിറകോട്ട് തള്ളിയ ചക്ക.

ഒരു ചക്ക പറിച്ചുകിട്ടണമെങ്കില്‍ ഇന്ന് ചുരുങ്ങിയത് 50 രൂപയെങ്കിലും കൂലികൊടുക്കേണ്ടതായും വരും.
ആമസോണിലും ഫ്‌ളിപ്പ്ക്കാര്‍ട്ടിലും പരതിയാലറിയാം ചക്കക്കുരു ചില്ലറക്കാരനല്ലെന്ന് .ചക്കയെ ഈ നിലയിലെത്തിക്കാന്‍ യത്‌നിച്ചവരില്‍ ശ്രീപദ്രെ എന്ന മഹദ് വ്യക്തിത്വത്തെ എത്ര പുകഴ്ത്തിയാലും മതിയാവില്ല. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ചക്കയെ മുന്‍നിരയിലെത്തിക്കാന്‍ വടക്കന്‍കേരളത്തിലെ ഒരു സ്വതന്ത്ര പത്രപ്രവര്‍ത്തകനായ ശ്രീപദ്രെ പതിമൂന്നുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒറ്റയാള്‍ പോരാട്ടവുമായി രംഗത്തെത്തുകയാണുണ്ടായത്.

‘അഡിഗെ പത്രികെ’ എന്ന കന്നട ഭാഷയിലുള്ള മാസികയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ നിശബ്ദ പോരാട്ടം. അശേഷം മായം കലരാത്ത ശുദ്ധവും പോഷകസമ്പന്നവുമായ ചക്കയെ അധഃകൃതരുടെ മുഖ്യഭക്ഷണമായി കരുതിക്കൊണ്ട് സാമാന്യജനങ്ങള്‍ പുറംതള്ളിയതിനെതിരേ ഹൃദയവേദനയോടെ പ്രതികരിക്കുകയായിരുന്ന ഈ പ്രകൃതി സ്നേഹി അഥവാ മനുഷ്യസ്‌നേഹി.
തിരുവനന്തപുരത്തെ ജാക്ക് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ , ആറന്മുള പൈതൃക പഠനകേന്ദ്രം തുടങ്ങിയ നിരവധി സംഘടനകളുടേയും പ്രമുഖ വ്യക്തിത്വങ്ങളുടേയും നിസ്സീമമായ സഹകരണവും കൂട്ടായ്മയും ഇക്കാര്യത്തില്‍ വേണ്ടത്ര ഉണ്ടായിട്ടുമുണ്ട് .

ഒരുലക്ഷത്തോളം പ്ലാവുകള്‍ നട്ടുപിടിപ്പിക്കുകയെന്നത് ജീവിതവ്രതമാക്കിയ പ്ലാവ് ജയന്‍ എന്നപേരിലറിയപ്പെടുന്ന കെ.ആര്‍ ജയന്‍ ”വര്‍ഷം മുഴുവന്‍ ചക്ക”യെന്ന വിശേഷവുമായി ഏറെ ശ്രദ്ധേയനായ കുറുമാല്‍ക്കുന്നിലെ പ്ലാവുതോട്ടക്കാരന്‍ വര്‍ഗ്ഗീസ് തരകന്‍ തുടങ്ങി അങ്ങനെ എണ്ണിയാല്‍ തീരാത്ത ചക്കപ്രിയരുടെ നാടാണ് കേരളം. ചക്കപ്രഥമന്റെ രുചിയാണെങ്കില്‍ അതൊന്നു വേറെ. ഏറെ പൊക്കത്തില്‍ വളരുന്ന പ്ലാവിന്റെ ഉച്ചിയില്‍ വിരിയുന്ന ചക്കകള്‍ കയറിപ്പറിക്കാന്‍ ആളില്ലാത്ത അവസ്ഥ. എന്നാല്‍ വേണമെങ്കില്‍ വേരില്‍ മാത്രമല്ല പൂച്ചട്ടികളിലും വലിയ ഗ്രോബാഗുകളിലുംവരെ ചക്കവിരിയിക്കാമെന്ന നിലയിലേക്കാണ് സമീപകാല വാര്‍ത്തകള്‍ വിരല്‍ചൂണ്ടുന്നത്. രണ്ടുവര്‍ഷത്തിനകം ചക്ക വിളയുന്ന ആയുര്‍ ജാക്ക് , വിയറ്റ്‌നാം സൂപ്പര്‍ ഏര്‍ലി തുടങ്ങിയ നിരവധി ഇനം വിപണിയില്‍ സൂപ്പര്‍താരങ്ങളായിത്തീര്‍ന്നിരിക്കുന്നത് ആശാവഹം എന്ന് പറയാതെ വയ്യ. വിളഞ്ഞി അഥവാ പശയില്ലാത്ത സോംപാടി വരിക്ക എന്നൊരിനം വേറെയും വിപണിയിലെത്തിയിരിക്കുന്നു,
വിയറ്റ്നാം ,തായ്ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഇതിന്റെ നടീല്‍ വസ്തുക്കള്‍ നമ്മുടെ നാട്ടില്‍ ചേക്കേറിയത്.

നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ബോര്‍ഡിന്റെയും കൃഷി വകുപ്പിന്റെയും സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷ്യന്റെയും അംഗീകാരത്തോടും സഹായത്തോടുംകൂടി പ്രവര്‍ത്തിക്കുന്ന ദക്ഷിണേന്ത്യയിലെ ലോകോത്തര നഴ്സറിയായ കാഞ്ഞിരപ്പള്ളിയിലെ ഹോംഗ്രോണ്‍ ബയോടെക് പോലുള്ള സ്ഥാപനങ്ങള്‍ പ്ലാവിന്‍ കൃഷിയിലൂടെ വന്‍ സാധ്യതകള്‍ തുറന്നിടുകയാണ്. കുരുവും അരക്കുമില്ലാത്ത ചക്ക വിളയുന്ന നടീല്‍വസ്തുക്കളും ഇവിടെ ലഭിക്കുമെന്നറിയുന്നു.എന്നാല്‍ ബഡ്ഡിങ് , ഗ്രാഫ്റ്റിങ് തുടങ്ങിയ രീതികളില്‍ വികസിപ്പിച്ചെടുത്ത ഇത്തരം പ്ലാവിന്‍ തൈകളുടെ ദീര്‍ഘായുസും തടിമിടുക്കും കായ്ഫലവും കാത്തിരുന്നു കാണേണ്ടതുതന്നെ.

ഞങ്ങളുടെ പറമ്പില്‍ നൂറോ ഇരുനൂറോ വര്‍ഷങ്ങള്‍ക്കു മുന്‍പ് പൂര്‍വീകന്മാര്‍ വച്ച വലിയ തടിയന്‍ തേന്‍ വരിക്കപ്ലാവ് വെട്ടി മരമൊരുക്കിക്കൊണ്ടായിരുന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ഗൃഹനിര്‍മാണത്തിന് തുടക്കം കുറിച്ചത്. കൂട്ടത്തില്‍ എന്റെ ഭാര്യയുടെ അവകാശപ്പെട്ട പറമ്പില്‍ നിന്നും കൂറ്റന്‍ പ്ലാവുമരം ഒരെണ്ണം വേറെയും വെട്ടി. പടുകൂറ്റന്‍ പ്ലാവ് വെട്ടിക്കൊണ്ടായിരുന്നു ഞങ്ങളുടെ തറവാട് വീട് പുതുക്കി പണിതത്.
എന്റെ സഹോദരന്‍ വീട്വെക്കുമ്പോള്‍ ഞങ്ങളുടെ മറ്റു പറമ്പുകളിലുള്ള കാലപ്പഴക്കമുള്ള പ്ലാവുകള്‍ ചെറുതും വലുതും വെട്ടിമാറ്റി കട്ടിള ജനലുകള്‍ നിര്‍മിച്ചു. എന്റെ സഹോദരിക്കുവേണ്ടി വീട് വെക്കുമ്പോള്‍ ശേഷിച്ച പ്ലാവുകളില്‍ അമ്മച്ചിപ്ലാവായ ഒരണ്ണം വലുത് നോക്കി വീണ്ടും വെട്ടി. പകരം ഞങ്ങളാരും പ്ലാവുകള്‍ വച്ചതുമില്ല.
ഒരുകാലത്ത് ഞങ്ങളുടെ ആവശ്യം കഴിഞ്ഞശേഷം പലര്‍ക്കും ദാനമായി ചക്കനല്‍കിയിരുന്നത് ഈ പ്ലാവുകളില്‍ നിന്നായിരുന്നുവെന്നത് എന്റെ കുട്ടിക്കാല ഓര്‍മ. കൊളരാട് തെരുവില്‍ നിന്നും കടപ്പുറം ഭാഗങ്ങളില്‍നിന്ന് വരെ ചക്ക ചോദിച്ചുകൊണ്ട് ഞങ്ങളുടെ വീട്ടില്‍ സ്ഥിരമായെത്തിയിരുന്നവരില്‍ പലരും ഇന്ന് ജീവിച്ചിരിപ്പില്ല.

വിശപ്പടക്കാനുള്ള ചക്ക ആരുചോദിച്ചാലും സന്തോഷത്തോടെ വെട്ടിയിട്ടുകൊടുക്കുക, അതായിരുന്നു അന്നത്തെ നാട്ടുമര്യാദ. ആവശ്യക്കാര്‍ ആരെങ്കിലും അനുവാദം ചോദിക്കാതെ ചക്ക പറിച്ചോണ്ട് പോയാല്‍ അമ്മ ആരോടും വഴക്കിടുന്നതും കണ്ടിട്ടില്ല. ചക്ക അത്രത്തോളം ജനകീയമായിരുന്നു ആ കാലത്ത്. മഴക്കാലത്തെ ഉപയോഗത്തിനായി ധാരാളം ചക്കക്കുരു സൂക്ഷിക്കുമായിരുന്നു. മുരിങ്ങ ഇലയും ചക്കക്കുരുവും കൊണ്ടുള്ള കറി. ചക്കക്കുരു വരട്ടിയത്. അങ്ങനെ പോകുന്നു പോയകാലത്തെ ഓര്‍മകള്‍. മത്സ്യമാംസാദികള്‍ അശേഷം കഴിക്കാത്ത എന്റെ അച്ഛന്റെ ഇഷ്ടഭക്ഷണങ്ങളില്‍ ചക്കക്കുരു മെഴുക്കുപുരട്ടിയതായിരുന്നു ഏറെ മുന്നില്‍.
പഴുത്ത ചക്ക കാണാക്കനിയായി മാറി. ഇനി ആര് തരും പത്ത് ചക്കക്കുരു? എന്നാല്‍ ഇന്ന് ഇടിച്ചക്കത്തോരന്‍ വയ്ക്കാന്‍ ഒരു പിഞ്ച് ചക്കക്കു വേണ്ടി അന്യന്റെ ഔദാര്യം തേടേണ്ടി വരുന്ന അവസ്ഥയിലെത്തി നില്‍ക്കുന്നു ഞാനും എന്റെ വീട്ടുകാരും എന്നത് മറ്റൊരുദുഃഖ സത്യം. ആരാണിതിനുത്തരവാദി ? തികഞ്ഞ കുറ്റബോധത്തോടെ ഞാന്‍ സമ്മതിക്കുന്നു. മറ്റാരുമല്ല ,നമ്മള്‍ തന്നെയാണ് കാരണക്കാര്‍.

ഇന്നത്തെ മാര്‍ക്കറ്റ് വിലയനുസരിച്ച് പതിനായിരക്കണക്കിന് രൂപയ്ക്ക് ചക്കക്കുരുമാത്രം ഞങ്ങള്‍ക്ക് വില്‍ക്കാനുണ്ടാകുമായിരുന്നു. വിനയപൂര്‍വ്വം മറ്റുള്ളവരോടുള്ള എന്റെ ഓര്‍മപ്പെടുത്തല്‍കൂടിയാണിത്.
നമ്മുടെ പറമ്പുകളില്‍ പ്ലാവ് നട്ടുവളര്‍ത്താനുള്ള സന്മനസ്സില്ലെങ്കിലും വേണ്ടില്ല നമ്മുടെ മുന്‍ഗാമികള്‍ നട്ടു വളര്‍ത്തി മൂത്ത് പന്തലിച്ച കൂറ്റന്‍ പ്ലാവുകളില്‍ കോടാലി വയ്ക്കരുത്. വരുംതലമുറയ്ക്കായുള്ള കരുതലാവട്ടെ മധുരിക്കുന്ന നിധികുംഭങ്ങള്‍ തൂങ്ങി നില്‍ക്കുന്ന അമ്മച്ചി പ്ലാവുകള്‍.സ്വന്തം പുരയിടത്തിലുള്ളതായാലും വേണ്ടില്ല തന്നിഷ്ടത്തിന് പ്ലാവുകള്‍ വെട്ടി മാറ്റുന്നതിന് തടയിടുന്നതരത്തില്‍ നിയമ സംവിധാനം തന്നെ ഉണ്ടാകേണ്ടിയിരിക്കുന്നു.

പ്ലാവ് വെട്ടുന്നവന് ജയില്‍ശിക്ഷ ലഭിക്കുന്ന തരത്തിലൊരു നിയമം എന്നെങ്കിലും വരാതിരിക്കില്ല തീര്‍ച്ച. പരമ്പരാഗതമായ രീതിയില്‍ ചക്കക്കുരു മുളപ്പിച്ച് പ്ലാവിന്‍ തൈകള്‍ വ്യാപകമായി നട്ടുപിടിപ്പിക്കാന്‍ നാട്ടുകൂട്ടായ്മകള്‍ ഉണ്ടാകുമെങ്കില്‍ ഏറെ നല്ലത്. ഗുല്‍മോഹര്‍, അക്വേഷ്യ , മഹാഗണി പോലുള്ള മരങ്ങള്‍ റോഡരികില്‍ നട്ടുവളര്‍ത്തുന്നതിനുപകരം പ്ലാവ് , മാവ് തുടങ്ങിയവ നട്ടുവളര്‍ത്തുന്നതല്ലെ ഏറെ ഉത്തമം ?.
ജൈവവൈവിധ്യത്തെ ആഘോഷപൂര്‍വ്വം ആചരിക്കുന്ന ജൂണ്‍ അഞ്ചിന് ഓരോ ജില്ലയിലും കുറഞ്ഞത് പത്ത് ലക്ഷം ചക്കക്കുരു നട്ടുകൊണ്ടുള്ള ലോകപരിസ്ഥിതിദിനാചരണം നടപ്പിലാക്കുമെങ്കില്‍ നല്ലത്.
ലോക പരിസ്ഥിതി ദിനം സംരംഭ ആശയങ്ങള്‍ക്ക് വഴിത്തിരിവാകുകയും ചെയ്യും .

 

Share

Leave a Reply

Your email address will not be published. Required fields are marked *