ടാഗോറിന്റെ ഹൃദയഹാരിയായ മധുബാലിത അഥവാ മധുമഞ്ജരി !

ടാഗോറിന്റെ ഹൃദയഹാരിയായ മധുബാലിത അഥവാ മധുമഞ്ജരി !

ദിവാകരന്‍ ചോമ്പാല

ലോകാരാധ്യനായ ഒരു മഹാകവി, ഇന്ത്യയുടെ ദേശീയ ഗാനത്തിന്റെ രചയിതാവ്, ബംഗാളിന്റെ ഭാവഗായകന്‍ രവീന്ദ്ര നാഥ ടാഗോര്‍ ആരാമസുന്ദരിയായി നാട്ടിലെത്തിയ ഒരു കാട്ടുപൂവിന് അഥവാ പൂച്ചെടിക്ക് പേരിട്ടതെന്താണെന്നൊ ? ‘മധുബാലിത അഥവാ മധുമഞ്ജരി’ . മധുബാലിതയുടെ നാട്ടുവിശേഷങ്ങളിലേയ്ക്ക് ഒരു തിരനോട്ടം .

ഞങ്ങളുടെ ഗ്രാമത്തില്‍ ചോമ്പാലയിലെ പാതിരിക്കുന്നിന്റെ പരിസരങ്ങളിലെ റോഡരികില്‍ മാത്രമല്ല ഏറെക്കാലമായി വെട്ടും കിളയുമേല്‍ക്കാതെ തരിശിടങ്ങളായിക്കിടക്കുന്ന പറമ്പുകളിലും വരെ വ്യാപകമായ തോതില്‍ മുറ്റിത്തഴച്ച് പടര്‍ന്നു കയറി കാട്‌പോലെ വളരുന്ന കാട്ട് ചെടിയാണെങ്കിലും ഇതിന്റെ പൂക്കള്‍ അഥവാ പൂങ്കുലകള്‍ അതിമനോഹരം എന്ന് പറയാതെ വയ്യ . മധുമാലതി , റംഗൂണ്‍ ക്രീപ്പര്‍ , മധുമഞ്ജരി, ഓശാനപ്പൂക്കള്‍ , കാട്ടുപുല്ലാനി , കുലമറിഞ്ഞി , യശോദപ്പൂ , ചൈനീസ് ഹണിസക്കിള്‍ , ബര്‍മ്മാ ക്രീപ്പര്‍, സന്ധ്യാ റാണി , ആകാശവാണി തുടങ്ങിയ എത്രയോ പേരുകളില്‍ അറിയപ്പെടുന്ന ഈ ചെടിയുടെ ശാസ്ത്രീയ നാമം Combretum indicum. ഈ ചെടിയെ ഇവിടുത്തുകാര്‍ പെന്തക്കോസ്തെ ഫ്ളവര്‍ എന്നാണ് പറഞ്ഞു കേള്‍ക്കാറുള്ളത് . പെന്തക്കോസ്ത എന്ന ഗ്രീക്ക് പദത്തിന്റെ അര്‍ത്ഥം അമ്പതാംദിനമെന്നാണ്.

ക്രിസ്തു ദേവന്റെ സ്വര്‍ഗാരോഹണത്തിനുശേഷം അപ്പോസ്ഥലന്മാരിലും മറ്റു ശിഷ്യന്മാരിലും പരിശുദ്ധാത്മാവിന്റെ ആവാസമുണ്ടായ പുതിയ നിയമ സംഭവത്തെ അനുസ്മരിക്കുന്ന ക്രിസ്ത്യന്‍ വിശേഷ ദിവസമാണ് പെന്തക്കോസ്ത ( Penthecost ). വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ കുറ്റിച്ചെടിയായി തോന്നുമെങ്കിലും കൊമ്പുവെട്ടാതെ വിട്ടാല്‍ ക്രമേണ വള്ളിചെടിയായി പടര്‍ന്നുകയറുന്ന സ്വഭാവമാണിതിനുള്ളത്.

താങ്ങു കാലായി മരമോ , ടെലിഫോണ്‍ പോസ്റ്റോ , കെട്ടിയൊരുക്കിയ പൂപ്പന്തലുകളോ കിട്ടിയാല്‍ പത്തടിയിലധികം ഉയരത്തില്‍ വരെ പടര്‍ന്നുകയറി ഹരിത വസന്തമൊരുക്കാന്‍ ഈ ചെടിക്ക് ഏറെ കാലം വേണ്ട. കനത്ത മഴക്കാലമൊഴിച്ചാല്‍ മറ്റുകാലങ്ങളിലെല്ലാം കുലകുലകളായി താഴേയ്ക്ക് തൂങ്ങി നില്‍ക്കുന്ന ഓരോ ഞെട്ടിലും പത്തും നാല്‍പതും പൂവുകളുണ്ടാകും.
രാത്രികാലങ്ങളിലാണ് ഈ ചെടിയില്‍ പൂക്കള്‍ വിടരുക. വിടരുമ്പോള്‍ ഇതിന്റെ പൂക്കള്‍ മിക്കവയും വെള്ള നിറമാണെങ്കിലും പിന്നീട് പിങ്ക് , ചുവപ്പ് , മെറൂണ്‍ എന്നീ നിറങ്ങളിലേയക്ക് പതിയെ നിറം മാറും.

രാത്രികാലങ്ങളില്‍ ഹൃദയഹാരിയായ നേരിയ സുഗന്ധം വിതറുന്ന ഈ പൂച്ചെടിയെ കാട്ടു ചെടിയെന്ന് പേരിട്ട് തള്ളാനും പറ്റില്ല.കൊറോണ വൈറസിനെതിരേ ഒറ്റമൂലികള്‍ ലോകത്തിലില്ലെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കുമ്പോഴും കൊറോണ വൈറസിനെ തടയാന്‍ ഒറ്റമൂലികളുടെ നീണ്ട നിര തന്നെയാണ് സമീപകാലങ്ങളില്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെയ്ക്കപ്പെടുന്നത്.
വെളുത്തുള്ളിയിട്ട് തിളപ്പിച്ചവെള്ളം ,ഗോമൂത്രം ,ചാണകം തുടങ്ങി എത്രയോ ഒറ്റമൂലികള്‍.
പനി ,ചുമ ,തൊണ്ടവേദന തുടങ്ങിയ അസുഖങ്ങള്‍ക്ക് മരുന്ന് എന്ന നിലയില്‍ ചൈനക്കാര്‍ ഉപപയോഗിക്കുന്ന റംഗൂണ്‍ ക്രീപ്പര്‍ അഥവാ ചൈനീസ് ഹണിസക്കിള്‍ ചെടിയില്‍ നിന്നും കൊറോണ വൈറസിനെതിരെ മരുന്ന് നിര്‍മ്മിക്കുന്നതായാണ് ഇടക്കാലത്ത് വാര്‍ത്തകള്‍ പരന്നത് . ഈ മരുന്ന് വാങ്ങാന്‍ ചൈനയില്‍ ജനങ്ങള്‍ തിരക്ക് കൂട്ടുകയായിരുന്നത്രെ.
കൊറോണയുടെ പ്രഭവസ്ഥാനമായ ചൈനയിലെ Shanghai Institute of Materia Medica, Wuhan Institute of Virology തുടങ്ങിയ സ്ഥാപനങ്ങള്‍ ഇത്തരം ഒറ്റമൂലികള്‍ക്കെതിരെ മുന്നറിയിപ്പുമായി ചൈനയിലെ കമ്യുണിസ്‌റ് പാര്‍ട്ടിയുടെ മുഖപത്രമായ പീപ്പിള്‍സ് ഡെയിലിയിലൂടെ രംഗത്തെത്തി എന്നുമാണ് സമീപകാല വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്.

ചോമ്പാല പാതിരിക്കുന്നിന്റെ പരിസരങ്ങളില്‍ ഈ പൂച്ചെടി എങ്ങനെയെത്തി ?

ക്രിസ്തുമത പ്രചാരണം ലക്ഷ്യമിട്ടാണ് ക്രിസ്ത്യന്‍ മിഷനറിമാര്‍ ചോമ്പാലയിലെ കടലോരത്തിന് ഒരു കിലോമീറ്റര്‍ മാറിയുള്ള കുന്നിന്‍ പ്രദേശത്ത് സ്‌കൂളും പള്ളിയും സ്ഥാപിച്ചത്. ജര്‍മനിയില്‍ നിന്നും മലയാളക്കരയിലെത്തി മലയാളികളുമായി ഇഴുകിയും ഇടപഴകിയും ഇവിടുത്തെ നാട്ടുഭാഷയായ മലയാളം എഴുതാനും വായിക്കാനും വശമാക്കിയതിന് പുറമെ മലയാളികള്‍ക്ക് ആദ്യമായി ഒരു മലയാളം നിഘണ്ടു തയ്യാറാക്കി സമര്‍പ്പിക്കുകയും ചെയ്ത ഡോ .ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് 1845ല്‍ സ്ഥാപിച്ചതാണ് പാതിരിക്കുന്നിലെ കുന്നുമ്മല്‍ സ്‌കൂള്‍. ചോമ്പാലയില്‍ കുന്നുംപ്രദേശമായി തരിശായി കിടന്ന ഒരു വലിയ പറമ്പ് കടത്തനാട് പുറമേരി കോവിലകം തമ്പുരാന്റെ കാരുണ്യത്തില്‍ മിഷന്‍ തരക് എഴുതി വാങ്ങിയ ഇടത്തിലാണ് ഈ സ്‌കൂള്‍ സ്ഥാപിക്കപ്പെട്ടത്. ബ്രിട്ടീഷ് വാസ്തു ശൈലിയുടെ മികവും പകിട്ടും നിലനിര്‍ത്തിക്കൊണ്ടുള്ള ഈ സ്‌കൂള്‍ കെട്ടിടം പഴയ പ്രൗഢി കൈവിടാതെ തലയെടുപ്പോടെ ഇന്നും ഇവിടെ ഉയര്‍ന്നു നില്‍ക്കുന്നു .

പാതിരിമാര്‍ കുന്നുമ്മല്‍ സ്ഥാപിച്ച സ്‌കൂളിന് ബാസല്‍ ഇവാന്‍ജെലിക്കല്‍ മിഷ്യന്‍ അപ്പര്‍ പ്രൈമറിയുടെ ചുരുക്കപ്പേരായ ബി.ഇ.എം.യു.പി സ്‌കൂള്‍ എന്നായിരുന്നു പേര്. പില്‍ക്കാലത്ത് പാതിരിക്കുന്ന് എന്നും മിഷന്‍ കോമ്പൗണ്ട് എന്നുള്ള പേരിലുമായി ഈ ചുറ്റുവട്ടം.
ജര്‍മ്മനിയില്‍ നിന്നും ഇവിടെയെത്തിയ ക്രിസ്ത്യന്‍ മിഷനറിമാര്‍ ഇവിടുത്തെ മിസ്സിയുടെ ബംഗ്ലാവിലെ പൂന്തോട്ടങ്ങള്‍ക്ക് അഴക് പകരാന്‍ ജര്‍മനിയില്‍ നിന്നും കൊണ്ടുവന്നതാവണം റംഗൂണ്‍ ക്രീപ്പര്‍.അലസിപ്പൂ എന്ന് നാട്ടുകാര്‍ വിളിക്കുന്ന മെയ് ഫ്ളവര്‍ അഥവാ ഗുല്‍മോഹര്‍ , വിവിധയിനം പനിനീര്‍ച്ചെടികള്‍, തോട്ട വാഴകള്‍ , പല നിറങ്ങള്‍ വാരിക്കുടഞ്ഞപോലുള്ള ചേമ്പിലചെടികള്‍ , പ്രിന്‍സ് എന്ന പേരിലറിയപ്പെടുന്ന ക്രോട്ടന്‍സിന്റെ വലിയ നിരതന്നെയായിരുന്നു ആ കാലത്തിവിടെയുണ്ടായിരുന്നത്.

പൂച്ചവാല്‍ ചെടി( Acalypha hispida), സര്‍പ്പ പോള ( Snake plant ), ശവം നാറിപ്പൂ എന്ന നിത്യകല്ല്യാണി (catharanthus roseus ), കടലാസു പൂക്കള്‍ ( Bougainvillea ) അങ്ങനെ ഒരുപാടുതരം അലങ്കാര ചെടികള്‍ ഇവിടെ സമൃദ്ധിയായി നട്ടുവളര്‍ത്തിയിരുന്നു.
ഏകദേശം എഴുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പാതിരിക്കുന്നിലെ മിസ്സിയുടെ ബംഗ്ലാവിലെ അടുക്കും ചിട്ടയുമുള്ള പൂന്തോട്ടത്തിന്റെ അതിരുകളിലെ വേലിക്കരികില്‍ വിടര്‍ന്നു വിലസിയിരുന്ന റംഗൂണ്‍ ക്രീപ്പറിന്റെ പൂക്കുലകളുടെ മനോഹാരിത ഓര്‍മകളില്‍ ഇപ്പോഴും നിറപ്പകര്‍ച്ചയില്ലാതെ വാടാതെ നിലനില്‍ക്കുന്നു.

ഭഷ്യയോഗ്യമായ കാര്‍ഷിക വിളകള്‍ക്ക് മാത്രം കൃഷിയില്‍ പ്രാമുഖ്യം നല്‍കിയിരുന്ന കാര്‍ഷിക സംസ്‌കൃതിയുമായി ജീവിച്ചുവന്ന ഇവിടത്തുകാരുടെ വീട്ടുമുറ്റങ്ങളില്‍ അലങ്കാര ചേമ്പുകളും പനിനീര്‍ ചെടികളും തുടങ്ങി റംഗൂണ്‍ ക്രീപ്പര്‍വരെ നട്ടുപിടിപ്പിക്കാനുള്ള മാനസികനില ഒരുക്കാന്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍ക്ക് കഴിഞ്ഞുവെന്നത് അഭിമാനപൂര്‍വ്വം പറയാതെ വയ്യ.
കമ്പുകള്‍ മുറിച്ചുനട്ടും വേരുകള്‍ വളര്‍ന്നുണ്ടാകുന്ന തൈകള്‍ പറിച്ചുനട്ടുമാണ് റംഗൂണ്‍ ക്രീപ്പറിന്റെ വര്‍ഗോല്‍പ്പാദനം മുഖ്യമായും സാധ്യമാക്കുന്നത്.

വര്‍ഷക്കാലമായാല്‍ പാതിരിക്കുന്നിന്റെ പരിസരങ്ങളിലെ നാട്ടിടവഴികളില്‍ ചുവപ്പും വെളുപ്പും പിങ്ക് നിറ ത്തിലുമുള്ള പലതരം അലങ്കാര ചേമ്പുകളുടെയും നിത്യകല്ല്യാണിയുടെയും തൈകള്‍ വളര്‍ന്നു തുടങ്ങും. കുന്നിന്‍പുറത്തെ ബംഗ്ലാവിലെ തോട്ടങ്ങളില്‍ നിന്നും മഴവെള്ളത്തില്‍ ഒലിച്ചിറങ്ങുന്ന വിത്തുകളും കിഴങ്ങുകളുമാണ് ഏറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടുത്തെ ഇടവഴികളുടെ ഓരങ്ങള്‍ക്ക് ചന്തം പകര്‍ന്നിരുന്നത്.

മാഹി ഗേള്‍സ് ഹൈസ്‌കൂളിലെ ശൈലജ ടീച്ചറുടെ മടപ്പള്ളിയിലെ വീട്ടില്‍ 20 വര്‍ഷങ്ങള്‍ക്കു മുമ്പ് പോയ സമയത്താണ് റംഗൂണ്‍ ക്രീപ്പര്‍ ചില്ലറക്കാരിയല്ലെന്ന് മനസ്സിലായത്. ഞാനും എന്റെ സുഹൃത്ത് ഹരീന്ദ്രനും ടീച്ചറുടെ വീട്ടുമുറ്റത്തെത്തിയപ്പോള്‍ തന്നെ ഹൃദയഹാരിയായ സുഗന്ധം എങ്ങുനിന്നോ അലിഞ്ഞിറങ്ങിയപോലെ തോന്നി. മുറ്റത്തിന്റെ വടക്ക് മാറി ഇരുമ്പ് കാല്‍ നാട്ടി ഉയരത്തില്‍ നിര്‍മിച്ച വലിയ പന്തലില്‍ എണ്ണിയാല്‍ തീരാത്ത പൂക്കളുമായി റംഗൂണ്‍ ക്രീപ്പര്‍ പടര്‍ന്നു കയറി ഒരു പുഷ്പ സാമ്രാജ്യം തന്നെ ഉണ്ടാക്കിയിരിക്കുന്നു.

ഇരുട്ട് വീണുതുടങ്ങിയതിനാല്‍ ടീച്ചറുടെ ഭര്‍ത്താവ് ബാലേട്ടന്‍ ടോര്‍ച്ചു തെളിച്ച് പന്തലിന്റെ പ്രൗഢി കാണിച്ചുതന്നു. വശ്യമനോഹരമായ കാഴ്ച്ച. ഒരു ഗുഡ്സ് വെഹിക്കിളില്‍ കൊള്ളാവുന്നത്ര പൂക്കള്‍ പന്തല്‍ നിറയെ. നാട്ടിടവഴികളില്‍ കാണുന്ന ഈ ചെടി കൃത്യമായ പരിചരണം കൊടുത്താല്‍ ഉത്തമമായ ആരാമ സസ്യമാക്കാമെന്ന ആശയം എന്റെ മനസ്സിലുദിച്ചതുമങ്ങനെ. പൂക്കളോടും ചെടികളോടുമുള്ള ഇഷ്ടം കൊണ്ടുതന്നെ തൊട്ടടുത്ത ദിവസം തന്നെ ഈചെടിയുടെ ഒന്നുരണ്ടു വലിയതൈകള്‍ വേരോടെ പിഴുതുകൊണ്ടുവന്ന് എന്റെ വീടിനോട് ചേര്‍ന്ന പറമ്പില്‍ ഒരു അരുമയെപ്പോലെ നട്ടു വളര്‍ത്താനുള്ള തുടക്കമായി. വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും കൃത്യമായ വള പ്രയോഗങ്ങളും നനയും സംരക്ഷണവും നല്‍കിയതുകൊണ്ടുതന്നെ റംഗൂണ്‍ ക്രീപ്പര്‍ വളരെ പെട്ടെന്നു തന്നെ പുഷ്ടിയോടെ പടര്‍ന്നു വിലസി.

ആദ്യത്തെ പൂക്കണി കണ്ടതാവട്ടെ ഏറെ സന്തോഷത്തിലായിരുന്നു. പിന്നീടാണ്
മധുബാലിത അഥവ റംഗൂണ്‍ ക്രീപ്പര്‍ എന്ന അതിമനോഹാരിയായ ആരാമസുന്ദരി അങ്ങേയറ്റം അറുതിയില്ലാത്ത അധിനിവേശ സ്വഭാവമുള്ള ആക്രമണകാരികൂടിയാണെന്നാണ് ഞാന്‍ മനസ്സിലാക്കിയത്. ഈ ചെടിയുടെ വേരുകള്‍ മണ്ണിനടിയിലൂടെ ബഹുദൂരം വരെ വളര്‍ന്ന് നീളുന്നതായാണ് അനുഭവം. അവിടവിടെ പുതിയ തൈകള്‍ വളരും. കിളച്ചാലും വെട്ടി മാറ്റിയാലും ചുട്ടുകരിച്ചാലും നശിക്കാത്ത കമ്യുണിസ്റ്റ് പച്ചയെക്കാള്‍ ഒരുപാട് പടി മുന്നിലാണ് റംഗൂണ്‍ ക്രീപ്പര്‍.

വിരുന്നു വന്നവന്‍ വീട്ടുകാരനായി എന്ന അവസ്ഥയിലാണ് ഇപ്പോള്‍. പറമ്പില്‍ പലേടങ്ങളിലും ഈ ചെടി പടര്‍ന്നു കയറിയിരിക്കുന്നു. ഓരോ വര്‍ഷാരംഭത്തിലും ഇത് വേരോടെ കിളച്ചുമാറ്റാന്‍ ചുരുങ്ങിയത് രണ്ടായിരം രൂപ വരെ എനിയ്ക്ക് കൂലിച്ചിലവ് വരുന്നുമുണ്ട്. ഇടയില്‍ മാവോ പ്ലാവോ ഉണ്ടെങ്കില്‍ അതിന്റെ കഥ കഴിഞ്ഞത് തന്നെ. ചുറ്റിപ്പിണഞ്ഞുകൊണ്ട് മരങ്ങളില്‍ കാടു പോലെ പടര്‍ന്നുകയറാന്‍ വലിയ കാലതാമസം വേണ്ട. അകലം പാലിച്ചു കൊണ്ടുള്ള ആത്മബന്ധം പോലെ മാത്രമേ ഈ ചെടി നട്ടുവളര്‍ത്താവൂ എന്നേ എനിയ്ക്കു പറയാനുള്ളൂ . ഇത്രയൊക്കെയാണെങ്കിലും വലിയ പൂച്ചട്ടികളില്‍ വളര്‍ത്താവുന്ന റംഗൂണ്‍ ക്രീപ്പറിന്റെ മിനിയേച്ചര്‍ ടൈപ്പ് ചെടികള്‍ , ഹൈബ്രീഡ് ഇനങ്ങള്‍ ആമസോണിലും ഫ്‌ളിപ്പ് കാര്‍ട്ടിലും 169 രൂപ മുതല്‍ 530 വരെ നിരക്കുകളില്‍ ഓണ്‍ലൈനില്‍ ലഭിക്കുന്നതായറിയുന്നു. മണ്ണില്‍ വെയ്ക്കാതെ പൂച്ചട്ടികളില്‍ ഇത്തരം കുള്ളന്‍ വെറൈറ്റികള്‍ നട്ടുവളര്‍ത്തുന്നതാവും കൂടുതല്‍ നല്ലത്.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *