കോഴിക്കോട്: ജി.എസ്.ടി നിലവില്‍ വന്ന 2017 മുതല്‍ ഭക്ഷ്യോല്‍പന്നങ്ങളെ നികുതിയില്‍ നിന്നും ഒഴിവാക്കിയിരുന്നു. ജി.എസ്.ടി. നിയമം നിലവില്‍ വന്നപ്പോള്‍ ബ്രാന്‍ഡഡ് ആയിട്ടുള്ള പായ്ക്ക് ചെയ്ത് വില്‍ക്കപ്പെടുന്ന ഭക്ഷ്യോല്‍പന്നങ്ങള്‍ക്ക് മാത്രമാണ് അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്തിയിരുന്നത്.
എന്നാല്‍, ജൂലൈ 13ന് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലൂടെ ജൂലൈ 18 മുതല്‍ മുന്‍കൂട്ടി പായ്ക്ക് ചെയ്ത് വില്‍ക്കപ്പെടുന്ന എല്ലാ ഭക്ഷ്യോല്‍പന്നങ്ങള്‍ക്കും ഇപ്പോള്‍ അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്തിരിക്കുകയാണ്. ഈ നീക്കം ചെറുകിട വ്യാപാര-വ്യവസായ മേഖലകളെ വളരെ പ്രതികൂലമായി ബാധിക്കും.
ഈ മേഖലയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുമായി മത്സരിക്കേണ്ട സ്ഥിതി വരും. കൂടാതെ 40 ലക്ഷത്തില്‍ താഴെ മാത്രം വിറ്റ് വരവുള്ള ഇടത്തരം, ചെറുകിട വ്യാപാരികള്‍ വരെ ജി.എസ്.ടിയുടെ പരിധിയില്‍ വരികയും ചെയ്യും. കണക്കുകള്‍ എഴുതാനും റിട്ടേണ്‍ ഫയല്‍ ചെയ്യാനും ഭീമമായ തുകകള്‍ ചെലവാക്കേണ്ട സ്ഥിതിവിശേഷം വന്നു ചേരും. അറിവില്ലായ്മയുടെ പേരില്‍ ധാരാളം ചെറുകിട വ്യാപാരികള്‍ നികുതി നിയമക്കുരുക്കുകളില്‍ അപകടപ്പെടും.
അരി, ഗോതമ്പ്, പയറുവര്‍ഗ്ഗങ്ങള്‍ മുതല്‍ തൈര്, മോര്, തേന്‍, ശര്‍ക്കര തുടങ്ങി, എല്ലാ പല വ്യഞ്ജന സാധനങ്ങള്‍ക്കും മറ്റ് നിത്യോപയോഗ സാധനങ്ങള്‍ക്കും വില വര്‍ദ്ധനവിന് കാരണമാകും. ആയതിനാല്‍ ഭക്ഷ്യോല്‍പന്നങ്ങളുടെ മേല്‍ ഇപ്പോള്‍ കൊണ്ടുവന്നിടുള്ള നികുതി ഒഴിവാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര ആവശ്യപ്പെട്ടു.ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമനും ജി.എസ്.ടി കൗണ്‍സിലിനും പരാതി നല്‍കുമെന്നും രാജു അപ്‌സര പറഞ്ഞു.