ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ വര്‍ഷകാല സമ്മേളനം തുടങ്ങാനിരിക്കേ അസാധാരണ നിര്‍ദേശവുമായി ലോക്‌സഭാ സെക്രട്ടേറിയറ്റ്. പാര്‍ലമെന്റില്‍ ചര്‍ച്ചക്കിടെ ഇനി ഉപയോഗിക്കാന്‍ പാടില്ലാത്ത 65 വാക്കുകളുടെ പട്ടികയാണ് ലോക്‌സഭ സെക്രട്ടേറിയറ്റ് പുറത്തിറക്കിയത്.
അഴിമതിക്കാരന്‍, സ്വേച്ഛാധിപതി, അരാജകവാദി, മന്ദബുന്ദി, കുരങ്ങന്‍, കൊവിഡ് വാഹകന്‍, കഴിവില്ലാത്തവന്‍, കുറ്റവാളി, മുതലക്കണ്ണീര്‍, ഗുണ്ട, ഗുണ്ടായിസം, നാടകം, കാപട്യം, കരിദിനം, നാട്യം, ശകുനി ഉള്‍പ്പെടെയുള്ള വാക്കുകള്‍ക്കാണ് വിലക്ക്. തിങ്കളാഴ്ച ആരംഭിക്കുന്ന വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായാണ് പട്ടിക പുറത്തിറക്കിയത്. ഈ വാക്കുകള്‍ പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ക്കിടയില്‍ ഉപയോഗിച്ചാല്‍ ഇവ രേഖകളില്‍ നിന്ന് നീക്കം ചെയ്യും.
വാക്കുകള്‍ വിലക്കുന്നത് സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിനെ തടസ്സപ്പെടുത്താനാണെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍, വിലക്കിയ വാക്കുകള്‍ പാര്‍ലമെന്റില്‍ പറയുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക് ഒബ്രിയാന്‍ പറഞ്ഞു.
വാക്കുകളും പ്രയോഗങ്ങളും നീക്കം ചെയ്യുന്നതില്‍ രാജ്യസഭ ചെയര്‍മാനും ലോക്‌സഭാ സ്പീക്കറുമാണ് തീരുമാനമെടുക്കേണ്ടത്. ലോക്‌സഭ സെക്രട്ടേറിയറ്റ് ഇരുസഭകള്‍ക്കും വാക്കുകളുടെ പട്ടിക കൈമാറിയിട്ടുണ്ട്.