മടപ്പള്ളിയിലെ കൊച്ചുകൂട്ടുകാരുടെ സിനിമ ഇന്നു തിയേറ്ററുകളിൽ

മടപ്പള്ളിയിലെ കൊച്ചുകൂട്ടുകാരുടെ സിനിമ ഇന്നു തിയേറ്ററുകളിൽ

മലയാളത്തിലെ കുട്ടികളുടെ ആദ്യത്തെ സ്പോർട്സ് സിനിമ ‘മടപ്പള്ളി യുണൈറ്റഡ്’ ഇന്ന് (ജൂലൈ 8) തിയേറ്ററുകളിൽ എത്തും. മടപ്പള്ളി സര്‍ക്കാര്‍ സ്കൂളിലെ കുട്ടികളാണ് സിനിമയിലെ അഭിനേതാക്കള്‍. കോഴിക്കോട് ജില്ലയിൽ രണ്ടു തിയേറ്ററുകളിൽ സിനിമ റിലീസ് ചെയ്യുന്നുണ്ട് – കോഴിക്കോട് ക്രൗണിലും വടകര കീർത്തിമുദ്രയിലും. കേരളത്തിലെ പൊതുവിദ്യാലയത്തിലെ കായികപ്രതിഭകൾ താരങ്ങളായ ചിത്രം കേരളം കൂടാതെ ഡല്‍ഹി, ഡെറാഡൂണ്‍, മുംബൈ, അഹമ്മദാബാദ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലും പ്രദര്‍ശിപ്പിക്കും.

ലോക ഒളിംപിക്സ് ദിനമായ ജൂൺ 23ന് പ്രമുഖ സിനിമ, സാഹിത്യ പ്രവർത്തകർ ഈ സിനിമയുടെ ട്രയിലർ റിലീസ് ചെയ്തിരുന്നു. പ്രശസ്ത ചലച്ചിത്ര മാധ്യമപ്രവര്‍ത്തകന്‍ സുശാന്ത് മെഹ്ത, സ്പോര്‍ട്സ് യാരി ടീം, കാസ്റ്റിംഗ് ഡയറക്ടര്‍ ഷനീം സയീദ്, നടനും സംവിധായകനുമായ ശ്രീകാന്ത് മുരളി, സമീര്‍ സോണി, നടനും നിര്‍മാതാവുമായ സഞ്ജയ് സൂരി, ഗായകന്‍ മോഹന്‍ കണ്ണന്‍, നടന്‍ രാജേഷ് മാധവന്‍, സാമൂഹ്യപ്രവര്‍ത്തക കനിക ദേവന്‍, ഗായിക സിതാര കൃഷ്ണകുമാർ തുടങ്ങിയവരാണ് ട്രെയിലര്‍ പുറത്തിറക്കിയത്.

കെനിയ ഇന്റര്‍നാഷണല്‍ സ്പോര്‍ട്സ് ഫിലിം ഫെസ്റ്റിവല്‍, ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് സിന്‍സിനാറ്റി, ഇറാനിലെ റോഷിദ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവടങ്ങളില്‍ പുരസ്കാരം നേടിയ ചിത്രമാണ് മടപ്പള്ളി യുണൈറ്റഡ്. ചിത്രം കണ്ട കെനിയൻ ക്രിക്കറ്റ് ടീം മുൻക്യാപ്റ്റൻ ആസിഫ് കരീം ചിത്രത്തിൻ്റെ ശില്പികളെയും മടപ്പള്ളി സ്കൂൾ വിദ്യാർത്ഥികളായ ബാലാതാരങ്ങളെയും ഓൺലൈനിൽ വിളിച്ച് അഭിനന്ദിച്ചത് വാർത്തയായിരുന്നു.

അജയ് ഗോവിന്ദ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തിന്റെ നിര്‍മാതാക്കൾ യുഎല്‍ ഫൗണ്ടേഷന്‍, കഥ ബുക്സ് തുടങ്ങിയ സാമൂഹികപ്രതിബദ്ധതാ സംരംഭങ്ങളാണ്. കായികവിദ്യാഭ്യാസം ഉൾപ്പെടെയുള്ള സമഗ്രവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം, കുട്ടികളുടെ കളിക്കാനുള്ള അവകാശം, കഴിവ്, ലിംഗപദവി വൈവിധ്യം തുടങ്ങിയ പ്രധാനപ്പെട്ടതും എന്നാല്‍ അവഗണിക്കപ്പെടുന്നതുമായ കുട്ടികളുടെ പ്രശ്നങ്ങള്‍ സൂക്ഷ്മവും രസകരവുമായി സിനിമ അവതരിപ്പിക്കുന്നു.

തീരദേശത്തെ വിദ്യാര്‍ത്ഥികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയുടെ യു.എല്‍. ഫൗണ്ടേഷന്‍ നടപ്പാക്കിയ ‘മടപ്പള്ളി അക്കാദമിക് പ്രോഗ്രാം ഫോര്‍ ലേണിങ് ആന്‍ഡ് എംപവര്‍മെന്റ്’ (MAPLE) എന്ന പരിപാടിവഴി വളർന്നുവന്ന വിദ്യാർത്ഥികളാണ് സിനിമയ്ക്കു കരുത്തായത്. ഈ മിടുക്കരെ കിട്ടിയതാണ് സിനിമ യാഥാർത്ഥ്യമാകാൻ കാരണം.

കാസ്റ്റിംഗ് ഡയറക്ടറായ രാജേഷ് മാധവന്‍ സ്കൂളില്‍ നടത്തിയ ഓഡിഷനിലൂടെയാണ് അഭിനേതാക്കളെ തെരഞ്ഞെടുത്തത്. ശ്രീകാന്ത് മുരളി, ദേശീയഅവാര്‍ഡ് ജേതാവായ സാവിത്രി ശ്രീധരന്‍, ജയപ്രകാശ് കുളൂര്‍, വിജിലേഷ് കാരയാട്, സിബി തോമസ് എന്നിവരും പ്രത്യേകവേഷത്തില്‍ ഹരീഷ് പേരടിയും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.

സിനിമയിലെ ഗ്രാമീണതയുടെ സുഗന്ധമുള്ള “കഥപ്പാട്ട്” ഇതിനകം യൂട്യൂബിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. സ്വർണ്ണ വിനനാണ് ഈ ഗാനം പാടിയത്. രചനയും സംഗീതവും ആനന്ദ് മധുസൂദനനും.

Share

Leave a Reply

Your email address will not be published. Required fields are marked *