നഗരത്തിലായാലും നാട്ടുമ്പുറങ്ങളിലായാലും ഭൂമിക്ക് അനിയന്ത്രിതമായ വിലക്കയറ്റമുള്ള ഒരു കാലഘട്ടത്തിലാണ് നമ്മള് ജീവിക്കുന്നത്. ഗൃഹനിര്മാണത്തിനായാലും വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ നിര്മിതിക്കായാലും നിലവിലുള്ള പ്രവര്‍ത്തനക്ഷമമായ റോഡുകള്‍ക്കരികിലും വാഹനസൗകര്യത്തോടൊപ്പം പാര്‍ക്കിങ് സൗകര്യവും ഒക്കെ കണക്കിലെടുത്താണ് ഈ കാലഘട്ടത്തില്‍ വ്യാപാരാവശ്യങ്ങള്‍ക്കായുള്ള കെട്ടിടനിര്‍മാണം നടക്കുന്നത്. ലഭ്യമായ ഭൂമിയില്‍ നിയമാനുസൃതമായ തരത്തില്‍ പരമാവധി ഒരിഞ്ച് ഭൂമിപോലും നഷ്ടപ്പെടാത്ത നിലയില്‍ കെട്ടിടഉടമ ബില്‍ഡിങ് പണിയുന്നതും സ്വാഭാവികം.
ക്രമരഹിതമായ രൂപഘടനയും ചതുരവും ദീര്‍ഘചതുരവും കൂടാതെ സ്റ്റെയര്‍ കേസിനടിയിലും അണ്ടര്‍ഗ്രൗണ്ട് ഗ്യാരേജിനോട് ചേര്‍ന്നും ടോയിലറ്റുകളോട് ചേര്‍ന്നും വരെ വ്യാപാരാവശ്യങ്ങള്‍ക്ക് മുറികള്‍ തയ്യാറാക്കുന്നു. ആളുകള്‍ അത് വാങ്ങുന്നു, കച്ചവടം നടത്തുന്നു. ചിലര്‍ മെച്ചപ്പെടുന്നു, ചിലര്‍ ക്രമേണ നശിക്കുന്നു.
എന്നാല്‍, ഗൃഹനിര്മാണത്തോളംതന്നെ സൂക്ഷ്മതയും പ്രാധാന്യവും വ്യാപാരാവശ്യങ്ങള്‍ക്കുള്ള സ്ഥലം തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നാണ് വാസ്തുശാസ്ത്രം വ്യക്തമാക്കുന്നത്. വാസ്തുശാസ്ത്രത്തിന്റെ വിധിവിലക്കുകള്‍ വിലവയ്ക്കാതെ കെട്ടിപ്പൊക്കിയ കെട്ടിടങ്ങളില്‍ നടത്തിയ പലവ്യാപാര സ്ഥാപനങ്ങളും കാലതാമസമില്ലാതെ നഷ്ടക്കച്ചവടമായി മാറി. ഋണബാധ്യതയില്‍ മുതലക്കൂപ്പ് കുത്തി വീണനിലയിലാവുന്നതും സര്‍വസാധാരണം. ഇതിനെന്താണൊരു പോം വഴി?
മുന്‍ഭാഗം വിശാലവും പുറകില്‍ താരതമ്യേന വിസ്താരം കുറഞ്ഞതുമായ ഭൂമിയിലായിരിക്കണം വ്യാപാരാവശ്യങ്ങള്‍ക്കായുള്ള കെട്ടിട നിര്‍മിതി നടക്കേണ്ടതെന്ന് വാസ്തുശാസ്ത്രം വ്യക്തമാക്കുന്നു. വടക്ക്, വടക്ക്-കിഴക്ക്, വടക്ക്-പടിഞ്ഞാറ് ദിശകള്ക്കഭിമുഖമായി ബില്‍ഡിങ്ങുകള്‍ നിര്‍മിക്കുന്നതാണ് വ്യാപാരാഭിവൃദ്ധിക്കും സാമ്പത്തികസൗഭാഗ്യങ്ങള്ക്കും വഴിയൊരുക്കുക. സദാസമയവും പോസിറ്റീവ് എനര്‍ജി അഥവാ ഊര്‍ജം പ്രസരിക്കുന്ന സ്ഥലമാണിവിടം. വ്യാപാരസ്ഥാപനത്തിന്റെ പ്രധാന കാര്യാലയത്തിന്റെ പ്രവേശനകവാടം കിഴക്ക്-വടക്ക് ദിശയിലാവുന്നതാണ് ഉത്തമം. അതേസമയം മുന്‍വാതിലില്‍ നിന്നുള്ള ദൃശ്യങ്ങള്ക്കൊരിക്കലും തടസം നില്ക്കുന്ന തരത്തിലാവുകയുമരുത്. വ്യപാരസ്ഥാപനത്തിന്റെ ഉടമ അഥവാ മാനേജിങ് ഡയറക്ടര്‍ ഇരിക്കേണ്ടത് ഓഫീസിന്റെ തെക്ക് പടിഞ്ഞാറേ ദിശയിലാവുന്നതും ഏറെ നല്ലത്,ഗുണകരം.
ഓഫിസിന്റെ ഭിത്തിയിലോ മേശപ്പുറത്തോ മരിച്ചുപോയവരുടെ ചിത്രങ്ങള്‍, ദൈവവിഗ്രഹങ്ങളോ സമാനസ്വഭാവങ്ങളിലുള്ളതോ ആയ മറ്റ് സാധനങ്ങളോ പ്രദര്‍ശിപ്പിക്കുന്നതിനെയും വാസ്തു ശാസ്ത്രം പ്രോത്സാഹിപ്പിക്കുന്നില്ല എന്നത് വാസ്തവം. ഓഫിസിലെ ഫര്‍ണിച്ചര്‍ വൃത്തിയുള്ളതും ദീര്‍ഘ ചതുരാകൃതിയിലുള്ളതുമായിരിക്കണം. ക്രമരഹിതമായ രൂപങ്ങളില്‍ നിര്‍മിക്കുന്നതും നന്നല്ല. ധനസംബന്ധമായ ഇടപാടുകള്‍ ക്രയവിക്രിയങ്ങള്‍ കാര്യാലോചനകള്‍ കൈമാറ്റം തുടങ്ങിയവ നടക്കേണ്ടത് വടക്ക്-പടിഞ്ഞാറ് ദിശയില്‍. ഇത്തരം സ്ഥലങ്ങളില്‍ വാഷ് ബേസിന്, ടോയിലറ്റുകള്‍, വേസ്റ്റ്ബിന്‍ മുതലായവയ്ക്ക് ഇടം നല്‍കരുത്. ഓഫിസ് മേശ തെക്കു പടിഞ്ഞാറ് ദിശയിലേക്ക് മാറ്റുക.
ഇടപാടുകാരുമായി ഇടപെടാനും വ്യാപാരമുറപ്പിക്കാനും ഏറ്റവും ഉത്തമം കിഴക്കോട്ടു തിരിഞ്ഞുനിന്നുകൊണ്ടുതന്നെ. സാമ്പത്തിക നേട്ടത്തിനും ഇവിടം ഉത്തമം. വ്യാപാരസ്ഥാപനത്തിലേക്കുള്ള പ്രവേശനകവാടം തീരെ ഇടുങ്ങിയതും തടസങ്ങളുള്ളതുമാവരുത്. ക്യാഷ് കൗണ്ടര്‍ വടക്കോട്ട് തുറക്കുന്ന രീതിയിലാവണം. അതുപോലെ രാത്രി കടയടക്കുമ്പോള്‍ മേശവലിപ്പില്‍ അത്യാവശ്യം പണമുണ്ടാകണം. ഒരിക്കലും കാലിയാക്കരുത്. ചതുരാകൃതിയിലോ ദീര്‍ഘചതുരാകൃതിയിലോ ഉള്ള മുറികളില്‍ കച്ചവടം ചെയ്യുന്നതാണ് അഭിവൃദ്ധിയുണ്ടാവുക. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ലഭ്യമായ ഇടങ്ങളില്‍ വ്യാപാരം നടന്നുകൊണ്ടിരിക്കുന്നവര്‍ക്ക് നിലവിലുള്ള കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാതെയുള്ള വാസ്തുദോഷപരിഹാര വിധികളും നിലവിലുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്കും പരിഹാരമാര്ഗങ്ങള്ക്കുമായി വാസ്തുശാസ്ത്ര വിദഗ്ധന്റെ സേവനം ആവശ്യമുള്ളവര്‍ക്ക് വാസ്തുഭാരതി വേദിക് റിസര്‍ച്ച് അക്കാദമിയുടെ സഹായം തേടാവുന്നതാണ്. ഫോണ്‍: 9744830888.