ഗൃഹനിര്‍മാണത്തില്‍ കിടപ്പുമുറിക്കുള്ള പങ്ക്

ഗൃഹനിര്‍മാണത്തില്‍ കിടപ്പുമുറിക്കുള്ള പങ്ക്

ഡോ.നിശാന്ത് തോപ്പില്‍ M.Phil, PhD,
സയന്റിഫിക് വാസ്തു കണ്‍സല്‍ട്ടന്റ്

അന്തിയാവോളം കഠിനമായി ജോലി ചെയ്ത് അത്താഴവും കഴിച്ച് എവിടെയെങ്കിലും പായവിരിച്ച് ഉറങ്ങാന്‍ കിടക്കുന്ന ഒരിടം അതായിരുന്നു പണ്ടുകാലങ്ങളില്‍ ഒരു വലിയവിഭാഗം ആളുകളുടെയും പാര്‍പ്പിടങ്ങള്‍ (പാര്‍ക്കാനൊരിടം പാര്‍പ്പിടം). എന്നാല്‍, അവരില്‍ത്തന്നെ പലര്‍ക്കും സ്വന്തമായി കിടപ്പാടങ്ങള്‍ ഉണ്ടായിരുന്നില്ലെന്നതും സത്യം. എന്നാല്‍, പഴയകാലത്തെ അവസ്ഥക്കും വ്യവസ്ഥക്കും സമൂലമായ തോതില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വന്നുകഴിഞ്ഞിരിക്കുന്നു. പുരോഗതിക്കൊപ്പം സ്വയം സമ്പൂര്‍ണരാണ് ഇന്ന് നമ്മിലേറെപ്പേരും. വെച്ചുവിളമ്പാന്‍ അടുക്കളയെന്നൊരിടം, ഉണ്ണാനും ഉടുത്തൊരുങ്ങാനും ഉറങ്ങാനും മാത്രമല്ല, പഠിക്കാനൊരിടം, പ്രാര്‍ത്ഥനക്കായൊരിടം, വിശ്രമിക്കാനും വ്യായാമം ചെയ്യാനും വിനോദത്തിനായും പ്രത്യേകം തയ്യാര്‍ ചെയത വേറിട്ട ഇടങ്ങള്‍. സ്റ്റോര്‍റൂം, കാര്‍പോര്‍ച്ച്, ഹോംതീയേറ്റര്‍, സ്വിമ്മിങ് പൂള്‍ അങ്ങിനെ നീളുന്നു, കുറയുന്നു വ്യക്തികളുടെ വ്യത്യസ്ത സാമ്പത്തികനിലവാരത്തിനനുസരിച്ച് പാര്‍പ്പിടങ്ങളുടെ വലുപ്പവും ചെറുപ്പവും സൗകര്യങ്ങളും.

വീടുകളിലെ പ്രധാനപ്പെട്ട ഒരു മുറിയാണ് കിടപ്പുമുറി. ഗൃഹനിര്‍മാണത്തില്‍ കിടപ്പുമുറിയുടെ സ്ഥാനം, ഘടന, പരിപാലനം തുടങ്ങിയ വിഷയങ്ങളെ അതീവ ഗൗരവത്തോടെയാണ് അന്നും ഇന്നും വാസ്തുശാസ്ത്രം നോക്കിക്കാണുന്നത്.

ദമ്പതികള്‍ക്ക് സ്വസ്ഥമായി വിശ്രമിക്കാനും ശയിക്കാനും മാത്രമുള്ള ഒരിടം മാത്രമാണോ കിടപ്പുമുറി?

സുഖസമ്പൂര്‍ണമായ ദാമ്പത്യത്തിന്റെയും സ്വകാര്യതയുടെയും വൈകാരികവും മാനസികവുമായ യോജിപ്പുകളുടെയും പോസിറ്റീവ് തരംഗങ്ങള്‍ അഥവാ അനുകൂല തരംഗങ്ങള്‍ അനുസ്യുതമായി ഒഴുകിക്കൊണ്ടിരിക്കുന്ന ഒരിടം കൂടിയാവണം കിടപ്പുമുറി. പ്രണയഭരിതവും സംഘര്‍ഷരഹിതവുമായ മാനസികാവസ്ഥയും ആരോഗ്യവും ദീര്‍ഘായുസ്സും ദമ്പതികള്‍ക്ക് ലഭിക്കണമെങ്കില്‍ വാസ്തുശാസ്ത്രവിധിക്കനുകൂലമായ രീതിയിലാവണം ഗൃഹനിര്‍മാണം എന്നുതന്നെയാണ് അനാദി കാലം മുതല്‍ക്കെ ആചാര്യന്മാര്‍ വ്യക്തമാക്കുന്നത്.

വിക്രമാദിത്യസദസ്സിലെ നവരത്‌നങ്ങളില്‍ പ്രധാനി വരാഹമിഹിരന്‍ രചിച്ച അതിപ്രാചീന ഗ്രന്ഥമാണ് ബൃഹത്‌സംഹിത. 100 അധ്യായങ്ങളിലായി നാലായിരത്തോളം ശ്ലോകങ്ങളുള്ള ബൃഹത്‌സംഹിതയെ ആധുനിക കാലഘട്ടത്തിലും ഭാരതീയര്‍ മാത്രമല്ല വിദേശികള്‍ വരെ വിലപ്പെട്ടതോതിലാണ് നോക്കിക്കാണുന്നത്. ജ്യോതിശാസ്ത്രം, വാസ്തു, ഗണിതം, വൈദ്യം തുടങ്ങിയ നിരവധി വിജ്ഞാന ശാഖകളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള ഈ മഹദ് ഗ്രന്ഥത്തില്‍ ”രതികക്ഷ” എന്നപേരിലാണ് വരാഹമിഹിരന്‍ കിടപ്പുമുറിയെ പരിചയപ്പെടുത്തുന്നതും വിശദീകരിക്കുന്നതും.

ഗുരുത്വാകര്‍ഷണത്തെക്കുറിച്ച് വ്യക്തമായ അറിവോ അവഗാഹമോ ഇല്ലാത്ത പ്രാചീന കാലഘട്ടങ്ങളില്‍ ഭൂമിയില്‍ വസ്തുക്കള്‍ പതിക്കുന്നത് ‘ബലം’ കൊണ്ടാണെന്ന് കണ്ടെത്തിയ ഭാരതീയ ശാസ്ത്രജ്ഞനായിരുന്ന വരാഹമിഹിരന്‍ കാളിദാസ മഹാകവിയുടെ സമകാലികന്‍ കൂടിയായിരുന്ന ജ്യോതിശാസ്ത്രജ്ഞന്‍ കൂടിയായിരുന്നു. വീടിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് കന്നിമൂലയിലാവണം മാസ്റ്റര്‍ ബെഡ്റൂം അഥവാ പ്രധാന കിടപ്പുമുറി. ഈ സ്ഥലത്തിന് സംഗമമൂല എന്നും പേരുണ്ട്. വീടിന്റെ രണ്ടാം നിലയിലും ഈ സ്ഥാനം നല്ലതാണ്. ഗൃഹനിര്‍മാണത്തില്‍ ഈശാന കോണ്‍ അഥവാ വടക്കുകിഴക്കേ മൂല താഴ്ന്നും കന്നിമൂല ഉയര്‍ന്നും നില്‍ക്കുന്ന ഭൂമി ലഭിക്കുകയാണെങ്കില്‍ ഏറെ ഉത്തമം.”ഐശ്വര്യപ്രദം”

കിടപ്പുമുറിയുടെ രൂപകല്‍പ്പനയിലും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ബെഡ്‌റൂമിന്റെ വാതില്‍ തുറന്നാല്‍ കിടക്ക വാതിലിന് മധ്യത്തിലാവരുതെന്നാണ് വാസ്തു ശാസ്ത്ര വിധി. ദാമ്പത്യ ഭദ്രതക്കും കുടുംബത്തിന്റെ ഐശ്വര്യത്തിനും വേണ്ടിയാണ് ഋഷീശ്വരന്മാരുടെ കാലം തൊട്ടേ ചില കണക്കുകൂട്ടലുകളും കരുതലുകളും ഉണ്ടാക്കിയിരിക്കുന്നത്. മരിച്ചുപോയ ബന്ധുമിത്രാദികളുടെ ഫോട്ടോകള്‍, ദൈവങ്ങളുടെ ചിത്രങ്ങള്‍ തുടങ്ങിയവ കിടപ്പ് മുറിയില്‍ വയ്ക്കരുത്. ടി.വി, കംപ്യൂട്ടര്‍ തുടങ്ങിയവയും ബെഡ്റൂമില്‍ സ്ഥാപിക്കുന്നത് നല്ലതല്ല.

കരയുന്ന കുട്ടിയുടെയും കണ്ണുനീര്‍വാര്‍ക്കുന്ന യുവതിയുടെയും മറ്റും പെയിന്റിങ്ങുകള്‍ നല്ലൊരു കലാസൃഷ്ട്ടി എന്നനിലയില്‍ പലരും വില കൊടുത്തുവാങ്ങി അലങ്കാരത്തിനായി ഉപയോഗിച്ചുകാണുന്നു. എന്നാല്‍, ഇത്തരം ചിത്രങ്ങള്‍ ഒരു കാരണവശാലും കിടപ്പുമുറിയില്‍ വയ്ക്കരുത്. ഇത് നെഗറ്റീവ് ഊര്‍ജത്തെ വിളിച്ചുവരുത്തലാവും ഫലം. പരസ്പരം കൊമ്പ് കോര്‍ക്കുന്ന കാട്ടുമൃഗങ്ങള്‍, ഹിംസ്ര ജന്തുക്കള്‍, യുദ്ധരംഗങ്ങള്‍, ജടായുവിന്റെ ചിറകരിയുന്ന പോലുള്ള പൗരാണികകഥാ ചിത്രങ്ങള്‍ ഒന്നും തന്നെ കിടപ്പുമുറിയില്‍ വയ്ക്കരുതെന്നാണ് വാസ്തുവിധി. കാക്റ്റസ് അഥവാ കള്ളിമുള്‍ചെടികള്‍ അലങ്കാരത്തിനായി ഒരിക്കലും മുറികളില്‍ വയ്ക്കരുത്. കിടന്നുറങ്ങാനുള്ള കട്ടിലിനടിയില്‍ മേശവലിപ്പുകള്‍പോലെ നിര്‍മിച്ച് സാധനങ്ങള്‍ സ്റ്റോക്ക് ചെയ്യുന്നതായി കണ്ടുവരുന്നു, ചെയ്യരുത്. വാസ്തുവിധിപ്രകാരം നിരുത്സാഹപ്പെടുത്തേണ്ട കാര്യമാണിത്.

ദമ്പതികളെക്കുറിച്ച് രണ്ടുശരീരവും ഒരു മനസ്സും എന്നാണ് പൊതുവെ പറയാറുള്ളത്. ഒരുമയും സ്‌നേഹോഷ്മളവുമായ ദാമ്പത്യജീവിതം ആഗ്രഹിക്കുന്നവരാണെങ്കില്‍ ഒരിക്കലും രണ്ടുകട്ടിലുകള്‍ ചേര്‍ത്തിട്ട് ഭാര്യാഭര്‍ത്താക്കന്മാര്‍ കിടക്കരുത്. രണ്ടു വിരിയിട്ടും കിടക്കരുത്. ഒരേ കട്ടില്‍ മാത്രം. ലോഹക്കട്ടിലിനേക്കാള്‍ ഉത്തമം മരം കൊണ്ട് നിര്‍മിച്ച കട്ടില്‍. കട്ടില്‍ പലതരം മരങ്ങള്‍ കൊണ്ട് നിര്‍മിക്കുകയുമരുത്.

കട്ടിലില്‍ ഉറങ്ങിക്കിടക്കുന്നവരുടെ പ്രതിബിംബങ്ങള്‍ പതിയുന്നതരത്തില്‍ കണ്ണാടികളുള്ള അലമാരകള്‍ കിടപ്പുമുറിയില്‍ വക്കരുത്. ഉത്തരങ്ങള്‍ക്ക് അഥവാ ബീമുകളുടെ അടിയില്‍ കട്ടിലിട്ടു കിടക്കരുത്. മധുവിധുകാലത്ത് സുഗന്ധദ്രവ്യങ്ങളും നറുമണം തുളുമ്പുന്ന പൂക്കളും മറ്റും കൊണ്ട് അലങ്കരിച്ച കിടപ്പുമുറിയുടെ പ്രൗഡിയും പത്രാസും പലരുടെയും ഓര്‍മയില്‍ കാണും. എന്നാല്‍, കാലാന്തരത്തില്‍ തികഞ്ഞ അശ്രദ്ധയോടെ അടുക്കും ചിട്ടയുമില്ലാതെ വാരിവലിച്ചിട്ടനിലയില്‍ തികച്ചും അലങ്കോലപ്പെട്ട നിലയിലായിരിക്കും പലരുടെയും കിടപ്പുമുറികള്‍. വാസ്തു കണ്‍സല്‍ട്ടന്റ് എന്ന നിലയില്‍ ഗൃഹസന്ദര്‍ശനം പലയിടങ്ങളിലും നടത്തുമ്പോള്‍ ഉണ്ടായ അനുഭവങ്ങളാണ് പങ്കുവയ്ക്കുന്നത്.

ഇത്തരം അവസ്ഥയിലാണോ നിങ്ങളുടെ കിടപ്പുമുറി? എങ്കില്‍ അടുക്കിപ്പെറുക്കി തുടച്ചു മിനുക്കി നനച്ചു തുടച്ച് രൂപം മാറ്റാന്‍ ഇനിയും വൈകരുത്. നെഗറ്റീവ് ഊര്‍ജം കയ്യടക്കിയ അവസ്ഥക്ക് എത്രയും വേഗം മാറ്റമുണ്ടാക്കുക. കഴിയുന്നതും ടി.വി, കംപ്യൂട്ടര്‍ പോലുള്ള വൈദ്യുതിസമ്മര്‍ദമുള്ള ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ കിടപ്പുമുറിയില്‍ നിന്ന് മറ്റൊരിടത്തേക്ക് മാറ്റാനായാല്‍ ഏറെ നല്ലത്. ഭൂമിയുടെ ഭ്രമണം അഥവാ സഞ്ചാരഗതി പടിഞ്ഞാറുനിന്ന് കിഴക്കോട്ട് കിടക്കുമ്പോള്‍ തല കിഴക്കോട്ട് വെച്ചുകിടക്കണമെന്ന് പറയുന്നതിന്റെ മുഖ്യ കാരണമിതാണ്. ഭൂമിക്ക് ശക്തമായ ഒരു കാന്തിക വലയമുണ്ട്. കിടക്കുമ്പോള്‍ തല വടക്ക് ദിശയിലേക്ക് വച്ചാല്‍ ശരിക്കും വികര്‍ഷണമായിരിക്കും ഫലം. ഉദാഹരണമായി നമ്മള്‍ ബസ്സില്‍ യാത്ര ചെയ്യുന്നുവെന്നു സങ്കല്‍പ്പിക്കുക. ഓടിക്കൊണ്ടിരിക്കുന്ന ബസ്സിന്റെ ഗതിവേഗത്തിനെതിരെ തിരിഞ്ഞിരുന്നാല്‍ അല്ലെങ്കില്‍ ഡ്രൈവറുടെ സീറ്റിനടുത്തായി വിലങ്ങനെയുള്ള സീറ്റില്‍ ഇരുന്നു യാത്രചെയ്യേണ്ടിവരുമ്പോള്‍ അനുഭവിക്കുന്ന നേരിയ അസ്വസ്ഥകളും അനിഷ്ടങ്ങളും ഓര്‍മിച്ചുനോക്കിയാലറിയാം വികര്‍ഷണത്തിന്റെ ഫലം എന്താണെന്ന്.

പ്രഭാതത്തില്‍ ഉണര്‍ന്ന് എഴുന്നേല്‍ക്കുമ്പോള്‍ വലത്തോട്ട് തിരിഞ്ഞുകൊണ്ട് എഴുന്നേല്‍ക്കണമെന്ന് പറയുന്നതിലും കാര്യമുണ്ട്. ഉറങ്ങിയുണരുന്ന ആളിന്റെ മുഖം ഉദിച്ചുയരുന്ന സൂര്യന് അഭിമുഖമായി കിഴക്ക് ദിശയിലാവണമെന്നതുതന്നെ.

വാസ്തുദോഷപരിഹാരങ്ങള്‍ക്കായുള്ള സഹായം ആവശ്യമുള്ള ആര്‍ക്കും വാസ്തുഭാരതി വേദിക് റിസര്‍ച്ച് അക്കാദമി ഓഫിസുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 9744830888.

 

Share

Leave a Reply

Your email address will not be published. Required fields are marked *