മാഹി: ഫ്രഞ്ചു ഭരണകാലത്ത്, 296 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിലവില്‍ വന്ന മാഹി കോടതിയുടെ നിലവിലുള്ള കെട്ടിടം അപകടാവസ്ഥയിലായതിനെത്തുടര്‍ന്ന് കോടതി നടപടികള്‍ തന്നെ നിര്‍ത്തിവെക്കേണ്ടി വരുന്ന അവസ്ഥയായി. കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്റെ ചില ഭാഗങ്ങളില്‍ ചോര്‍ച്ചയുണ്ട്. സീലിങ്ങ് പല ഭാഗത്തും അടര്‍ന്ന് നില്‍പ്പാണ്. ജനാലകള്‍ ദ്രവിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസം കോടതി നടപടികള്‍ നടന്നുകൊണ്ടിരിക്കെ, താഴത്തെ നിലയുടെ സീലിങ്ങിന്റെ ഒരു ഭാഗം വന്‍ ശബ്ദത്തോടെ അടര്‍ന്ന് വീഴുകയുണ്ടായി. കോടതി നിറയെ ആളുകളുള്ള സമയമായിരുന്നിട്ടും മഹാഭാഗ്യം കൊണ്ടുമാത്രമാണ് വന്‍ ദുരന്തമൊഴിവായത്.
കോടതിക്ക് അത്യാധുനിക സൗകര്യങ്ങളോടെ നാല് നില കെട്ടിടം നിര്‍മിക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ രൂപരേഖ തയ്യാറാക്കുകയും ചെന്നൈ ഹൈക്കോടതി അധികൃതരടക്കം മാഹിയില്‍ സന്ദര്‍ശനം നടത്തുകയും, ഈ പ്ലാനിന് ഇരുപത് കോടി രൂപ ഫണ്ട് അനുവദിക്കുമെന്ന് അറിയിച്ചതുമാണ്. ഏറ്റവും താഴത്തെ നിലയില്‍ പാര്‍ക്കിങ്ങ് സൗകര്യവും ഒന്നാം നിലയില്‍ വിവിധ ഓഫീസുകളും രണ്ടാം നിലയില്‍ രണ്ട് കോടതികളും, മൂന്നാം നിലയില്‍ ജഡ്ജസ് ക്വാര്‍ട്ടേഴ്‌സുമാണ് വിഭാവനം ചെയതിരുന്നത്. എന്നാല്‍ തുടര്‍നടപടികളുണ്ടായില്ല. ഇടുങ്ങിയ ദേശിയ പാതയില്‍ ഉയര്‍ന്ന സ്ഥലത്തെ ബസ്സ് സ്റ്റോപ്പിനടുത്ത്, റോഡിനോട് ചേര്‍ന്ന് ബഹളമയമായ സ്ഥലത്ത് കോടതി പുതുക്കി നിര്‍മിക്കുന്നത് അശാസ്ത്രീയമാന്നെന്നും, ഉള്‍പ്രദേശത്ത് നിര്‍മ്മിക്കുന്നതാണ് അഭികാമ്യമെന്നുമുള്ള അഭിപ്രായങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു.
ഒന്നുകില്‍ കോടതി മുഖം എതിര്‍വശത്താക്കി പുതുക്കിപ്പണിയുകയോ, അല്ലെങ്കില്‍ മറ്റൊരു സ്ഥലത്ത് പുതിയ കെട്ടിടം നിര്‍മ്മിക്കുകയോ ചെയ്യാതെ മുന്നോട്ട് പോകാനാവാത്ത അവസ്ഥയാണുള്ളത്. ഇതിലേക്ക് പുതിയ സ്ഥലം അക്വയര്‍ ചെയ്യാന്‍ സര്‍ക്കാര്‍ സന്നദ്ധവുമല്ല. അങ്ങനെ വന്നാല്‍ മാഹി മുന്‍സിപ്പല്‍ ഓഫിസിനോട് ചേര്‍ന്നുള്ള നിലവിലുള്ള കോടതി ഉള്‍ക്കൊള്ളുന്ന സ്ഥലം നഗരസഭക്ക് വിട്ട് നല്‍കി, നഗരസഭയുടെ കീഴില്‍ കല്യാണ മണ്ഡപത്തിനായി ഇടയില്‍ പീടികയില്‍ അക്വയര്‍ ചെയ്ത 68 സെന്റ് സ്ഥലം ലോ ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറി പ്രസ്തുത സ്ഥലത്ത് ആധുനിക സൗകര്യങ്ങളോടെ കോടതി സമുച്ഛയമുണ്ടാക്കാമെന്ന ആലോചനയും നടക്കുന്നുണ്ട്. ചുരുങ്ങിയത് 60 സെന്റ് ഭൂമിയുണ്ടെങ്കിലേ കെട്ടിട നിര്‍മാണത്തിന് ഫണ്ട് അനുവദിക്കപ്പെടുകയുള്ളു. അതിനിടെ അപകടാവസ്ഥ പരിഗണിച്ച്, സൗകര്യപ്രദമായ കെട്ടിടമുണ്ടെങ്കിലും കുട്ടികള്‍ കുറവായ ഫ്രഞ്ച് ഹൈസ്‌കൂളിലേക്ക് കോടതിയെ താല്‍ക്കാലികമായി മാറ്റാമെന്ന ചര്‍ച്ചയും നടക്കുന്നുണ്ട്.
കേരളത്തിലെ തന്നെ ഏക ഫ്രഞ്ച് ഹൈസ്‌കുള്‍ കെട്ടിടത്തെ ഇതിനായി ഉപയോഗിക്കരുതെന്ന് ഇപ്പോള്‍ തന്നെ എതിര്‍പ്പുകളുമുയര്‍ന്നിട്ടുണ്ട്. സുഗമമായി ജോലി ചെയ്യാനാവാത്ത സാഹചര്യത്തില്‍, പ്രത്യക്ഷ പ്രതിഷേധത്തിന്റെ വഴികളിലേക്ക് നീങ്ങാന്‍ ബാര്‍ അസോസിയേഷന്‍ ആലോചിച്ചിട്ടുണ്ട്. അതിനിടെ ജൂലായ് നാലിന് മാഹി റീജ്യണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ശിവ്‌രാജ് മീണ ബന്ധപ്പെട്ടവരുടെ യോഗം ഗവ. ഹൗസില്‍ വിളിച്ച് ചേര്‍ത്തിട്ടുണ്ട്. ‘വരാനിരിക്കുന്ന കാലത്തെക്കൂടി മുന്നില്‍ക്കണ്ട്, ആധുനിക സൗകര്യങ്ങളോടെയായിരിക്കണം, കെട്ടിടം എവിടെയായാലും നിര്‍മ്മിക്കപ്പെടേണ്ടത്. ഇക്കാര്യത്തില്‍ വിദഗ്ധമായ ആലോചനകളും, ആസൂത്രണവും ഉണ്ടാകണമെന്ന് പ്രമുഖ അഭിഭാഷകന്‍ ടി.അശോക് കുമാര്‍ ആവശ്യപ്പെട്ടു.