തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയയ്ച്ചു. റെയില്‍വേ ബോര്‍ഡ് ചെയര്‍മാന് ചീഫ് സെക്രട്ടറിയാണ് കത്തയയ്ച്ചത്. പദ്ധതിയുടെ ഡി.പി.ആര്‍ സമര്‍പ്പിച്ചിട്ട് രണ്ട് വര്‍ഷം ആയെന്നും അനുമതി വേഗത്തില്‍ വേണമെന്നും ആവശ്യപ്പെട്ടാണ് കത്തയയ്ച്ചിരിക്കുന്നത്.
ഒരാഴ്ച മുമ്പാണ് നടപടിക്രമങ്ങള്‍ വേഗത്തിലാക്കണെമന്ന ആവശ്യവുമായി ചീഫ് സെക്രട്ടറി കേന്ദ്രത്തിന് കത്തയച്ചത്. എന്നാല്‍ ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. കേന്ദ്രത്തിന്റെ നിലപാട് അറിഞ്ഞതിന് ശേഷമാകും സംസ്ഥാനം തുടര്‍നടപടികള്‍ സ്വീകരിക്കുക.
2020 ജൂണ്‍ 17നാണ് കേരളം സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഡി.പി.ആര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചത്. സംയുക്ത സര്‍വേ നന്നായി മുന്നേറിയെന്നതടക്കം കാണിച്ചാണ് കേന്ദ്രാനുമതി വേഗത്തിലാക്കാനുള്ള കേരളത്തിന്റെ ശ്രമം. പദ്ധതിക്ക് അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം പദ്ധതിക്ക് ഡി.പി.ആര്‍ പൂര്‍ണമല്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം സംസ്ഥാനത്തോട് വിശദീകരണം തേടിയിരുന്നു. കല്ലിടല്‍ നടത്തിയത് അനുമതിയോടെ അല്ലെന്ന് കേന്ദ്രം കോടതിയില്‍ അറിയിച്ചിരുന്നു. പദ്ധതി നടപ്പാക്കുന്നതിന് സാമൂഹികാഘാത സര്‍വേ നടത്താനായി കല്ലിടല്‍ നടത്തിയതില്‍ സംസ്ഥാനത്തും വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് കല്ലിടല്‍ ഒഴിവാക്കി ജി.പി.എസ് സര്‍വേ നടത്തുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.