- വോട്ടെണ്ണല്‍ വെള്ളിയാഴ്ച
കൊച്ചി: തൃക്കാക്കരയില്‍ 68.64 ശതമാനം പോളിങ്. രാവിലെ മുതല്‍ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. സ്ഥാനാര്‍ത്ഥികളുടെ വാശിയേറിയ പ്രചാരണങ്ങളില്‍ വോട്ടര്‍മാര്‍ ബൂത്തിലേക്ക് അക്ഷരാര്‍ത്ഥത്തില്‍ ഒഴുകുകയായിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒരു ശതമാനത്തിന്റെ കുറവാണ് ഈ വർഷം രേഖപ്പെടുത്തിയത്. 2021 നേക്കാള്‍ ഏതാണ്ട് ഒരു ശതമാനത്തലധികം പോളിങ് കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. 2021ല്‍ 70.39 ശതമാനമായിരുന്നു മണ്ഡലത്തിലെ പോളിങ് . 2011ല്‍ ആദ്യ തെരഞ്ഞെടുപ്പില്‍ 73 ശതമാനമായിരുന്നു പോളിങ് . 2016ല്‍ ഇത് 74.71 ശതമാനമായി.
യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമാ തോമസ് പാലാരിവട്ടം പൈപ്പ്‌ലൈന്‍ ജങ്ഷനിലെ ബൂത്ത് 50ലും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോ ജോസഫ് വാഴക്കാലയിലെ 140ാം നമ്പര്‍ ബൂത്തിലും വോട്ട് രേഖപ്പെടുത്തി.
പി.ടി.തോമസ് എം.എല്‍.എയുടെ നിര്യാണംമൂലം ഒഴിവുവന്ന നിയമസഭാ സീറ്റിലേക്കാണു തെരഞ്ഞെടുപ്പ്. വികസനം മുതല്‍ വര്‍ഗീയതവരെ സജീവ ചര്‍ച്ചയായ തെരഞ്ഞെടുപ്പില്‍ ഒപ്പത്തിനൊപ്പമായിരുന്നു എല്‍.ഡി.എഫ്, യു.ഡി.എഫ് പ്രചാരണം. കുത്തക മണ്ഡലം കൈവിടാതിരിക്കാന്‍ യു.ഡി.എഫും, യു.ഡി.എഫ് കോട്ട തകര്‍ക്കാന്‍ എല്‍.ഡി.എഫും രംഗത്തിറക്കിയത് തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളെ തന്നെയാണ്. ആകെയുള്ള 1,96,805 വോട്ടര്‍മാരില്‍ 1,01,530 പേര്‍ വനിതകളാണ്. ഒരു ട്രാന്‍സ്ജെന്‍ഡറുമുണ്ട്.
പോളിങ്ങിനു ശേഷം ബാലറ്റ് യൂണിറ്റുകള്‍ മഹാരാജാസ് കോളജിലെ സ്ട്രോങ് റൂമിലേക്കു മാറ്റും. ജൂണ്‍ മൂന്നിനു രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ തുടങ്ങുക. ആറു തപാല്‍ വോട്ടുകളും 83 സര്‍വീസ് വോട്ടും മണ്ഡലത്തിലുണ്ട്.