വില വർദ്ധനവ് തടയാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശക്തമായി ഇടപെടണം

        സർവ്വ മേഖലകളിലും അധിക ഭാരം പേറുകയാണ് ജനങ്ങൾ. വില വർദ്ധിക്കാത്തത് ഏതിനാണെന്ന് ചോദിച്ചാൽ അത് പൊതു ജനങ്ങൾക്കാണെന്ന് ഉത്തരമെഴുതേണ്ട അവസ്ഥയാണുള്ളത്. വിലക്കയറ്റത്തിന് ആധാരമായ വസ്തുതകൾ പരിശോധിക്കുമ്പോൾ സാമൂഹിക സംരക്ഷണ നടപടികളിലെ സർക്കാരുകളുടെ പോരായ്മയാണെന്ന് കണ്ടെത്താൻ കഴിയും. എന്നാൽ സർക്കാരുകൾ നൽകിക്കൊണ്ടിരിക്കുന്ന സമാശ്വാസ നടപടികളെ കുറച്ച് കണ്ടുകൊണ്ടല്ല ഇത് പറയുന്നത്. കൂടുതൽ ശക്തമായ ഇടപെടലുകളാണ് സർക്കാരുകളിൽ നിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നതെന്നർത്ഥം. ന്യായമായും പ്രതീക്ഷ വെച്ച് പുലർത്തേണ്ടത് സർക്കാർ നടപടികളിൽ തന്നെയാണ്.
സമീപകാലത്ത് നിരക്ക് വർദ്ധനവിന്റെ ഘോഷയാത്രയാണ് നടക്കുന്നത്. പാചകവാതകം, പെട്രോളിയം, ഉൽപ്പന്നങ്ങൾ, അവശ്യ മരുന്നുകൾ സംസ്ഥാനത്താകട്ടെ ഭൂനികുതി, ബസ്-ഓട്ടോ ടാക്‌സി ചാർജ്ജ്, വെള്ളക്കരം നിത്യോപയോഗ സാധനങ്ങൾ, നിർമ്മാണ സാമഗ്രികൾ, ഇലക്ട്രോണിക്‌സ് ഉൽപ്പന്നങ്ങളുടെ വില വർദ്ധനവ് എല്ലാം ജനങ്ങളാണ് പേറേണ്ടി വരുന്നത്. കോവിഡിന്റെ പ്രതിസന്ധിയിൽ കഴിഞ്ഞ രണ്ട് വർഷക്കാലമായി നടുവൊടിഞ്ഞ ജനതയാണ് ഈ ഭാരം പേറേണ്ടി വരുന്നത് എന്ന വസ്തുത സർക്കാരുകൾ മറന്നു പോകുകയാണോ എന്ന് തോന്നിപ്പോകുന്നു.
ബസ് ചാർജ്ജ് ഉൾപ്പെടെയുള്ള മേഖലകളിൽ ചാർജ്ജ് വർദ്ധിപ്പിക്കാൻ ആ മേഖലയിലുള്ളവർ ആവശ്യപ്പെടുന്നത് അവരുടെ പ്രയാസം മൂലമാണെന്ന കാര്യം വിസ്മരിക്കുന്നില്ല. ആ മേഖലയെ സംരക്ഷിക്കാൻ നികുതി ഇളവടക്കമുള്ള ആനുകൂല്യങ്ങൾ നിരന്തരം സർക്കാരിനോട് ആവശ്യപ്പെട്ടിട്ടും ഫലമില്ല എന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ഓരോ മേഖലയും പ്രതിസന്ധിയിലൂടെ കടന്നു പോകുകയും അതിജീവനത്തിനായി പോരാടുകയും ചെയ്യുന്നുണ്ട്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ രണ്ടു കോടിയിലധികം വരുന്ന ജീവനക്കാർക്ക് മാത്രമാണ് ഈ കാലയളവിൽ കൃത്യമായ വരുമാനം ലഭിച്ചിട്ടുള്ളത്. കാർഷിക-അസംഘടിത-ചെറുകിട മേഖലകളിലെ തൊഴിലാളികൾക്കും ഒരു വരുമാനവുമില്ലാത്ത ജന വിഭാഗങ്ങൾക്കും അവരുടെ സാമ്പത്തികാവസ്ഥ പരിശോധിച്ചാൽ ഈ പ്രതിസന്ധി കാലഘട്ടം അവർ തരണം ചെയ്തത് എങ്ങനെയാണെന്നത് അത്ഭുതം തന്നെയാണ്. ഒരു രൂപ പോലും നിത്യ വരുമാനമില്ലാതെ ജനങ്ങൾ വീട്ടിൽ അടച്ചിട്ടിരിക്കുകയായിരുന്നു എന്നതാണ് യാഥാർത്ഥ്യം. സഹായവുമായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകിയ സൗജന്യ കിറ്റുകൾ തന്നെ ലക്ഷക്കണക്കിന് കോടി രൂപ ചെലവഴിക്കപ്പെട്ടുവെന്നതും, വായ്പകൾക്ക് മൊറോട്ടോറിയം പ്രഖ്യാപിക്കപ്പെട്ടുവെന്നതും വലിയ കാര്യം തന്നെയാണ്. എന്നാൽ സമൂല മേഖലയിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന വില വർദ്ധനവ് താങ്ങാനുള്ള ശേഷി പൊതു ജനങ്ങൾക്കുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. മോങ്ങാനിരുന്നവന്റെ തലയിൽ തേങ്ങവീണു എന്ന പഴമൊഴിയാണ് ഇവിടെ ഓർത്തുപോകുന്നത്. തിരിച്ചു വരവിന്റെ മേഖലയിലേക്ക് മുന്നേറാൻ ശ്രമിക്കുന്ന ഇക്കാലത്ത് അവശ്യ മരുന്നുകളുടെ അടക്കം വിലവർദ്ധന ഒരു വർഷക്കാലത്തേക്കെങ്കിലും ഒഴിവാക്കി പ്രതിസന്ധി നേരിടുന്ന മേഖലകളിൽ സബ്‌സിഡിയും നികുതിയിളവും നൽകിയും സർക്കാരുകൾ ഇടപെടുകയായിരുന്നു അഭികാമ്യമമെന്നു തോന്നുന്നു. ക്ഷേമ പദ്ധതികൾ നടപ്പിലാക്കാൻ സർക്കാരുകൾക്ക് പണം കണ്ടെത്തേണ്ടതുണ്ട് എന്ന് മറക്കുന്നില്ല. എന്നാലും വില വർദ്ധന താങ്ങാൻ ജനങ്ങൾക്ക് സാധിക്കില്ല എന്നതാണ് പച്ചയായ യാഥാർത്ഥ്യം.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *