കോഴിക്കോട്: ടൂറിസത്തിന് അനന്ത സാധ്യതകളുള്ള മലബാറിൽ ടൂറിസം വളരാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ടെന്ന് സാമൂഹിക പ്രവർത്തകൻ ആർ.ജയന്ത് കുമാർ പീപ്പിൾസ് റിവ്യൂവിനോട് പറഞ്ഞു. ടൂറിസ്റ്റുകളെ ആകർഷിക്കാൻ പലതും നമുക്കിവിടെയുണ്ട്. എന്നാൽ അത്ടൂറിസ്റ്റുകളുടെ അടുത്തെത്തിക്കാനുള്ള വഴികൾ ഇപ്പോഴും നാം ശരിയായി മനസ്സിലാക്കിയിട്ടില്ല എന്നതാണ് വാസ്തവം. അതിന് പ്രധാനമായും സമീപിക്കേണ്ടത് ഇന്റർ നാഷണൽ ഡൊമസ്റ്റിക് ട്രാവൽ ഏജൻസികളെ തന്നെയാണ്. അവരുടെ വിപുലമായ ഒരു യോഗം വിളിച്ചു ചേർക്കുകയും, നമ്മുടെ ടൂറിസം സെന്ററുകളെക്കുറിച്ച് അവർക്ക് വിവരം നൽകുകയും ചെയ്യുകയും , അവർ മുഖേനയും, അല്ലാതെയും എത്തുന്ന ടൂറിസ്റ്റുകൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുകയുമാണ് ആദ്യപടിയായി നാം ചെയ്യേണ്ടത്. രണ്ടായിരം വർഷങ്ങൾക്ക് മുൻപ് ചൈനക്കാരും, അറബികളും വ്യാപാരത്തിനായി വന്ന നാടാണ് കോഴിക്കോട്. വാസ്‌കോഡഗാമ കപ്പലിറങ്ങിയ കാപ്പാടും, ആയിരത്തിലധികം വർഷം പഴക്കമുള്ള മിഷ്‌കാൽ പള്ളിയും, ക്ഷേത്രങ്ങളും, ക്രിസ്ത്യൻ ജൈന ദേവാലയങ്ങളും എല്ലാം തലയുയർത്തി നിൽക്കുന്ന പ്രൗഢ സൗന്ദര്യമായ നാടാണ് കോഴിക്കോട്.
നമ്മുടെ ടൂറിസ്റ്റുകളിൽ രാജ്യത്തിനകത്ത് നിന്ന് പ്രധാനമായും വരുന്നത് നോർത്ത് ഇന്ത്യയിൽ നിന്നാണ്. രാജസ്ഥാൻ, ഗുജറാത്തിൽ നിന്നടക്കം വരുന്ന ടൂറിസ്റ്റുകൾ പ്രധാനമായും എത്തുന്നത് മൂന്നാർ, ആലപ്പുഴ, കോട്ടയം ഭാഗങ്ങളിലേക്കാണ്. അവിടേക്ക് ടൂറിസ്റ്റുകളെ എത്തിക്കാൻ അഗ്രസ്സീവായ പ്രചാരവും നടക്കുന്നുണ്ട്. എന്നാൽ ടൂറിസ്റ്റുകൾ വന്നാൽ രണ്ടാമത് വരാൻ മടിക്കുന്നതിന്റെ ഒരു കാരണം താമസം, ഭക്ഷണ സൗകര്യങ്ങളുടെ അഭാവമാണ്. ഇത് ഏറെ മുഴച്ചു നിൽക്കുന്നത് മലബാറിലും വിശിഷ്യ കോഴിക്കോടുമാണ്. ലോകത്ത് ഏറ്റവുമധികം ടൂറിസ്റ്റുകളായി പോകുന്നത് ജൈനൻമാരാണ്. അവരിൽ തന്നെ രണ്ട് വിഭാഗക്കാരുണ്ട്. രണ്ട് വിഭാഗക്കാരും വെജിറ്റേറിയൻസാണ്. എന്നാൽ ഒരു വിഭാഗം ഭൂമിക്കടിയിൽ ഉണ്ടാവുന്ന ഒന്നും ഭക്ഷിക്കില്ല. ഉദാഹരണത്തിന് ഉരുളക്കിഴങ്ങ്, ഉള്ളി എന്നിവയൊക്കെ. ഇവിടെ പറഞ്ഞുവരുന്നത് ഭക്ഷണ പ്രധാനം തന്നെ എന്നാണ്. ടൂറിസ്റ്റുകൾ പ്രധാനമായി ആസ്വദിക്കുന്നത് കാഴ്ചകളും, യാത്രയും, ഭക്ഷണവും താമസവുമാണ്. ഈ അടിസ്ഥാന സൗകര്യത്തിലാണ് നാം കൂടുതൽ ശ്രദ്ധിക്കേണ്ടത് എന്നാണ്. കോഴിക്കോട് നഗരത്തിൽ ഒരു ടൂറിസ്റ്റ് വന്നാൽ നല്ല എത്ര വെജിറ്റേറിയൻ ഹോട്ടലുകൾ നമുക്കുണ്ട്. നമുക്ക് ടൂറിസം മാർക്ക് ചെയ്യാനറിയില്ല എന്നതാണ് വാസ്തവം, ബേപ്പൂർ ഫെസ്റ്റിൽ നടന്ന അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റിവെൽ തന്നെ ഉദാഹരണം. ഏതാണ്ട് രണ്ടര ലക്ഷത്തോളം തദ്ദേശീയർ ഫെസ്റ്റ് വീക്ഷിച്ചു എന്നതല്ലാതെ എത്ര വിദേശ രാജ്യങ്ങളിൽ നിന്നുളളവർ അത് ദർശിക്കാനെത്തി. അതുകൊണ്ട് പേരിൽ മാത്രം ഇന്റർനാഷണൽ ആയത്‌കൊണ്ട് മാത്രമായില്ല. ഈ പോരായ്മ ശരിയായ മാർക്കറ്റിങ്ങിലൂടെ നമുക്ക് പരിഹരിക്കാവുന്നതേയുളളൂ. കണ്ണൂരിൽ വലിയ ബീച്ച് സംവിധാനവും, ധാരാളം റിസോർട്ടുകളുമുണ്ട്. എന്നാൽ നഗരത്തിൽ എത്ര വെജിറ്റേറിയൻ ഹോട്ടലുകളുണ്ട്. വാസ്‌കോഡഗാമ വന്ന കാപ്പാട് ഒരു ടൂറിസ്റ്റ് എത്തിപ്പെട്ടാൽ ഒരു നല്ല വെജിറ്റേറിയൻ ഹോട്ടൽ അവിടെയുണ്ടോ. ഇത്തരം കാര്യങ്ങളാണ് നാം ആദ്യം പരിശോധിക്കേണ്ടത്. ഒരു മനുഷ്യന്റെ സ്‌നേഹം നിങ്ങൾക്ക് ലഭിക്കണമെങ്കിൽ നിങ്ങൾ വയറ്റിലൂടെ പോകണം എന്ന ചൊല്ലുണ്ട്. ഇതിനർത്ഥം നല്ല ഭക്ഷണം കൊടുക്കണം എന്നുതന്നെയാണ്. വയനാട് സ്വിറ്റ്‌സർലന്റ് പോലെ മനോഹരമായ ഒരു പ്രദേശമാണ്. അവിടെ വലിയ സാധ്യതകളുണ്ട്.
കടലുണ്ടി പക്ഷി സങ്കേതം വലിയ രൂപത്തിൽ ടൂറിസ്റ്റുകളെ ആകർഷിക്കുന്ന ഒന്നാണ്. കോഴിക്കോട് വഴി പ്രതിദിനം 22ഓളം ട്രെയിനുകളാണ് സഞ്ചരിക്കുന്നത്. ടൂറിസ്റ്റുകളെ ഇവിടെ ബ്രേക്ക് ചെയ്യുവാനുള്ള ശ്രമമാണ് നാം നടത്തേണ്ടത്. ഇന്റർ നാഷണൽ എയർലൈൻസുകളിലടക്കം ഇന്ന് ഓരോരുത്തർക്കും വേണ്ട ഫുഡ് അവർ ഒരുക്കുന്നുണ്ട്. കോഴിക്കോട്ടെ ഓരോ റോഡിനും ചരിത്രമുണ്ട്. ചൈനക്കാർ, ഫ്രഞ്ചുകാർ, അറബികൾ, ജൈനർ എന്നിവരെല്ലാം വന്നണഞ്ഞ നാടാണിത്. ചരിത്ര പ്രാധാന്യമുള്ള ഈ നഗരത്തെ വേണ്ട രീതിയിൽ നിലനിർത്താനും, വളർത്താനും ശ്രമങ്ങളുണ്ടാവണം. രാജ്യത്ത് ശുചിത്വത്തിന്റെ കാര്യത്തിൽ ഇൻഡോർ മാതൃകയാണ്. നാമും ആ പാത പിന്തുടരണം. ടൂറിസം പദ്ധതികൾ ഉദ്യോഗസ്ഥ മേധാവികൾ മാത്രം വിചാരിച്ചാൽ വിജയിക്കില്ല. അവർക്കാവിഷയത്തിലെ അറിവിന് പരിമിതിയുണ്ട്. ടൂറിസത്തിന്റെ സർക്കാർ സമിതകികളിൽ ഈ വിഷയമറിയുന്നവരെ ഉൾപ്പെടുത്തണം. ടൂറിസം ജനകീയ ഉൽപ്പന്നമാക്കി മാറ്റാൻ സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.