പുതുവർഷത്തിൽ പുതുമകളോടെ മുന്നേറാം – എഡിറ്റോറിയൽ

വീണ്ടും ഒരു പുതുവർഷം അണഞ്ഞിരിക്കുന്നു. ഐശ്വര്യ സമൃദ്ധമായ ഒരു വർഷമായി നമുക്കോരോരുത്തർക്കും 2022 മാറട്ടെ എന്നാശംസിക്കുന്നു.
പോയവർഷത്തെ ദിനങ്ങൾ നമുക്ക് മാത്രമല്ല ലോകത്താകമാനമുള്ള മനുഷ്യ സമൂഹത്തിന് അത്ര സുഖകരമായിരുന്നില്ല. കോവിഡിന്റെ ഭീഷണിയിൽപ്പെട്ടുഴലുന്ന ലോകമാണ് കഴിഞ്ഞ ഏതാണ്ട് രണ്ട് വർഷമായി കണ്ടുകൊണ്ടിരിക്കുന്നത്. വലിയ ആഘാതമാണ് കോവിഡ് സമൂഹത്തിന് ഏൽപ്പിച്ചത്. കോവിഡിനെ ചെറുക്കാൻ ശാസ്ത്രലോകം നടത്തിയ ചെറുത്തുനിൽപ്പ് മാനവ സമൂഹത്തിന്റെ ഉയിർത്തെഴുന്നേൽപ്പായി രേഖപ്പെടുത്തുക തന്നെ ചെയ്യും. വാക്‌സിൻ ലഭിച്ചതോടുകൂടി ഈ രോഗത്തെ ചെറുക്കാമെന്നുള്ള ആശ്വാസം വലുതായി നേടാനായി. അലോപ്പതിയോടൊപ്പം ആയൂർവ്വേദവും, ഹോമിയോപ്പതിയും മറ്റ് ചികിത്സാ ശാഖകളും പോരാടി എന്നതും യാഥാർത്ഥ്യമാണ്. രോഗ ഭീഷണി പൂർണ്ണമായും വിട്ടുമാറാത്തതിനാൽ നിരന്തര ജാഗ്രത ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.താളുകൾ മറിഞ്ഞ 2021ലെ കലണ്ടറിൽ വേദനിക്കുന്ന നിരവധി സംഭവങ്ങളും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. നമ്മൾ മനുഷ്യരാണെന്നും, പരസ്പരം അക്രമിച്ച് മരിക്കപ്പെടേണ്ടവരല്ലെന്ന ചിന്താഗതിയെ പാടെ മറന്നുകൊണ്ട് അക്രമവും, ക്രൂരമായ കൊലപാതകങ്ങളും നമ്മുടെ നാട്ടിൽ നടക്കുന്നു എന്നത് വേദനാജനകം തന്നെയാണ്. വർഗ്ഗീയതയുടെ ഭ്രാന്ത് തലയിൽ കയറി, അതിന്റെ ലഹരിയിൽ ആളുകളെ പൈശാചികമായി കൊലപ്പെടുത്തുന്നത് നമ്മുടെ നാടിന്റെ സംസ്‌കാരമല്ലെന്ന് ഇതിൽ വ്യാപൃതരാവുന്നവർ ഓർക്കണം. മദ്യവും മയക്കുമരുന്നും വ്യാപകമായികൊണ്ടിരിക്കുന്നു എന്നതാണ് കേരളം നേരിടുന്ന പ്രധാന വെല്ലുവിളി. മയക്കുമരുന്നിന്റെ വിളയാട്ടമാണ് നടക്കുന്നത്. സർക്കാർ സർവ്വ ശക്തിയുമെടുത്ത് മയക്ക് മരുന്ന് ലോബിയെ തളയ്ക്കണം. ഇക്കാര്യത്തിൽ പൊതു സമൂഹവും വലിയ ജാഗ്രത പുലർത്തണം.
കേരളത്തിലിപ്പോൾ കെ.റെയിൽ വിവാദം പുകയുകയാണ്. വികസനം വേണം. പക്ഷേ അത് ജനങ്ങളുടെ ഉന്നതിക്കാവണം. ഇപ്പോൾതന്നെ സംസ്ഥാനം ഭീമമായ കടക്കെണിയിലാണ്. കെ.റെയിലിന് വേണ്ടി ഇതിലും ലക്ഷത്തോളം കോടി രൂപ വായ്പയെടുക്കുമ്പോൾ അതിന്റെ ഭാരം നാം തന്നെ താങ്ങേണ്ടി വരും. സാമ്പത്തിക ഭദ്രതയില്ലാതെ, വീണ്ടും സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന പദ്ധതികൾ വേണോ? നാം കൂടുതൽ കടക്കാരകണോ? ഇക്കാര്യത്തിൽ വലിയ പരിശോധന നടത്താൻ ഭരണ പക്ഷവും പ്രതിപക്ഷവും തയ്യാറാകണം. കേരളം വളരണമെന്ന കാര്യത്തിലൊന്നും ആർക്കും വിയോജിപ്പില്ല. കെ.റെയിലിനെക്കുറിച്ച് സമഗ്രമായി പഠനം നടത്തി ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ച് നടപ്പാക്കുകയാണുത്തമം. 20,000 കുടുംബങ്ങളെ പദ്ധതിക്കായി കുടിയൊഴിപ്പിക്കേണ്ടി വരുമെന്ന് കേൾക്കുമ്പോൾ തന്നെ അതിന്റെ ഭീകരത വലുതാണ്. മൂലമ്പള്ളിയിൽ 321 കുടുംബങ്ങൾക്കും റോഡ് വികസനത്തിൽ കടകളും, വീടുകകളും നഷ്ടപ്പെടുന്നവരുടെ പ്രശ്‌നങ്ങളും ഇപ്പോൾതന്നെ സംസ്ഥാനം നേരിടുകയാണ്. ഭരിക്കുന്നവർക്ക് അവരുടെ കാലം കഴിഞ്ഞ് ഇറങ്ങി പോകാം. ഈ ഭാരങ്ങളെല്ലാം ജനങ്ങളാണ് വഹിക്കേണ്ടി വരുന്നത്. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലക്കയറ്റം കാരണം എല്ലാ ഉൽപ്പന്നങ്ങൾക്കും വില വർദ്ധനവാണുണ്ടാകുന്നത്. ഇനിയും നികുതി ഭാരം താങ്ങാനാവാത്ത അവസ്ഥയിലാണ് കേരളീയർ. കോവിഡിന്റെ പശ്ചാത്തലത്തിൽ എല്ലാ മേഖലയിലും പ്രയാസം നിലനിൽക്കുകയാണ്. ഭരണാധികാരികൾ അവധാനതയോടെ കേരളം പുതുക്കിപ്പണിയാൻ തയ്യാറാകണം.
പുതിയ വർഷത്തിൽ സമാധാന സുരഭിലമായ, വികസനങ്ങൾ നിറഞ്ഞ കേരളം ഉയർന്നുവരട്ടെ, മാന്യ വായനക്കാർക്ക് പുതുവൽസരാശസകൾ.

Share

Leave a Reply

Your email address will not be published. Required fields are marked *