റാവു ബഹദൂർ ടി. എം. അപ്പുനെടുങ്ങാടി ക്രാന്തദർശിയായ അപൂർവ്വ പ്രതിഭ

റാവു ബഹദൂർ ടി. എം. അപ്പുനെടുങ്ങാടി ക്രാന്തദർശിയായ അപൂർവ്വ പ്രതിഭ

മീരാ പ്രതാപ്

മലയാളഭാഷയിലെ പ്രഥമ നോവലായ”കുന്ദലത’യുടെ കർത്താവും ബ്രിട്ടീഷ് ഇന്ത്യയിൽ, സ്വകാര്യമേഖലയിലെ ആദ്യ വാണിജ്യ ബാങ്കായ നെടുങ്ങാടി ബാങ്കിന്റെ സ്ഥാപകനും കോഴിക്കോട് നഗരസഭാദ്ധ്യക്ഷനുമായിരുന്ന റാവു ബഹദൂർ ടി.എം. അപ്പു നെടുങ്ങാടിയുടെ ജീവചരിത്രം മുൻകാലങ്ങളിലെ പ്രശസ്ത എഴുത്തുകാരുടെ ലേഖനങ്ങളിലൂടെയും ഗ്രന്ഥങ്ങളിലൂടെയും മലയാളികൾക്ക് സുപരിചിതമാണല്ലൊ. എങ്കിലും പുതുതലമുറക്കാർക്കിടയിൽ ഏറെക്കുറെ വിസ്മൃതനായിക്കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ-എന്റെ മുത്തച്ഛന്റെ മഹദ് വ്യക്തിത്വത്തെക്കുറിച്ച് വ്യത്യസ്തമായ കാഴ്ച്ചപ്പാടിലൂടെ പ്രതിപാദിക്കുന്നത് അദ്ദേഹത്തോടുള്ള ആദരസൂചകമായി ഞാൻ കരുതുന്നു.
പണ്ട്, കോഴിക്കോട് തളി മഹാദേവക്ഷേത്രത്തിനു സമീപത്തായി, തറവാടിനോട് ചേർന്ന് മുത്തച്ഛൻ പണികഴിപ്പിച്ച പത്തായപ്പുര (രാമനിലയം)യായിരുന്നു ഞങ്ങളുടെ ഭവനം. വർഷങ്ങൾക്കുമുമ്പ് എന്റെ ബാല്യകാലത്ത് എന്റെ അമ്മമ്മ (അപ്പു നെടുങ്ങാടിയുടെ മകൾ വി. എം. പാർവ്വതി അമ്മ) ഈ ഭവനത്തിന്റെ എതിർവശത്ത് സ്ഥിതിചെയ്യുന്ന കെട്ടിടം ചൂണ്ടിക്കാട്ടി എന്നോട് പറഞ്ഞുതരുമായിരുന്നു…..
”’ദാ…. ആ ബിൽഡിങ്ങിലാണ് നെടുങ്ങാടി ബാങ്കിന്റെ തുടക്കം. ആ കാണുന്നതാണ് അച്ഛന്റെ ഓഫീസ് റൂം. അതിന്റെ മുറ്റത്തുള്ള പൂന്തോട്ടത്തിൽ അച്ഛൻ ഒഴിവുവേളകളിൽ കുട്ടികളായ ഞങ്ങളോടൊത്ത് കളിതമാശകൾ പറഞ്ഞുകൊണ്ട് നടക്കാറുണ്ടായിരുന്നു…”’
”’ബാങ്ക് ബിൽഡിംങ്ങ്’എന്ന പേരിൽ കുടുംബാംഗങ്ങൾക്കിടയിൽ അറിയപ്പെട്ടിരുന്ന ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ആ കെട്ടിടം, ഇപ്പോൾ മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള ഒരു വാണിജ്യസ്ഥാപനമാണെങ്കിലും ചരിത്രത്തിന്റെ ഭാഗമായി പഴമയുടെ പ്രൗഢിയോടെ ഇന്നും നിലനിൽക്കുന്നു…..!


അമ്മമ്മയും അമ്മയും വലിയമ്മമാരും മുത്തച്ഛനെക്കുറിച്ച് പകർന്നുതന്ന അറിവുകൾ നാലാം തലമുറക്കാരിയായ എന്റെ മനസ്സിൽ കുട്ടിക്കാലം തൊട്ടേ ഒരു വീരപുരുഷസങ്കൽപ്പത്തിന് രൂപം നൽകിയിരുന്നു.
കഴിവുറ്റ അദ്ധ്യാപകൻ പ്രതിഭാധനനായ സാഹിത്യകാരൻ, പ്രഗത്ഭനായ അഭിഭാഷകൻ പ്രശസ്തനായ വ്യവസായി, പ്രമുഖനായ വ്യാപാരി, കീർത്തിമാനായ ബാങ്കർ, മികച്ച പത്രപ്രവർത്തകൻ, നിർഭയനായ സാമൂഹിക പരിഷ്‌കർത്താവ്, ക്രാന്തദർശിയായ നഗരപിതാവ്, സ്‌നേഹധനനായ കുടുംബനാഥൻ എന്നിങ്ങനെ ജീവിതത്തിന്റെ വ്യത്യസ്ഥമേഖലകളിൽ തിളങ്ങിനിന്ന ആ ബഹുമുഖപ്രതിഭയ്ക്ക് പകിട്ടേകാൻ വിശേഷണങ്ങൾ തികയാതെ വരുന്നു……!
1860 ഒക്‌ടോബർ 11-ാം തിയ്യതി, സാമൂതിരി കോവിലകത്തെ മൂന്നാർപ്പാട് മാനവിക്രമൻ തമ്പുരാന്റെയും സംഗീത-സാഹിത്യാദികലകളിൽ വിദുഷിയായിരുന്ന ചെർപ്പുളശ്ശേരി തലക്കൊടി മഠത്തിൽ കുഞ്ചിക്കുട്ടി കോവിലമ്മയുടെയും പുത്രനായാണ് അദ്ദേഹം ഭൂജാതനായത്. മദിരാശിയിലെ പ്രസിദ്ധ ഭിഷഗ്വരനായിരുന്ന ഡോ. ടി.എം. കുഞ്ചുണ്ണി നെടുങ്ങാടി ഉൾപ്പെടെ രണ്ടു സഹോദരന്മാരും രണ്ടു സഹോദരിമാരുമാണ് മുത്തച്ഛന് ഉണ്ടായിരുന്നത്. അന്നത്തെ രീതിയനുസരിച്ച് സംസ്‌കൃതത്തിൽ കാവ്യനാടകങ്ങളുടെ പഠനം വീട്ടിൽ വച്ചുതന്നെ പൂർത്തിയാക്കിയശേഷം മുത്തച്ഛൻ കോഴിക്കോട്ടെ ഗവൺമെന്റ് സ്‌കൂളിലും കേരള വിദ്യാശാലയിലുമായി (ഇന്നത്തെ ഗുരുവായൂരപ്പൻ കോളേജ്) പഠനം തുടരുകയും എഫ്.എ. (ഇപ്പോഴത്തെ ഹയർസെക്കണ്ടറി) പാസ്സാവുകയും ചെയ്തു. തുടർന്ന് ഉപരിപഠനത്തിനായി മദിരാശി ഗവൺമെന്റ് കോളേജിൽ ചേർന്നു ബി.എ. ബിരുദം നേടിയശേഷം അദ്ദേഹം കുറേക്കാലം കണ്ണൂരിലെ മുനിസിപ്പൽ ഹൈസ്‌കൂളിലും കോഴിക്കോട്ടെ ബി.ഇ.എം. ഹൈസ്‌കൂളിലും മികച്ച സയൻസ് അധ്യാപകനായി സേവനമനുഷ്ഠിച്ചു. തുടർന്ന് മദിരാശി ക്രിസ്ത്യൻ കോളേജിൽ ട്യൂട്ടറായി ജോലി ചെയ്തുകൊണ്ടുതന്നെ ഉൽപ്പതിഷ്ണുവായ അദ്ദേഹം നിയമവും ബാങ്കിങ്ങും പഠിക്കുവാൻ സമയം കണ്ടെത്തി. മദിരാശി സർവ്വകലാശാലയുടെ മലയാള ഭാഷാവിഭാഗത്തിന്റെ പരീക്ഷകനായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.
ബി.എ. പരീക്ഷ ജയിച്ച കാലഘട്ടത്തിലാണ് മുത്തച്ഛൻ ചെർപ്പുളശ്ശേരി വലില്ലത്തുമഠത്തിൽ മീനാക്ഷിയമ്മ എന്ന എന്റെ മുത്തശ്ശിയെ വിവാഹം ചെയ്യുന്നത്. ഈ ദമ്പതികൾക്ക് പതിനാല് സന്താനങ്ങളാണ് പിറന്നത്. അവർ ആരും തന്നെ ഇന്ന് ജീവിച്ചിരിപ്പില്ല.
‘കുന്ദലത’ എന്ന ആദ്യ മലയാള നോവലിന്റെ കർത്താവ് എന്ന നിലയിൽ മലയാള സാഹിത്യ ചരിത്രത്തിൽ മുത്തച്ഛനുള്ള സ്ഥാനം അദ്വിതീയമാണ്. ‘കുന്ദലത’യുടെ ആദ്യപതിപ്പ് 1887 -ൽ പ്രസിദ്ധീകരിച്ച കാലയളവിൽ തന്നെ അത് തിരുവിതാംകൂറിലെ പല പള്ളിക്കൂടങ്ങളിലും പാഠപുസ്തകമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നീട് ബ്രിട്ടീഷ് മലബാറിലും കൊച്ചിയിലും എഫ്.എ. പരീക്ഷയ്ക്ക് സർവ്വകലാശാല പാഠപുസ്തകമായി ‘കുന്ദലത’ സ്വീകരിക്കപ്പെട്ടു എന്നതും അദ്ദേഹത്തിന് വലിയ ബഹുമതിയാണ് നേടിക്കൊടുത്തത്. ‘കുന്ദലത’ രചിച്ച കാലഘട്ടത്തിൽ മലയാള സാഹിത്യത്തിലെ കഥാവിഭാഗത്തിൽ ഒരു പുസ്തകംപോലും എഴുതപ്പെട്ടിരുന്നില്ല എന്ന വസ്തുത എടുത്തുപറയേണ്ടതുണ്ട്. ”സ്വതന്ത്രമായി പാശ്ചാത്യസമ്പ്രദായത്തിൽ നോവൽ എന്ന ഇനത്തിൽ ഉൾപ്പെടുത്താവുന്ന ഒരു കഥ ആദ്യമായി എഴുതി ഭാഷയെ ഭൂഷിപ്പിച്ചത്” മഹാകവി ഉള്ളൂർ ‘കുന്ദലത’യെക്കുറിച്ച് പരാമർശിച്ചത് ഇങ്ങനെയാണ്.
ആംഗലേയ ഭാഷയിലും സാഹിത്യത്തിലും വ്യുൽപ്പത്തിയും പാശ്ചാത്യ ജീവിതരീതികളോട് പ്രതിപത്തിയുമുണ്ടായിരുന്ന മുത്തച്ഛന് സംസ്‌കൃതത്തിലും മലയാളത്തിലും അഗാധ പാണ്ഡിത്യവുമുണ്ടായിരുന്നു. ഇംഗ്ലീഷ്, സംസ്‌കൃതം,
മലയാളം എന്നീ ഭാഷകളുടെ പഠനത്തെ കുട്ടികൾ ഗൗരവപൂർവ്വം ഉൾക്കൊള്ളണമെന്ന് മുത്തച്ഛൻ നിഷ്‌കർഷിക്കാറുണ്ടായിരുന്നതായി അദ്ദേഹത്തിന്റെ പുത്രിമാരായ എന്റെ അമ്മമ്മ പാർവ്വതിഅമ്മയും ജ്യേഷ്ഠത്തി മാധവിക്കുട്ടി വലിയമ്മയും പറഞ്ഞു തരുമായിരുന്നു. വിവിധ ഭാഷകളിലെ ഉത്തമകൃതികളടങ്ങുന്ന വിപുലമായ പുസ്തകസമ്പത്ത് അദ്ദേഹത്തിനുണ്ടായിരുന്നു. നിത്യേന ‘നാരായണീയ’വും മറ്റ് സംസ്‌കൃത ഗ്രന്ഥങ്ങളും പാരായണം ചെയ്യുന്നതും അതിരാവിലെ സൂര്യനമസ്‌കാരം ചെയ്യുന്നതും അദ്ദേഹത്തിന്റെ ജീവിതചര്യയുടെ ഭാഗമായിരുന്നു. ‘കുന്ദലത’യ്ക്ക് പുറമെ ഒരു പാഠാവലിയും എഴുതിയിട്ടുള്ള മുത്തച്ഛൻ ഉത്തരേന്ത്യൻ പര്യടനവേളയിൽ താജ്മഹൽ സന്ദർശിച്ചപ്പോൾ ആ സുന്ദരദൃശ്യത്തിൽ ആകൃഷ്ടനായി അവിടെയിരുന്നുകൊണ്ട് താജ്മഹലിനെ പ്രകീർത്തിച്ച്, ‘ഉത്തുംഗം നിന്റെ താഴികക്കുടമതു വിലസൽ പൂർണ്ണ ചന്ദ്രാഭിരാമം’ എന്നു തുടങ്ങുന്ന ഒരു കവിതയും രചിക്കുകയുണ്ടായി.
1888 ൽ കോഴിക്കോട് ബാറിൽ മുത്തച്ഛൻ വക്കീലായി പ്രാക്ടീസ് ആരംഭിച്ചു. സിവിൽ, ക്രിമിനൽ കേസുകൾ അനായാസം കൈകാര്യം ചെയ്തിരുന്ന അദ്ദേഹം അക്കാലത്തെ പ്രമുഖ അഭിഭാഷകരിൽ ഒരാളായിരുന്നു. 1906 ൽ പബ്ലിക് പ്രോസിക്യൂട്ടറും ഗവൺമെന്റ് പ്ലീഡറുമായി അദ്ദേഹത്തിന് നിയമനം ലഭിച്ചത്, അഭിഭാഷകവൃത്തിയിലെ പ്രാഗത്ഭ്യം മൂലമാണ്. അമ്മമ്മയുടെ കുട്ടിക്കാലത്ത് ഒരു രാത്രിയിൽ, തറവാട്ടിലെ പൂട്ടറയിൽ നിന്ന് സ്ത്രീകളുടെ സ്വർണ്ണാഭരണങ്ങൾ കളവുപോയി. കള്ളനുവേണ്ടിയുള്ള തിരച്ചിൽ വൃഥാവിലായി. വർഷങ്ങൾക്കുശേഷം മറ്റൊരു കേസിൽ പിടിയിലായ ഒരു കള്ളനെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന മുത്തച്ഛൻ കോടതിയിൽ വെച്ചു വിസ്തരിച്ചു. ഭയന്നുപോയ കള്ളൻ, മുമ്പ് മുത്തച്ഛന്റെ വീട്ടിൽ താൻ നടത്തിയ മോഷണകാര്യം കൂടി തുറന്നുപറഞ്ഞു എന്നതാണ് രസകരമായ വസ്തുത.
പത്രപ്രവർത്തനരംഗത്ത് തന്റേതായ സംഭാവന നൽകിയ വ്യക്തി കൂടിയായിരുന്നു മുത്തച്ഛൻ. തിരക്കുള്ള വക്കീലായിരുന്നപ്പോഴും അദ്ദേഹം പത്രപ്രവർത്തനത്തിനായി സമയം കണ്ടെത്തിയിരുന്നു. ‘കേരളപത്രിക’, ‘കേരള സഞ്ചാരി’, ‘വിദ്യാവിനോദിനി’ എന്നു തുടങ്ങി പല പത്രങ്ങളുടെയും ആരംഭം കുറിച്ചതും മേൽനോട്ടം വഹിച്ചതും അദ്ദേഹമായിരുന്നു. മേൽപറഞ്ഞ പത്രങ്ങളിലും മനോരമയിലും അദ്ദേഹം മലയാളത്തിൽ ധാരാളം ലേഖനങ്ങൾ എഴുതി. കൂടാതെ കോഴിക്കോട്ടുനിന്ന് അച്ചടിച്ചിരുന്ന ‘വെസ്റ്റ് കോസ്റ്റ് സ്‌പെക്‌ടേറ്റർ’, ‘വെസ്റ്റ് കോസ്റ്റ് റിഫോർമർ’ എന്നിവയിൽ അദ്ദേഹത്തിന്റെ ഇംഗ്ലീഷിലുള്ള ലേഖനങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. സ്വന്തമായി ഒരു പ്രിന്റിങ്ങ് പ്രസ്സും അദ്ദേഹം നടത്തിയിരുന്നു.
കോഴിക്കോട്ടെ തളി, ചാലപ്പുറം, പുതിയപാലം, ജയിൽറോഡ്, പാളയം, കല്ലായി റോഡ് തുടങ്ങി നിരവധി സ്ഥലങ്ങളിൽ മുത്തച്ഛന് ധാരാളം കെട്ടിടങ്ങളും കച്ചവടസ്ഥാപനങ്ങളും ഉണ്ടായിരുന്നു. അന്നത്തെ നാട്ടുപ്രമാണിമാർക്കിടയിൽ ആദ്യമായി കുതിരവണ്ടി, മോട്ടോർകാർ, ഗ്രാമഫോൺ എന്നിവയൊക്കെ വാങ്ങിയത് മുത്തച്ഛനായിരുന്നു. മുത്തച്ഛന്റെ കുടുംബാംഗങ്ങൾക്കിടയിൽ ആദ്യമായി ചായ (ടീ) എന്ന പാനീയം പരിചയപ്പെടുത്തിയത് അദ്ദേഹമായിരുന്നു. അതുകൊണ്ട് അനന്തരവന്മാർക്കിടയിൽ അദ്ദേഹം ‘ടീമാൻ’ (ടീ അമ്മാവൻ) എന്ന ഓമനപ്പേരിലാണ് അറിയപ്പെട്ടിരുന്നത്.
മലബാറിൽ ക്ഷീരവ്യവസായത്തിന് നാന്ദി കുറിച്ചത് മുത്തച്ഛനായിരുന്നു. ആനിഹാൾ റോഡിന്റെ ഒരു വശത്ത് ഒരു വലിയ ഷെഡ് പണിയിച്ച് അതിലേക്ക് പൊള്ളാച്ചിയിൽ നിന്ന് മുന്തിയ ഇനം പശുക്കളെ വരുത്തിച്ചുകൊണ്ടായിരുന്നു അദ്ദേഹം ധവളവിപ്ലവത്തിന് തുടക്കമിട്ടത്. കൊച്ചിയിൽ നെടുങ്ങാടി ബ്രദേഴ്‌സ് എന്ന പേരിൽ തുണിവ്യാപാരശാല, അച്ചടി, പത്രപ്രവർത്തനം, തടി, കൽച്ചട്ടി, സെറാമിക്‌സ് എന്നിവയുടെ വിൽപ്പന എന്നിങ്ങനെ ചെറുതും വലുതുമായി നിരവധി വ്യാപാരങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും വിജയകരമായ നടത്തിപ്പിലൂടെ അദ്ദേഹം സമൂഹത്തിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചു.
1899 ൽ നെടുങ്ങാടി ബാങ്കിന് തുടക്കം കുറിച്ചതിലൂടെ മലയാളികൾക്ക് തികച്ചും അന്യമായിരുന്ന വാണിജ്യ-ധനകാര്യ സംരംഭങ്ങളിലേക്കും അദ്ദേഹം ഒരു വഴികാട്ടിയായി മാറുകയായിരുന്നു. തളിക്ഷേത്രത്തിനടുത്ത് ഇന്നും സ്ഥിതി ചെയ്യുന്ന പഴയ കെട്ടിടത്തിലാണ് 19,000 രൂപയുടെ ചെറുനിക്ഷേപത്തിലൂടെ അദ്ദേഹം നെടുങ്ങാടി ബാങ്കിന്റെ പ്രവർത്തനം ആരംഭിച്ചത്. കേരളത്തിലും മദിരാശി ഉൾപ്പെടെ മറ്റു ചില സംസ്ഥാനങ്ങളിലും ഒട്ടേറെ ശാഖകളിലുമായി നെടുങ്ങാടി ബാങ്ക് ഒരു നൂറ്റാണ്ടോളം കാലം മികച്ച പ്രവർത്തനം കാഴ്ച്ച വച്ചിരുന്നു. കുടുംബത്തിലെ കൊച്ചുകുട്ടികളിൽപ്പോലും സമ്പാദ്യശീലം വളർത്തിയെടുക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നതായി വലിയമ്മമാർ പറയാറുണ്ട്. ”ഒരു നൂറ്റാണ്ടു മുമ്പ് മലയാള സാഹിത്യത്തിലും സാമ്പത്തിക മേഖലയിലും ആഗോളവൽക്കരണത്തിന് തുടക്കംകുറിച്ച ക്രാന്തദർശിയായിരുന്നു അപ്പുനെടുങ്ങാടി. കലയും കച്ചവടവും ഒരു വ്യക്തിയിൽ സംഗമിക്കുന്നതിന്റെ അപൂർവ്വ ദൃഷ്ടാന്തമായിരുന്നു അദ്ദേഹം”. മുത്തച്ഛനെക്കുറിച്ച് മഹാകവി ഒളപ്പമണ്ണയുടെ വിലയിരുത്തലിന് ഇന്ന് പ്രസക്തിയേറുന്നു.
വ്യക്തിബന്ധങ്ങൾക്ക് മുത്തച്ഛൻ വളരെയേറെ വിലകൽപ്പിച്ചിരുന്നു. ”സത്യസന്ധത, കൃത്യനിഷ്ഠ, ദിനചര്യയിലുള്ള ക്രമവും ചിട്ടയും, ആകർഷകമായ പെരുമാറ്റം, നേട്ടത്തിനായുള്ള ദാഹം, സമൂഹത്തെ സേവിക്കുന്നതിലൂടെ ജനസമ്മിതി നേടുവാനുള്ള ആഗ്രഹം എന്നീ ഗുണങ്ങളാണ് അപ്പു നെടുങ്ങാടിയിൽ നിന്ന് ഇന്നത്തെ തലമുറയ്ക്ക് പഠിക്കാനുള്ളത്.” മാതൃഭൂമി പത്രാധിപരും മുത്തച്ഛന്റെ സമകാലീനനുമായിരുന്ന ശ്രീ. കെ.പി. കേശവമേനോൻ അദ്ദേഹത്തെ അനുസ്മരിച്ചത് ഇപ്രകാരമായിരുന്നു. സർ ചേറ്റൂർ ശങ്കരൻനായർ, ഡെപ്യൂട്ടി കലക്ടർ ജി.ടി. വർഗ്ഗീസ്, മഞ്ചേരി സുബ്രഹ്മണ്യ അയ്യർ, സബ് ജഡ്ജ് ഇ.കെ. കൃഷ്ണൻ, ഡെപ്യൂട്ടി കലക്ടർ പന്നിക്കോട്ട് കരുണാകരമേനോൻ, നാരകശ്ശേരി കൃഷ്ണൻ, പ്രസിദ്ധ വക്കീൽമാരായിരുന്ന എ.വി.ഗോവിന്ദമേനോൻ, ടി.എ. കല്യാണകൃഷ്ണയ്യർ തുടങ്ങി ഒട്ടേറെ പ്രശസ്ത വ്യക്തികൾ മുത്തച്ഛന്റെ സമകാലീനരും സുഹൃത്തുക്കളുമായിരുന്നു. കോഴിക്കോട് തളിയിൽ സ്ഥിതി ചെയ്തിരുന്ന മുത്തച്ഛന്റെ നാലുകെട്ടിന്റെ മുറ്റത്ത് ഒരുക്കാറുള്ള പാശ്ചാത്യരീതിയിലുള്ള ഗാർഡൻപാർട്ടിയിൽ പങ്കെടുക്കാൻ കോഴിക്കോട്ടെ ഡിസ്ട്രിക്റ്റ് ജഡ്ജും മുത്തച്ഛന്റെ ഉറ്റ സുഹൃത്തുമായിരുന്ന ജാക്‌സൻ, ഡിസ്ട്രിക്റ്റ് കലക്ടർ മുതലായ ഉന്നത ബ്രിട്ടീഷ് ഉദ്യോഗസ്ഥരും മറ്റ് പ്രമുഖ വ്യക്തികളും അതിഥികളായി എത്തിച്ചേരാറുള്ളത് അമ്മമ്മ ഓർമ്മിക്കാറുണ്ടായിരുന്നു. വലിയ കുടുംബസ്‌നേഹിയും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വേണ്ടി എന്തു സഹായവും ചെയ്യാൻ സദാ സന്നദ്ധനുമായിരുന്നു മുത്തച്ഛൻ. അദ്ദേഹം തന്റെ ബിസിനസ് സ്ഥാപനങ്ങളിൽ അവരിൽ പലരേയും പങ്കാളികളാക്കുകയും പലർക്കും ജോലി നൽകുകയും ചെയ്തിരുന്നു. തന്റെ സ്‌നേഹിതനും വക്കീലുമായിരുന്ന കെ.എൻ. സൂര്യനാരായണ അയ്യർക്കുവേണ്ടി അദ്ദേഹം ഒരു വീടുതന്നെ നിർമ്മിച്ചുകൊടുത്തു.
വലിയ ഭാഷാസ്‌നേഹിയും ദേശസ്‌നേഹിയുമായിരുന്നെങ്കിലും ബ്രീട്ടീഷുകാരുടെ പല സ്വഭാവഗുണങ്ങളും, ജീവിത നിഷ്ഠകളും വിവിധ കർമ്മമേഖലകളിലുള്ള മികവുറ്റ പ്രവർത്തനരീതികളും ഇന്ത്യക്കാർ സ്വായത്തമാക്കേണ്ടതുണ്ട് എന്ന് അഭിപ്രായം അദ്ദേഹത്തിനുണ്ടായിരുന്നു.
മുത്തച്ഛന്റെ ബഹുമുഖ വ്യക്തിത്വത്തിൽ എന്നെ ഏറെ ആകർഷിച്ച ഒരു ഘടകം അദ്ദേഹത്തിന്റെ ഉയർന്ന സാമൂഹ്യബോധവും സേവനമനോഭാവവുമാണ്. തൊട്ടുകൂടായ്മ, അനാചാരങ്ങൾ, അന്ധവിശ്വാസങ്ങൾ, സ്ത്രീകൾക്കിടയിലെ നിരക്ഷരത്വം തുടങ്ങിയ സാമൂഹ്യതിന്മകൾക്കെതിരെ ശക്തമായി പ്രതികരിക്കുവാനും പുതിയ സാമുദായിക പരിഷ്‌ക്കാരങ്ങൾ ഏർപ്പെടുത്തുവാനും അദ്ദേഹം എന്നും ചങ്കൂറ്റം പ്രകടിപ്പിച്ചിരുന്നു. പണ്ട്, ബാങ്കിന്റെ മുൻപിൽകൂടി നടന്നുപോകുന്ന മാറുമറയ്ക്കാത്ത സ്ത്രീകൾക്ക് മുത്തച്ഛൻ റൗക്ക തയ്പ്പിച്ചു കൊടുക്കുകയും അത് ധരിക്കാതെ പൊതു സ്ഥലങ്ങളിൽ വരരുത് എന്ന് ബോധവൽക്കരിക്കുകയും ചെയ്തതായി കേട്ടിട്ടുണ്ട്. മറ്റൊരവസരത്തിൽ തളിക്ഷേത്രത്തിനു മുൻവശത്തെ റോഡിലൂടെ കാറോടിച്ചുപോയ ഒരു ഈഴവ സമുദായക്കാരനെ ക്ഷുഭിതരായ ബ്രാഹ്മണർ വഴി തടയാൻ ശ്രമിക്കുകയുണ്ടായി. മുത്തച്ഛൻ ഈ അനീതിക്കെതിരെ ശബ്ദമുയർത്തുകയും അദ്ദേഹത്തിന്റെ കടുത്ത എതിർപ്പുമൂലം ബ്രാഹ്മണർക്ക് പിൻമാറേണ്ടിവരികയും ചെയ്തു.
പൊതുകാര്യപ്രസക്തനായിരുന്ന മുത്തച്ഛൻ കുറേക്കാലം കോഴിക്കോട് നഗര സഭയിലെ അംഗമായിരുന്നു. 1918-19 കാലങ്ങളിൽ അദ്ദേഹം കോഴിക്കോട് മുനിസിപ്പൽ ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടു. നഗരപിതാവ് എന്ന നിലയ്ക്ക് അദ്ദേഹം കോഴിക്കോടിന്റെ നാനാവിധമായ വികസനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സ്ത്രീ വിദ്യാഭ്യാസ രംഗത്തായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സംഭാവന. സ്ത്രീകൾ അക്ഷരം പഠിക്കുന്നത് അചിന്ത്യമായിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. കോഴിക്കോട്ടെ കോൺവെന്റിൽ ക്രിസ്ത്യാനികളല്ലാത്ത ബാലികമാർക്ക് പ്രവേശനം നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് മുത്തച്ഛൻ ചാലപ്പുറത്ത് എസ്.പി.ഇ. ഡബ്ല്യു (Society for the promotion of education of women) എന്ന സംഘടന രൂപീകരിച്ച് അതിന്റെ ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്കുവേണ്ടി ഒരു ഇംഗ്ലീഷ് സ്‌കൂൾ സ്ഥാപിച്ചത്. സ്വന്തം വീട്ടിലെ പെൺകുട്ടികളെ സ്‌കൂളിലയച്ചുകൊണ്ട്, ആദ്യം മടിച്ചുനിന്ന ബന്ധുക്കൾക്കും നാട്ടുകാർക്കും അദ്ദേഹം മാതൃക കാട്ടി. അന്ന് മിക്കവരും ചെരുപ്പ് ഉപയോഗിക്കാത്ത കാലമായിരുന്നല്ലോ. കുട്ടികൾക്ക് കാലിൽ തണുപ്പുകയറി അസുഖം വരും എന്ന് പേടിച്ചു രക്ഷിതാക്കൾ അവരെ സ്‌കൂളിലയക്കാൻ മടിച്ചപ്പോൾ മുത്തച്ഛൻ പാളയത്തിലേക്ക് ആളെവിട്ട് ചെരുപ്പുകൾ വാങ്ങി കുട്ടികൾക്ക് വിതരണം നടത്തുകയും ചെയ്തു. ജർമ്മൻകാരായിരുന്ന അധ്യാപികമാർക്ക് സ്‌കൂളിൽ വരാനും പോകാനും അദ്ദേഹം സ്വന്തം ‘ജഡുക്ക’ (കുതിരവണ്ടി) ഏർപ്പാടു ചെയ്യാനും മടിച്ചില്ല. കുറച്ചുകാലത്തിനുശേഷം മുനിസിപ്പാലിറ്റിക്ക് വിട്ടുകൊടുക്കുകയും പിന്നീട് വന്ന ചെയർമാൻ ശ്രീ അച്യുതന്റെ പേരിൽ ഇന്ന് അറിയപ്പെടുകയും ചെയ്യുന്ന അച്യുതൻ ഗേൾസ് ഹൈസ്‌കൂളാണ് മുമ്പ് ‘നെടുങ്ങാടി സ്‌കൂൾ’ എന്നറിയപ്പെട്ടിരുന്ന ഈ വിദ്യാലയം.
സാമൂഹ്യസേവനരംഗത്തെ മുത്തച്ഛന്റെ സ്തുത്യർഹമായ പ്രവർത്തനങ്ങൾക്കും സാഹിത്യ-സാംസ്‌കാരിക-വാണിജ്യ മേഖലകളിൽ നൂതനമായ ആശയങ്ങളിലൂടെ അദ്ദേഹം കാഴ്ചവച്ച ആവിഷ്‌കാര പാടവത്തിനുമുള്ള അംഗീകാരമായിട്ടാണ് 1919 ൽ ബ്രിട്ടീഷ് ഗവൺമെന്റ് അദ്ദേഹത്തെ വിശിഷ്ടമായ ‘റാവു ബഹദൂർ’ പദവി നൽകി ആദരിച്ചത്.
ദീർഘകാലം പ്രമേഹരോഗബാധിതനായിരുന്ന മുത്തച്ഛൻ 1933 ൽ തന്റെ എഴുപത്തിമൂന്നാമത്തെ വയസ്സിലാണ് ദിവംഗതനായത്. അദ്ദേഹത്തിന്റെ ഇന്നും ജീവിച്ചിരിപ്പുള്ള പേരമക്കൾ വി.എം. യശോദ, വി.എം. സുശീല, വി.എം. ശാന്ത, പി. മാധവമേനോൻ എന്നിവരാണ്. മുത്തച്ഛന്റെ വംശവൃക്ഷത്തിന് ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും പടർന്നു പന്തലിച്ച ശാഖോപശാഖകളുണ്ട്. അദ്ദേഹത്തിന്റെ കൊച്ചുമക്കളും അവരുടെ കൊച്ചുമക്കളും അടങ്ങുന്ന സന്തതി പരമ്പര ഇന്ന് ആറാംതലമുറയിലെത്തി നിൽക്കുന്നു.
നെടുങ്ങാടി ബാങ്കിന്റെ തിരോധാനം കുടുംബാംഗങ്ങളെയും നാട്ടുകാരെയും വളരെയധികം വേദനിപ്പിച്ച സംഭവമാണ്. കുടുംബാംഗങ്ങളായ ഞങ്ങളുടെയെല്ലാം ഏറെ നാളത്തെ പരിശ്രമ ഫലമായി കുറേ വർഷങ്ങൾക്കുമുമ്പ് കോഴിക്കോട് നഗരത്തിലെ തളി-പുതിയപാലം റോഡിന് കോഴിക്കോട് നഗരസഭ അദ്ദേഹത്തിന്റെ പേര് നൽകികൊണ്ട് ബോർഡ് സ്ഥാപിച്ചിരുന്നു. റോഡ് പണി സമയത്ത് ആ ബോർഡ് എങ്ങനയോ നഷ്ടപ്പെടുകയുണ്ടായി. വീണ്ടും കുടുംബാംഗങ്ങളും അപ്പുനെടുങ്ങാടി അനുസ്മരണ സമിതിയും മുൻകൈ എടുത്ത് 2020ൽ ഒരു പുതിയ ബോർഡ് കോർപ്പറേഷൻ അധികൃതരുടെ അനുവാദത്തോടെ പൂർവ്വ സ്ഥാനത്ത് സ്ഥാപിക്കുകയുണ്ടായി. ഏതാനും വർഷങ്ങൾക്ക് മുമ്പ് കോഴിക്കോട് ബാർ അസോസിയേഷൻ ഹാളിൽ അദ്ദേഹത്തിന്റെ ഫോട്ടോ അനാച്ഛാദനം ചെയ്യപ്പെടുകയുണ്ടായി.
കോഴിക്കോടിന്റെ ശ്രേഷ്ഠപുത്രന്മാരിൽ ഒരാളായിരുന്ന അപ്പു നെടുങ്ങാടിക്ക് സ്വന്തം നാട്ടിൽ സ്മാരകങ്ങളൊന്നും തന്നെയില്ല എന്നത് വേദനാജനകമാണ്. സമാരാദ്ധ്യനായ ആ നഗരപിതാവിന്റെ ഓർമ്മയ്ക്കായി കോഴിക്കോട് കോർപ്പറേഷൻ, നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലൊരിടത്ത് ഒരു പ്രതിമ സ്ഥാപിക്കുകയോ നഗരസഭയുടെ ലൈബ്രറി, കമ്യൂണിറ്റിഹാൾ തുടങ്ങിയ ഏതെങ്കിലും ഒരു പ്രമുഖ സ്ഥാപനത്തിന് ‘റാവു ബഹദൂർ ടി.എം. അപ്പു നെടുങ്ങാടി മെമ്മോറിയൽ’ എന്ന് നാമകരണം ചെയ്യുകയോ മറ്റേതെങ്കിലും വിധത്തിൽ അദ്ദേഹത്തിന് ഉചിതമായ ഒരു സ്മാരകം പണിയുകയോ ചെയ്യേണ്ടത് ഈ വൈകിയ വേളയിലെങ്കിലും അദ്ദേഹത്തോടുള്ള ആദരസൂചകമായ സൽക്കർമ്മമായിരിക്കും.
ഭാഷാസ്‌നേഹവും സാമൂഹ്യപ്രതിബദ്ധതയും പുരോഗമനചിന്തയും ജ്വലിച്ചുനിന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളാൽ പ്രഭാപൂർണ്ണമായിരുന്ന ആ മഹാപുരുഷന്റെ ജീവിതം നമുക്കും വരുംതലമുറയ്ക്കും എന്നെന്നും കർമ്മചൈതന്യത്തിന് മാതൃകയാവട്ടെ.

(അപ്പുനെടുങ്ങാടിയുടെ പ്രപൗത്രിയാണ് ലേഖിക)

Share

Leave a Reply

Your email address will not be published. Required fields are marked *