ദേശീയ കായിക പുരസ്‌കാരങ്ങളിലെ മലയാളി തിളക്കം

 

ദേശീയ കായിക മേഖലയിൽ മിന്നുന്ന പ്രകടനം നടത്തുന്നവരാണ് മലയാളി താരങ്ങൾ. ക്രിക്കറ്റ്, ഫുട്‌ബോൾ, അത്‌ലറ്റ് ഇത്യാദി കായിക മൽസരങ്ങളിലെല്ലാം പ്രതിഭ തെളിയിച്ചവരാണ് മലയാളികൾ. പി.ടി.ഉഷയും, വൽസമ്മയും, കെ.എം.ബീനമോൾ, അഞ്ജു ബോബി ജോർജ് അടക്കമുള്ള നീണ്ട നിര തന്നെ ഇക്കാര്യത്തിൽ നമുക്കുണ്ട്.
ഇത്തവണത്തെ ദേശീയ പുരസ്‌ക്കാരങ്ങളിൽ മലയാളി തിളക്കം വർദ്ധിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും ഉന്നത കായിക പുരസ്‌കാരമായ മേജർ ധ്യാൻചന്ദ് ഖേൽരത്‌ന ദേശീയ ഹോക്കി ടീമിന്റെ ഗോൾ കീപ്പർ പി.ആർ.രാജേഷിനാണ് ലഭിച്ചത്. മികച്ച പരിശീലകനുള്ള ദ്രോണാചാര്യ പുരസ്‌കാരം ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യൻ അത്‌ലറ്റ്‌സ് സംഘത്തിന്റെ മുഖ്യ പരിശീലകനായ പി.രാധാകൃഷ്ണൻ നായർക്കും, ആജീവനാന്ത പുരസ്‌കാരം സീനിയറായ അത്‌ലറ്റിക്‌സ് പരിശീലകനായ ടി.പി.ഔസേപ്പിനുമാണ് ലഭിച്ചത്. മലയാളി ബോക്‌സിങ് താരം കെ.സി.ലേഖയ്ക്ക് ആജീവനാന്ത കായിക മികവിനുള്ള ധ്യാൻചന്ദ് പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ഖേൽരത്‌ന ലഭിക്കുന്ന മൂന്നാമത്തെ മലയാളി താരമാണ് ശ്രീലേഷ്. ഒളിമ്പിക്‌സിൽ രാജ്യത്തിന് സ്വർണ്ണ മെഡൽ നേടിതന്ന അത്‌ലറ്റിക്‌സുകളെ പരിശീലിപ്പിച്ച വ്യക്തിയാണ് പി.രാധാകൃഷ്ണൻ നായർ. അത്‌ലറ്റിക്‌സിനായി ജീവിതമർപ്പിച്ച വ്യക്തിയാണ് ടി.പി.ഔസേപ്പ്. അദ്ദേഹത്തിന്റെ പരിശീലനം നേടി വിജയികളായവർ നൂറുകണക്കിന് പേരാണ്. 43 വർഷമായി അത്‌ലറ്റിക്‌സ് പരിശീലന രംഗത്താണ് ഇദ്ദേഹം. കായിക താരങ്ങളെ വളർത്തി, പരിശീലനം നൽകി വിജയിപ്പിച്ചതിനായി അദ്ദേഹം നൽകിയ സംഭാവന പരിഗണിച്ചാണ് ദ്രോണാചാര്യ പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചത്.
ഒമ്പത് വർഷമായി ദേശീയ ചാമ്പ്യൻ, ബോക്‌സിങ്ങിൽ ലോക ചാമ്പ്യൻ, ഏഷ്യൻ ചാമ്പ്യൻ എന്നീ നിലകളിൽ വിജയം കൊയ്ത കെ.സി. ലേഖയ്ക്ക് വൈകിയാണ് അംഗീകാരമെത്തുന്നത്. മുൻപ് പലപ്പോഴും അവാർഡിന് പരിഗണിക്കപ്പെട്ടെങ്കിലും വഴുതി മാറുകയായിരുന്നു. ഒടുവിൽ ആജീവനാന്ത പുരസ്‌കാരം തന്നെ ഈ കായിക താരത്തെ തേടിയെത്തി. രാജ്യത്തിന്റെ യശസ്സ് ലോകത്ത് ഉയർത്തുന്നവരാണ് കായിക താരങ്ങൾ. ഒളിമ്പിക്‌സിലും, പാരാലിംപിക്‌സിലും ഇവർ മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഒളിമ്പിക്‌സിൽ ഹോക്കിയിൽ പങ്കെടുത്ത 12 പേർക്കും ഇത്തവണ ഖേൽ രത്‌ന പുരസ്‌കാരം നൽകി ആദരിച്ചു.
കായിക മേഖലയിൽ കേരളം കൂടുതൽ ശ്രദ്ധിക്കണമെന്നതും ഇത്തരുണത്തിൽ കൂട്ടിവായിക്കേണ്ടതാണ്. പ്രകൃതി സമ്പന്നമായ കേരളത്തിന് കളിയിടങ്ങൾ ധാരാളം ഒരുക്കാനാകും. എന്നാൽ നഗര വൽക്കരണം വർദ്ധിക്കുന്നതിനാൽ നമ്മുടെ കളിസ്ഥലങ്ങൾ പലപ്പോഴും നഷ്ടപ്പെടുകയാണ്. ഗ്രാമ പഞ്ചായത്തുകൾ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ കൊടുക്കണം. ഒരു വാർഡിൽ ഒരു പൊതു കളിസ്ഥലം നിർമ്മിക്കണം. പഞ്ചായത്തിൽ മികച്ച നിലവാരമുള്ള ഗ്രൗണ്ടും സജ്ജമാക്കാം. ആരോഗ്യമുള്ള ഒരു ജനതയുടെ അത്യന്താപേക്ഷിതമായ വിനോദമാണ് സ്‌പോർട്‌സ്. ഗ്രാമങ്ങളിൽ കുട്ടികൾക്ക് ചെറിയ പ്രായത്തിൽ തന്നെ വിവിധ കളികളിൽ പരിശീലനം നൽകണം. സ്‌പോർട്‌സിൽ വ്യാപൃതരാവുന്ന കുട്ടികൾക്ക് മികച്ച സ്‌പോർട്‌സ് ഉപകരണങ്ങളും, നല്ല ആഹാരങ്ങളും നൽകണം. ഇതിന് ഗ്രാമ പഞ്ചായത്തുകളും, ഗ്രാമീണ മേഖലകളിലെ ക്ലബ്ബുകളും, സാമൂഹ്യ പ്രസ്ഥാനങ്ങളും കൈകോർക്കണം. സർക്കാർ ഇതിനാവശ്യമായ സഹായം നൽകണം. ഫുട്‌ബോൾ, ക്രിക്കറ്റ്, വോളിബോൾ, അത്‌ലറ്റ്‌സ് ഇനങ്ങൾ, നീന്തൽ എന്നിവയിലെല്ലാം നമ്മുടെ കുട്ടികൾക്ക് പരിശീലനം നൽകാൻ കർമ്മ പദ്ധതികൾ ആവിഷ്‌ക്കരിക്കണം. ഒരു സമൂഹം ചലനാത്മകമാകാൻ സ്‌പോർട്‌സിന് വലിയ പങ്ക് വഹിക്കാനാകും. ഫുട്‌ബോൾ ആരവങ്ങൾ മുഴങ്ങിയിരുന്ന നമ്മുടെ മൈതാനങ്ങൾ വീണ്ടും ഉണരണം. സ്‌പോർട്‌സ് രംഗത്ത് പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്തുള്ള കായിക താരങ്ങൾ നമുക്കിടയിലുണ്ട്. അവരെ കണ്ടെത്തി, അവർക്ക് അർഹമായ അംഗീകാരം നൽകി മാന്യമായ വേതനം നൽകി യുവതാരങ്ങളെ വാർത്തെടുക്കാൻ സജ്ജമാക്കണം. ലോകോത്തര നിലവാരത്തിലുള്ള കായിക സംസ്‌കാരം നമ്മുടെ നാട്ടിലും സൃഷ്ടിക്കാൻ കായിക മേഖലയിലെ നവ മാറ്റങ്ങൾ പഠിച്ച് കർമ്മ പദ്ധതി ആവിഷ്‌ക്കരിക്കണം. കായിക മേഖലയിൽ ശോഭനമായ ഭാവി കേരളത്തിനുണ്ട് എന്നത് നിസ്തർക്കമായ വസ്തതുതയാണ്. അത് കണ്ടെത്തി പുനക്രമീകരിക്കാൻ സർക്കാർ ശക്തമായ ഇടപെടൽ നടത്തുകയാണ് വേണ്ടത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *