കോഴിക്കോട്: വടക്കേ മലബാറിലെ പ്രത്യേകിച്ച് വടകര കൊയിലാണ്ടി താലൂക്കിലെ മലയോര മേഖലയിലടക്കമുള്ള ജന വിഭാഗങ്ങൾക്ക് ലോകോത്തര ചികിത്സ ചുരുങ്ങിയ ചിലവിൽ നൽകുക എന്ന കാഴ്ചപ്പാട് നടപ്പാക്കകുകയാണ് വടകര സഹകരണ ആശുപത്രിയിൽ നവംബർ 4ന് 3 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യുന്ന നവീകരണ ചികിൽസാ വിഭാഗങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് ആശുപത്രി പ്രസിഡണ്ട് ആർ.ഗോപാലൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 400 കിടക്കളുള്ള സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി ഹൃദയ ചികിത്സാ രംഗത്ത് പുതിയ ചുവട് വെക്കുകയാണ്. ഓപ്പൺഹാർട്ട് സർജറി, വാൽവ് മാറ്റിവെക്കൽ ശസ്ത്രക്രിയ, ബൈപ്പാസ് വാൽവ് റിപ്പയർ ശസ്ത്രക്രിയ, ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി ഉൾപ്പെടുന്ന സമ്പൂർണ്ണ ഹൃദയ ചികിത്സാ കേന്ദ്രമായ സഹകരണ ഹാർട്ട് ഫൗണ്ടേഷൻ, ലോകോത്തര നിലവാരത്തിൽ എമർജൻസി മെഡിസിൻ ഡിപ്പാർട്ട്‌മെന്റ്, നവീകരിച്ച ലാബ്, ബ്ലഡ് ബാങ്ക്, എം.ആർ,ഐ, സിടി സ്‌കാൻ എന്നീ വിഭാഗങ്ങളാണ് മുഖ്യമന്ത്രി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനായി ഉൽഘാടനം ചെയ്തത്. അയ്യാരിരത്തോളം വരുന്ന മെമ്പർമാർക്ക് ചികിത്സാ ആനുകൂല്യങ്ങളും ലഭ്യമാണ്. 1987ൽ എം.ദാസൻ എം.എൽ.എ ഉൽഘാടനം ചെയ്ത ക്ലിനിക്കായി ആരംഭിച്ച സ്ഥാപനം വളർന്നു വന്നതിൽ ജനങ്ങളുടെ സഹായ സഹകരണമാണ് സഹായിച്ചതെന്നും, കൂടുതൽ ഡിപ്പാർട്ട്‌മെന്റുകൾ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ, കെ.മുരളീധരൻ.എം.പി, എം.എൽ.എ മാരായ കെ.കെ.രമ, ഇ.കെ.വിജയൻ, കാനത്തിൽ ജമീല, കുഞ്ഞഹമ്മദ്കുട്ടി മാസ്റ്റർ ചടങ്ങിൽ സംബന്ധിക്കും. ആശുപത്രി സൂപ്രണ്ട് കെ.സി.മോഹൻകുമാർ, വൈസ് പ്രസിഡണ്ട് കെ.ശ്രീധരൻ, സെക്രട്ടറി പി.കെ.നിയാസ്, പബ്ലിസിറ്റി ആന്റ് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മണലിൽ മോഹനൻ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.