ഭൂമി അതിന്റെ നിലനിൽപ്പുപോലും അപകടത്തിലായ ഒരു കാലത്താണ് നാം ജീവിക്കുന്നത്. ഭൂമിയുടെ ഈ അവസ്ഥക്ക് കാരണക്കാർ നാം തന്നെയാണെന്നതിൽ സംശയമില്ല. മനുഷ്യന്റെ പ്രവൃത്തികൾ തന്നെയാണ് അവന്റെ ആവാസ വ്യവസ്ഥയായ ഭൂമിയെ തകർത്തെന്നതിന് ഉദാഹരണങ്ങൾ വേണ്ടുവോളമുണ്ട്. ഈ യാഥാർത്ഥ്യങ്ങളെല്ലാം തിരിച്ചറിഞ്ഞിട്ടും വീണ്ടും വീണ്ടും വിനാശകരമായ പ്രവൃത്തികൾ തന്നെയാണ് നാം നടത്തിക്കൊണ്ടിരിക്കുന്നത്.
പ്രകൃതിയെ ആവശ്യത്തിന് ഉപകരിക്കുന്നതിന് പകരം അത്യാർത്തി പൂണ്ട് നടത്തുന്ന ചൂഷണമാണ് ഇന്നത്തെ ദുരവസ്ഥക്ക് കാരണം. ഭൂമിയിൽ മനുഷ്യ ജീവിതത്തിന് വേണ്ട വായു, വെള്ളം, വനം എന്നിവയെല്ലാം നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ലോക രാജ്യങ്ങൾക്കെല്ലാം ഈ ദുരവസ്ഥ ബോധ്യമുണ്ടെങ്കിലും പ്രകൃതി സംരക്ഷണത്തിന് ശക്തമായ നടപടികൾ കൈക്കൊള്ളുന്നില്ല എന്നത് യാഥാർത്ഥ്യമാണ്. കാലാവസ്ഥയിൽ വരുന്ന മാറ്റം തന്നെയാണ് മനുഷ്യൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഈയടുത്ത കാലത്തായി കണ്ടുവരുന്ന അതിശൈത്യം, തീവ്ര മഴ, ആഗോള താപനം ഇതെല്ലാം മനുഷ്യ ജീവിതത്തിന് തന്നെ ഭീഷണിയാവുകയാണ്.
വ്യവസായ- നഗര വൽക്കരണത്തിന്റെ ഭാഗമായി ശുദ്ധജലം മലിനമായി കൊണ്ടിരിക്കുകയാണ്. ശുദ്ധജലം മലിനമാകുന്നതിലൂടെ രോഗങ്ങൾ വർദ്ധിച്ചു വരികയാണ്. അന്റാർട്ടിക്കയിലെ മഞ്ഞു പാളികൾ അതിവേഗം ഉരുകിക്കൊണ്ടിരിക്കുകയാണ്. ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ ഇന്നലെ ആരംഭിച്ച ഇരുപത്തിയാറാം കാലാവസ്ഥ സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ കാലാവസ്ഥാ കാര്യങ്ങൾക്കായുള്ള എക്‌സിക്യൂട്ടീവ് സെക്രട്ടറി പട്രീഷ്യ എസ്പിനോസ പറഞ്ഞത് ലോക രാജ്യങ്ങൾ ഈ വിഷയം ഗൗനിക്കാതെ കടന്നുപോയാൽ നമ്മുടെ തന്നെ നാശത്തിന് വഴിയൊരുക്കുമെന്നാണ്. കഴിഞ്ഞ ഏഴു വർഷങ്ങളായി ഏറ്റവും വലിയ ചൂടാണ് ലോകത്തനുഭവപ്പെടുന്നത്. ഭൂമിയിൽ മനുഷ്യ ജീവിതം ദുസ്സഹമായി മാറിക്കൊണ്ടിരിക്കുകയാണെന്നും ഡബ്ല്യു.എം.ഒ മുന്നറിയിപ്പ് നൽകുന്നു. ആഗോള താപനം മുലം വലിയ നഷ്ടങ്ങളാണ് രാജ്യങ്ങൾക്കുണ്ടാകുന്നത്. 2020ലെ പ്രളയവും, കൊടുങ്കാറ്റും അഞ്ച് കോടി ഏഷ്യക്കാരെ ബാധിക്കുകയും, അയ്യായിരത്തിലേറെ പേർ മരിക്കുകയും ചെയ്തു.
കാലാവസ്ഥയെ പിടിച്ചു നിർത്താൻ ആഗോള താപന നില 2 ഡിഗ്രി സെൽഷ്യസിലധികമാവാതെ കാക്കണമെന്നാണ് പാരിസ് ഉടമ്പടി. ഈ നൂറ്റാണ്ടിൽ ആലക്ഷ്യം സാക്ഷാത്കരിക്കാൻ ലോക രാജ്യങ്ങൾ ഒന്നിക്കണം. ഹരിതഗൃഹ വാതക പുറന്തള്ളൽ കുറയ്ക്കാനും നമുക്കാവണം. അന്തരീക്ഷത്തെ മലിനപ്പെടുത്തുന്ന സാധ്യതകൾ ഒഴിവാക്കപ്പെടേണ്ടതു തന്നെയാണ്. അന്റാർട്ടിക്കയിലടക്കമുള്ള ഹിമ പാളികൾ അതിവേഗം ഉരുകിയൊലിച്ച് കടലിൽ ചേരുന്നതായാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഇങ്ങനെ വന്നാൽ സമുദ്ര ജല നിരപ്പ് ഉയരും. ഇത് പല രാജ്യങ്ങൾക്കും വൻ ഭീഷണിയായി മാറും. മഞ്ഞു പാളികളുടെ ഉരുകിയൊലിക്കൽ തടയണമെങ്കിൽ ആഗോള താപനം നിയന്ത്രിക്കുകതന്നെ വേണം.
ഊർജ്ജ ഉൽപ്പാദന രംഗത്ത് നാം സ്വീകരിക്കുന്ന മാർഗ്ഗങ്ങൾക്ക് മാറ്റം വരേണ്ട സമയമായി എന്നുകൂടി ഓർമ്മപ്പെടുത്തുകയാണ്. ഒരു സൂര്യൻ, ഒരു ലോകം എന്ന കാഴ്ചപ്പാടിൽ ഇന്ത്യയും, ബ്രിട്ടനും രൂപീകരിച്ച അന്താരാഷ്ട്ര സൗരസഖ്യം (ഐഎസ്എ) വലിയ തുടക്കമായി മാറേണ്ടതുണ്ട്. സൗരോർജ്ജം ഉൽപാദനവും വിതരണവും ആഗോള തലത്തിൽ സാധ്യമാക്കാനുള്ള അടിസ്ഥാന സൗകര്യ വികസനമാണ് ഒരു സൂര്യൻ, ഒരു ലോകം, ഒരു ഗ്രിഡ്(ഒ.എസ്.ഒ.ഡബ്ല്യു.ഒ.ജി) എന്നതിലൂടെ ലക്ഷ്യമിടുന്നത്.
വിവിധ ഗവൺമെന്റുകൾ, സാമ്പത്തിക സ്ഥാപനങ്ങൾ, സംരംഭകർ എന്നിവർ കൂട്ടായ് ആഗോള തലത്തിൽ വളർത്തിയെടുത്ത് സൗരോർജ്ജം കൂടുതൽ ഉപയോഗിക്കുന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വൻകിട അണക്കെട്ടുകൾ നിർമ്മിക്കുമ്പോഴുണ്ടാകുന്ന വലിയ വിഭവശേഷിയും, അണക്കെട്ടുകളുടെ സുരക്ഷിതത്വം സംബന്ധിച്ച ആകുലതകളും നിലനിൽക്കുന്ന ഇക്കാലത്ത് ഊർജ്ജ ഉൽപ്പാദനത്തിന് ഏറ്റവും മികച്ച മാർഗ്ഗം തന്നെയാണ് സൗരോർജ്ജ ഉൽപ്പാദനം.
കോപ്പൻ ഹേഗൻ സമ്മേളനത്തിൽ വെച്ച് കാലാവസ്ഥ സംരക്ഷണത്തിനായി 10,000 കോടി ഡോളർ ചിലവഴിക്കുമെന്ന വാഗ്ദാനവും ഇതുവരെ നടപ്പായിട്ടില്ല. വികസിത രാജ്യങ്ങളാണ് ഇക്കാര്യത്തിൽ മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നത്. കാലാവസ്ഥ ഫണ്ട്, മാലിന്യ രഹിത ലോകത്തിനുമായി നാം ഇനിയും വിട്ടുവീഴ്ച ചെയ്തുകൂടാ.
യുദ്ധ സാമഗ്രികൾക്കായി ദശലക്ഷക്കണക്കിന് കോടി രൂപ ചിലവഴിക്കുന്ന രാജ്യങ്ങൾ ഇത്തരം ഗൗരവമേറിയ കാര്യങ്ങളോട് കാണിക്കുന്ന അനാസ്ഥക്ക് വിശദീകരണം നൽകുന്നത് പ്രയാസകരമാണ്. ആഗോള താപനം മൂലം മരുഭൂമി വൽക്കരിക്കപ്പെടുകയാണ്. നമ്മുടെ ഫലഭൂയിഷ്ഠമായ പ്രകൃതി സമ്പത്ത് നശിക്കുമ്പോൾ അവിടെ ജീവിക്കുന്ന ജന്തു ജാലങ്ങൾക്ക് നാശമുണ്ടാവുകയും അവ വനവാസ യോഗ്യമല്ലാതെ വരുമ്പോൾ നാട്ടിലിറങ്ങി പൊതു ജീവിതം താറുമാറാക്കുന്നതും ലോകത്ത് പലയിടത്ത് നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
കാലാവസ്ഥ സംരക്ഷണത്തിൽ വിട്ടുവീഴ്ചയില്ലാതെ ഇടപെട്ടില്ലെങ്കിൽ മനുഷ്യകുലം അറ്റു പോകുമെന്ന ഭയാനകമായ അവസ്ഥക്ക് പരിഹാരമുണ്ടാക്കാൻ ലോക രാജ്യങ്ങൾ കൈകോർക്കുമെന്ന് പ്രതീക്ഷിക്കാം.