തിരുവനന്തപുരം : കയർഫെഡ്, കേരള സ്റ്റേറ്റ് കയർ മെഷീനറി മാനുഫാക്ചറിങ് കമ്പനി, ഫോംമാറ്റിങ്‌സ് ഇന്ത്യ തുടങ്ങി കയർ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങളിലെ അഴിമതിക്കും അനധികൃത നിയമങ്ങൾക്കും അറുതി വരുത്താൻ അധികൃതർ നടപടികൾ എടുക്കണമെന്ന് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.ദിനേശ് കർത്ത ആവശ്യപ്പെട്ടു. കയർഫെഡിലെ നിയമനങ്ങൾ 1992 ൽ പി.എസ്.സി ക്ക് വിടുകയും, 2017 ൽ നിയമങ്ങൾക്കുള്ള സ്‌പെഷ്യൽ റൂൾസ് തയ്യാറാവുകയും ചെയ്തെങ്കിലും ഇത് വരെ പി.എസ്.സി വഴി ഏതെങ്കിലും നിയമനങ്ങൾ നടന്നതായി അറിവില്ല. നാല് വർഷങ്ങൾക്ക് മുൻപ് കരാർ അടിസ്ഥാനത്തിൽ നിയമിച്ച 18 ഓളം പേർക്ക് അനർഹമായ വേതന വർദ്ധന നൽകി കരാർ കാലാവധി നീട്ടുന്നത് അംഗീകരിക്കാനാവില്ല. സ്ഥിരം ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം ഇത് വരെ നടപ്പാക്കിയിട്ടില്ല. കയർ ഫെഡ് മുഖേന കയർ സഹകരണസംഘങ്ങൾക്ക് ചകിരി വാങ്ങി നൽകുന്നതിലും അഴിമതി നടക്കുന്നുണ്ട്. ഗുണമേന്മയുള്ള ചകിരി നേരിട്ട് സംഭരിക്കുവാൻ സംഘങ്ങൾക്ക് നിയന്ത്രണം നടപടി വലിയ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. കേരള സ്റ്റേറ്റ് കയർ മെഷീനറി മാനുഫാക്ചറിങ് കോർപ്പറേഷനിൽ നിർമ്മിക്കുന്ന യന്ത്രോപകരണങ്ങളുടെ ഗുണമേന്മ സംബന്ധിച്ചും പരാതികൾ വ്യാപകമാണ്. കയർ ഫെഡിലേയും അനുബന്ധ സ്ഥാപനങ്ങളിലേയും അഴിമതിയും അനധികൃത നിയമനങ്ങളും അന്വേഷണ വിധേയമാക്കാൻ കയർ വകുപ്പ് നടപടികൾ കൈക്കൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.