പെഗാസസ് സത്യം പുറത്തുവരണം സുപ്രീം കോടതി ഇടപെടൽ പ്രതീക്ഷാ നിർഭരം

ഇസ്രയേലി ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് രാജ്യത്തെ പൗരന്മാരുടെ വിവരങ്ങൾ ചോർത്തിയത് അന്വേഷിക്കാൻ സുപ്രീംകോടതി വിദഗ്ധ സമിതിയെ നിയോഗിച്ചത് രാജ്യം പ്രതീക്ഷയോടെയാണ് ഉറ്റു നോക്കുന്നത്. പെഗാസസ് സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ വാദമുഖങ്ങൾ തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഇടപെടലുണ്ടായത്. ഇത് സംബന്ധിച്ച് വിദഗ്ധ സമിതിയെ കേന്ദ്ര സർക്കാർ നിയോഗിക്കുമെന്നും വിശദാംശങ്ങൾ അവരോട് മാത്രം വെളിപ്പെടുത്തണമെന്ന കേന്ദ്ര നിലപാടാണ് സുപ്രീം കോടതി നിരാകരിച്ചത്. ഇസ്രയേലി ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് ഫോൺ ചോർത്തി എന്ന വിവാദം കഴിഞ്ഞ കുറച്ച് കാലങ്ങളായി പാർലമെന്റിനകത്തും പുറത്തും ചൂടുപിടിച്ചതായിരുന്നു.
വ്യക്തികളുടെ ഫോണുകളിലേക്ക് അവരറിയാതെ നുഴഞ്ഞു കയറി മുഴുവൻ വിവരങ്ങളും ചോർത്തുന്നതാണ് പെഗാസസിന്റെ രീതി. ഏതെങ്കിലും സർക്കാരുകൾക്ക് മാത്രമാണ് അത് നൽകുന്നതെന്നും, സർക്കാർ ഏജൻസികളായ ഇന്റലിജൻസ് ഏജൻസികളാണ് ഇതിന്റെ ഉപഭോക്താക്കളെന്ന് പെഗാസസ് കമ്പനിയായ എൻ എസ് ഒയുടെ വെബ്‌സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ രാജ്യത്ത് പെഗാസസിന്റെ ഇടപെടലുണ്ടായിട്ടുണ്ടെങ്കിൽ കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ തയ്യാറാകണം. പൗരന്മാരുടെ സ്വകാര്യതയിലേക്ക് കടന്നു കയറുമ്പോൾ സർക്കാരുകൾ പറയുന്ന ഒന്നാണ് രാജ്യസുരക്ഷ. എന്നാൽ സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീം കോടതിതന്നെ നിരീക്ഷിച്ചിട്ടുണ്ട്. പെഗാസസ് വിഷയത്തിലും കേന്ദ്ര സർക്കാർ പ്രതിരോധം തീർത്തത് രാജ്യസുരക്ഷ, രാജ്യ താൽപര്യം എന്നീ പരിചകളുപയോഗിച്ചാണ്. എന്നാൽ പരമോന്നത നീതിപീഠം ഈ വാദമുഖങ്ങളെ അംഗീകരിച്ചില്ലെന്ന് മാത്രമല്ല ഇതുമായി ബന്ധപ്പെട്ട മുഴുവൻ വിഷയങ്ങളും അന്വേഷിക്കുക മാത്രമല്ല സൈബർ സുരക്ഷ, സ്വകാര്യത, നിരീക്ഷണം എന്നിത്യാദി കാര്യങ്ങളിൽ ഭാവിയിലേക്കുള്ള സമീപനം സംബന്ധിച്ച് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ കൂടി സമിതിക്ക് അധികാരം നൽകുക വഴി വലിയ അർത്ഥത്തിലാണ് സുപ്രീം കോടതി ഈ വിഷയത്തെ സമീപിച്ചതെന്ന് വ്യക്തമാണ്.
പെഗാസസിന്റെ നിരീക്ഷണത്തിന് നാൽപ്പത്തിയഞ്ച് രാജ്യങ്ങളിലെ വ്യക്തികൾ ഇരകളായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന കണക്കുകൾ. കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ ഇസ്രയേലുമായി ഒരു തരത്തിലുമുള്ള ഇടപെടലുകളും നടത്തുകയോ, ഇക്കാര്യത്തിൽ പൊതു സമൂഹത്തിനുണ്ടായ സംശയങ്ങൾ ദൂരീകരിക്കാൻ നടപടിയെടുക്കുകയോ ചെയ്തില്ല.
കേവലം ഫോൺ ചോർത്തൽ മാത്രമല്ല ഭരണഘടന നൽകുന്ന പരിരക്ഷയുടെ ലംഘനവും കൂടി ഇവിടെ വ്യക്തമാണ്. സുപ്രീം കോടതിക്ക് മുമ്പാകെ ഹരജിക്കാർ ഉന്നയിച്ച പ്രധാന ചോദ്യം കേന്ദ്രം പെഗാസസ് ഉപയോഗിച്ചോ എന്നതായിരുന്നു. അതിന് വ്യക്തമായ മറുപടി കേന്ദ്ര സർക്കാർ കോടതിയിൽ നൽകുകയുണ്ടായിട്ടില്ല. രാജ്യ സുരക്ഷയുടെ പേരിൽ രാഷ്ട്രീയ എതിരാളികളുടെ ഫോണുകൾ അടക്കം ചോർത്തി എന്നാണ് പ്രതിപക്ഷമടക്കം ആരോപിക്കുന്നത്. രാജ്യത്തെ പൗരന്മാരുടെ ഫോണുകൾ ഭരണകൂടം തന്നെ ചോർത്തുന്നത് ഭരണഘടനാ ലംഘനമാണെന്ന് സുപ്രീം കോടതിയുടെ വിധി നിലവിലുണ്ട്. മുഴുവൻ പൗരന്മാരെയും ബാധിക്കുന്ന വിഷയമായാണ് സുപ്രീം കോടതി ഇതിനെ കണക്കാക്കിയിട്ടുള്ളത്.
ഇന്ത്യയിലും പെഗാസസ് ഉപയോഗിച്ചിട്ടുണ്ടെന്ന വാർത്ത പുറത്തു വിട്ടത് ആഗോള മാധ്യമ കൂട്ടായ്മയായ ഫോർബിഡൻ സറ്റോറിന്റെ റിപ്പോർട്ടായിരുന്നു. സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ്, പ്രതിപക്ഷ നേതാക്കൾ, ഭരണകക്ഷിയിലെ രണ്ട് മന്ത്രിമാർ, മാധ്യമ പ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ, ബിസിനസ്സുകാർ എന്നിവരുടെ ഫോണുകളാണ് ചോർത്തിയതെന്നായിരുന്നു റിപ്പോർട്ട്. കഴിഞ്ഞ ജൂലായിൽ തുടങ്ങിയ വിവാദത്തിന് സുപ്രീംകോടതിയുടെ ഇടപെടൽ ശരിയായ ഉത്തരം കണ്ടെത്തുമെന്നതിൽ സംശയമില്ല. സൈബർ വിദഗ്ധരടങ്ങുന്ന ടീം കണ്ടെത്തുന്ന കാര്യങ്ങളിൽ കുറ്റവാളികളാകുന്നവരെ പ്രോസിക്യൂട്ട് ചെയ്യുക തന്നെ വേണം. അത്യന്തം ആപൽകരമായ ഇടപെടൽ വിദേശ ശക്തികളുടെ സഹായത്തോടെ രാജ്യത്ത് നടത്തുന്നത് നീതീകരിക്കാനാവില്ല.

 

Share

Leave a Reply

Your email address will not be published. Required fields are marked *