ശമ്പള കമ്മീഷൻ ശുപാർശകൾ പരിവർത്തനത്തിന്റെ നിർദ്ദേശങ്ങൾ

പതിനൊന്നാം ശമ്പള കമ്മീഷൻ അവരുടെ രണ്ടാംഘട്ട റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിക്കുകയാണ്. കേന്ദ്ര ഗവൺമെന്റിലെ മുൻ സെക്രട്ടറി കെ.മോഹൻദാസിന്റെ നേതൃത്വത്തിലുള്ള ശമ്പള കമ്മീഷൻ നൽകിയ റിപ്പോർട്ടിലെ ശുപാർശകൾ വിപ്ലവകരമാണ്. സംസ്ഥാനത്തെ മുന്നോട്ട് നയിക്കാനും, കാലത്തിനനുസരിച്ച് പരിഷ്‌കാരങ്ങളും കമ്മീഷൻ ശുപാർശകൾ അടിവരയിടുന്നു. നിലവിലെ ജോലി സമയം മാറ്റി, കാലത്ത് 9.30ന് ആരംഭിച്ച് 5.30ന് അവസാനിക്കുന്നതും ആഴ്ചയിൽ അഞ്ച് ദിവസമെന്നതും പൊതു അവധികൾ നിജപ്പെടുത്തണമെന്നതും റിട്ടയർമെന്റ് പ്രായം 57 ആയി വർദ്ധിപ്പിക്കുന്നതടക്കമുള്ള നിർദ്ദേശങ്ങൾ ശ്രദ്ധേയമാണ്. കമ്മീഷന്റെ ഒന്നാം ഘട്ട റിപ്പോർട്ടിൽ ശമ്പള സ്‌കെയിലും, പരിഷ്‌ക്കരണവുമാണെങ്കിൽ റണ്ടാം റിപ്പോർട്ട് സിവിൽ സർവ്വീസിനെ മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ അടങ്ങിയതാണ്.
എയിഡഡ് കോളേജുകളിലും, സ്‌കൂളുകളിലും മാനേജ്‌മെന്റ്, സർക്കാർ, സർവ്വകലാശാല എന്നിവയുടെ സമിതി രൂപീകരിക്കുക, പ്രചാരമുള്ള രണ്ട് പത്രങ്ങളിൽ പരസ്യം കൊടുക്കുക, അഭിമുഖത്തിന്റെ വീഡിയോയും, ഓഡിയോയും പകർത്തുക നിയമനങ്ങൾക്ക് മേൽനോട്ടം വഹിക്കാനും പരാതികൾ പരിശോധിക്കാനും ഓംബുഡ്‌സ്മാനെ നിയമിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഇത്തരം നിർദ്ദേശങ്ങൾക്കെതിരെ പ്രൈവറ്റ് മാനേജ്‌മെന്റുകൾ രംഗത്തിറങ്ങുമെന്നത് തീർച്ചയാണ്. പക്ഷെ അതൊന്നും അംഗീകരിച്ച് കൊടുക്കാവുന്നതല്ല. ജീവനക്കാരുടെ നിയമനങ്ങൾ കാശിന് വിൽക്കുകയാണെന്നത് പച്ചയായ യാഥാർത്ഥ്യമാണ്. നമ്മുടെ വിദ്യാഭ്യാസത്തിന്റെ നിലവാരത്തകർച്ചക്ക് പോലും ഇടയാക്കുന്ന ഒന്നാണ് ഈ ജോലി കച്ചവടം. പെൻഷൻ പ്രായം വർദ്ധിപ്പിക്കുന്നതും യുവജന സംഘടനകളുടെ പ്രതിഷേധം ക്ഷണിച്ച് വരുത്തും. എന്നാൽ തൊട്ടയൽസംസ്ഥാനങ്ങളിലും, കേന്ദ്ര സർക്കാരിലും പെൻഷൻ പ്രായം ഉയർന്നതാണെന്നത് കാണാതിരുന്നുകൂടാ! 56 വയസ്സിൽ റിട്ടയർമെന്റാകുന്നതോടെ അവരുടെ പക്വതയാർജ്ജിച്ച കഴിവുകൾ സമൂഹത്തിന് നഷ്ടപ്പെടുകയാണ്. റിട്ടയർമെന്റിനു ശേഷം സ്വകാര്യ-പ്രൈവറ്റ് സ്ഥാപനങ്ങളിൽ ശരണംപ്രാപിക്കലാണ് ഇവർക്കുള്ള പോംവഴി. സ്വകാര്യ സ്ഥാപനങ്ങൾ(ആശുപത്രി,കോളേജ്, ധനകാര്യ സ്ഥാപനങ്ങൾ) എന്തുമാകട്ടെ അവിടെയെല്ലാം കച്ചവടക്കണ്ണുകളുടെ അതിപ്രസരമാണ് എന്നത് വ്യക്തമാണ്. മൂല്യബോധമുള്ള പലരും റിട്ടയർമെന്റിന് ശേഷം ഇത്തരം സ്ഥാപനങ്ങളിൽ പോകാതെ ഒതുങ്ങിക്കൂടുന്നതും കണ്ട് വരുന്നുണ്ട്.
സംസ്ഥാനത്തെ അഞ്ചേകാൽ ലക്ഷത്തോളം സർക്കാർ ജീവനക്കാരെ മാത്രം ബാധിക്കുന്നത് മാത്രമല്ല, ജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് കൂടിയുള്ള നിർദ്ദേശങ്ങൾ കമ്മീഷൻ സമർപ്പിച്ചിട്ടുണ്ട്.
പുതിയ കാലത്തിന്റെ മാറ്റം സർക്കാർ സേവനങ്ങളലിലൂടെ ലഭ്യമാവുമ്പോൾ നിലവിലുള്ള ചില തസ്തികകളുടെ സാധ്യതതന്നെ ഇല്ലാതാവും. അത് പരിഗണിച്ച് ഭാവി നിയമനങ്ങൾ നടത്തേണ്ടിവരും. വർക്ക് ഫ്രം ഹോം എന്ന സങ്കൽപ്പം ഇന്ന് ലോകമാകെ നിലനിൽക്കുകയാണ്. നമുക്കും മാറി നിൽക്കാനാവില്ല. സർക്കാർ ഓഫീസുകളിൽ ഡിജിറ്റലൈസേഷൻ നടപ്പാക്കുമ്പോൾ സേവനങ്ങളുടെ ലഭ്യതയിലെ കാലതാമസം ഇല്ലാതാകുന്നു. ഇതിനനുസരിച്ച് സിവിൽ സർവ്വീസാണ് വളർത്തിയെടുക്കേണ്ടത്.
പിഎസ്‌സിയെ സംബന്ധിച്ച് ശുപാർശകൾ വലിയമാറ്റത്തിന് ഇടയാക്കും. പിഎസ്‌സി അംഗമാകുന്നതിന് ഉയർന്ന വിദ്യാഭ്യാസ യോഗ്യത, പരിചയ സമ്പത്ത്, സത്യനിഷ്ഠത എന്നിവ നല്ല നിർദ്ദേശമാണ്. യുപിഎസ് സി മോഡലിൽ വാർഷിക കലണ്ടർ ഇറക്കുക, പിഎസ്‌സി പരീക്ഷകളുടെ എണ്ണം കുറക്കുക എന്നിവയും പ്രധാനപ്പെട്ടവയാണ്.
സഹകരണ സ്ഥാപനങ്ങളിലെ ഓഡിറ്റ് ചാർട്ടേഡ് എക്കൗണ്ടന്റുമാരെ ഏൽപ്പിക്കണമെന്നതും സ്വാഗതാർഹമാണ്. സഹകരണ മേഖലയിലെ സാമ്പത്തിക തട്ടിപ്പുകൾ ഇല്ലാതാക്കാൻ ഇത്തരം നടപടികൾ സഹായിക്കുമെന്ന് പ്രതീക്ഷിക്കാം. എന്നാൽ സഹകരണ വകുപ്പിലെ ജീവനക്കാരുടെ ജോലി സുരക്ഷ ഉറപ്പാക്കുകയും വേണം.
ശമ്പള കമ്മീഷൻ ശുപാർശകളെ സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകും. എന്നാലും അടിയന്തിര പ്രാധാന്യത്തോടെ ആവശ്യമായ കാര്യങ്ങൾ നടപ്പാക്കാൻ തയ്യാറാവേണ്ടതുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *