കേര സംരക്ഷണം മുഖ്യ അജണ്ടയാകണം

അന്താരാഷ്ട്രാ നാളികേര ദിനം കടന്നു വരുമ്പോൾ കേരത്തിന്റെ നാടായ കേരളം എവിടെയെത്തി നിൽക്കുന്നു എന്നു പരിശോധന നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേര വൃക്ഷങ്ങളാൽ സമൃദ്ധമായ കേരളം നാളികേരത്തിന്റെ ഉൽപ്പാദനത്തിലും, വിപണനത്തിലും, കയറ്റുമതിയിലും മുന്നേറിയിട്ടില്ലെന്ന് മാത്രമല്ല ഇതര സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ പിറകിലാണെന്ന് വ്യക്തമാകും.
സംസ്ഥാനത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ കേരകൃഷിയുടെ തകർച്ചക്ക് കാരണങ്ങൾ നിരവധിയാണ് അതിൽ പ്രധാനപ്പെട്ടത് കർഷകന് ന്യായമായ വില ലഭിക്കാത്ത സാഹചര്യം തന്നെയാണ്. കാർഷിക ഭൂമികളടക്കം ഇടിച്ചു നിരത്തി നഗര വൽക്കരണത്തിലേക്ക് ഓടിക്കൊണ്ടിരിക്കുന്ന നമ്മളുടെ മറ്റ് കൃഷികളെപ്പോലും കേരള കൃഷിയുടെ വിസ്തൃതിയും നാൾക്കുനാൾ കുറഞ്ഞു വരികയാണ്. ഉൽപ്പാദനത്തിലെ കുറവ്, കൃഷിഭൂമിയുടെ പരിമിതപ്പെടൽ വലിയ വെല്ലുവിളി തന്നെയാണ്. തെങ്ങ് കയറാൻ ആളുകളെ ലഭിക്കാത്തതും കർഷകരെ പിന്നോട്ടടിപ്പിക്കുന്ന ഘടകം തന്നെയാണ്. നാളികേരത്തിന്റെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളിലൂടെ കർഷകരെ സഹായിക്കുന്ന നടപടികളും കടലാസിലൊതുങ്ങി. വലിയ പ്രതീക്ഷയോടെയാണ് നാളികേര വികസന ബോർഡ് നീര ഉൽപ്പാദന-വിപണന പദ്ധതിയുമായി വന്നത്. തുടക്കത്തിൽ രണ്ട് വർഷക്കാലം വലിയ പ്രതീക്ഷ നൽകുന്ന ഇടപെടലുകളുണ്ടായി. ഇതിന്റെ ഭാഗമായി 29ഓളം നാളികേര കർഷക കമ്പനികൾ രജിസ്റ്റർ ചെയ്യുകയുണ്ടായി. എന്നാൽ പത്ത് വർഷത്തിന് ശേഷം പരിശോധിക്കുമ്പോൾ ഈ കമ്പനികളെല്ലാം ഇന്ന് വലിയ പ്രതിസന്ധിയിലാണ്. നീര ഉൽപ്പാദനമോ വിപണനമോ പേരിനുപോലും എവിടെയും നടക്കുന്നില്ല. ഒന്നോ രണ്ടോ കമ്പനികളാണ് ചെറുതായെങ്കിലും പ്രവർത്തിക്കുന്നത്. മറ്റ് കമ്പനികളാവട്ടെ ലോൺ കുടിശ്ശിക മൂലം കടക്കെണിയിലുമായി. വികസന ബോർഡിന്റെ കണക്ക് പ്രകാരം 600 കോടി നാളികേരമാണ് കേരളത്തിൽ ഉൽപാദിപ്പിക്കുന്നത്. ഇതിലൂടെ വലിയ ലാഭമൊന്നും കർഷകർക്ക് ലഭിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. തേങ്ങയുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾക്ക് ആഭ്യന്തര-വിദേശ മാർക്കറ്റിലിടംപിടിക്കാനായാൽ മാത്രമേ കർഷകർക്ക് ഗുണമാവുകയുള്ളൂ.
രാജ്യത്ത് നാളികേരത്തിന്റെ ഉൽപ്പാദന ക്ഷമതയിൽ തമിഴ്‌നാട്, ഗുജറാത്ത്, കർണ്ണാടക, ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്ക് പിറകിലാണ് കേരളം. ഇവിടങ്ങളിൽ ഹെക്ടറിന് 12,000ത്തിന് മുകളിലാണ് ഉൽപ്പാദനമെങ്കിൽ സംസ്ഥാനത്ത് 9000ത്തിന് താഴെയാണ്.
സംസ്ഥാനത്ത് നാളികേര കൃഷിയുടെ വിപുലീകരണത്തിന് സംസ്ഥാന സർക്കാർ 84 കേര ഗ്രാമ പദ്ധതി നടപ്പാക്കുന്നത് സ്വാഗതാർഹമാണ്. 21,000 ഹെക്ടറിൽ 3 വർഷത്തേക്കാണീ പദ്ധതി. കേര കൃഷിയില്ലാത്ത കേരളം സങ്കൽപ്പിക്കാനാകുമോ?

Share

Leave a Reply

Your email address will not be published. Required fields are marked *